ലാലേട്ടന്, ആരാധികയുടെ പ്രേമലേഖനം
പ്രിയപ്പെട്ട ലാലേട്ടന്, വാട്സാപ്പും ഫെയ്സ്ബുക്കും ടെലഗ്രാമുമൊക്കെയുള്ള ഈ കാലത്ത് ലാലേട്ടന് ഒരു കത്തെഴുതുന്നതിൽ പ്രസക്തിയുണ്ടോയെന്ന് എനിക്ക് അറിയില്ല. ഞാനെഴുതുന്ന ഈ കത്ത് ലാലേട്ടന് കാണുമോയെന്നും അറിയില്ല. എങ്കിലും എഴുതാതിരിക്കാൻ എനിക്കായില്ല. കാരണം കത്തെഴുത്തിനൊരു മനോഹാരിതയുണ്ടെന്ന് ഞാൻ
പ്രിയപ്പെട്ട ലാലേട്ടന്, വാട്സാപ്പും ഫെയ്സ്ബുക്കും ടെലഗ്രാമുമൊക്കെയുള്ള ഈ കാലത്ത് ലാലേട്ടന് ഒരു കത്തെഴുതുന്നതിൽ പ്രസക്തിയുണ്ടോയെന്ന് എനിക്ക് അറിയില്ല. ഞാനെഴുതുന്ന ഈ കത്ത് ലാലേട്ടന് കാണുമോയെന്നും അറിയില്ല. എങ്കിലും എഴുതാതിരിക്കാൻ എനിക്കായില്ല. കാരണം കത്തെഴുത്തിനൊരു മനോഹാരിതയുണ്ടെന്ന് ഞാൻ
പ്രിയപ്പെട്ട ലാലേട്ടന്, വാട്സാപ്പും ഫെയ്സ്ബുക്കും ടെലഗ്രാമുമൊക്കെയുള്ള ഈ കാലത്ത് ലാലേട്ടന് ഒരു കത്തെഴുതുന്നതിൽ പ്രസക്തിയുണ്ടോയെന്ന് എനിക്ക് അറിയില്ല. ഞാനെഴുതുന്ന ഈ കത്ത് ലാലേട്ടന് കാണുമോയെന്നും അറിയില്ല. എങ്കിലും എഴുതാതിരിക്കാൻ എനിക്കായില്ല. കാരണം കത്തെഴുത്തിനൊരു മനോഹാരിതയുണ്ടെന്ന് ഞാൻ
പ്രിയപ്പെട്ട ലാലേട്ടന്, വാട്സാപ്പും ഫെയ്സ്ബുക്കും ടെലഗ്രാമുമൊക്കെയുള്ള ഈ കാലത്ത് ലാലേട്ടന് ഒരു കത്തെഴുതുന്നതിൽ പ്രസക്തിയുണ്ടോയെന്ന് എനിക്ക് അറിയില്ല. ഞാനെഴുതുന്ന ഈ കത്ത് ലാലേട്ടന് കാണുമോയെന്നും അറിയില്ല. എങ്കിലും എഴുതാതിരിക്കാൻ എനിക്കായില്ല. കാരണം കത്തെഴുത്തിനൊരു മനോഹാരിതയുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞത് ലാലേട്ടന്റെ ജയകൃഷ്ണനിലൂടെയാണല്ലോ?
അകസ്മികതയാണോയെന്ന് അറിയില്ല, ഞാനീ കത്തെഴുതുമ്പോൾ ജാലകത്തിനപ്പുറം മഴപെയ്യുന്നുണ്ടായിരുന്നു. മഴ വരുമ്പോൾ ജയകൃഷ്ണനെയും ക്ലാരയേയും അവരുടെ പ്രണയത്തെയും ഓർക്കുന്നത് ക്ലീഷേയാണെന്ന് പലരും വിമർശിക്കുമെങ്കിലും മഴയിൽ പാറിയെത്തിയ തൂവാനത്തുമ്പികൾ അവരെ വീണ്ടും ഓർമിപ്പിച്ചു.
