18 ദിവസം കൊണ്ട് 450 പേജുള്ള ‘ചാണക്യന്റെ’ തിരക്കഥ; നിഗൂഢതകളുടെ ‘മയിൽപ്പീലിക്കാവ്’: സാബ്ജോൺ പറയുന്നു
സാബ് ജോൺ... 31 വർഷങ്ങൾക്കുമുൻപ് മലയാളത്തിൽ ഏറ്റവും സാങ്കേതികത്തികവാർന്ന ആദ്യ ന്യൂജെൻ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ‘ചാണക്യൻ’ എഴുതിയ തിരക്കഥാകൃത്ത്. വെള്ളിത്തിരയിൽ ആ പേരു തെളിയുമ്പോൾ മലയാളികൾ കൗതുകത്തോടെ നോക്കിയിരുന്ന കാലമുണ്ടായിരുന്നു. ‘ഗുണ’യും ‘വ്യൂഹ’വും ‘മയിൽപ്പീലിക്കാവും’ കൊണ്ട് സിനിമാ
സാബ് ജോൺ... 31 വർഷങ്ങൾക്കുമുൻപ് മലയാളത്തിൽ ഏറ്റവും സാങ്കേതികത്തികവാർന്ന ആദ്യ ന്യൂജെൻ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ‘ചാണക്യൻ’ എഴുതിയ തിരക്കഥാകൃത്ത്. വെള്ളിത്തിരയിൽ ആ പേരു തെളിയുമ്പോൾ മലയാളികൾ കൗതുകത്തോടെ നോക്കിയിരുന്ന കാലമുണ്ടായിരുന്നു. ‘ഗുണ’യും ‘വ്യൂഹ’വും ‘മയിൽപ്പീലിക്കാവും’ കൊണ്ട് സിനിമാ
സാബ് ജോൺ... 31 വർഷങ്ങൾക്കുമുൻപ് മലയാളത്തിൽ ഏറ്റവും സാങ്കേതികത്തികവാർന്ന ആദ്യ ന്യൂജെൻ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ‘ചാണക്യൻ’ എഴുതിയ തിരക്കഥാകൃത്ത്. വെള്ളിത്തിരയിൽ ആ പേരു തെളിയുമ്പോൾ മലയാളികൾ കൗതുകത്തോടെ നോക്കിയിരുന്ന കാലമുണ്ടായിരുന്നു. ‘ഗുണ’യും ‘വ്യൂഹ’വും ‘മയിൽപ്പീലിക്കാവും’ കൊണ്ട് സിനിമാ
സാബ് ജോൺ... 31 വർഷങ്ങൾക്കുമുൻപ് മലയാളത്തിൽ ഏറ്റവും സാങ്കേതികത്തികവാർന്ന ആദ്യ ന്യൂജെൻ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ‘ചാണക്യൻ’ എഴുതിയ തിരക്കഥാകൃത്ത്. വെള്ളിത്തിരയിൽ ആ പേരു തെളിയുമ്പോൾ മലയാളികൾ കൗതുകത്തോടെ നോക്കിയിരുന്ന കാലമുണ്ടായിരുന്നു. ‘ഗുണ’യും ‘വ്യൂഹ’വും ‘മയിൽപ്പീലിക്കാവും’ കൊണ്ട് സിനിമാ ആസ്വാദകരെ വിസ്മയിപ്പിച്ച സാബ്ജോൺ ഒരു സുപ്രഭാതത്തിൽ വെള്ളിത്തിരയിൽനിന്ന് മാഞ്ഞുപോയി. സിനിമ തന്ന സൗഭാഗ്യങ്ങളെല്ലാം സിനിമ തന്നെ തിരിച്ചെടുത്തു. എങ്കിലും ഇരുളിലാണ്ടുപോയ വർഷങ്ങൾക്കുശേഷം അക്ഷരങ്ങളിലൂടെയാണ് അദ്ദേഹം കൈവിട്ടുപോയ ജീവിതത്തെ തിരിച്ചുപിടിക്കുന്നത്.
തിരക്കഥ എങ്ങനെ എഴുതണമെന്ന് വിഡിയോ കോൺഫറൻസ് ശിൽപശാലകളിലൂടെ ഈ ലോക്ഡൗൺ കാലത്ത് രാജ്യാന്തരതലത്തിൽ ചലച്ചിത്രവിദ്യാർഥികളെ പഠിപ്പിക്കുകയാണ് അദ്ദേഹം. പ്രഫഷനൽ തിരക്കഥാരചന പഠിപ്പിക്കുന്ന സ്ക്രീൻറൈറ്റ്. ഇൻ എന്ന തന്റെ സ്ഥാപനത്തിലൂടെ അദ്ദേഹം അനേകം പേർക്ക് വഴികാട്ടുന്നു. തിയറ്ററുകൾ അടഞ്ഞുകിടക്കുകയും സിനിമകൾ മൊബൈൽഫോണിന്റെ ചെറുസ്ക്രീനിലേക്ക് ഓൺ ദ് ടോപ്പ് (ഒടിടി), ഓൺലൈൻ സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകൾ വഴി കൂടുമാറുകയും ചെയ്യുന്ന കോവിഡ് കാലത്ത് എഴുത്തിന്റെ അതിജീവന രഹസ്യങ്ങൾ അദ്ദേഹം പറയുന്നു.
∙ സിനിമയിലേക്ക് വഴി തുറന്നതെങ്ങനെയാണ്?
