മലയാളത്തില്‍ പ്രേക്ഷകരെ രസിപ്പിച്ച കൂട്ടുകെട്ടുകളാണ് സിദ്ദിഖ്–മുകേഷ് ടീമിന്റേത്. വർഷങ്ങൾ പിന്നിട്ടിട്ടും ഇരുവരുടെയും കോമഡികൾ ഇന്നും മലയാളികൾക്കു പ്രിയങ്കരം. ഇന്‍ഹരിഹര്‍ നഗറിലെ ആ മഹാദേവനും ഗോവിന്ദന്‍കുട്ടിയും മഴവില്‍ മനോരമയുടെ നെവര്‍ ഹാവ് ഐ എവര്‍ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഉരുളയ്ക്കുപ്പേരി പോലെ മറുപടി നൽകി അവതാരകയെ വെള്ളംകുടിപ്പിച്ചെന്നുപറയാം. പരിപാടിയുടെ ചോദ്യങ്ങളും അവർ നൽകിയ ഉത്തരങ്ങളും താഴെ...
ഏതെങ്കിലും സിനിമയില്‍ അഭിനയിച്ചതില്‍ ഖേദം തോന്നിയിട്ടുണ്ടോ?
ഈ ചോദ്യത്തിന് ഉണ്ടെന്നാണ് മുകേഷ് ഉത്തരം പറഞ്ഞത്. ഇല്ലെന്നു സിദ്ദിഖും. ‘എന്റെ ഒരു സിനിമ, അത് വിചാരിച്ചതുപോലെ ഓടിയില്ല. ആ സമയത്ത് ഞാന്‍ മമ്മൂക്കയെ കണ്ടിരുന്നു. അപ്പോള്‍ മമ്മൂക്ക പറഞ്ഞു, ‘നീ എന്തിനാണ് ആ സിനിമ ചെയ്തത്. വളരെ മോശം അഭിപ്രായമാണതിനെന്നു കേട്ടു’. ഇതെല്ലാം കേട്ടുനിന്ന ശേഷം മമ്മൂക്കയോട് ഒരു രണ്ടു മൂന്നു മിനുറ്റ് തരുമോയെന്ന് ചോദിച്ചു. അതിനുശേഷം ആ സിനിമയുടെ കഥ, അതിന്റെ സംവിധായകൻ എന്നോട് പറഞ്ഞ് രീതിയില്‍ ഞാന്‍ അങ്ങോട്ടു പറഞ്ഞു കൊടുത്തു. ഇങ്ങനെ കഥ പറഞ്ഞാല്‍ ഈ സിനിമ ഞാനും ചെയ്യുമെന്നാണ് മമ്മൂക്ക അപ്പോൾ പറഞ്ഞത്.’–മുകേഷ് പറഞ്ഞു.
ഇഷ്ടപ്പെടാത്ത സിനിമയെ പുകഴ്ത്തി പറഞ്ഞിട്ടുണ്ടോ
ഈ ചോദ്യത്തിന് ഇല്ലെന്നായിരുന്നു രണ്ട് പേരുടെയും ഉത്തരം. ഇഷ്ടപ്പെട്ട സിനിമയെക്കുറിച്ചു പോലും അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് സിദ്ദിഖ് പറയുന്നത്. മുകേഷിനും അതേ അഭിപ്രായം. ‘നിർമാതാവ് ദുഃഖിച്ചിരിക്കുമ്പോള്‍ ഒരു വകയ്ക്കു കൊള്ളാത്ത സാധനമെന്ന് പറഞ്ഞിട്ടെന്താ കാര്യം.’–മുകേഷ് പറഞ്ഞു.
മറ്റൊരു നടന് ഒരു റോള്‍ കിട്ടിയതില്‍ അസൂയ തോന്നിയിട്ടുണ്ടോ?
