രജനി തള്ളിയ ‘ഇന്ത്യൻ’, വിജയ് കൈവിട്ട ‘മുതൽവൻ’: ശങ്കർ സിനിമകളിലെ അറിയാക്കഥകൾ

ബ്രഹ്മാണ്ഡ സിനിമകൾ മാത്രം ചെയ്യുന്നതിനിടയിൽ ഒരു റിലീഫ് എന്ന നിലയ്ക്കെങ്കിലും ചെറിയ ബജറ്റിൽ, കലാമൂല്യമുള്ള ചെറിയ ചിത്രങ്ങളും ചെയ്തുകൂടേ? ഈ ചോദ്യത്തോട് സംവിധായകൻ ഷങ്കറിന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘തൽക്കാലം ഞാൻ വിചാരിച്ചാൽ പോലും അങ്ങനെ സാധിക്കില്ല. നിർമാതാക്കൾ മാത്രമല്ല, എന്റെ വീട്ടുകാർ പോലും അതിനു
ബ്രഹ്മാണ്ഡ സിനിമകൾ മാത്രം ചെയ്യുന്നതിനിടയിൽ ഒരു റിലീഫ് എന്ന നിലയ്ക്കെങ്കിലും ചെറിയ ബജറ്റിൽ, കലാമൂല്യമുള്ള ചെറിയ ചിത്രങ്ങളും ചെയ്തുകൂടേ? ഈ ചോദ്യത്തോട് സംവിധായകൻ ഷങ്കറിന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘തൽക്കാലം ഞാൻ വിചാരിച്ചാൽ പോലും അങ്ങനെ സാധിക്കില്ല. നിർമാതാക്കൾ മാത്രമല്ല, എന്റെ വീട്ടുകാർ പോലും അതിനു
ബ്രഹ്മാണ്ഡ സിനിമകൾ മാത്രം ചെയ്യുന്നതിനിടയിൽ ഒരു റിലീഫ് എന്ന നിലയ്ക്കെങ്കിലും ചെറിയ ബജറ്റിൽ, കലാമൂല്യമുള്ള ചെറിയ ചിത്രങ്ങളും ചെയ്തുകൂടേ? ഈ ചോദ്യത്തോട് സംവിധായകൻ ഷങ്കറിന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘തൽക്കാലം ഞാൻ വിചാരിച്ചാൽ പോലും അങ്ങനെ സാധിക്കില്ല. നിർമാതാക്കൾ മാത്രമല്ല, എന്റെ വീട്ടുകാർ പോലും അതിനു
ബ്രഹ്മാണ്ഡ സിനിമകൾ മാത്രം ചെയ്യുന്നതിനിടയിൽ ഒരു റിലീഫ് എന്ന നിലയ്ക്കെങ്കിലും ചെറിയ ബജറ്റിൽ, കലാമൂല്യമുള്ള ചെറിയ ചിത്രങ്ങളും ചെയ്തുകൂടേ? ഈ ചോദ്യത്തോട് സംവിധായകൻ ഷങ്കറിന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘തൽക്കാലം ഞാൻ വിചാരിച്ചാൽ പോലും അങ്ങനെ സാധിക്കില്ല. നിർമാതാക്കൾ മാത്രമല്ല, എന്റെ വീട്ടുകാർ പോലും അതിനു സമ്മതിക്കുമെന്നു തോന്നുന്നില്ല. പ്രേക്ഷകരും അതു പ്രതീക്ഷിക്കുന്നില്ല. ഞാൻ ഇഷ്ടപ്പെടുന്ന സിനിമകൾ തന്നെയാണ് ഇപ്പോഴും ചെയ്യുന്നത് എന്നതിനാൽ അതിന്റെ ആവശ്യവുമില്ല.’
