Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ വിധിയോട് യോജിക്കില്ല: നിലപാടുമായി ഭാമ

bhama-navya

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി സിനിമാതാരങ്ങളും. നവ്യ നായര്‍, ഭാമ, രഞ്ജിനി തുടങ്ങിയവർ തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തുവന്നിരുന്നു. പ്രതികരണങ്ങൾ താഴെ–

ഭാമ–ശബരിമലയിൽ ഏതു പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ നിങ്ങൾ സ്വാഗതം ചെയ്യുന്നുവോ എന്നറിയില്ല ..

സുപ്രീംകോടതിയെ ബഹുമാനിക്കുന്നു. പക്ഷെ,വ്യക്തിപരമായി ഈ വിധിയോട് യോജിക്കുവാൻ തീരെ കഴിയുന്നില്ല.

കേരളത്തിലെ വലിയൊരു വിഭാഗം സ്ത്രീകൾക്കും അതിനു കഴിയുമെന്നും എനിക്ക് തോന്നുന്നില്ല! ക്ഷേത്രത്തിൽ പോയി പ്രാർത്ഥന നടത്താൻ സ്ത്രീക്കും പുരുഷനും തുല്യ അവകാശം ഉണ്ടെന്നിരിക്കിലും,  കാലാകാലങ്ങളായി പിന്തുടർന്ന് പോന്നിരുന്നതാണ്, ഋതുമതികളായ സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കില്ലായെന്നുള്ളത്. ഓരോ ക്ഷേത്രങ്ങൾക്കും അതിന്റേതായ ആചാരവും അനുഷ്ടാനങ്ങളും ഉണ്ട്. മതാചാരങ്ങളും ക്ഷേത്രാചാരങ്ങളും തമ്മിൽ വ്യത്യാസവുമുണ്ട്! സംസ്കാരത്തിലെ വൈവിധ്യം കൊണ്ട് സമ്പന്നമാണ് നമ്മുടെ ഇന്ത്യ !

“കാലങ്ങളായി പഴക്കമുള്ള, ആർക്കും ഒരു ദ്രോഹവും വരുത്താതെ പോകുന്ന ‘ക്ഷേത്രാചാരങ്ങളെ’ ഇങ്ങനെ ഉന്മൂലനം ചെയ്യേണ്ടതുണ്ടോ” എന്ന ഒരു ചോദ്യത്തിൽ നിന്നുമാണ് ഇത്രയും എഴുതാൻ എന്നെ പ്രേരിപ്പിച്ചത്.

സുപ്രീംകോടതിയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ...വ്യക്തിപരമായിപറഞ്ഞാൽ, ഇനിയും ഒരുപാടു വർഷങ്ങൾ ജീവിച്ചിരിക്കാൻ ഭാഗ്യം ലഭിക്കുകയാണെങ്കിൽ ,ക്ഷേത്രാചാരത്തിൽ പറഞ്ഞിരിക്കുന്ന വയസ്സ് വരെ ഞാൻ കാത്തിരിക്കും!!! എല്ലാ പെൺകുട്ടികളോടും എനിക്ക് പറയാനുള്ളതും ഇത്രമാത്രം.

നവ്യ നായർ– ഒരു വ്യക്തി എന്ന നിലയില്‍ കോടതി വിധിയെ ബഹുമാനിക്കേണ്ടത് എന്റെ കടമയാണ്. എന്നാല്‍ ഞാന്‍ പഴയ ആചാരങ്ങളെ മാത്രമേ പിന്തുടരുകയുള്ളൂ.

രഞ്ജിനി (നടി)–ഹൈന്ദവതയുടെ കറുത്ത ദിനമാണിന്ന്. ലിംഗസമത്വത്തിന്റ  പേരും പറഞ്ഞ് പാരമ്പര്യത്തേയും സംസ്‌ക്കാരത്തെയും നശിപ്പിക്കുകയാണ്. ഈ വിധി തിരുത്താന്‍ നമ്മള്‍ ഒരുമിച്ച് നില്‍ക്കണം. അയ്യപ്പന്റെ ബ്രഹ്മചര്യവ്രതം കാത്തുസൂക്ഷിക്കാന്‍ ആരെല്ലാം എന്നോട് ഒപ്പമുണ്ടാകും.