ആലപ്പുഴ ലിയോ തേർട്ടീൻത് സ്കൂളിലെ സഹപാഠികളുടെ ആത്മബന്ധം കാരണമാണ് ഞാൻ തിരക്കഥ എഴുതിത്തുടങ്ങിയത്. ആലപ്പുഴ എസ്ഡി കോളജുകളിലെ ബിരുദപഠനകാലത്ത് നെടുമുടി വേണുച്ചേട്ടനും ഫാസിലുമൊക്കെ വളരെ സീനിയേഴ്സായിരുന്നു. എസ്ഡി കോളജിലെ വിദ്യാർഥിയായിരുന്ന കുഞ്ചാക്കോ ബോബനുമായി പിന്നീട് രണ്ടോ മൂന്നോ സിനിമ ചെയ്യാനും കഴിഞ്ഞു. കൊമേഴ്സ് പഠനമോ ആലപ്പുഴ നഗരത്തിൽ അച്ഛന്റെ ചണക്കകച്ചവടം ഏറ്റെടുത്തുനടത്തിയതോ ഒന്നുമല്ല തിരക്കഥയിലേക്ക് വഴികാട്ടിയത്. സൗഹൃദങ്ങൾ വഴി ആക്സമികമായി എഴുത്ത് എന്നിലേക്കെത്തുകയായിരുന്നു. ഒരിക്കലും ഈ വഴിക്കു വരണമെന്ന് ആഗ്രഹിച്ചിട്ടേയില്ല.
ചണം ബിസിനസ് നടത്തുന്ന കാലത്ത് കോളജിലെ സുഹൃത്തുക്കളുടെ സിനിമാചർച്ചകളിലെ കേൾവിക്കാരനായിരുന്നു ഞാൻ. അവർക്കൊപ്പം ചേർന്ന് ഓരോ കഥയുടെയും ഏറ്റക്കുറച്ചിലുകൾ ചൂണ്ടിക്കാണിച്ചിരുന്നു. അന്നു രൂപപ്പെട്ട കൗതുകത്തിന്റെ തുടർച്ചയായി കടയിലിരുന്ന് കഥകൾ എഴുതിത്തുടങ്ങി. എന്റെയൊരു സുഹൃത്തിന്റെ അമ്മ കടുത്ത മമ്മൂട്ടി ഫാനായിരുന്നു. ആ അമ്മയാണ് എന്റെ കഥകൾ ആദ്യം വായിച്ചിരുന്നത്. അമ്മയാണ് എന്റെ കഥകളെക്കുറിച്ച് പലരോടും സൂചിപ്പിച്ചത്. അതുവഴിയാണ് ഞാൻ സിനിമയിലേക്ക് എത്തിയത്.
സിനിമയിൽ ഓരോ സീനിൽ നിന്നും മറ്റൊരു സീനിലേക്ക് പോവാൻ ഒരു കാരണമുണ്ടാവും. ഇതുപോലെയുള്ള തുടർച്ചയാണ് എന്റെ ജീവിതത്തിലും സംഭവിച്ചത്. കൂട്ടുകാർക്കൊപ്പം ചേർന്ന് സിനിമയ്ക്കായി ആദ്യം തിരക്കഥ എഴുതിയെങ്കിലും സാമ്പത്തിക പ്രശ്നം കാരണം നടന്നില്ല. അച്ഛന്റെ കടയിലിരുന്ന് ചണക്കച്ചവടം ചെയ്യുന്ന സാബ് ജോണിനെ നാട്ടുകാർ ‘ചാണക്യൻ’ പുറത്തിറങ്ങിയതോടെ തിരക്കഥാകൃത്തായി അംഗീകരിച്ചു. പക്ഷേ പിന്നീട് വലിയ ഓഫറുകളൊന്നും കുറേക്കാലത്തേക്ക് വന്നില്ല. വർഷങ്ങൾക്കുശേഷം ‘വ്യൂഹം’ എഴുതി. പിന്നീട് ‘ഗാന്ധാരി’ പോലുള്ള സിനിമകളിലേക്ക് വന്നു.
∙ ജീവിതം മാറ്റിമറിച്ച ‘ചാണക്യൻ’
‘ചാണക്യൻ’ തുടങ്ങുന്നത് വളരെ ലളിതമായ ചിന്തകളിലൂടെയാണ്. മിമിക്രിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയെടുക്കാമെന്ന ധാരണയിലാണ് ടി.കെ. രാജീവ്കുമാറും ഞങ്ങൾ കൂട്ടുകാരും ചർച്ച തുടങ്ങിയത്. പക്ഷേ മിമിക്രിയെക്കുറിച്ച് അടുത്തറിയുന്നതിനൊപ്പം ചില നാടകീയമായ ഘടകങ്ങൾ ശ്രദ്ധയിൽപ്പെട്ടു. അമേരിക്കയിൽ ടിവി സംപ്രേഷണം നടക്കുമ്പോൾ അതിലേക്ക് ഒരാൾ നുഴഞ്ഞുകയറിയ വാർത്ത ആയിടെ ഇറങ്ങിയ ടൈം മാഗസിനിൽ കണ്ടു. അതോടെ ‘ചാണക്യൻ’ കഥയുടെ ട്രാക്കിലെത്തി.