രാജമൗലിയുടെ ബാഹുബലിക്കും മുൻപേ ബ്രഹ്മാണ്ഡ സിനിമകളൊരുക്കുകയും വിഷ്വൽ ഇഫക്ട്സിലൂടെ മായാലോകം തീർക്കുകയും ചെയ്ത സംവിധായകനാണു ഷങ്കർ. വലിയ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ദക്ഷിണേന്ത്യൻ സിനിമയെ പ്രാപ്തനാക്കുകയും ഇന്ത്യൻ സിനിമയ്ക്കു തന്നെ പുതിയ വ്യാപാര സാധ്യതകൾ തുറക്കുകയും ചെയ്ത സംവിധായകൻ.
സ്വന്തം സിനിമകളുടെ വലുപ്പവും വ്യാപാരവും വർധിക്കുന്നതിനിടയിലും കലാമൂല്യമുള്ള ചെറിയ ചിത്രങ്ങൾക്കായി മറ്റൊരു പ്ലാറ്റ്ഫോമും അദ്ദേഹം ഒരുക്കി. ‘എസ് പിക്ചേഴ്സ്’ എന്ന സ്വന്തം നിർമാണ കമ്പനിയിലൂടെയായിരുന്നു അത്. തന്റെ അസിസ്റ്റന്റുമാരായിരുന്ന ബാലാജി ശക്തിവേൽ (കാതൽ), വസന്തബാലൻ (വെയിൽ), അറിവഴകൻ (ഈറം) തുടങ്ങി ഒരുപറ്റം യുവ സംവിധായകരെ ഇതുവഴി സിനിമയിലേക്കു കൈപിടിക്കാനും അദ്ദേഹം ശ്രമിച്ചു.
ഒരിടവേളയ്ക്കു ശേഷം മൂന്നു സിനിമകളാണ് ഷങ്കറിന്റേതായി ഒരുങ്ങുന്നത്. സെപ്റ്റംബറിൽ ചിത്രീകരണം തുടങ്ങിയ രാം ചരൺ ചിത്രം, പലകാരണങ്ങൾ ഷൂട്ടിങ് വൈകിയ ഇന്ത്യൻ 2, അടുത്ത വർഷം ഷൂട്ടിങ് തുടങ്ങാനിരിക്കുന്ന അന്യൻ ഹിന്ദി റീമേക്ക് എന്നിവ. ഷങ്കർ രീതിയിലുള്ള വൻബജറ്റ് ചിത്രങ്ങളാണിവയെല്ലാം. അവസാനമിറങ്ങിയ ഐ (2015), 2.0 (2018) എന്നീ ചിത്രങ്ങൾ വിമർശിക്കപ്പെട്ടെങ്കിലും ബോക്സോഫീസിൽ ചലനമുണ്ടാക്കി. സംവിധാനരംഗത്ത് 28 വർഷം പൂർത്തിയാക്കിയ ഷങ്കറിനെ വ്യത്യസ്തനാക്കുന്നത്, വിചിത്രമായ പ്രമേയങ്ങളും ഓരോ സിനിമയ്ക്കായും നടത്തുന്ന അസാധാരണ തയാറെടുപ്പുകളുമാണ്.
നാടകത്തിൽ തുടങ്ങി സിനിമയിലേക്ക്;കൊതിച്ചത് കൊമേഡിയനാകാൻ
ടെക്നിക്കൽ ബ്രില്യൻസ് കൊണ്ടു വിസ്മയിപ്പിക്കുന്ന ഷങ്കർ യഥാർഥത്തിൽ, ഒരു സിനിമാ പശ്ചാത്തലവുമില്ലാതെ നടനാകാൻ കൊതിച്ച് സിനിമയിലെത്തിയയാളാണ്. കോമഡി വേഷങ്ങളോ ചെറിയ കാരക്ടർ വേഷങ്ങളോ ആയിരുന്നു ലക്ഷ്യം. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടിയ ശേഷം ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടറായി ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കാലത്തു നാടകത്തോടു തോന്നിയ താൽപര്യമാണു സിനിമ വരെ എത്തിച്ചത്. എങ്ങനെയും നാടകത്തിൽ അഭിനയിക്കണമെന്ന ആഗ്രഹം സുഹൃത്തിന്റെ സഹായത്തോടെയാണു സഫലമായത്. ആദ്യമായി ലഭിച്ചത് കോമഡി കഥാപാത്രം. കോമഡിയിൽ ടൈമിങ് കണ്ടെത്തിയതോടെ അഞ്ചു വർഷത്തോളം നാടകങ്ങളിൽ ചെറിയ വേഷങ്ങളിൽ തുടർന്നു.
