മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടീസർ റിലീസ് ചെയ്തു. മമ്മൂട്ടിയാണ് ടീസർ ഔദ്യോഗികമായി പുറത്തിറക്കിയത്.
മോഹൻലാലിന്റെ ചെറിയൊരു ലുക്ക് മാത്രമാണ് ടീസറിൽ കാണിക്കുന്നത്. 45 സെക്കൻഡുള്ള ടീസർ ആരാധകർക്കിടയിൽ തരംഗമാകുമെന്ന് തീർച്ച. സ്റ്റീഫന്‍ നെടുംപള്ളി എന്ന നായകകഥാപാത്രത്തിന്റെ അംബാസഡർ കാറും ടീസറിൽ വന്നു പോകുന്നു.
Lucifer Trailer Mohanlal
‘ചെയ്ത പാപങ്ങൾക്ക് അല്ലെ അച്ചാ കുമ്പസാരിക്കേണ്ടത് ഉള്ളു...ചെയ്യാൻ പോകുന്ന പാപത്തിന് പറ്റില്ലല്ലോ’–ഇതാണ് ടീസറിൽ മോഹൻലാൽ പറയുന്ന ഡയലോഗ്.
സ്റ്റീഫൻ നെടുംപള്ളി എന്ന രാഷ്ട്രീയപ്രവർത്തകനെയാണ് ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിക്കുക. കലാഭവൻ ഷാജോൺ മോഹൻലാലിന്റെ സഹായിയായി എത്തുന്നു.
വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽപെടുന്ന സിനിമയാണ് ലൂസിഫർ. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലൻ. ഇന്ദ്രജിത്ത്, ടൊവിനോ, ഫാസിൽ, മംമ്ത, ജോൺ വിജയ് എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്. മാർച്ച് 28ന് ചിത്രം തിയറ്ററുകളിലെത്തും.