18 ദിവസം കൊണ്ട് 450 പേജുള്ള തിരക്കഥ എഴുതുകയായിരുന്നു. 31 കൊല്ലം മുൻപാണ്. അന്നു കംപ്യൂട്ടറുകളില്ല. കൈകൊണ്ട് എഴുതണം. തിരക്കഥ എന്നാലെന്താണെന്ന് അന്നെനിക്ക് അറിയില്ല. ഹൃദയത്തിൽ നിന്നെഴുതുകയാണ് ചെയ്തത്. മനസിലൊരു ഫ്രെയിം കണ്ട്, അതിലെന്തു സംഭവിക്കുന്നു എന്നു കടലാസിലേക്ക് പകർത്തി എഴുതുകയായിരുന്നു ഞാൻ ചെയ്തത്. പ്രതികാര ബുദ്ധിയോടെ മുംബൈയിൽ നിന്ന് വരുന്ന ഒരാൾ. എതിരാളിയെ മാനസികമായി കീഴ്പെടുത്താൻ മിമിക്രിയെ ഉപയോഗിക്കുകയയെന്ന ചിന്ത ഒരു അനുഗ്രഹം പോലെ എന്നിലേക്ക് വന്നതാണ്. നവോദയ ചെയ്ത ഓരോ സിനിമയ്ക്കും അവരുടേതായ ഒരു ശൈലിയുണ്ട്. അതിന്റെ ഭാഗമാവാൻ കഴിഞ്ഞത് ഭാഗ്യമായാണ് ഞാൻ കണ്ടത്. 30 കൊല്ലം കഴിഞ്ഞിട്ടും ചാണക്യൻ ചർച്ച ചെയ്യപ്പെടുന്നുവെന്നതും അനുഗ്രഹമായാണ് കരുതുന്നത്.
∙ കമലും മറ്റു കൂട്ടുകാരും
കമൽഹാസനുമായുള്ള സുഹൃത്ത്ബന്ധം സിനിമ നൽകിയതാണ്. അഞ്ചാറു സിനിമകൾ പൂർത്തിയാവുന്നത്രയും കാലം ഞങ്ങൾ ഒരുമിച്ചാണ് ജീവിച്ചത്. അദ്ദേഹം പിന്നീട് ജീവിതത്തിന്റെ മറ്റൊരു വഴിയിലൂടെ കടന്നുപോയി. വർഷങ്ങൾക്കു ശേഷമാണ് പിന്നീടു ഞങ്ങൾ കണ്ടുമുട്ടിയത്. ഓരോ കാര്യത്തിലും കമലിന്റെ തീരുമാനങ്ങളെ ഏറെ ബഹുമാനത്തോടെയാണ് ഞാൻ കാണുന്നത്. സൗഹൃദങ്ങൾ ജീവിതകാലം മുഴുവൻ നിലനിൽക്കേണ്ടതാണ്. സുഹൃത്തുക്കളാണ് എന്നെ ജീവിതത്തിന്റെ തളർച്ചകളുടെ സമയത്തും സഹായിച്ചത്. സഹായം ചെയ്യുന്നതായി ഭാവിച്ചല്ല അവർ എന്നെ സഹായിച്ചതെന്നതാണ് വലിയ കാര്യം .
∙ ‘ഗുണ’ സൃഷ്ടിച്ചതെങ്ങനെയാണ്?
ശ്രീലങ്കയിലെ രാഷ്ട്രീയപശ്ചാത്തലത്തിൽ സിബി മലയിലും ക്യാമറാമാൻ വേണുവും കമൽഹാസനുമൊരുമിച്ച് ഒരു സിനിമയാണ് ആദ്യം പ്ലാൻ ചെയ്തത്. ശ്രീലങ്കയെക്കുറിച്ച് പഠിക്കാൻ ഞങ്ങൾ ചൊ രാമസ്വാമിയെ പോയി കണ്ടു. ‘ഉനക്ക് പൈത്യമാ ഇന്തതമാതിരി കഥ സൊല്ലാൻ’ എന്നാണ് അദ്ദേഹം ചോദിച്ചത്. പൂർത്തിയാക്കിയ തിരക്കഥ അതോടെ മാറ്റിവച്ചു. പക്ഷേ ഷൂട്ടിങ്ങിന് എല്ലാ സന്നാഹവവും ഒരുങ്ങി നിൽക്കുകയാണ്. എന്തെങ്കിലുമൊരു പടം ചെയ്തേ പറ്റൂ.
കുട്ടിക്കാലത്ത് നാട്ടിൽകണ്ടുപരിചയമുള്ള പൊട്ടനായ ഒരാളുടെ ഓർമ ഞാൻ കമലുമായി പങ്കുവച്ചിരുന്നു. ആ കാലത്ത് വ്യക്തിപരമായി ഏറെ പ്രശ്നങ്ങളിലായിരുന്നു ഞാൻ. പ്രണയനഷ്ടമാണ് മനസിനെ വേട്ടയാടിരുന്നത്. ബുദ്ധിവൈകല്യമുള്ള കഥാപാത്രം, കലർപ്പില്ലാത്ത പ്രണയം എന്നിവ ചേർന്നതോടെ ഗുണ എന്ന കഥാപാത്രം രൂപംകൊണ്ടു. ജീവിതത്തിലെ പ്രശ്നം പരിഹരിക്കാൻ ഞാൻ നാട്ടിേലക്കുവന്നു. നാലുദിവസത്തോളം ഉറക്കമില്ലാതെ ഓടിനടന്നു. ആകെ തകർന്നുപോയ ഞാൻ തിരികെ ചെന്നൈയിലേക്ക് വിമാനത്തിൽ വരികയാണ്. ആ യാത്രയ്ക്കിടെ മനസിൽ തോന്നിയ സംഭവങ്ങൾ ചേർത്തുവച്ച് വളരെ വികലമായ ഒരെഴുത്ത് നടത്തി.