കഥപോലെ, കാവ്യം പോലെ മനോഹരമായ പ്രണയത്തെ എനിക്ക് എങ്ങനെ മറക്കാനാകും. എന്റെ കൗമാരത്തിനുമൊക്കെ മുൻപാണ് തൂവാനത്തുമ്പികൾ ഇറങ്ങിയത്. എങ്കിലും ലാലേട്ടാ, മനസിലെ കാമുകനെന്നും ജയകൃഷ്ണന്റെ മുഖമായിരുന്നു. ഇത്രയേറെ തലങ്ങളുള്ള മറ്റേത് കാമുകനാള്ളുത്. ഉടലിലും മനസിലും ഒരുപോലെ പ്രണയം പേറിയ ജയകൃഷ്ണൻ ഇപ്പോഴും മണ്ണാർത്തൊടിയിലുണ്ടോ? അറിയില്ല...ഒരു ട്രാൻസിലെന്ന പോലെ ആ കുന്നിൻചെരുവിലിരിക്കുന്ന ക്ലാരയെ കണ്ണടച്ചാൽ എനിക്ക് കാണാം. എത്രയോ വട്ടം ക്ലാരയെ പോലെ ആ വാചകങ്ങൾ ഞാനും ഉരുവിട്ടിട്ടുണ്ട്.
" എനിക്കാ ഭ്രാന്തന്റെ കാലിലെ
മുറിവാകാൻ കൊതിയാവുകയാണ്.
ചങ്ങലയുടെ ഒറ്റക്കണ്ണിയുമായിട്ട് മാത്രം
ബന്ധമുള്ള ഉണങ്ങാത്ത ഒരു മുറിവ്.. "
ക്ലാരയേപ്പോലെ എനിക്കും ഒരിക്കലും ഈ മുഖം മറക്കാനാകില്ല. ഇന്നും ട്രെയിൻ ഒറ്റപ്പാലത്ത് എത്തുമ്പോൾ ഞാൻ നോക്കാറുണ്ട്, ആ പ്ലാറ്റ്ഫോമിൽ എവിടെയെങ്കിലും ജയകൃഷ്ണൻ ഉണ്ടോയെന്ന്....
ഒറ്റപ്പാലം കടന്ന തീവെണ്ടി, ചെന്നുനിന്നത് നീലഗിരിയിലെ ആ ചെറിയ റെയിൽവേസ്റ്റേഷനിലായിരുന്നു. അവിടെയും ലാലേട്ടാ, ഞാൻ നിങ്ങളുടെ സാന്നിധ്യമറിഞ്ഞു. നീലഗിരിയിലെത്തിയപ്പോൾ ജയകൃഷ്ണൻ ജോജിയായി മാറി. നിഗൂഢതകളൊന്നുമില്ലാത്ത പാവം ജോജി. തമാശകൾ പറഞ്ഞ് നന്ദിനി തമ്പുരാട്ടിയെ പൊട്ടിച്ചിരിപ്പിച്ച ആ പാവത്താൻ ജോജിയിലും ഞാനെന്റെ കാമുകനെ തന്നെയാണ് കണ്ടത്. ഊട്ടിയിലെത്തിയാൽ ജോജിയെ മാത്രമല്ല ഓർമവരുന്നത്.
താളവട്ടത്തിലെ നിഷ്കളങ്കനായ വിനു, ചിത്രത്തിലെ വിഷ്ണു, മിന്നാരത്തിലെ ബോബി... അവരെല്ലാം ജീവിക്കുന്നത് ഈ നീലഗിരിയുടെ താഴ്വാരത്തിൽ അല്ലേ? ഇവരുടെയൊക്കെ പ്രണയത്തിന്റെ ഓർമകൾ നീലഗിരിയെ കൂടുതൽ സുന്ദരമാക്കാറുണ്ട്. ആത്മാവിന്റെ ജാലകങ്ങളാണ് കണ്ണുകൾ. ഇവരുടെ ഓരോരുത്തരുടെയും കണ്ണുകൾക്ക് ഓരോരോ പ്രണയഭാവങ്ങളായിരുന്നു. എന്നാൽ ആ ഭാവങ്ങളുടെയെല്ലാം ആത്മാവ് ലാലേട്ടന് എന്ന ഒറ്റ വിസ്മയത്തിലാണ് അടങ്ങിയിരിക്കുന്നു. എങ്ങനെയാണ് ലാലേട്ടാ, ഇത്ര മനോഹരമായി പ്രണയിക്കാൻ സാധിച്ചത്...
