Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലൂമൂട്ടിൽ തറവാട്ടിലെ കൊലപാതകവും മണിച്ചിത്രത്താഴിന്റെ കഥാ പരിസരവും

a-p-udhayabhanu എ.പി. ഉദയഭാനു , ആലൂമൂട്ടിൽ തറവാട്

മണിച്ചിത്രത്താഴിന്റെ തിരക്കഥാകൃത്ത് മധു മുട്ടത്തിന്റെ, ഹരിപ്പാട് മുട്ടത്തെ വീട്ടിന്റെ സമീപത്തായി പേരുകേട്ടൊരു ഈഴവ തറവാട് ഉണ്ട്. ആലൂമൂട്ടിൽ തറവാട്. തെക്കൻ കേരളത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ഈ തറവാട് ശ്രീനാരായണ ഗുരുവിന്റെ കാലഘട്ടത്തിൽ തന്നെ പ്രശസ്തമാണ്. 

പത്രാധിപരും സ്വാതന്ത്ര്യ സമര സേനാനിയും നിയമസഭാസമാജികനും ഗ്രന്ഥകാരനുമൊക്കെയായിരുന്ന എ.പി. ഉദയഭാനു ഉൾപ്പടെ പല പ്രമുഖർക്കും ജന്മം നൽകിയ തറവാടാണിത്. രാജാവാഴ്ച കാലത്ത് ഒരു അരും കൊല അവിടെ നടക്കുകയുണ്ടായി.  മരുമക്കത്തായത്തിന്റെ കാലത്ത് മേടയിലെ കാരണവരായ ആലുംമൂട്ടിൽ ചാന്നാർ, മരുമക്കൾക്ക് കിട്ടേണ്ടത് മക്കൾക്ക് വീതിച്ചു കൊടുക്കുന്നുവെന്ന വാർത്ത പരന്നു. മരുമക്കൾ ആൾക്കാരെയും കൂട്ടി ആജാനുബാഹുവായ ചാന്നാരെ വെട്ടിക്കൊന്നു. 

പ്രമാദമായ ആ കൊലക്കേസിലെ പ്രതികളെല്ലാം പിന്നീട് പിടിക്കപ്പെട്ടു. പ്രതികളുടെ കൂട്ടത്തിൽ ചാന്നാരുടെ അനന്തരവൻ എ.പി. ശ്രീധരൻ എന്ന യുവാവും ഉണ്ടായിരുന്നു. കൊല്ലപ്പെട്ട ചാന്നാർ, തിരുവിതാംകൂർ പ്രജാസഭയിലെ അംഗമൊക്കെയായിരുന്നു. വിചാരണവേളയിൽ താൻ ഒറ്റക്കാണ് കൊലപാതകം നിർവഹിച്ചതെന്ന് ശ്രീധരൻ പ്രഖ്യാപിച്ചു. പിന്നീട് ചെറു പുഞ്ചിരിയോടു കൂടി തുക്കൂകയർ ഏറ്റുവാങ്ങിയെന്നുമാണ് ചരിത്രം. അക്കാലത്തെ ചെറുപ്പക്കരുടെയെല്ലാം മനസ്സിൽ ധീരനായി ശ്രീധരൻ മാറി. 

കൊലപാതകത്തിനു ശേഷം ആലുമൂട്ടിൽ തറവാട് ക്ഷയിക്കുകയും ക്രമേണ ഭയപ്പെടുത്തുന്ന ഒരു പ്രേതഭവനം പോലെയായി മാറുകയും ചെയ്തു. ആലുമൂട്ടിൽ തറവാട്ടിലെ കൊലപാതകവും അതുമായി ബന്ധപ്പെട്ടു പ്രചരിച്ച കഥകളും തറവാടിന്റെ സവിശേഷമായ അന്തരീക്ഷവും ഉണർത്തിവിട്ട സങ്കൽപ്പങ്ങൾ തിരക്കഥാകൃത്ത് മധു മുട്ടത്തിന്റെ മനസ്സിൽ പലതരത്തിലുള്ള കഥകളുടെ അലയൊലികൾ ഉയർത്തിയിരുന്നു. 

മണിച്ചിത്രത്താഴ് ഒരിക്കലും ആലുമൂട്ടിൽ തറവാടിലെ കാരണവരുടെയും അദ്ദേഹത്തിന്റെ കൊലപാതകത്തിന്റെയൊന്നും കഥയല്ല. എന്നിരുന്നാലും ആലുമൂട്ടിൽ തറവാടിന്റെ അന്തരീക്ഷം തിരക്കഥയെ പ്രചോദിപ്പിച്ചിട്ടുണ്ടെന്ന് തിരക്കഥാകൃത്ത് മധു മുട്ടവും സമ്മതിക്കുന്നുണ്ട്.