പ്രശസ്ത സംവിധായകൻ എസ്.എ.ചന്ദ്രശേഖറും (നടൻ വിജയ്‌യുടെ പിതാവ്) രജനീകാന്തും വിശിഷ്ടാതിഥികളായി ഒരിക്കൽ നാടകം കാണാനെത്തിയതാണു വഴിത്തിരിവായത്. നാടകത്തിലെ കൊമേഡിയനെ ശ്രദ്ധിച്ച ചന്ദ്രശേഖർ ഏതാനും ദിവസത്തിനു ശേഷം നാടകക്കമ്പനിയുമായി ബന്ധപ്പെട്ട് ഷങ്കറിനെ വിളിപ്പിച്ചു. സിനിമയ്ക്കായി കോമഡി സ്ക്രിപ്റ്റിങ് ചെയ്യാമോ എന്നു തിരക്കാനായിരുന്നു അത്. എഴുത്തിൽ യാതൊരു മുൻപരിചയവും ഇല്ലെങ്കിലും സിനിമയിലേക്കു ചേക്കേറാനുള്ള സുവർണാവസരമെന്ന നിലയിൽ വിട്ടുകളഞ്ഞില്ല.
സ്ക്രിപ്റ്റിങ് അസിസ്റ്റന്റിൽ നിന്നാണു പിന്നീട് അസിസ്റ്റന്റ് ഡയറക്ടറിലേക്കു വളർന്നത്. കരുണാനിധി തിരക്കഥയെഴുതിയ ‘നീതിക്ക് ദണ്ഡനൈ’ എന്ന ചിത്രത്തിലാണ് ആദ്യമായി എസ്.എ. ചന്ദ്രശേഖറിന്റെ അസിസ്റ്റന്റ് ആയത്. അക്കാലത്തെ ഹിറ്റ്മേക്കറായ ചന്ദ്രശേഖറിന് കൈനിറയെ പടങ്ങളായിരുന്നു. വർഷത്തിൽ 5 പടം വരെ അദ്ദേഹം സംവിധാനം ചെയ്യുന്ന കാലമായിരുന്നു അത്. 17 പടങ്ങളിൽ ചന്ദ്രശേഖറിനൊപ്പം ഷങ്കർ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തു. ഇതിൽ മിക്കവാറും സിനിമകളിൽ തലകാണിക്കാനും മറന്നില്ല. പിൽക്കാലത്ത് സംവിധായകനായപ്പോഴും സ്വന്തം സിനിമകളിൽ ഗാനരംഗങ്ങളിലും മറ്റും ഷങ്കറിന്റെ സാന്നിധ്യം കാണാം.
‘സൂര്യനി’ൽ അസോസിയേറ്റ്;പിന്നാലെ ‘ജന്റിൽമാൻ’
ചന്ദ്രശേഖറിന്റെ അസിസ്റ്റന്റ് ആയിരിക്കെ തനിക്കൊപ്പമുണ്ടായിരുന്ന പവിത്രൻ സ്വതന്ത്ര സംവിധായകനായി രണ്ടാമത്തെ ചിത്രമായ ‘സൂര്യൻ’ ഒരുക്കിയപ്പോൾ അസോസിയേറ്റ് ആയി ഷങ്കറും ഒപ്പമുണ്ടായിരുന്നു. മലയാള സിനിമാ വിതരണ, നിർമാണ രംഗത്തുനിന്ന് തമിഴിലേക്കു ചേക്കേറിയ കെ.ടി. കുഞ്ഞുമോൻ ആയിരുന്നു ചിത്രത്തിന്റെ നിർമാണം. പവിത്രന്റെ ആദ്യ ചിത്രം ‘വസന്തകാല പറവൈ’യും നിർമിച്ചത് കെ.ടി. കുഞ്ഞുമോനായിരുന്നു. ‘സൂര്യൻ’ ബ്ലോക്ക് ബസ്റ്റർ ആയതോടെ കെ.ടി. കുഞ്ഞുമോനും തമിഴിൽ മേൽവിലാസമുണ്ടായി.
