‘അമ്മ’ എന്ന സംഘടന എല്ലാ രീതിയിലും പുരുഷ മാഫിയയാണെന്ന് നടി റിമ കല്ലിങ്കല്‍. മമ്മൂട്ടിയും മോഹന്‍ലാലും കൃത്യവും ശക്തവുമായ നടപടിയെടുത്തിരുന്നെങ്കില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞേനെയെന്നും വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റിമ പറയുന്നു.
‘അവൾക്കൊപ്പം നിൽക്കണമെന്ന കൃത്യമായ ബോധ്യത്തോടെയാണ് ഡബ്ലുസിസി എന്ന സംഘടന തുടങ്ങിയത്. ഒരാളെയും ദ്രോഹിക്കാൻ വേണ്ടിയല്ല, പക്ഷേ ഒരാൾക്കൊപ്പം നിൽക്കുമ്പോൾ വേട്ടക്കാരായ മറ്റു പലരെയും എതിർക്കേണ്ടി വരും.’–റിമ പറയുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയരുമ്പോൾ അമ്മയിലെ അംഗങ്ങൾ ‘മോഹൻലാൽ’ എന്ന വ്യക്തിയുടെ പുറകിൽ ഒളിക്കുകയാണെന്നും റിമ ആരോപിച്ചു. ‘ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ ഒളിച്ചിരിക്കുന്നത് വളരെ ബാലിശമാണ്. എന്ത് പറഞ്ഞാലും മോഹന്‍ലാല്‍.. മോഹന്‍ലാല്‍. ഞങ്ങള്‍ മോഹന്‍ലാലിനെ കുറിച്ചല്ല സംസാരിച്ചുകൊണ്ടിരിക്കുന്നത്. അമ്മ എന്ന സംഘടനയുടെ പ്രസിഡന്റിനെ കുറിച്ചാണ്.’- റിമ വ്യക്തമാക്കുന്നു.
മോഹൻലാല്‍ എന്ന വ്യക്തിയെ ഡബ്ലുസിസി തേജോവധം ചെയ്യുന്നു എന്ന അമ്മ അംഗങ്ങളുടെ ആരോപണങ്ങളെ കോമഡിയായി തള്ളുന്നുവെന്നും റിമ പറഞ്ഞു. മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ ചരിത്രത്തില്‍ തന്നെ ഇത്രയും കലഹിച്ച് ബഹളമുണ്ടാക്കി പരിശ്രമങ്ങൾ എടുത്ത് ഒരു പ്രധാന പ്രശ്‌നം ഉന്നയിക്കുമ്പോള്‍ അമ്മ ആ വിഷയത്തെ പരിഗണിക്കുന്നുപോലുമില്ലെന്നും റിമ പറയുന്നു.
‘അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് ഇപ്പോള്‍ കൃത്യമായി മോഹന്‍ലാല്‍ വന്നത് എന്തുകൊണ്ടാണെന്ന് കൂടി നമ്മള്‍ ചിന്തിക്കണം. അവര്‍ അവരുടെ ട്രംപ് കാര്‍ഡ് ഉപയോഗിച്ച് കളിക്കുന്നു. അതാണ് അവര്‍ കൊണ്ടുവരുന്ന ഉത്തരം. മോഹന്‍ലാലിന് പിന്നില്‍ അമ്മ ഒളിച്ചിരിക്കുകയാണ്. വിഷയത്തെ എത്രവഴിമാറ്റാന്‍ നോക്കിയാലും ഞങ്ങള്‍ ഇത് തന്നെ പറഞ്ഞു കൊണ്ടിരിക്കും.’
‘ഞങ്ങള്‍ക്ക് മമ്മൂട്ടിയോ മോഹന്‍ലാലോ വിഷയമല്ല. രണ്ടുപേരിലെയും ആര്‍ട്ടിസ്റ്റിനെ ഞാനും ബഹുമാനിച്ചിട്ടുണ്ട്. ബഹുമാനിക്കുന്ന ആളുകള്‍ നമ്മളേക്കാള്‍ ഒരുപാട് മുകളിലല്ലേ? അവര്‍ക്കെന്താ നമ്മള്‍ പറയുന്ന അടിസ്ഥാനപരമായ കാര്യങ്ങള്‍ മനസ്സിലാവത്തത് എന്ന ആശങ്ക തീര്‍ച്ചയായും ഉണ്ട്. അവര്‍ക്ക് മനസിലാവുന്നില്ലെങ്കില്‍ മറ്റുള്ളവര്‍ എങ്ങനെയാണ് മനസിലാക്കാന്‍ പോകുന്നത്.’-റിമ ചോദിക്കുന്നു.