‘ഗുണ’യുടെ കരട് രൂപമായിരുന്നു അത് പക്ഷേ ഇതിനിടെ സിബി മലയിലിന് മറ്റൊരു സിനിമ ചെയ്യാൻ തിരികെ നാട്ടിലേക്ക് വരേണ്ടിവന്നു. പുതിയ സംവിധായകൻ ‘ഗുണ’ ഏറ്റെടുത്തു. കഴിഞ്ഞ 25 വർഷമായി ‘ഗുണ’ ചർച്ച ചെയ്യപ്പെടുന്നു. 30 വർഷമായി ചാണക്യനിലെ ‘ജോൺസൺ’ ചർച്ച ചെയ്യപ്പെടുന്നു. എന്റെ പേരിനേക്കാൾ ആ കഥാപാത്രങ്ങളുടെ പേര് ഉയർന്നുകേൾക്കുന്നത് ഏറെ അനുഗ്രഹീതമായ അവസ്ഥയാണ്.
∙ ‘കൺമണീ അൻപോട്’ ഒരു പാട്ടല്ല
കുട്ടിക്കാലത്ത് ഞാനുമൊരു കുളിമുറിപ്പാട്ടുകാരനായിരുന്നു. സ്കൂൾ പഠനകാലത്ത് ഗിറ്റാർ വായിക്കുമായിരുന്നു. അതുകൊണ്ട് തിരക്കഥ എഴുതുമ്പോൾ പാട്ടിനുള്ള സാധ്യതകൾ ഒഴിവാക്കാറില്ല. ഒരു തിരക്കഥ പറയുമ്പോൾ ഏതെങ്കിലും രംഗം പാട്ടായി മാറ്റാനുള്ള ദൃശ്യസാധ്യത സംവിധായകനോട് പറയാറുണ്ട്. ഗുണയിലെ ‘കൺമണി അൻപോട് കാതലന്‍’ എന്നത് തിരക്കഥയിലെ ഒരു സീനാണ്, അതൊരു പാട്ടായി കാണാൻ കഴിയില്ല. എഴുതാനറിയാത്ത നായകൻ തന്റെ ഉള്ളുതുറക്കുന്ന രംഗം. പ്രണയലേഖനം ആർക്കാണോ കൊടുക്കേണ്ടത്, ആ വ്യക്തിയെക്കൊണ്ടുതന്നെയാണ് എഴുതിപ്പിക്കുന്നത്. ഇതാണാ രംഗം. ‘കൺമണി’ക്ക് ഇളയരാജ സാർ ഈണമിടുമ്പോൾ കമലിനൊപ്പം ഞാനുമുണ്ടായിരുന്നു. പാട്ട് ഈണമിടാൻ വെറും അരമണിക്കൂർ മാത്രമാണ് അദ്ദേഹം എടുത്തത്. സില്ല്ന് ഒരു കാതൽ എന്ന സിനിമയിലെ ‘മുൻപേ വാ എൻ അൻബേ വാ’ എന്ന പാട്ടും ഇതുപോലെ സംഭവിച്ചതാണ്. എന്നാൽ ചാണക്യനിലും വ്യൂഹത്തിലുമൊന്നും ഒരു പാട്ട് ഉൾപ്പെടുത്താനുള്ള കഥാസന്ദർഭമില്ല.
∙ ‘മാജിക്ക് ലാമ്പ്’, ‘സില്ല്‌ന് ഒരു കാതൽ’
‘മാജിക് ലാമ്പ്’ എന്ന പ്രോജക്ട് വരുത്തിയ നഷ്ടങ്ങൾ എന്നെ ഒരു പടുകുഴിയിലേക്കു തള്ളിവീഴ്ത്തി. ആളുകളെ എങ്ങനെ അഭിമുഖീകരിക്കുമെന്ന ഭയമായിരുന്നു. കടത്തിൽനിന്നു രക്ഷപ്പെടാൻ പല വഴിയും തേടി. ഒന്നും ശരിയായില്ല. സുഹൃത്തുക്കളെ നഷ്ടപ്പെട്ടു. കുടുംബബന്ധങ്ങളിൽ വിള്ളൽവീണു. ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നറിയില്ല. ഒരു മണ്ണെണ്ണ സ്റ്റൗവും കഞ്ഞിക്കലവും വാങ്ങാൻ കാശില്ലാതെ ബുദ്ധിമുട്ടി. അന്നു വാങ്ങിയ ആ കലമെടുത്തു നോക്കാറുണ്ട് ഇപ്പോഴും. ആരും തിരിച്ചറിയാതിരിക്കുകയായിരുന്നു അക്കാലത്ത് എന്റെ ആവശ്യം. സിനിമയുടെ വെള്ളിവെളിച്ചം നഷ്ടപ്പെട്ട് സാധാരണ മനുഷ്യനായി ജീവിതം തുടങ്ങുകയാണ്.
ആ കാലത്ത് ‘സിൽനു ഒരു കാതലി’ന്റെ സംവിധായകൻ കൃഷ്ണയെ കണ്ടുമുട്ടി. ഗുണയുടെ തിരക്കഥാകൃത്താണ് ഞാനെന്ന് അദ്ദേഹത്തിനറിയാം. എങ്കിലും സിൽനു ഒരു കാതലിനു ശേഷവും സങ്കടമാണുണ്ടായത്. സാധാരണയായി തമിഴിൽ സംവിധായകന്റെ പേരാണ് സിനിമയുടെ തിരക്കഥാകൃത്തിന്റെ പേരായി രേഖപ്പെടുത്താറുള്ളത്. ആ രീതി കാരണം ആ സിനിമയുടെ ക്രെഡിറ്റ് മറ്റൊരാളുമായി പങ്കിടേണ്ടിവന്നു. ഇത് അൽപം വിഷമമുണ്ടാക്കി.
