തിരുവനന്തപുരം∙ രോഗങ്ങളോട് പായ്ക്കപ്പ് പറഞ്ഞ് 25–ാം സിനിമയുമായി സംവിധായകൻ ടി.കെ.രാജീവ് കുമാർ വീണ്ടും ക്യാമറയ്ക്കു പിന്നിലേയ്ക്ക്. രാജീവ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ സിനിമ കോളാമ്പിയുടെ ഷൂട്ടിങ് നാളെ നെയ്യാറ്റിൻകര കൃഷ്ണപുരത്ത് തുടങ്ങും. രൺജി പണിക്കർ, നിത്യ മേനോൻ, രോഹിണി, ദീലീഷ് പോത്തൻ ഉൾപ്പെടെയുള്ള താരനിരയാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആറുവർഷത്തോളം രോഗങ്ങളോടു പടവെട്ടിയാണ് സിനിമയുടെ ലോകത്തേയ്ക്ക് രാജീവ് കുമാർ തിരിച്ചെത്തുന്നത്. രൂപേഷ് ഓമന നിർമിക്കുന്ന കോളാമ്പിയുടെ അണിയറയിൽ രവി വർമൻ, സാബു സിറിൾ, റസൂൽ പൂക്കുട്ടി, രമേശ് നാരായണൻ, ബോംബെ ജയശ്രീ, ശ്രേയ ഘോഷാൽ തുടങ്ങിയ പ്രതിഭകളുടെ സാന്നിധ്യമുണ്ട്.
സുപ്രീംകോടതി കോളാമ്പി മൈക്കുകൾ നിരോധിച്ചതിനെത്തുടർന്ന് അവയെ ആശ്രയിച്ചുജീവിച്ചവരുടെ ജീവിതത്തിലുണ്ടായ പ്രതിസന്ധിയെക്കുറിച്ചാണ് സിനിമ.