മലയാളത്തിൽ സൂപ്പർഹിറ്റായ ദൃശ്യം എന്ന ജിത്തു ജോസഫ് ചിത്രം തമിഴിലും കന്നഡയിലും ഇറങ്ങിയപ്പോൾ ഒരുപോലെ തിളങ്ങിയ താരമാണ് ആശാ ശരത്. ചിത്രത്തിലെ ഐജി ഗീതാ പ്രഭാകർ എന്ന കഥാപാത്രത്തെ മലയാളത്തിൽ അവതരിപ്പച്ചതിനേക്കാൾ പേടിയായിരുന്നു തമിഴിൽ ചെയ്യാനെന്ന് വെളിപ്പെടുത്തുകയാണ് താരം. കമൽഹാസനെ മുഖത്തു നോക്കി ദേഷ്യത്തോടെ 'എന്നഡാ' എന്ന ഡയലോഗ് പറയാൻ നാവ് പൊന്തിയില്ലെന്ന് ആശാ ശരത് പറഞ്ഞു. മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന നക്ഷത്രത്തിളക്കം എന്ന പരിപാടിയിലാണ് ആശാ ശരത്തിന്റെ വെളിപ്പെടുത്തൽ.
മോഹൻലാലും സംവിധായകൻ ജിത്തു ജോസഫും നൽകിയ ധൈര്യത്തിന്റെ ബലത്തിലാണ് മലയാളത്തിൽ ആ കഥാപാത്രം ചെയ്തതെന്ന് ആശാ ശരത് പറഞ്ഞു. "എനിക്ക് പൊലീസുമായി ഒരു ബന്ധവുമില്ല. സത്യത്തിൽ പൊലീസിനെ വളരെ പേടിയാണ്. ലാലേട്ടനും ജിത്തു സാറും തന്ന ധൈര്യത്തിലാണ് ആ വേഷം മലയാളത്തിൽ ചെയ്തത്. ആദ്യത്തെ രണ്ടു ദിവസം നല്ല പേടിയുണ്ടായിരുന്നു. പിന്നെ ആ കഥാപാത്രമായി അങ്ങനെ ചെയ്തു," ആശാ ശരത് ആ ദിവസങ്ങൾ ഓർത്തെടുത്തു.
സിനിമ തമിഴിൽ റീമെയ്ക്ക് ചെയ്തപ്പോഴും ഐജിയുടെ വേഷം ആശയെ തേടിയെത്തി. മലയാളത്തിൽ ചെയ്തതിനേക്കാൾ കൂടുതൽ പേടിയായിരുന്നു തമിഴിൽ ചെയ്യാനെന്ന് ആശാ ശരത് പറയുന്നു. "മലയാളത്തിൽ എന്തെങ്കിലുമായാലും കുഴപ്പമില്ല. നമ്മുടെ ലാലേട്ടൻ അല്ലേ എന്ന ധൈര്യമുണ്ട്. തമിഴിൽ എതിരെ നിൽക്കുന്നത് കമൽഹാസനാണ്. ആദ്യം കാണുമ്പോൾ ബഹുമാനമാണോ പേടിയാണോ എന്നറിയില്ല. എന്നെ കണ്ടപ്പോൾ നർത്തകിയാണോ എന്നു ചോദിച്ചു. അത് വലിയ അംഗീകാരമായിരുന്നു," ആശാ ശരത് പറഞ്ഞു.

"പാപനാശത്തിൽ ആദ്യം എടുത്ത സീനിൽ കമൽഹാസനെ നോക്കി എന്നഡാ എന്നു വിളിക്കണം. കമൽ സാറിന്റെ മുഖത്തു നോക്കി ഡാ എന്നൊന്നും വിളിക്കാൻ എന്നെക്കൊണ്ട് പറ്റുമായിരുന്നില്ല. എന്നെ ഡയലോഗ് പഠിപ്പിച്ച സാറുണ്ടായിരുന്നു. സുഹാസ് സർ. അദ്ദേഹത്തോടു ഞാൻ ചോദിച്ചു, അയ്യാ എന്നു വിളിച്ചാൽ പോരേ എന്ന്. പക്ഷേ, അതേ ഡയലോഗ് പറയണമായിരുന്നു. കമൽഹാസനെ ചോദ്യം ചെയ്യുന്ന രംഗമാണ് ആദ്യം ചിത്രീകരിച്ചത്. ഷോട്ട് റെഡിയായി. കമൽഹാസൻ വന്നു നിന്നു. ജന്മം ചെയ്താൽ എനിക്ക് ഡാ വരില്ല. 'എന്നയ്യാ നിനച്ചേ?' എന്നാണ് ഞാൻ ഡയലോഗ് പറഞ്ഞത്. അപ്പോൾ കമൽഹാസൻ പറഞ്ഞു, 'എന്നയ്യാ എന്നല്ല ആശാ... പൊലീസ് കഥാപാത്രമാണ് ആശ ചെയ്യുന്നത്. ഞാൻ ക്രിമിനൽ ആണ്. അതുകൊണ്ട്, ധൈര്യമായി ഡാ എന്നു വിളിച്ചോളൂ' എന്ന്. പിന്നെ ഞാൻ കണ്ണടച്ച്, എനിക്ക് അറിയാത്ത ആരോ ഒരാളാണ് അവിടെ നിൽക്കുന്നതെന്ന് മനസിലുറപ്പിച്ചു. എന്നിട്ടാണ് ആ ഡയലോഗ് പറഞ്ഞത്," ആശ ശരത് ആദ്യ ഷോട്ടിലെ അനുഭവം പങ്കു വച്ചു.
