പതുങ്ങിയെത്തി ഒടിയൻ സിനിമയുടെ പോസ്റ്റർ കീറുന്ന യുവാവിന്റെ വിഡിയോ നവമാധ്യമങ്ങളിൽ വൈറലായിരുന്നു. ആ യുവാവിനെ കയ്യോടെ പിടികൂടിയിരിക്കുകയാണ് മോഹൻലാൽ ആരാധകർ. പിടികൂടുക മാത്രമല്ല, കീറിയ ആളെക്കൊണ്ടു തന്നെ പഴയ സ്ഥലത്ത് പോസ്റ്റർ ഒട്ടിച്ചുവെക്കുകയും ചെയ്തു. ഫോട്ടോയും വിഡിയോയും സഹിതം മോഹൻലാൽ ആരാധകരുടെ പേജിൽ ഇതു പങ്കുവെച്ചിട്ടുണ്ട്.
‘പണ്ട് ഏട്ടൻ പറഞ്ഞപോലെ കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കുന്ന ഒരു പാരമ്പര്യമുണ്ട് ഞങ്ങൾക്ക്..ഇനി അവൻ ഒരു പോസ്റ്ററും കീറില്ല...കീറിയ അതെ സ്ഥലത്ത്... അവനെക്കൊണ്ട് തന്നെ വീണ്ടും പോസ്റ്റർ ഒട്ടിപ്പിച്ചു ഏട്ടന്റെ അനിയന്മാർ, കയ്യടിക്കെടാ’–ഇങ്ങനെയായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്.
കൂടാതെ യുവാവ് തന്റെ തെറ്റ് വിശദീകരിക്കുന്ന വിഡിയോയും മോഹൻലാൽ ഫാൻസ് അപ്‍ലോഡ് ചെയ്തിട്ടുണ്ട്. ഈ വിഡിയോയിൽ യുവാവ് പോസ്റ്റര്‍ വീണ്ടും ഒട്ടിക്കുന്നതും കാണാം.
റോഡരികിൽ പതിപ്പിച്ചിരിക്കുന്ന വലിയ പോസ്റ്റർ വലിച്ചു കീറുന്ന യുവാവിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ആരെങ്കിലും വരുന്നുണ്ടോയെന്ന് പേടിയോടെ ഇയാൾ നോക്കുന്നതും വിഡിയോയിൽ വ്യക്തമായിരുന്നു. മോഹൻലാലിന്റെ ആരാധകരുടെ പേജിലും പ്രൊഫൈലുകളിലും വിഡിയോ വ്യാപകമായി പ്രചരിച്ചു.
ആ പോസ്റ്റർ കീറുമ്പോൾ നിന്റെ മുഖത്തുളള പേടിയുണ്ടല്ലോ അതാണ് മോഹൻലാൽ എന്ന ശീർഷകത്തോടെ ഫാൻസ്പേജുകളിലും സമൂഹമാധ്യമങ്ങളിലും ഈ വിഡിയോ വ്യാപകമായി പ്രചരിച്ചു.
ഒടിയനെതിരെ ആസൂത്രിതമായ ആക്രമണം നടക്കുകയാണെന്നും മോഹൻലാലിന്റെ പടം മുൻപും പരാജയപ്പെട്ടിട്ടുണ്ടെന്നും സംവിധായകനെതിരെ ഇത്തരത്തിൽ ആക്രമണം നടക്കുന്നത് ആദ്യമാണെന്നും ശ്രീകുമാർ മേനോന്റെ അനുഭാവികളും പറയുന്നു.
നേരത്തെ സിനിമയ്ക്കെതിരെ വിമര്‍ശനമുന്നയിച്ച ഒരാളെ ട്രോളി മുട്ട പഫ്‌സുകളുമായി റാന്നി ക്യാപിറ്റോള്‍ തീയറ്റര്‍ എത്തിയതും വാര്‍ത്തയായിരുന്നു.