എങ്കിലും സൂര്യയും ജ്യോതികയും അടക്കം സിനിമാമേഖലയിൽ വീണ്ടും പരിചയങ്ങൾ കൈവന്നു. ഇത് 2005–06 കാലഘട്ടത്തിലാണ്. അപ്പോഴേക്ക് ഞാൻ തിരക്കഥാ ക്ലാസുകൾ തുടങ്ങി. എന്റെ ഫോക്കസ് സിനിമയിലേക്ക് പോവുന്നതിൽ ഭയമായിരുന്നു. ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിതം കൊണ്ടുപോവണമെന്നായിരുന്നു ആഗ്രഹം. ഓരോ ദിവസത്തേക്കമുള്ളത് കണ്ടെത്തിജീവിക്കുകയായിരുന്നു ഞാൻ. സിൽന് ഒരു കാതൽ കഴിഞ്ഞിട്ടും ഞാൻ ഭയത്തിലായിരുന്നു. കുട്ടികൾ ചെറുതാണ്. സിനിമയിലേക്കിറങ്ങി അവരെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളിയിടരുത് എന്നാണ് ചിന്തിച്ചത്. സിനിമയിൽ എല്ലാമുണ്ടായിരുന്ന കാലത്ത് കണ്ട സ്വപ്നങ്ങൾ കയ്യിൽ ഒന്നുമില്ലാത്ത കാലത്താണ് കടന്നുവന്നത്. ഇതു ജീവിക്കാനുള്ള ആഗ്രഹം തന്നു.
∙ തിരക്കഥ പഠിപ്പിക്കൽ തുടങ്ങിയതെപ്പോഴാണ്?
ജീവിതത്തിലെ ഏറ്റവും തിക്തമായ അനുഭവനാളുകളിലൂടെ കടന്നുപോയപ്പോഴാണ് തിരക്കഥാ പരിശീലനം എന്ന ആശയം രൂപപ്പെട്ടത്. ആ സിനിമ എനിക്കു തിരിച്ചടിയാവാൻ കാരണം ഞാൻ തന്നെയാണെന്നു ചിന്തിച്ചു. പക്ഷേ ഭാര്യയെയും കുട്ടികളെയും പോറ്റാനുള്ള വഴി കണ്ടെത്തണം. ആ അവസ്ഥയിൽനിന്നു കരകയറാൻ പല സ്ഥലങ്ങളിലും പോയി. ജീവിക്കാനുള്ള വഴി കണ്ടെത്താൻ ശ്രമിച്ചു. കോപ്പിറൈറ്റിങ് സ്ഥാപനത്തിൽ ഏറ്റവും നിസാരമായ ഒരു ജോലിയാണ് ഞാൻ ചെയ്തു തുടങ്ങിയത്. മലയാളത്തിലേക്ക് പേജുകൾ തർജമ ചെയ്തുകൊടുത്താൽ ഓരോ പേജിനും നൂറു രൂപയോ നൂറ്റമ്പതു രൂപയോ കിട്ടും. 2003–04 വർഷങ്ങളിലാണ് ഇതെന്നോർക്കണം. സിനിമയിലേക്ക് ഇനി തിരിച്ചുവരാൻ സാധിക്കില്ലെന്നാണ് അന്നു കരുതിയത്. മനസിൽ അനേകം ആഗ്രഹങ്ങളുണ്ടായിരുന്നു. ഈ ഒഴുക്കിൽ അതു നടക്കില്ലെന്ന ഭയം മനസിൽനിറഞ്ഞു.
ഇന്ത്യയിൽ ഒരു ‘പ്രഫഷനൽ സ്ക്രീൻ റൈറ്റിങ്ങ്’ എന്ന സ്വപ്നമാണ് അക്കാലത്ത് ഞാൻ മനസിൽ കൊണ്ടുനടന്നിരുന്നത്. അനേക വർഷം തിരക്കഥാമേഖലയിൽ പ്രവർത്തിച്ചപ്പോൾ ഒരിക്കൽപ്പോലും പ്രഫഷണിലസം കണ്ടിരുന്നില്ല. സിനിമാ വ്യവസായത്തിനാവശ്യമായ എന്തൊക്കെയോ ചിലത് എഴുതിക്കൊടുക്കുന്നു എന്നതാണ് നടന്നിരുന്നത്. അതിനു മാറ്റം വരാൻ തിരക്കഥാരചനയുടെ ചില തത്വങ്ങൾ മനസിലാക്കണമെന്നും അതു പുതിയ എഴുത്തുകാർക്ക് പകർന്നു കൊടുക്കണമെന്നും ഞാൻ സ്വപ്നം കണ്ടിരുന്നു. എഴുത്തുകാരുടെ നെറ്റ്‌വർക്ക് ഉണ്ടാക്കണമെന്നു ആഗ്രഹിച്ചു.
