ചെറുപ്പം മുതൽ ഗ്രാമഫോൺ റെക്കോർഡുകളുടെ കടുത്ത ആരാധകനായിരുന്നു ജോണി തോമസ്. അപൂർവമായ ഗ്രാമഫോൺ റെക്കോർഡുകൾ തേടി പലതവണ സ്വദേശമായ ചേർത്തലയിൽ നിന്ന് എറണാകുളത്തേക്കു യാത്ര ചെയ്യുന്നതായിരുന്നു ശീലം. പിന്നീട് തൊണ്ണൂറുകളിൽ ഓഡിയോ കസെറ്റുകളുടെ കാലത്തെ രാജാവായി ജോണി സാഗരിഗ വളർന്നു. ശേഷം ഹിറ്റ് സിനിമകളുടെ നിർമാണത്തിലും മികവുകാട്ടി. 1984ൽ സ്വന്തം നാടായ ചേർത്തലയിൽ ജോണി സാഗരിഗ എന്ന പേരിൽ ഒരു മ്യൂസിക് സ്റ്റോർ തുടങ്ങി. സിനിമാ രംഗത്തേക്കും സംഗീതമേഖലയിലേക്കുമുള്ള ‘ജോണി സാഗരിഗ’ എന്ന ബ്രാൻഡ് നെയിമിന്റെ ജൈത്രയാത്രയുടെ തുടക്കമായിരുന്നു അത്.
Nonsense - Official Trailer 2 | Rinosh George | MC Jithin | Johny Sagariga | BMX
മലയാളത്തിലും തമിഴിലുമായി ഒരുക്കിയ ഹിറ്റ് ചിത്രങ്ങളുടെ വലിയൊരിടവേളയ്ക്കു ശേഷം ജോണി സാഗരിഗ നിർമിക്കുന്ന പുതിയ ചിത്രം ‘നോൺസെൻസ്’ തിയറ്ററുകളിലെത്തുന്നു.
എങ്ങനെയായിരുന്നു തുടക്കം?
നൂറും പാലും എന്ന പേരിൽ ഹിന്ദു ഭക്തിഗാനമാണ് ജോണി സാഗരിഗ മ്യൂസിക് കമ്പനി ആദ്യ ആൽബം ചെയ്യുന്നത്. 1992ലാണ് എറണാകുളത്തു ബ്രാഞ്ച് തുടങ്ങുന്നത്. പാട്ട് കസെറ്റുകളുടെ ആ കാലത്തെ 5000 പാട്ടുകൾ ജോണി സാഗരിഗ പുറത്തിറക്കി.
സിനിമാ രംഗത്തേക്കുള്ള വരവ്?
സംഗീത രംഗത്തെ ഒന്നര പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായാണ് 1999ൽ ജോണി സാഗരിഗ ഫിലിം പ്രൊഡക്‌ഷൻ ആൻഡ് വിതരണ കമ്പനി ആരംഭിക്കുന്നത്. നിറം, മധുരനൊമ്പരക്കാറ്റ് എന്നീ രണ്ട് ഹിറ്റുകൾ തുടക്കത്തിലേ ഉണ്ടായി. മോഹൻലാൽ നായകനായ താണ്ഡവം, ഹരിഹരൻപിള്ള ഹാപ്പിയാണ്, ഓർക്കൂട്ട് ഒരു ഓർമക്കൂട്ട്, ഫോർ ദ് പീപ്പിൾ, കിളിച്ചുണ്ടൻ മാമ്പഴം, വടക്കുന്നാഥൻ, മോസ് ആൻഡ് കാറ്റ്, ബോഡി ഗാർഡ് തുടങ്ങിയ സിനിമകളും പുറത്തിറങ്ങി. തമിഴിൽ ഫോർ സ്റ്റുഡന്റ്സ് എന്ന ഹിറ്റ് സിനിമയും ചെയ്തു. ജോണി സാഗരിഗ വിതണ കമ്പനി കേരളത്തിൽ 25 സിനിമകൾ പ്രദർശനത്തിനെത്തിച്ചിട്ടുണ്ട്.
നോൺസെൻസ് സിനിമയെക്കുറിച്ച്?
6 വർഷങ്ങൾക്കു ശേഷമാണ് ഞാൻ ഒരു സിനിമയുമായി വരുന്നത്. സംവിധായകൻ എം.സി. ജിതിനിലും സിനിമയിലുമുള്ള വിശ്വാസം തന്നെയാണ് ഈ സിനിമ ഏറ്റെടുക്കാൻ കാരണം.
പ്രത്യേകതകൾ എന്തെല്ലാമാണ്?
പ്രണയത്തിനും സൗഹൃദത്തിനുമെല്ലാം ഒരുപോലെ പ്രാധാന്യം നൽകുന്നുണ്ടെങ്കിലും സ്‌കൂൾ പശ്ചാത്തലമാക്കി ഇറങ്ങിയിട്ടുള്ള മറ്റ് ചിത്രങ്ങളിൽ നിന്നും നോൺസെൻസിനെ വേറിട്ടു നിർത്തുന്നത് ബിഎംഎക്സ് അഥവാ ബൈസിക്കിൾ മോട്ടോർ ക്രോസ് എന്ന സ്പോർട്ടിനെ ചുറ്റിപ്പറ്റിയുള്ള ആവിഷ്കാരമാണ്. ഒരുപക്ഷേ, ഇന്ത്യൻ സിനിമയിൽ തന്നെ ഇതാദ്യമായിരിക്കും ബിഎംഎക്സിനെ പ്രധാന വിഷയമാക്കി ഒരു ചിത്രം ഒരുങ്ങുന്നത്.
സിനിമയുടെ പിന്നിലും മുന്നിലും?
എബ്രിഡ് ഷൈൻ, മഹേഷ് നാരായണൻ എന്നിവർക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചിട്ടുള്ളയാളാണ് സംവിധായകൻ എം.സി. ജിതിൻ. റിനോഷ് ജോർജിനു പുറമെ വിനയ് ഫോർട്ട് സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ശ്രുതി രാമചന്ദ്രനും ഫെബിയയും നായികമാരായി എത്തുന്നു. കലാഭവൻ ഷാജോൺ, ലാലു അലക്സ്, അനിൽ നെടുമങ്ങാട്, സിയാദ് എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. ആക്‌ഷൻ ഹീറോ ബിജുവിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ മുഹമ്മദ് ഷഫീഖും നവാഗതനായ ലിബിനും ചേർന്നാണ് എം.സി. ജിതിനൊപ്പം ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ന് തിയറ്ററുകളിൽ എത്തുന്ന നോൺസെൻസിന്റെ റിലീസ് ഡേറ്റിനുമുണ്ട് ഏറെ പ്രത്യേകത. ഒക്ടോബർ 12 വെള്ളിയാഴ്ച ദിവസം തന്നെയാണ് ചിത്രത്തിലെ സുപ്രധാനമായ പല സംഭവങ്ങളും അരങ്ങേറുന്നതും.