തമിഴിൽ ഡബ് ചെയ്യാൻ നിർബന്ധിച്ചതും കമൽഹാസനായിരുന്നുവെന്ന് ആശാ ശരത്. "ഞാൻ തന്നെ തമിഴിൽ ഡബ് ചെയ്യണമെന്ന് അദ്ദേഹം നിർബന്ധിച്ചു. എന്നെക്കൊണ്ട് പറ്റുമെന്ന് അദ്ദേഹം പറഞ്ഞു. ഡബിങ് സ്റ്റുഡിയോയിൽ അദ്ദേഹം കൂടെയിരുന്ന് ഡബ് ചെയ്യിപ്പിക്കുകയായിരുന്നു", ആശാ ശരത് പറഞ്ഞു.
'വിനീതേട്ടാ എന്നു വിളിച്ചു തൊട്ടു നോക്കി'
നടൻ വിനീതുമായുള്ള ആത്മബന്ധവും ആശാ ശരത് അഭിമുഖത്തിൽ പങ്കു വച്ചു. ഇരുവരും ഒരുമിച്ചാണ് നക്ഷത്രത്തിളക്കം പരിപാടിയിൽ അതിഥികളായെത്തിയത്. ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ടില്ലെങ്കിലും മുപ്പത്തിമൂന്ന് വർഷത്തെ പരിചയം വിനീതുമായിട്ടുണ്ടെന്ന് ആശാ ശരത് വെളിപ്പെടുത്തി. വിനീതിനെ ആദ്യമായി കണ്ട അനുഭവവും ആശാ ശരത് പ്രേക്ഷകരുമായി പങ്കു വച്ചു. .
വിനീത് നായകനായ നഖക്ഷതങ്ങൾ റിലീസ് ചെയ്യുന്ന സമയത്ത് ആശാ ശരത് അഞ്ചാം ക്ലാസിലായിരുന്നു. ആ വർഷത്തെ യുവജനോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികളെ വച്ച് വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയുടെ റിഹേഴ്സലിൽ വച്ചായിരുന്നു വിനീതിനെ ആശാ ശരത് ആദ്യമായി കാണുന്നത്. പരിപാടി കൊറിയോഗ്രഫി ചെയ്തത് ആശാ ശരത്തിന്റെ അമ്മ കലാമണ്ഡലം സുമതിയായിരുന്നു. അങ്ങനെയാണ് ആ കൂടിക്കാഴ്ച സംഭവിച്ചത്. അതിനെക്കുറിച്ചുള്ള ഓർമ്മകൾ ആശാ ശരത് പങ്കു വച്ചു. ആശാ ശരത്തിന്റെ വാക്കുകൾ ഇങ്ങനെ:
"ഞാനന്ന് അഞ്ചാം ക്ലാസിൽ പഠിയ്ക്കുകയായിരുന്നു. വിനീതേട്ടൻ അന്ന് നഖക്ഷതങ്ങളിലെ ഹീറോ അല്ലേ! അന്നു റിഹേഴ്സൽ ക്യാമ്പിൽ വച്ചു കണ്ടപ്പോൾ ഞാൻ വിനീതേട്ടൻ എന്നൊക്കെ വിളിച്ച് തൊട്ടു നോക്കീട്ടുണ്ട്," ആശാ ശരത് പൊട്ടിച്ചിരിയോടെ ഓർത്തെടുത്തു.
റിഹേഴ്സൽ ക്യാമ്പിൽ ഓടിക്കളിച്ചിരുന്ന ആശയെന്ന പെൺകുട്ടിയെ ഓർമയുണ്ടെന്ന് വിനീതും വ്യക്തമാക്കി. "ആ പരിപാടി ചെയ്തത് ഗുരു കലാമണ്ഡലം സമുതി ടീച്ചർ ആയിരുന്നു. ആശയുടെ അമ്മ. ഞാൻ കലാമണ്ഡലം സരസ്വതി ടീച്ചറുടെ ശിഷ്യനായിരുന്നു. ടീച്ചറും സുമതി ടീച്ചറും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. അതിന്റെ പ്രത്യേക അടുപ്പം എന്നോടുണ്ടായിരുന്നു. തിരുവനന്തപുരത്തെ റിഹേഴ്സൽ ക്യാമ്പിൽ ആശ വരുമായിരുന്നു," വിനീത് പറഞ്ഞു. അന്നത്തെ ഫോട്ടോ ഒക്കെ ഇപ്പോഴുമുണ്ടെന്ന് ആശാ ശരത്തും വെളിപ്പെടുത്തി.