ചെന്നൈയിലെ കോപ്പിറൈറ്റ് ജോലിക്കിടെ കണ്ടുമുട്ടിയ ഏതാനുംചില സുഹൃത്തുക്കൾ വഴിയാണ് ഒരു സിനിമാ അക്കാദമിയിൽ തിരക്കഥ പഠിപ്പിക്കാൻ അവസരം ലഭിച്ചത്. മറ്റു ജോലികൾ ചെയ്യുന്നതിനൊപ്പം അധ്യാപനവും നടക്കും, ചെറിയ വരുമാനവും കിട്ടും. അവിടെ ആദ്യ ബാച്ചിൽ 10 വിദ്യാർഥികളാണുണ്ടായിരുന്നത്. എങ്ങനെയാണ് സിനിമ പഠിപ്പിക്കേണ്ടത് എന്നറിയില്ല. തിരക്കഥാരചനയെക്കുറിച്ച് കുറച്ചു പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. നല്ലതും ചീത്തയുമായ സിനിമാനുഭവങ്ങളുണ്ട്. അവയെല്ലാം ക്രോഡീകരിച്ച് ഇന്ത്യൻ സിനിമയുടെ കാഴ്ചപ്പാടിൽ പ്രഫഷനലിസം എങ്ങനെയാവണമെന്ന രീതിയിൽ ഒരു കരിക്കുലം ഉണ്ടാക്കി. ശമ്പളം വളരെ തുച്ഛമായിരുന്നു. പക്ഷേ വിദ്യാർഥികളുമായുള്ള ഇടപെടൽ എനിക്ക് പ്രചോദനമായി. പണമില്ലായ്മയുടെ എല്ലാ തിക്താനുഭവങ്ങൾക്കിടയിലും ഏറ്റവും സന്തോഷകരമായ അവസ്ഥയായിരുന്നു അന്നത്തേത്. പക്ഷേ അടുത്ത ബാച്ച് തുടങ്ങിയപ്പോൾ അവർ എന്നെമാറ്റി മറ്റൊരധ്യാപകനെ വച്ചു. എന്റെ കരിക്കുലം മാത്രം അവരെടുത്തു.
വിദ്യാർഥികളും ഞാനും ഒരു കുടുംബം പോലെയാണ് കഴിഞ്ഞിരുന്നത്. അവർ എന്റെ ക്ലാസുകളെപ്പറ്റി പലരോടും പറഞ്ഞു. അങ്ങനെ പലരും തിരക്കഥ പഠിക്കാൻ തേടി വന്നു. അവർക്കു വേണ്ടി രണ്ടുവർഷത്തോളം പല പാർക്കുകളിലും കോഫിഷോപ്പുകളിലുമായി തിരക്കഥാ പരിശീലന ക്ലാസുകളെടുത്തു. ഒന്നോ രണ്ടോ മൂന്നോ കുട്ടികൾ വീതമാണ് ക്ലാസിലുള്ളത്. ആ കുട്ടികൾക്ക് അധികം കാശൊന്നും തരാൻ കഴിവില്ല. അതേ സമയത്താണ് മണിപ്പാൽ സർവകലാശാലയിലെ ചലച്ചിത്ര പഠന കോഴ്സിൽ തിരക്കഥാ പഠനത്തിനു ഒരു കരിക്കുലം ആവശ്യമാണെന്നറിഞ്ഞത്. ജീവിതത്തിൽ പിടിച്ചുനിൽക്കാൻ പണം വേണം. അതിനായി ഞാൻ അവർക്കു കരിക്കുലം തയാറാക്കിക്കൊടുത്തു. ഒരു തിരക്കഥാരചനാ ക്ലാസെടുക്കുമ്പോൾ ഓരോ പത്തുമിനിറ്റിലും അധ്യാപകൻ എന്തു ചെയ്യണമെന്നുപോലും വിശദമായി എഴുതിവച്ചിരുന്നു. പാശ്ചാത്യരീതിയും ഇന്ത്യൻ രീതിയും ഒരുമിച്ചുള്ള തിരക്കഥാ രചനയുടെ കരിക്കുലം അങ്ങനെ ആദ്യമായി രൂപം കൊണ്ടു.
2009–ൽ കാനഡയിലെ ഒരു സുഹൃത്ത് ചെന്നൈയിൽ വന്നപ്പോൾ എന്നെ സ്വന്തം സ്ഥാപനം തുടങ്ങാൻ സഹായിച്ചു. എന്റെ ഒരു വിദ്യാർഥി രണ്ടു മുറികൾ സൗജന്യമായി വിട്ടുതന്നു. അങ്ങനെ 2009–ൽ സ്ക്രീൻറൈറ്റ്.ഐഎൻ (screenwrite.in) എന്നു പേരിൽ തിരക്കഥാ പരിശീലന സ്ഥാപനം തുടങ്ങി.
ആദ്യ ബാച്ചിൽ കുറച്ചു കുട്ടികൾ വന്നു. അമേരിക്കയിൽനിന്നു ജപ്പാനിൽ നിന്നും ഓരോരുത്തർ വീതമുണ്ടായിരുന്നു. അവർ എന്റെ ക്ലാസിനെക്കുറിച്ച് കൂടുതൽ ആളുകളോട് പറഞ്ഞു. അങ്ങനെ 11 കൊല്ലത്തിനിടയ്ക്ക് ഒരുപാടൊരുപാട് വിദ്യാർഥികൾ വന്നു ചേർന്നു. ലോകത്തിന്റെ പലഭാഗങ്ങളിൽ എഴുത്തുകാരാണ് ഇവർ. എങ്കിലും ഒരു എഴുത്തുകുടുംബമായി നമ്മൾ തുടരുകയാണ്. വരുന്നവരിൽ പലരും സംവിധായകൻ ആവുകയെന്നതാണ് ലക്ഷ്യമിട്ടിരുന്നത്. ഷോർട്ഫിലിം, വെബ്സീരീസ്, ഒടിടി പ്ലാറ്റ്ഫോമുകൾ എന്നിവ പ്രചാരം നേടിയതോടെയാണ് തിരക്കഥയുടെ പ്രാധാന്യം ആളുകൾ മനസിലാക്കിത്തുടങ്ങിയത്.
