ചലച്ചിത്രമേഖലയിലെ ലൈംഗികാതിക്രമം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാണിച്ചതിന് വില കൊടുക്കേണ്ടി വന്നത് ഡബ്ല്യുസിസിയാണെന്ന് പാർവതി തിരുവോത്ത്. സിനിമയിൽ അവസരങ്ങളില്ല. എന്നാൽ, ഇങ്ങനെ നിശബ്ദരാക്കാൻ കഴിയില്ലെന്നും പാർവതി വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാർവതി സിനിമയിൽ അവസരങ്ങൾ കുറയുന്നതിനെപ്പറ്റി തുറന്നു പറഞ്ഞത്.
നിശബ്ദരായിരിക്കില്ല, അവസരങ്ങൾ നിഷേധിക്കുന്നു
ഇപ്പോഴുള്ള സിനിമകൾ ഈ പ്രശ്നങ്ങൾ ഉണ്ടാവുന്നതിനു മുൻപ് ചെയ്യാമെന്നേറ്റതാണ്. വിവാദങ്ങൾക്ക് ശേഷം എനിക്ക് ലഭിച്ച ഒരേയൊരു ഓഫർ ആഷിഖ് അബുവിന്റെ വൈറസ് മാത്രമാണ്, പാർവതി പറയുന്നു. "അതിൽ എനിക്ക് അത്ഭുതമില്ല. ആഷിഖ് ഒരു പുരോഗമനവാദിയാണ്. ബാക്കിയുള്ള സിനിമകളെല്ലാം കസബയ്ക്ക് മുൻപ് ഒപ്പു വച്ചതാണ്. കാര്യങ്ങൾ ഇങ്ങനെയാണ് പരിസമാപ്തിയിലേക്ക് നീങ്ങുന്നതെങ്കിൽ, 'ശരി, നോക്കാം' എന്നേ എനിക്ക് പറയാനാകൂ. ഞാനിത് തമാശയായി പറയുന്നതല്ല. പക്ഷേ, ഞാൻ നിശബ്ദയായിരിക്കാൻ ഉദ്ദേശിക്കുന്നില്ല. കാരണം, ഇത്തരത്തിൽ അപ്രത്യക്ഷരായ നിരവധി അഭിനേത്രികളെ മുൻ കാലങ്ങളിൽ നോക്കിയാൽ കാണാം. അവർ അപ്രത്യക്ഷരായതിന് കാരണങ്ങൾ ആർക്കും അറിയില്ല. സിനിമയെ നിയന്ത്രിക്കുന്നവർ എന്നെ ഇതുപോലെ പുറത്താക്കാനാണ് ശ്രമിക്കുന്നതെങ്കിൽ, എനിക്ക് ജോലി ചെയ്യാൻ അറിയാത്തതുകൊണ്ടല്ല അത് സംഭവിക്കുന്നതെന്ന് ജനങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു," പാർവതി പറഞ്ഞു.
ഞാന്‍ സിനിമയില്‍ വന്ന കാലത്ത് ഡബ്ല്യുസിസി പോലുള്ള കൂട്ടായ്മകള്‍ സജീവം അല്ലാത്തതിനാല്‍ ഇതൊന്നും സംസാരിക്കേണ്ട എന്ന തീരുമാനിച്ചിരുന്നു. സിനിമയില്‍ നമ്മള്‍ ഒറ്റയ്ക്കാണെന്നും ഈ പ്രശ്‌നങ്ങളെല്ലാം നമുക്ക് മാത്രം ഉണ്ടാകുന്നതാണെന്നും ഞാന്‍ കരുതി. ഡബ്ലുസിസി രൂപീകരിച്ചപ്പോഴാണ് എല്ലാ സ്ത്രീകളും സമാനമായസാഹചര്യത്തിലൂടെ കടന്ന് പോയവരാണെന്ന് മനസ്സിലായത്. കുറ്റക്കാര്‍ ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ സുഖമായി നടക്കുന്നു. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കാര്യങ്ങളില്‍ നമുക്കൊന്നും ഇപ്പോള്‍ ചെയ്യാനാകില്ല. പക്ഷേ അത് പുറത്ത് വരണം. എന്തിനാണ് ഇതെല്ലാം നമ്മുടെ ശവക്കല്ലറയിലേക്ക് കൊണ്ടുപോകുന്നത്.
