Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘താരരാജാക്കന്മാരുടെ ആർമിയുടെ തെറി’: പ്രതികരിച്ച് സജിത മഠത്തിൽ

സജിത മഠത്തിൽ

സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തെ തുടർന്ന് നടി സജിത മഠത്തിൽ ഫെയ്സ്ബുക്ക് പേജ് നീക്കം ചെയ്തു. താര രാജാക്കന്‍മാരുടെ പ്രൈവറ്റ് വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറി താങ്ങാന്‍ ഉള്ള ആരോഗ്യമോ മാനസിക അവസ്ഥയോ തനിക്കില്ലെന്നും അതിനാല്‍ തന്റെ ഫെയ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുകയാണെന്നും സജിത മഠത്തില്‍ പറഞ്ഞു. 

‘‘താര രാജാക്കന്‍മാരുടെ പ്രൈവറ്റ് വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറി താങ്ങാന്‍ ഉള്ള ആരോഗ്യമോ മാനസിക അവസ്ഥയോ എനിക്കില്ല. അതിനാല്‍ എന്റെ ഫെയ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നു. ഈ പ്രൊഫൈല്‍ പേജും തല്‍ക്കാലം ഡീആക്ടിവേറ്റ് ചെയ്യേണ്ടി വരും. ’’–സജിത മഠത്തില്‍ പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര പുരസ്കാരവുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ ഒപ്പുവെച്ചത് പൂർണ ബോധ്യത്തോട് കൂടിയാണെന്നും മോഹന്‍ലാല്‍ എന്ന നടന്റെ പേരു കൂട്ടി ചേര്‍ത്ത് വിവാദമുണ്ടാക്കിയാലും ആ നിലപാടില്‍ നിന്ന് പിന്നോട്ടുപോകുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും സജിത മഠത്തില്‍ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ലാലെന്നു പറയുന്ന മഹാനായിട്ടുള്ള നടനും ലാലെന്നു പറയുന്ന അമ്മ പ്രസിഡന്റും രണ്ടും രണ്ടാണെന്നും സിനിമയിലെ ഡബിള്‍ റോള്‍ അഭിനയമല്ല ആ സ്ഥാനമെന്നും സജിത പറയുന്നു. നമ്മുടെ വഴക്കുകള്‍ അമ്മ പ്രസിഡന്റായിട്ടുള്ള ലാലിനോടാണെന്നും അല്ലാതെ മഹാനടനായിട്ടുള്ള ലാലിനോടല്ലെന്നും അഭിമുഖത്തില്‍ സജിത മഠത്തില്‍ പറഞ്ഞിരുന്നു.

ഇതെ തുടർന്ന് നടിക്കെതിരെ അവരുടെ പേജിൽ വലിയ തോതിലുള്ള സൈബർ ആക്രമണം ഉണ്ടാകുകയുണ്ടായി.