ഇതിനു പിന്നാലെയാണ് ഷങ്കറും ആദ്യസിനിമയെന്ന സ്വപ്നത്തിലേക്കു നീങ്ങിയത്. കമൽഹാസൻ മുതൽ പല താരങ്ങളോടും ആദ്യചിത്രമായ ‘ജന്റിൽമാന്റെ’ കഥ പറഞ്ഞെങ്കിലും പ്രോജക്ട് എവിടെയുമെത്തിയില്ല. വൻബജറ്റ് വേണ്ടിവരുന്ന കന്നിച്ചിത്രം ഏറ്റെടുക്കാൻ നിർമാതാക്കളും മടിച്ചു. വലിയ നടൻമാർ ഒഴിവാക്കിയപ്പോൾ, സൂര്യനിൽ ഒന്നിച്ചു പ്രവർത്തിച്ച പരിചയത്തിൽ ശരത്കുമാറിനോടും ഷങ്കർ കഥ പറഞ്ഞിരുന്നു.
സൂര്യന്റെ ചിത്രീകരണ വേളയിൽതന്നെ തന്റെ അടുത്ത പടത്തിലും നായകനാകുന്നതിനായി ശരത്കുമാറിന് കുഞ്ഞുമോൻ 25,000 രൂപ അഡ്വാൻസ് നൽകിയിരുന്നു. ‘സൂര്യനു’ പിന്നാലെ ശരത്കുമാറിനെ തന്നെ നായകനാക്കി ‘ഐ ലവ് ഇന്ത്യ’ എന്ന അടുത്ത ചിത്രത്തിലേക്കു പവിത്രൻ നീങ്ങിയെങ്കിലും അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നു കുഞ്ഞുമോൻ പിൻമാറി. നിർമാതാക്കളെ തേടി അലഞ്ഞ ഷങ്കർ കെ.ടി. കുഞ്ഞുമോനെ സമീപിച്ചു. സൂര്യനിൽ അസോസിയേറ്റ് എന്ന നിലയിൽ മികവു തെളിയിച്ച ഷങ്കർ കഥ പറഞ്ഞപ്പോൾ തന്നെ കുഞ്ഞുമോൻ ഒകെ പറഞ്ഞു. 5000 രൂപയാണ് അന്ന് അഡ്വാൻസ് നൽകിയത്.
ശരത്കുമാറിനെയാണ് നായകനായി ആലോചിച്ചതെങ്കിലും പവിത്രന്റെ സിനിമയ്ക്കു വേണ്ടി ശരത്കുമാർ ജന്റിൽമാനിൽ നിന്നു പിൻമാറുകയായിരുന്നു. ഹീറോ ആര് എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ആയിടെ റിലീസ് ചെയ്ത ‘സേവകൻ’ എന്ന സിനിമ ഷങ്കർ കാണാനിടയായത്. അർജുൻ സംവിധാനം ചെയ്ത് മുഖ്യവേഷത്തിൽ അഭിനയിച്ച ചിത്രമായിരുന്നു അത്. ആക്‌ഷൻ ഹീറോ ആയി പേരെടുത്തെങ്കിലും അർജുൻ താരപദവിയിലേക്ക് ഉയർന്നിട്ടില്ലാത്ത സമയം. ജന്റിൽമാനിലെ രണ്ടു ഷേഡുകളുള്ള കൃഷ്ണമൂർത്തി എന്ന നായകൻ അർജുന്റെ കയ്യിൽ ഭദ്രമാകുമെന്ന് അപ്പോഴാണു ഷങ്കറിനു തോന്നിയത്. നിർമാതാവിനും സമ്മതമായതോടെ ചിത്രീകരണത്തിലേക്കു നീങ്ങി. ഏഴു മാസം കൊണ്ടു ജന്റിൽമാൻ ചിത്രീകരണം പൂർത്തിയാക്കി. 1993 ജൂലൈ 30ന് സിനിമ റിലീസ് ചെയ്തു. അർജുന്റെ അതുവരെ കാണാത്ത അവതാരവും എ.ആർ. റഹ്മാന്റെ യുവത്വം തുടിക്കുന്ന സംഗീതവും ജീവയുടെ ഉജ്വലമായ ഛായാഗ്രഹണവുമെല്ലാം ഷങ്കറിന്റെ തീരുമാനങ്ങൾ തെറ്റിയില്ല എന്നു തെളിയിച്ചു. തമിഴ് സിനിമ അമ്പരപ്പോടെ കണ്ടുനിന്ന ഒരു വിജയത്തിന്റെ തുടക്കമായിരുന്നു അത്.