ഒരുപാട് നല്ല കഥാപാത്രങ്ങള്‍ കിട്ടിയിട്ടുള്ളതിനാല്‍ അങ്ങനെ അസൂയ തോന്നിയിട്ടില്ലെന്നാണ് സിദ്ദിഖ് പറയുന്നത്. പല സിനിമകള്‍ കാണുമ്പോള്‍ ആ സിനിമയില്‍ ഞാന്‍ ഉണ്ടായിരുന്നെങ്കില്‍ എന്നു വിചാരിച്ചിട്ടുണ്ടെന്നും താരം പറയുന്നു.
‘എനിക്കുവേണ്ടി പറഞ്ഞുവെച്ചിരുന്ന സിനിമ, അവര്‍ അതിന്റെ ഷൂട്ടിങ് സമയം മാറ്റുന്ന സാഹചര്യങ്ങളിൽ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. അതേ കഥാപാത്രം വേറെ ആളുകള്‍ ചെയ്തിട്ടുമുണ്ട്. ആ സമയത്ത് അതു കാണുമ്പോള്‍ സങ്കടം തോന്നും’. മുകേഷ് പറഞ്ഞു.
മറ്റൊരു അഭിനേതാവായി മാറി പോയിട്ടുണ്ടോ?
ഉണ്ടെന്നായിരുന്നു രണ്ട് പേരുടെയും ഉത്തരം. ‘എന്നെ ഒരുപാട് കാലം പലരും സായികുമാർ ആണെന്നു തെറ്റിദ്ധരിച്ചിട്ടുണ്ട്. ദേ സായി കുമാര്‍ പോവുന്നു എന്നൊക്കെ പറയാറുണ്ടായിരുന്നു. അപ്പോള്‍ ഞാനിത് മണിയന്‍പിള്ള രാജുവിനോട് പറഞ്ഞിട്ടുമുണ്ട്’–. സിദ്ദിഖ് പറയുന്നു.
‘എനിക്കും ഇതുപോലെ സംഭവിച്ചിട്ടുണ്ട്. ആ നടന്റെ പേരില്‍ പല ആളുകളും എന്നെ തെറ്റിദ്ധരിച്ചു. അയാളുടെ പേരു പറയില്ല. പക്ഷെ ഇങ്ങനെ തെറ്റിച്ച് വിളിക്കുന്ന ആളുകളുടെ അടുത്ത് പറയും ഒരു പ്രാവിശ്യം കൂടി വിളിച്ചാല്‍ അടികൊള്ളുമെന്ന്.’–മുകേഷ് പറഞ്ഞു.
പ്രായം കുറച്ച് പറഞ്ഞിട്ടുണ്ടോ?
‘ഞാന്‍ പറയാറില്ല. പക്ഷെ ഒരിക്കല്‍ ഒരു നായിക നടി എന്നോട് ചോദിച്ചു എത്ര വയസായി. അന്ന് 49 ആയി എന്നു പറഞ്ഞു. ആ കുട്ടി പറഞ്ഞു, ‘49 എന്റെ അച്ഛന്റെ വയസ്സാണെന്ന്’. നീ നിന്റെ അച്ഛനെ പോലെ എന്നെ ബഹുമാനിക്കാനാണ് ഞാൻ ആ കുട്ടിയോടു പറഞ്ഞത്. ആണിനെ സംബന്ധിച്ചിടത്തോളം പ്രായം എന്ന് പറയുന്നത് ഒരു നമ്പർമാത്രം.’– സിദ്ദിഖ് പറഞ്ഞു.
തന്നോട് ആരും പ്രായം ചോദിച്ചിട്ടില്ലെന്ന് മുകേഷ് പറയുന്നു. എന്നാൽ ഇലക്‌ഷനു നിന്നപ്പോള്‍ എല്ലാം പുറത്തു വന്നെന്നും താരം പറഞ്ഞു. ‘ഇനിയിപ്പോ പറഞ്ഞാലെന്ത് ഇല്ലെങ്കിലെന്ത്..?’–മുകേഷ് പറയുന്നു.