വിവാദ വിഷയങ്ങളില്‍ ദുൽക്കർ സൽമാനെ പോലെയുള്ളവരെ പോലെ ഇരു ഭാഗത്തും നിൽക്കാൻ ഇല്ലെന്നു പറഞ്ഞു കൈ കഴുകാൻ തങ്ങൾക്കാകില്ലെന്നും എല്ലാക്കാലവും ആക്രമിക്കപ്പെട്ട നടിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും റിമ പറഞ്ഞു.
ദുൽക്കർ പറഞ്ഞപോലെ ഞാനാരുടെയും ഭാഗം എടുക്കില്ല, കാരണം ഒരാൾക്കൊപ്പം നിൽക്കുമ്പോൾ വേറൊരാൾക്ക് എതിരെ നിൽക്കേണ്ടി വരുമല്ലോ എന്ന് പറഞ്ഞ് മാറി നിൽക്കാൻ ഞങ്ങൾക്ക് കഴിയില്ല. ദുൽക്കറിനിങ്ങനെ പറഞ്ഞ് കൈ കഴുകാൻ പറ്റുമായിരിക്കും. പക്ഷെ ഞങ്ങൾക്കത് പറ്റില്ല. അതിനു കൂടെ നിൽക്കാൻ പലർക്കും ബുദ്ധിമുട്ടുണ്ടാകുമെന്ന് ഞങ്ങൾക്കറിയാം.– റിമ തുറന്നുപറഞ്ഞു.
ഹിന്ദി സിനിമയുടെ പ്രചാരണത്തിനിടെ ഒരു ദേശീയ ചാനലില്‍ ദുൽക്കർ നല്‍കിയ പ്രതികരണം സംബന്ധിച്ച ചോദ്യത്തോടാണ് റിമ ഇങ്ങനെ പറഞ്ഞത്. താൻ അമ്മ എക്സിക്യുട്ടിവ് അംഗമല്ലെന്നും അതിനാൽ ദിലീപ് വിഷയത്തിൽ മറുപടി പറയേണ്ടതില്ലെന്നും ആയിരുന്നു ദുൽക്കറിന്റെ പ്രതികരണം.
ആദ്യഘട്ടത്തില്‍ സജീവമായി ഉണ്ടായിരുന്ന മഞ്ജു വാര്യർ ഇപ്പോഴും ആക്രമിക്കപ്പെട്ട നടിയോടൊപ്പം ഉണ്ടോ എന്ന ചോദ്യത്തിന് റിമയുടെ മറുപടി ഇതായിരുന്നു: അവളോടൊപ്പം എന്ന നിലപാടിനൊപ്പം അവരും ഉണ്ട്. പക്ഷെ ഡബ്ല്യുസിസി എന്ന സംഘടന ഒരുപാട് കാര്യങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. സിനിമാ മേഖലയിലെ സ്ത്രീ വിരുദ്ധതയാണ് ചോദ്യം ചെയ്യുന്നത്. അപ്പോൾ വലിയൊരു പവർ സ്ട്രക്ച്ചറിനെയാണ് എതിർക്കേണ്ടി വരുന്നത്. പലർക്കുമെതിരെ നിൽക്കേണ്ടി വരും. അപ്പോൾ അതിന്റെ ഭാഗമാകാൻ അവർക്കു താൽപര്യമില്ലായിരിക്കും.
കൃത്യമായൊരു നിലപാട് മോഹന്‍ലാല്‍ എടുത്തിരുന്നെങ്കില്‍ അത് തങ്ങള്‍ എടുത്ത എല്ലാ നിലപാടിനും മുകളിലായേനെയെന്നും കാര്യങ്ങള്‍ മാറ്റിമറിച്ചേനെയെന്നും റിമ പറഞ്ഞു. കസബ എന്ന സിനിമയില്‍ മമ്മൂട്ടി എന്ന വ്യക്തിക്ക് പ്രാധാന്യമില്ല എന്ന് പറയുമ്പോള്‍ പോലും മമ്മൂക്ക ആ റോള്‍ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നെങ്കില്‍ അത് ശക്തമായ ഒരു നിലപാട് ആകുമായിരുന്നെന്നും റിമ വ്യക്തമാക്കി.