∙ ലോക്ഡൗണിനു ശേഷം തിയറ്ററുകൾ തുറക്കുമോ?
തിയറ്ററുകളും അവിടെ വരുന്ന ജനങ്ങളുമാണ് ഇന്നു നാം കാണുന്ന ഓരോ മെഗാതാരത്തെയും സൃഷ്ടിച്ചത്. ഇന്ന് കുടുംബത്തോടൊപ്പം പോയി ഉല്ലസിക്കാവുന്ന തരത്തിലേക്ക് മൾടിപ്ലക്സുകൾ പുത്തൻ സിനിമാനുഭവം ഒരുക്കുകയാണ്. കോവിഡ് വന്നതോടെ തീയറ്ററുകൾ അടഞ്ഞു. ഈ അവസരമുപയോഗിച്ച് വെബ്സീരീസുകൾ പിടിമുറുക്കി പക്ഷേ കോവിഡിനു ശേഷവും സിനിമയും വെബ്സീരീസുകളും രണ്ടു സമാന്തര പാതയായി മുന്നോട്ടുപോവും.
കാരണം കഥ കേൾക്കുകയെന്നത് മനുഷ്യർക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. സിനിമയിലും വെബ്സീരിസിലും കഥയാണ് പ്രധാനം. എന്തിനുവേണ്ടി എഴുതുന്നുവെന്നറിയാത്ത പലരുണ്ട്. പക്ഷേ അവർ എഴുതി ചില മികച്ച ഡയലോഗുകളോ കഥാതന്തുവോ കഥാബീജമോ കേൾക്കാൻവേണ്ടി മാത്രം ആളുകൾ തിയറ്ററിലേക്ക് വരും. തന്റെ ജീവിതത്തിൽ കൂടുതൽ നിറമുള്ള സംഭവങ്ങൾ വേണമെന്ന ആഗ്രഹമാണ് സിനിമിലൂടെ പ്രേക്ഷകൻ കാണുന്നത്. ഒറ്റയ്ക്കിരുന്ന് മൊബൈലിൽ കണ്ടാലും കൂട്ടമായി തീയറ്ററിലിരുന്ന് കണ്ടാലും കഥകേൾക്കുക എന്ന കാര്യത്തിൽനിന്ന് ആളുകൾ വിട്ടുപോവില്ല. സിനിമയെന്നത് വലിയ സ്ക്രീനാണ്. അവിടെ കാണുന്ന കാഴ്ചകൾക്കും സ്വപ്നങ്ങൾക്കും വലുപ്പമുണ്ട്.
ഒടിടി പ്ലാറ്റ്ഫോമുകളിൽ സെൻസർഷിപ് നിയമങ്ങളിൽ വ്യത്യസ്തതയുണ്ട്. സിനിമ എഴുതുമ്പോഴുള്ള പല നിയന്ത്രണവും മാറ്റിവച്ച് കഥ അവതരിപ്പിക്കാൻ കഴിയും. ഒളിച്ചുനോക്കാനുള്ള മനുഷ്യന്റെ ത്വര ഒടിടിയിൽ നടക്കുന്നുണ്ട്. എന്നാൽ ത്രിഡി സിനിമകൾ പോലെ തിയറ്ററിൽ മാത്രമിരുന്നു കാണേണ്ടവ സിനിമകളായി പുറത്തുവരും. ഒരുതരത്തിലും സിനിമയും വെബ്സീരീസുകളും തമ്മിൽ മത്സരമുണ്ടാവില്ല.
∙ എന്താണ് ഭാവി പദ്ധതികൾ?
നിലവിൽ ഹിന്ദി സിനിമകൾക്കുള്ള രണ്ടു തിരക്കഥകൾ, തെലുങ്കിൽ ഒരു തിരക്കഥ, മലയാളത്തിൽ തിരക്കഥ എന്നിവ എഴുതിവച്ചിട്ടുണ്ട്. പക്ഷേ ഇതെങ്ങനെയാണ് ഷൂട്ടിങ്ങിലേക്ക് എത്തുകയെന്നറിയില്ല. തമിഴ്, ഹിന്ദി ഭാഷകളിലെ രണ്ട് വെബ് സീരീസുകൾ എഴുതിവരികയാണ്. ലോക്ഡൗൺ കഴിഞ്ഞ് മഴക്കാലം വരുമ്പോൾ ഷൂട്ട് ചെയ്യാമെന്ന് കരുതുന്നു. ഇതിലേതെങ്കിലും ഒരു കഥയെങ്കിലും കാണികളുടെ ഓർമയിൽതങ്ങി നിൽക്കുന്നതാവണമെന്നാണ് ആഗ്രഹം. തിരക്കഥാ പരിശീലനമാണ് എന്റെ ഏറ്റവും വലിയ സ്വപ്നപദ്ധതി. ഈ ലോക്ഡൗൺ കാലത്ത് സൂം വഴിയുള്ള ക്ലാസുകളാണ് നടക്കുന്നത്.
