മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്ന താരങ്ങൾക്കിടയിൽ വ്യത്യസ്തരാവുകയാണ് ഇന്ദ്രജിത്തും പൂർണിമ ഇന്ദ്രജിത്തും. എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ ദുരിതാശ്വാസപ്രവർത്തനങ്ങളോട് കൈകോർത്തു അൻപൊടു കൊച്ചി നടത്തുന്ന ഇടപെടലുകൾക്ക് ചുക്കാൻ പിടിച്ച് പൂർണിമയും ഇന്ദ്രജിത്തും സജീവമാണ്. ഇവരുടെ മക്കളും ക്യാംപിൽ ഉടനീളം ഉണ്ടായിരുന്നു.
പൂർണിമ മാത്രമല്ല കൂടെ മകളും ഈ നല്ല മനസിന് ബിഗ് സല്യൂട്ട്
കടവന്ത്രയിലെ റീജണൽ സ്പോർട്സ് സെന്ററിൽ തുറന്ന കളക്ഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾ ഓടി നടന്ന് ഏകോപിപ്പിക്കുകയാണ് പൂർണിമ. ദുരിതാശ്വാസ ക്യാംപുകളിലേക്ക് അയയ്ക്കേണ്ട സാധനങ്ങൾ പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച് അവ തരംതിരിച്ച് പ്രത്യേക കിറ്റുകൾ തയാറാക്കുകയാണ് ഇവിടെ ചെയ്യുന്നത്. സഹപ്രവർത്തകർക്കൊപ്പം ഇത്തരം കാര്യങ്ങൾ ഏകോപിപ്പിച്ച് ഓടിനടക്കുന്ന പൂർണിമ ഇവിടത്തെ സ്ഥിരം കാഴ്ചയാണ്.
ദയവ് ചെയ്‌ത് ഉപയോഗിച്ച വസ്ത്രങ്ങൾ അയക്കരുത്!
കഴിഞ്ഞ ദിവസം പൂർണിമയ്ക്കൊപ്പം ഇന്ദ്രജിത്തും കളക്ഷൻ സെന്ററിലെത്തി. പായ്ക്കിങ്ങിലും മറ്റും സഹായിച്ചും താരപരിവേഷമില്ലാതെ വളണ്ടിയർമാർക്കിടയിൽ ഇന്ദ്രജിത്തും ഒപ്പം കൂടി. പുതിയ വസ്തുക്കളടങ്ങിയ 12 ലോഡ് കിറ്റുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അൻപൊടു കൊച്ചിയുടെ നേതൃത്വത്തിൽ അയച്ചത്.
മലയാളികൾക്ക് സ്വീകരിക്കാവുന്ന മാതൃകയാണ് ഇരുവരുമെന്നാണ് പൂർണിമയുടെയും ഇന്ദ്രജിത്തിന്റെയും ഇടപെടലുകൾ കണ്ട് സാമൂഹ്യമാധ്യമങ്ങളിൽ വരുന്ന പ്രതികരണം. നേരത്തെ പാർവതി തിരുവോത്ത് അടക്കമുള്ള താരങ്ങൾ കടവന്ത്രയിലെ കളക്ഷൻ സെന്ററിലെത്തിയിരുന്നു. ക്യാമ്പിലുള്ളവർക്ക് ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക അൻപൊടു കൊച്ചിയുടെ ഫെയ്സ്ബുക്ക് പേജിൽ നൽകിയിട്ടുണ്ട്. അതനുസരിച്ചുള്ള സാധനങ്ങളാണ് കടവന്ത്രയിൽ ശേഖരിക്കുന്നത്.