സംവിധായകനായും നടനായും മലയാളസിനിമയിൽ തിളങ്ങുന്ന താരമാണ് മേജർ രവി. അഭിനയിച്ച കഥാപാത്രങ്ങളിലെല്ലാം സ്വാഭാവികമായ അഭിനയശൈലിയാൽ മേജർ രവി ആ വേഷം വേറിട്ടതാക്കും.
ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന പപ്പുവിലൂടെ മറ്റൊരു മികച്ച കഥാപാത്രവുമായി അദ്ദേഹം വീണ്ടും എത്തുകയാണ്. മേജർ രവിയുടെ സിനിമാ ജീവിതത്തിലെ ഒരു മുഴുനീള കഥാപാത്രമാണ് കോൺസ്റ്റബിൾ രതീഷ്‌കുമാർ. ഒരുപക്ഷേ അദ്ദേഹം ഇതുവരെ ചെയ്തതിൽ ഏറ്റവും അഭിനയസാധ്യതയുള്ള വേഷം.
സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷിന്റെ അച്ഛൻ കഥാപാത്രമായാണ് അദ്ദേഹം എത്തുന്നത്.
അംബലമുക്ക് എന്ന ഗ്രാമത്തിലെ ജനമൈത്രി പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ രതീഷ്കുമാറിന്റെ മൂത്തമകനാണ് ആർ.പത്മകുമാർ എന്ന പപ്പു. കുട്ടിക്കാലം മുതൽ പപ്പുവിന് തന്റെ നാട്ടിലെ ഒരു പെൺകുട്ടിയോട് പ്രണയമുണ്ട്. നാട്ടിൻപുറത്തെ സ്വാഭാവിക നർമത്തിലൂടെ പപ്പുവിന്റെ വ്യത്യസ്തമായ പ്രണയ കഥ പറയുന്ന ചിത്രം ഗൃഹാതുരതയുണർത്തുന്ന ദൃശ്യഭംഗിയോട് കൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്.
സമൂഹത്തിൽ മറ്റ് ഏതു തൊഴിലിനേക്കാളും സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു ജോലി ആണ് പൊലീസ് ഉദ്യോഗം. അങ്ങനെ പൊലീസിൽ ജോലി ഉള്ള ഒരാളുടെ മകൻ നാട്ടിലെ ഒരു അലമ്പനായി മാറിയാലോ ? അത്തരം സാഹചര്യത്തിൽ ഒരു പിതാവ് അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ മേജർ രവിയുടെ കഥാപാത്രത്തിലൂടെ ആവിഷ്കരിക്കുന്നു. സാധാരണക്കാരനോട് അടുത്ത നിൽക്കുന്ന കഥാപാത്രമായതിനാൽ കോൺസ്റ്റബിൾ രതീഷ്കുമാറിനെ തീർച്ചയായും ഇഷ്ടപ്പെടുമെന്ന് സംവിധായകൻ ജയറാം കൈലാസ് ഉറപ്പ് പറയുന്നു
. മേജർ രവി മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നും വൈകാരിക രംഗങ്ങളിലെ അദ്ദേഹത്തിന്റെ അഭിനയം എടുത്തുപറയേണ്ടതാണെന്നും സംവിധായകൻ പറഞ്ഞു.
എല്ലാ നാട്ടിലും, എല്ലാവരിലും എവിടെയൊക്കെയോ ഒരു പപ്പുവുണ്ടായിരിക്കും, അതുകൊണ്ട് തന്നെ എല്ലാത്തരം പ്രേക്ഷകരെയും ഇഷ്ടപ്പെടുത്തുന്ന ഒരു കഥാപാത്രവും കഥയുമായിരിക്കും പപ്പുവിന്റേതെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നത്.
‘പപ്പു’ ആയി ഗോകുൽ സുരേഷ് എത്തുന്നു..
പുതുമുഖ നായിക “ഇഷ്‌നി റാണി ”യെ കൂടാതെ ഗണപതി , ഷെഹിൻ സിദിഖ് , മറീന മൈക്കിൾ എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങൾ.
പോസ്‌റ്റ് പ്രൊഡക്‌ഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുന്ന ചിത്രം ബാക്‌വാട്ടർ സ്റുഡിയോസിനു വേണ്ടി ജയലാൽ മേനോൻ നിർമിക്കുന്നു . സംവിധാനം ജയറാം കൈലാസ്. തിരക്കഥാ ഉമേഷ് കൃഷ്ണൻ , ക്യാമറ അബ്ദുൾ റഹീം ,എഡിറ്റിങ് രഞ്ജൻ എബ്രഹാം , സംഗീതം അരുൾ ദേവ് , ഗാനരചന റഫീഖ് അഹമ്മദ് , പി റ്റി ബിനു , ജയശ്രീ കിഷോർ.
അസോസിയേറ്റ് ഡയറക്ടർ മനീഷ് ഭാർഗവൻ , കോസ്‌റ്റ്യൂം സ്റ്റെഫി സേവ്യർ , പ്രൊഡക്‌ഷൻ കൺട്രോളർ നിസാർ മുഹമ്മദ് , മേക്കപ്പ് പ്രദീപ് രംഗൻ , ആര്‍ട്ട് നാഥൻ മണ്ണൂർ , സ്റ്റിൽ ക്ലിന്റ് ബേബി , പി.ആർ.ഓ ദിനേശ് എ.സ്.