ഏറെ ഇഷ്ടപ്പെടുന്ന മേഖലയാണ് തിരക്കഥ പഠിപ്പിക്കുകയെന്നത്. ഇതുവഴി എഴുത്തുകാരുടെ പുതിയ ഒരു കൂട്ടായ്മ രൂപപ്പെടുത്താനാണ് ശ്രമിക്കുന്നത്. വിർച്വലായി ഒരു എഴുത്തുമേശ സൃഷ്ടിച്ച് അതിലേക്ക് എഴുത്തിഷ്ടപ്പെടുന്ന എല്ലാവരെയും എത്തിക്കുകയെന്നതാണ് സ്വപ്നം. ആർക്കും പണമീടാക്കാതെ കടന്നുവന്നിരിക്കാവുന്ന ഈ എഴുത്തുമേശ സ്ക്രീന്‍റൈറ്റ്.ഇൻ വെബ്സൈറ്റ് വഴി രൂപപ്പെട്ടുവരികയാണ്. എന്റെ സമയം മുഴുവനായും ഇതിനുവേണ്ടിയാണ് ചെലവഴിക്കുന്നത്. തിരക്കഥാ പരിശീലനത്തിന്റെ 11 വർഷത്തിനിടെ രൂപം കൊണ്ട എഴുത്തുകാരുടെ കുടുംബത്തിൽ 2000 അംഗങ്ങളെങ്കിലുമുണ്ട്. ഇവരെല്ലാം കുടുംബാംഗങ്ങളെപ്പോലെ പരസ്പരം എഴുത്തിൽ സഹായിക്കുന്നുവെന്നതാണ് അനുഗ്രഹീതമായ കാര്യം.
∙ സിനിമ തട്ടിയെടുത്ത ജീവിതം, സിനിമ മടക്കിത്തന്ന ജീവിതം
സിനിമയാണ് എനിക്ക് എന്നെ കണ്ടെത്താനുള്ള അവസരം നൽകിയത്. എല്ലാം നഷ്ടമായതും സിനിമ വഴിയാണ്. തിരക്കഥയുടെ കരട്‌രൂപം പലതവണ മാറ്റിയെഴുതിയാലാണ് ആ കഥയ്ക്കു കൂടുതൽ തെളിച്ചം കിട്ടുക. അതുപോലെയാണ് ജീവിതവും. സിനിമാക്കഥയിലെ ട്വിസ്റ്റ് പോലെ കൈവിട്ടുപോയ ജീവിതം ഇപ്പോൾ ഞാൻ തിരുത്തിയെഴുതുകയാണ്. എളിമയോടെ ജീവിക്കുക എന്നതാണ് സിനിമ എനിക്കുതന്ന പാഠം. ‘എനിക്കെല്ലാം അറിയാം’ എന്ന അഹംഭാവത്തോടെ ജീവിതത്തെ കാണുന്നത് തെറ്റാണ്. ആ തെറ്റു തിരുത്തി ജീവിതത്തെ എളിമയോടെ കാണുന്നതിലേക്കുള്ള പരിണാമമാണ് സിനിമ വഴി ലഭിച്ചത്.
എന്റെ ഭാര്യയാണ് എല്ലാ പ്രതിസന്ധിയിലും പിന്തുണ നൽകിയത്. ജീവിതം ഇതുപോലെ തിരികെകിട്ടുമെന്ന് ആ മോശം നാളുകളിൽ ഞാൻ പ്രതീക്ഷിച്ചിട്ടേയില്ല. ഇപ്പോൾ മക്കൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. പണമില്ലെങ്കിലും സന്തോഷമായിരിക്കാം എന്നതാണ് കുട്ടികൾക്ക് പകർന്നുനൽകാൻ ശ്രമിക്കുന്നത്. പണമില്ലാത്ത കാലം എന്റെ പരീക്ഷണകാലമായിരുന്നു. കുട്ടികൾ ഇതുകണ്ടാണ് വളരുന്നത്. സാധാരണക്കാരനായി റോഡിൽ നടന്നുപോവാനും ബസിൽകയറി യാത്രചെയ്യാനും കഴിയുന്നതാണ് ഇന്നെന്റെ സമ്പത്ത്. തിരുത്തുക എന്നതാണ് ഏറ്റവും വലിയ പാഠം .
∙ ഓർമയിൽ കമലിന്റെ സമ്മാനം
കമൽഹാസൻ വീട്ടിൽ വരുമ്പോൾ എന്റെ മമ്മിയുമായി സംസാരിക്കും. മമ്മി കടുത്ത വിശ്വാസിയായിരുന്നു. അത് കമലിനുമറിയാം. കമലിന്റെ ചിന്താഗതി വ്യത്യസ്തമാണ്. മതത്തിനതീതമായ ചിന്തയാണ്. കമലും സരികയും ഒരിക്കൽ അമേരിക്കയിൽ പോയി വന്നു. പിന്നീട് ഞാന് കമലിന്റെ വീട്ടിൽ ചെന്നപ്പോൾ മമ്മിക്കു നൽകാൻ ഒരു സമ്മാനപ്പൊതി തന്നു. അപ്പോൾത്തന്നെ അതു തുറന്നുനോക്കി. ക്രൂശിതനായ യേശുവിന്റെ പ്രതിമയായിരുന്നു പൊതിയിൽ. മതാതീതനായി ജീവിക്കുന്ന കമൽ എന്റെ അമ്മയുടെ വിശ്വാസം ഓർത്തുവച്ച് അത്തരമൊരു സമ്മാനം നൽകിയത് അദ്ഭുതമായിരുന്നു. കഴിഞ്ഞ വർഷം മാർച്ചിലാണ് മമ്മി മരിച്ചത്. ആ നിമിഷംവരെ മമ്മി കിടയ്ക്കക്കു തൊട്ടടുത്താണ് ആ പ്രതിമ സൂക്ഷിച്ചിരുന്നത്.