പ്രണയത്തിന് സ്വാദുണ്ടോ? എന്നോട് ചോദിച്ചാൽ ഞാൻ പറയും, സോളമന്റെ മുന്തിരിത്തോപ്പിലെ മുന്തിരികളുടെ സ്വാദാണ് പ്രണയത്തിനെന്ന്. സോളമനെപ്പോലെ പ്രണയത്തിന്റെ മുന്തിരിത്തോപ്പിലേക്ക് ക്ഷണിക്കുന്ന ഒരു കാമുകനുണ്ടായിരുന്നെങ്കിലെന്ന് എല്ലാ പെൺകുട്ടികളെയും പോലെ ഞാനും ആഗ്രഹിച്ചിട്ടുണ്ട്. പ്രണയത്തിന്റെ എല്ലാ മാമൂലുകളെയും പൊളിച്ചടുക്കുകയായിരുന്നു സ്വാതന്ത്യ്രത്തിന്റെ ആകാശമായിരുന്നു അയാള്‍ക്ക് പ്രണയം. അങ്ങനെ പ്രണയിക്കാൻ സോളമന് മാത്രമേ സാധിക്കൂ. സോളമന്റെ പ്രണയം ഹൃദയത്തിന്റെ കടലാഴങ്ങളിൽ തിരകൾ സൃഷ്ടിച്ചതിന് കാരണം നിങ്ങൾ മാത്രമാണ് ലാലേട്ടാ..
പ്രണയിക്കാൻ മാത്രമല്ല പ്രണയം പറയുന്നതിലും ഒരു സൗന്ദര്യമുണ്ടെന്ന് പറയാതെ പറഞ്ഞവരാണ് മാണിക്യനും ഉണ്ണികൃഷ്ണനും. "പോരുന്നോ?" ഈ ഒറ്റവാക്കിൽ മാണിക്യൻ ഒളിപ്പിച്ചത് പ്രണയത്തിന്റെ വലിയൊരു കടലായിരുന്നുവെങ്കിൽ ഉണ്ണികൃഷ്ണന്റേത് കുസൃതിയായിരുന്നു. എങ്കിൽ എന്നോട് പറ, ഐ ലൗവ് യൂന്ന്... ഇന്നും ഇത് കേൾക്കുമ്പോൾ ഉണ്ണികൃഷ്ണനും ഗാഥയും അവരുടെ പ്രണയവും ഒരു വിങ്ങലായി അവശേഷിക്കുന്നു.
പ്രണയത്തിന്റെ ആത്മീയാനുഭൂതി പ്രായത്തിനുമപ്പുറത്താണെന്ന് കാണിച്ചുതന്നത് മാത്യൂസായിരുന്നു. തളർന്നുപോയ മാത്യൂസിന്റെയും ഗ്രേസിന്റെയും ആത്മബന്ധത്തിന്റെ കഥപറഞ്ഞ പ്രണയക്കാഴ്ചകളിലൂടെ കടന്നുപോകുമ്പോൾ അറിയാതെ മോഹൻലാൽ എന്ന വലിയ നടനെക്കൂടിയാണ് പ്രണയിച്ചുപോകുന്നത്. അയാം യുവർ മാൻ..എന്ന് മാത്യൂസ് പാടിയത് ഗ്രേസിനോടാണെങ്കിലും അത് എനിക്കായി പാടിയതാണെന്ന് സങ്കൽപ്പിക്കാനാണ് ഏറെയിഷ്ടം.
