Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ദ്രൻസേട്ടൻ അപമാനിക്കപ്പെട്ടിരിക്കുന്നു: പ്രതിഷേധവുമായി ആളൊരുക്കം സംവിധായകൻ

vc-abhilash-indrans

23-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ നിന്നും ആളൊരുക്കം സിനിമ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി സംവിധായകനായ വി.സി. അഭിലാഷ്. ദേശീയ–സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചിത്രത്തെ ഒഴിവാക്കിയത് അപമാനിക്കുന്നതിന് തുല്യമാണെന്നും അഭിലാഷ് സമൂഹമാധ്യമത്തിലൂടെ ആരോപിച്ചു.

വി.സി. അഭിലാഷിന്റെ കുറിപ്പ് വായിക്കാം–

ഈ ചലച്ചിത്ര അക്കാദമിയോട് ഞങ്ങളെങ്ങനെ നന്ദി പറഞ്ഞുതീർക്കും? ഇക്കൊല്ലം മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ അവാർഡ് ലഭിച്ച, ഇന്ദ്രൻസേട്ടന് സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ആളൊരുക്കം നമ്മുടെ സ്വന്തം ചലച്ചിത്ര മേളയിൽ നിന്ന് അവർ ഒഴിവാക്കിയിരിക്കുന്നു..!

ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾക്ക് പുറമെ കേരളാ ഫിലിം ക്രിട്ടിക്സ് (4 വിഭാഗങ്ങളിൽ),പ്രഥമ തിലകൻ സ്മാരക പെരുന്തച്ചൻ അവാർഡ് (8 വിഭാഗങ്ങളിൽ), അടൂർഭാസി പുരസ്‌കാരം (2 വിഭാഗങ്ങളിൽ),വിദേശത്തും സ്വദേശത്തുമായി അര ഡസനിലേറെ ഫിലിം ഫെസ്‌റ്റിവലുകളിലെ പ്രദർശനം- എന്നിങ്ങനെ ഈ സിനിമ ഒട്ടേറെ അംഗീകാരങ്ങൾ നേടിയിരുന്നു..

പക്ഷെ അതിനൊക്കെയപ്പുറമായിരുന്നു ഞങ്ങൾക്ക് ഐഎഫ്എഫ്കെ വലിയൊരു സ്വപ്നമായിരുന്നു !! ആളൊരുക്കം കാണാനാവസരം കിട്ടിയവർ -ഗുരുതുല്യരായ സംവിധായകർ പോലും- പറഞ്ഞത് ഈ സിനിമയ്ക്ക് കിട്ടിയില്ലെങ്കിൽ മറ്റേത് സിനിമയ്ക്ക് ഐഎഫ്എഫ്കെയിൽ അവസരം കിട്ടുമെന്നാണ് ..!

ഇത്തവണ സിനിമകളുടെ എണ്ണം കൂടിയിട്ടും,നവാഗതർക്ക് പ്രാധാന്യം ഉണ്ടായിട്ടും-അങ്ങനെയൊന്നും ഉൾപ്പെടുത്താനാനാവാത്ത അത്ര മോശം സിനിമയായിരുന്നോ ഇത് ?

''ദേശീയ അവാർഡ് വാങ്ങിയ ആളൊരുക്കം എന്ത് കൊണ്ട് ഇത്തവണ മേളയിൽ ഉൾപ്പെടുത്തിയില്ല?''- എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് സാമൂഹിക പ്രസക്തിയ്ക്കുള്ള അവാർഡാണ് വാങ്ങിയത് എന്നാണ് ജൂറിയുടെ വിശദീകരണം!

സാമൂഹിക പ്രസക്തിയ്ക്ക് നമ്മുടെ മേളയിൽ പ്രസക്തിയില്ലേ? ആളൊരുക്കത്തിൽ പറഞ്ഞ ആ സാമൂഹിക പ്രസക്തമായ വിഷയം ഐഎഫ്എഫ്കെ പ്രേക്ഷകരെങ്കിലും കാണണ്ടേ ?

വേദനയോടെ പറയട്ടെ..ദേശീയ പുരസ്‌കാര വേദിയിൽ നേരിടേണ്ടി വന്ന അപമാനത്തേക്കാൾ വലുതാണ് ഇത്. ഇത് വരെയും കയ്യിലെത്താത്ത ആ ദേശീയ പുരസ്കാരത്തെ ഓർത്ത്, അന്ന് ആശ്വാസമേകി വന്ന പല സന്ദേശങ്ങളും ഇപ്പോൾ കാപട്യം പോലെ തോന്നിക്കുന്നു!

എല്ലാവരും ഇന്നോളം പാടിപ്പുകഴ്ത്തിയ ആളൊരുക്കം അപമാനിക്കപ്പെട്ടിരിക്കുന്നു! സമ്മാനങ്ങൾ കൊണ്ടും സെൽഫികൾ കൊണ്ടും ഈ ദിവസങ്ങളിൽ സ്നേഹം കൊണ്ട് മൂടപ്പെട്ട ഇന്ദ്രൻസേട്ടൻ അപമാനിക്കപ്പെട്ടിരിക്കുന്നു!

കഴിഞ്ഞ തവണ ചലച്ചിത്ര മേളയിൽ ഉൾപ്പെടുത്താതെ ഒഴിവാക്കപ്പെട്ട ഒരു സിനിമയ്ക്ക് ഇതേ അക്കാദമിയുടെ മറ്റൊരു ജൂറി മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് നൽകിയത് പോലെ വിചിത്രമായ ഈ തീരുമാനം അവർ തിരുത്തുമോ ? അറിയില്ല.. ആരെങ്കിലും പ്രതികരിച്ചിരുന്നെങ്കിൽ...അവർ തിരുത്തിയിരുന്നെങ്കിൽ.. !!!

മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് 12 ചിത്രങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ 10 ചിത്രങ്ങളും പുതുമുഖ സംവിധായകരുടേതാണ്. ഓത്ത്, പറവ, ഭയാനകം, ഉടലാഴം, മായാനദി, ബിലാത്തിക്കുഴല്‍, പ്രതിഭാസം, ഈട, കോട്ടയം, ഹ്യൂമന്‍സ് ഓഫ് സംവണ്‍, സ്ലീപ്ലസ്ലി യുവേര്‍സ്, ആവേ മരിയ എന്നിവയാണ് മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. 

 

സംവിധായകൻ സിബി മലയിൽ, ജോർജ് കിത്തു, ഫാറൂഖ് അബ്ദുൾ റഹ്മാൻ, ഡോ. ടി. അനിത, ഡോ. വി. മോഹനകൃഷ്ണൻ എന്നിവർ അംഗങ്ങളായുള്ള സമിതിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്. ഡിസംബര്‍ ഏഴ് മുതല്‍ 13 വരെയാണ് ഇത്തവണത്തെ മേള നടക്കുക.