ചിത്രീകരണത്തിന്റെ അവസാന ദിവസം തമിഴ് സൂപ്പർതാരങ്ങൾ സെറ്റിലുളളവർക്ക് സ്വർണ നാണയം സമ്മാനമായി കൊടുക്കുന്നത് പതിവാണ്. എന്നാൽ അവരിൽ നിന്നൊക്കെ വ്യത്യസ്തയാകുകയാണ് തെന്നിന്ത്യയിൽ സൂപ്പർ നായികയായി മാറികൊണ്ടിരിക്കുന്ന നടി കീർത്തി സുരേഷ്.
വിശാൽ നായകനായ സണ്ടകോഴി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയായ അവസാനദിനം കീർത്തി ഏവരെയും ഞെട്ടിച്ചെന്ന് പറയാം. സംവിധായകനും നായകനും ഉൾപ്പടെ സെറ്റിലെ 150ഓളം ആളുകൾക്കാണ് ഒരു ഗ്രാം ഗോൾഡ് കോയിൻ നടി സമ്മാനമായി നൽകിയത്.
സെറ്റിലെ കീർത്തിയുടെ ഡെഡിക്കേഷനും ആത്മാർത്ഥയും മറ്റുള്ളവരോടുളള പെരുമാറ്റവും ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. അവസാനദിവസം നായകനേക്കാൾ കീർത്തിക്കൊപ്പം സെൽഫി എടുക്കാനും പരിചയപ്പെടാനുമാണ് സെറ്റിലുള്ളവർ ഓടിയെത്തിയത്. കീർത്തിക്ക് വേണ്ടി അവർ പ്രത്യേകമായി കേക്ക് മുറിക്കുകയും ചെയ്തു. അതിനെടെയായിരുന്നു സ്വര്‍ണ നാണയം നൽകി സഹപ്രവർത്തകരെ കീർത്തി ഞെട്ടിച്ചത്.
അന്ന് കളിയാക്കിയവർ ഇന്ന് കീർത്തിയെ വാഴ്ത്തുന്നു
ഇതിന് മുമ്പ് മഹാനടി സിനിമയുടെ ഷൂട്ടിങ് അവസാനദിവസം അണിയറപ്രവർത്തകർക്ക് നടി സ്വർണ നാണയം സമ്മാനമായി നൽകിയിരുന്നു.
കരിയറിന്റെ ആദ്യകാലഘട്ടങ്ങളിൽ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന താരമാണ് കീർത്തി. പിന്നീട് സ്വയപ്രയത്നത്താൽ നടി ഉയരത്തിലെത്തി. മഹാനടിയുടെ വമ്പൻ വിജയത്തോടെ നടിക്ക് ആരാധകരും ഏറി. നടിയെ ഒന്ന് നേരിട്ട് കാണുവാന്‍ ആയിരക്കണക്കിന് ആളുകളാണ് ഓരോ സ്ഥലത്തും എത്തുന്നത്. മുമ്പ് വിമർശിച്ചും പരിഹസിച്ചും വന്നവരൊക്കെ നടിയെ പ്രശംസിച്ച് എത്തുകയാണ് ഇപ്പോൾ.
തമിഴിലും തെലുങ്കിലും ഇപ്പോൾ കീർത്തിക്ക് കൈനിറയെ പ്രോജക്ടുകളാണ്, വിക്രം നായകനാകുന്ന സാമി 2, വിജയ്–മുരുകദോസ് ചിത്രം. ഇവയാണ് കീർത്തിയുടെ പുതിയ പ്രോജക്ടുകൾ.