ഓർമയുടെയും മറവിയുടെയും നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്ന രമേശന്റെ കണ്ണുകളിൽ പോലും പ്രണയമുണ്ടായിരുന്നു. ഭാര്യയോട് എന്താ കണ്ണെഴുത്താത്? എന്താ പൊട്ടുതൊടാത്തത്? രമേശന്റെ ചോദ്യത്തിൽ തുളമ്പിനിന്നതും പ്രണയമായിരുന്നില്ലേ?... കാമുകന്റെ റോളിൽ നിന്ന് ലാലേട്ടന് ഭർത്താവിന്റെ റോളിലേക്ക് മാറിയപ്പോഴും എന്റെ മനസിലെ ഇഷ്ടം കൂടിയതേയുള്ളൂ. ഒരിക്കലും നടക്കില്ലെന്ന് അറിയാമെങ്കിലും സരോ ആഗ്രഹിച്ചതുപോലെ കളിപ്പാട്ടം പോലെയൊരു ഭർത്താവിനായി ഞാനും കൊതിച്ചിട്ടുണ്ട്.
പ്രണയനഷ്ടത്തിന് വിങ്ങൽ അതിന്റെ എല്ലാ അർഥത്തിലും ഞാൻ അനുഭവിച്ചറിഞ്ഞതും ലാലേട്ടന്റെ കഥാപാത്രങ്ങളിലൂടെയായിരുന്നു. മായാമയൂരത്തിൽ നരേന്ദ്രൻ കെട്ടടിത്തിൽ നിന്നും വീഴുന്ന രംഗം കണ്ട് അയ്യോ ലാലേട്ടൻ മരിക്കുന്ന സിനിമ എനിക്ക് കാണണ്ടായേ എന്നാർത്തലച്ച് കരഞ്ഞുകൊണ്ട് തിയറ്ററിൽ നിന്ന് ഇറങ്ങിപ്പോയ ഒരു കുട്ടിക്കാലം എനിക്കുണ്ട്. പ്രായം മുപ്പതുകളിലെത്തിയെങ്കിലും ചിത്രത്തിന്റെയും വന്ദനത്തിന്റെയും താളവട്ടത്തിന്റെയും ക്ലൈമാക്സുകൾ കാണുമ്പോൾ ഇന്നും കണ്ണുനിറയും. ജയിലഴികൾ കടന്ന് ഗോവർധനൻ എന്നെങ്കിലും പാർവതികുട്ടിയുടെ അരികിലേക്ക് എത്തുമെന്ന് വെറുതെയാണെങ്കിൽ പോലും ഞാനും ആശിക്കാറുണ്ട്. ഗോവർധനൻ മരിച്ചിട്ടില്ലെന്ന് പാർവതിയെപ്പോലെ വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം.
മരണത്തിന്റെ ലോകത്ത് നിന്നും ഒരിക്കലും വരില്ലെന്ന് അറിയാമെങ്കിലും സുമംഗലയെ കാത്തിരിക്കുന്ന നന്ദഗോപന്റെ വേദന എന്റെയും വേദനയായിരുന്നു. ഭാരതപുഴയുടെ മണൽതരികളിൽ ഇപ്പോഴും നന്ദഗോപന്റെ പ്രണയത്തിന്റെ വിഹ്വലതകളില്ലേ?.. നന്ദഗോപനെയും അയാളുടെ നഷ്ടപ്രണയത്തെയും അതിന്റെ വിങ്ങലുകളെയും ഓർക്കാതെ ഒരിക്കൽപ്പോലും നിള കടന്നിട്ടില്ല. കമലദളം വിരിയുന്ന രാവുകളിൽ ഞാനിപ്പോഴും നന്ദഗോപനേയും അയാളുടെ മടിയിൽ തലചായ്ച്ച് കിടക്കുന്ന സുമംഗലയേയും ഓർക്കാറുണ്ട്.