ഈ പോരാട്ടം എല്ലാവർക്കും വേണ്ടി
"ഇതേ കാര്യം തന്നെയാണ് കാസ്റ്റിങ് കൗച്ച് പോലുള്ള സന്ദർഭങ്ങളിൽ ഞാൻ എന്നോടു തന്നെ പറയാറുള്ളത്. 'നോ' എന്ന് പറയാൻ നിങ്ങൾ ഒരു തീരുമാനം എടുക്കുന്നുണ്ട്. ഒന്നുകിൽ 'നോ' പറഞ്ഞ് അവസരം നഷ്ടപ്പെടുത്താം. അല്ലെങ്കിൽ 'യെസ്' പറഞ്ഞ് സ്വയം അതിക്രമത്തെ സ്വീകരിക്കാം. അതുകൊണ്ട് നിങ്ങൾ 'നോ' എന്നു പറയുന്നു. ശരിയായതിനു വേണ്ടി നിലയുറപ്പിക്കുമ്പോൾ നിങ്ങൾക്ക് ജോലി നഷ്ടപ്പെട്ടേക്കാം. മറ്റൊരു തൊഴിൽ കണ്ടെത്താൻ കഴിയുമോ എന്നാണ് ഞാൻ എന്നോടു ചോദിക്കുന്നത്. അതിനുത്തരം 'അതെ' എന്നാണ്. എന്നാൽ, നിലവിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ എനിക്ക് കഴിയില്ല," പാർവതി നിലപാടു വ്യക്തമാക്കി.
"കഴിഞ്ഞ 13 വർഷമായി ഞാൻ ഇവിടെയുണ്ട്. നല്ല ചില സിനിമകൾ ചെയ്തിട്ടുമുണ്ട്. എനിക്ക് മറ്റു ഭാഷകളിലേക്ക് പോകാം. അല്ലെങ്കിൽ ഒരു ഷോപ് തുടങ്ങുകയോ പബ് തുറക്കുകയോ ചെയ്യാം. ഈ പോരാട്ടത്തിന് വില കൊടുക്കേണ്ടി വരുന്നത് ഞങ്ങളാണെന്ന് അറിയേണ്ടതുണ്ട്. കാരണം എല്ലാവർക്കും വേണ്ടിയാണ് ഈ പോരാട്ടം. ഞങ്ങൾക്കു വേണ്ടി മാത്രമല്ല," പാർവതി കൂട്ടിച്ചേർത്തു.
ഇങ്ങനെയുള്ള പ്രശസ്തി ആവശ്യമില്ല
"ഞാനും റിമയും രമ്യയും ഇതുകൊണ്ട് എന്തു നേടി? പ്രശസ്തിക്കു വേണ്ടിയാണ് ഞങ്ങളിതൊക്കെ ചെയ്യുന്നതെന്ന് പറയുന്നത് എത്ര വിചിത്രമാണ്?" പാർവതി ചോദിക്കുന്നു. "സൂപ്പർഹിറ്റായ നാലോ അഞ്ചോ ചിത്രങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. അതിൽക്കൂടുതൽ പ്രശസ്തി എനിക്കു വേണ്ട. അവർക്ക് അങ്ങനെ ചിന്തിക്കാൻ എളുപ്പമാണ്. ഞങ്ങളുടെ ശ്രമങ്ങളെ അങ്ങനെ അവർക്ക് ബ്രാൻഡ് ചെയ്യാം. അത് അവർക്ക് എളുപ്പമാണ്," പാർവതി ചൂണ്ടിക്കാട്ടി.
"ഓഫറുകൾ ചുരുങ്ങുന്നു എന്നത് സത്യമാണ്. മറ്റുള്ളവർക്കും ഇതു സംഭവിക്കുന്നുണ്ട്. ഡബ്ല്യുസിസിയുമായി പേരു ചേർക്കപ്പെട്ട എല്ലാവർക്കും ഇത് സംഭവിക്കുന്നുണ്ട്. പെട്ടെന്നവർ കരിമ്പട്ടികയിൽ ഇടം നേടുന്നു. പക്ഷേ, ഇതെല്ലാം കളിയുടെ ഭാഗമാണ്. ഇതെങ്ങനെ മാറ്റി നിറുത്താമെന്ന് അറിയണം," പാർവതി പറഞ്ഞു.
‘ഇവർ ചെയ്യുന്നതൊന്നും മറ്റുള്ളവർ കാണുന്നില്ലെന്ന വിചാരമാണ് മലയാളസിനിമാ ഇൻഡസ്ട്രിയിലെ പരിതാപകരമായ അവസ്ഥ. അധികാരവും ഇടവും നല്ലൊരു സാഹചര്യവും ഉണ്ടായിട്ടും തെറ്റായ കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ചരിത്രത്തിലെ നല്ല വശങ്ങൾക്കു നേരെ നിൽക്കാതെ തെറ്റായകാര്യങ്ങൾക്ക് വേണ്ടി നിലപാട് എടുക്കുന്നു. ഒരുദിവസം ഇവയെല്ലാം ശരിയാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.’–പാർവതി പറഞ്ഞു.