ഐഎഫ്എഫ്കെ 2018; മത്സരവിഭാഗത്തില്‍ സുഡാനിയും ഈമയൗവും

23-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിലേക്ക് സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയയും ലിജോ പെല്ലിശ്ശേരിയുടെ ഈ.മൗ.യൗവും തിരഞ്ഞെടുത്തു. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് 12 ചിത്രങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ 10 ചിത്രങ്ങളും പുതുമുഖ സംവിധായകരുടേതാണ്. ഡിസംബര്‍ ഏഴ് മുതല്‍ 13 വരെയാണ് ഇത്തവണത്തെ മേള നടക്കുക.

ഓത്ത്, പറവ, ഭയാനകം, ഉടലാഴം, മായാനദി, ബിലാത്തിക്കുഴല്‍, പ്രതിഭാസം, ഈട, കോട്ടയം, ഹ്യൂമന്‍സ് ഓഫ് സംവണ്‍, സ്ലീപ്ലസ്ലി യുവേര്‍സ്, ആവേ മരിയ എന്നിവയാണ് മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. 

സംവിധായകൻ സിബി മലയിൽ, ജോർജ് കിത്തു, ഫാറൂഖ് അബ്ദുൾ റഹ്മാൻ, ഡോ. ടി. അനിത, ഡോ. വി. മോഹനകൃഷ്ണൻ എന്നിവർ അംഗങ്ങളായുള്ള സമിതിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്.

ഐഎഫ്എഫ്കെ റജിസ്ട്രേഷൻ നവംബർ ഒന്ന് മുതൽ ആരംഭിക്കും. അതേ സമയം ഡെലിഗേറ്റ്‌സുകള്‍ക്ക് ഇത്തവണ ഫ്രീപാസ് ഉണ്ടായിരിക്കില്ല. അതിഥിതികള്‍ക്ക് മാത്രമാണ് ഇത്തവണ ഫ്രീപാസ് അനുവദിക്കുക. പ്രതിനിധി ഫീസ് 2000 രൂപയാക്കി ഉയര്‍ത്തിയതായി മന്ത്രി എകെ ബാലന്‍ നേരത്തെ അറിയിച്ചിരുന്നു. അതേടൊപ്പം സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇത്തവണ ഉണ്ടാകില്ലെന്നും അറിയിച്ചിരുന്നു.

പ്രളയത്തെ തുടര്‍ന്ന് ഇത്തവണത്തെ മേള ചെലവ് ചുരുക്കിയായിരിക്കും നടത്തുക. കഴിഞ്ഞ വര്‍ഷം മേളയ്ക്ക് ആറ് കോടി രൂപയാണ് ചെലവായത്. ഇത്തവണ മൂന്ന് കോടിക്ക് നടത്താനുള്ള നിര്‍ദ്ദേശം ചലച്ചിത്ര അക്കാദമി നേരത്തെ തയ്യാറാക്കിയിരുന്നു. നിലവിലുള്ള ഡെലിഗേറ്റ് പാസ് ഉയര്‍ത്തുന്നതിലൂടെ രണ്ട് കോടി രൂപ ലഭിക്കാന്‍ അക്കാദമിക്ക് സാധിക്കുമെന്നാണ് കണക്ക് കൂട്ടല്‍. വിദേശ അതിഥികളുടെ എണ്ണം കുറയ്ക്കാനും ഏഷ്യന്‍ സിനിമകള്‍ക്കും ജൂറികള്‍ക്കും കൂടുതല്‍ പ്രധാന്യം നല്‍കാനും തീരുമാനമായിട്ടുണ്ട്.