പ്രണയം ധീരന്മാർക്കുള്ളതാണെന്ന് പ്രഖ്യാപിച്ച് മരണത്തിലേക്ക് നടന്നുപോയ സണ്ണിയെ എങ്ങനെ മറക്കും. ചാർമിനാർ സിഗററ്റിന്റെ ഗന്ധമുള്ള ആ കാമുകന്റെ മരണം എന്റെ ഹൃദയത്തെ എത്രമാത്രം കുത്തിനോവിച്ചിട്ടുണ്ടെന്ന് ലാലേട്ടന് അറിയാമോ? പ്രണയിനിയോട് ശല്ല്യങ്ങളില്ലാതെ സംസാരിക്കാന്‍ ബാറില്ലേക്ക് കൂട്ടിക്കൊണ്ടു പോകാനുള്ള ധീരത സണ്ണിയ്ക്ക് മാത്രം സ്വന്തമായിരുന്നു.
"ഇതാണ് ഇതിന്‌റെ ശരി. ഈ ത്യാഗവും ലോകത്ത് നമുക്ക് മാത്രമേ ചെയ്യാന്‍ പറ്റൂ ബാലേട്ടാ.....". ഓരോ വട്ടം കാണുമ്പോഴും ബാലേട്ടനും നന്ദിനിക്കുട്ടിയും പൂർത്തിയാകാതെ പോയ അവരുടെ പ്രണയവും മനസിലൊരു വിങ്ങലായി അവശേഷിക്കുന്നത് ബാലചന്ദ്രനായി ലാലേട്ടൻ എത്തിയതുകൊണ്ടാണ്. നന്ദിനികുട്ടിയോട് കണ്ണീരോടെ ക്ഷമപറയുന്ന ബാലചന്ദ്രൻ ഹൃദയത്തിൽ കൊളുത്തിവലിയ്ക്കുന്ന തീരാവേദനയാണ്.
പൗരുഷത്വത്തിന്റെ മൂർത്തിഭാവമായി പലരും വാഴ്ത്തുന്ന താന്തോന്നിയായ മംഗലശേരി നീലകണ്ഠനേക്കാൾ എനിക്കിഷ്ടം ആണത്തത്തിന്റെ ഈഗോകൾ അവസാനിപ്പിച്ച് ഭാനുമതിയെ ജീവനുതുല്യം സ്നേഹിക്കുന്ന മംഗലശേരി നീലകണ്ഠനെയാണ്. ഒരുവാക്ക് പോലും പറയാതെ അകന്നുപോയ ഭാനുവിനെക്കുറിച്ചോർത്ത് തേങ്ങുന്ന നീലകണ്ഠനെയാണ് എനിക്കിഷ്ടം.
എന്നോ എപ്പോഴോ വഴുതിപ്പോയ മനസുമായി ജീവിക്കുന്ന ഭരതപിഷാരടി മീരയോട് "എങ്ങനെയാണ് മീര നിനക്കെന്നെ ഇത്രയേറെ സ്നേഹിക്കാൻ കഴിയുന്നതെന്ന്" ചോദിക്കുന്നുണ്ട്. ആ ചോദ്യം ഞാൻ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട്; എനിക്ക് എങ്ങനെയാണ് ലാലേട്ടനെ ഇത്രയേറെ സ്നേഹിക്കാൻ കഴിയുന്നത്... ഉത്തരമറിയാത്ത ഒരുപാട് ചോദ്യങ്ങൾക്കൊപ്പം ഈ ചോദ്യവും ഇങ്ങനെ തന്നെ നിൽക്കട്ടെ. മോഹനാഭിനയ വിസ്മയമായി ലാലേട്ടന് എന്നും ഞങ്ങൾക്കൊപ്പം ഉണ്ടാകണം എന്ന അടങ്ങാത്ത ആഗ്രഹത്തോടെ നിർത്തുന്നു.
പ്രണയപൂർവം ആരാധിക