പ്രഭുദേവയെ താരമാക്കിയ ‘കാതലൻ’; രക്ഷയായി ജയലളിതയുടെ ഇടപെടൽ
‘ജന്റിൽമാൻ’ പുറത്തിറങ്ങി ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത സിനിമയ്ക്കുള്ള കഥയെക്കുറിച്ച് ഷങ്കർ ആലോചന തുടങ്ങി. ഒരു യൂത്ത്ഫുൾ പടമായിരുന്നു മനസ്സിൽ. ബോബി, ചെമ്പരത്തി പോലുള്ള പടങ്ങളുടെ സ്റ്റൈലിൽ പാട്ട്, ഡാൻസ്, മ്യൂസിക് എല്ലാം നിറഞ്ഞ ഒരു സെലിബ്രേഷൻ. പ്രത്യേകമായി ഗ്ലാസ് ഫ്രെയ്മിൽ ഒരുക്കിയ ബസ്സിൽ ‘ഉർവസീ ഉർവസീ..’ എന്ന ഗാനമാണ് ചെന്നൈയിലെ പ്രധാന സ്ഥലങ്ങളിലായി ആദ്യം ഷൂട്ട് ചെയ്തത്. ഇതിൽ തുടങ്ങി കൗതുകങ്ങളും പുതുമകളുമായിരുന്നു ചിത്രം നിറയെ.
പൊലീസ് കോൺസ്റ്റബിളിന്റെ മകൻ ഗവർണറുടെ മകളെ പ്രേമിക്കുന്നതായിരുന്നു വൺലൈൻ. തമിഴ്നാട്ടിൽ മുഖ്യമന്ത്രി ജയലളിതയും ഗവർണർ ചന്നറെഡ്ഡിയും തമ്മിൽ രാഷ്ട്രീയ ഏറ്റുമുട്ടൽ അരങ്ങേറുന്ന സമയമായിരുന്നു അത്. ചിത്രം സെൻസറിങ് കഴിഞ്ഞപ്പോൾ, ഏതാനും രംഗങ്ങൾ ഗവർണറെ മോശമായി ചിത്രീകരിക്കുന്നതാണെന്നും ഒഴിവാക്കണമെന്നും ഗവർണറുടെ ഓഫിസിൽ നിന്നു നിർദേശമെത്തി. എന്നാൽ സംവിധായകനും നിർമാതാവുമുൾപ്പെടെ ജയലളിതയെത്തന്നെ സമീപിച്ചു. ജയയ്ക്കായി പ്രത്യേക സ്ക്രീനിങ് നടത്തി. ജയ പച്ചക്കൊടി കാട്ടിയതോടെ ഗവർണർ അപ്രസക്തനായി; കട്ടുകളില്ലാതെ തന്നെ ചിത്രം റിലീസ് ചെയ്തു.
ജന്റിൽമാൻ റിലീസ് ദിവസം തന്നെ ഹിറ്റിലേക്കു കയറിയെങ്കിൽ, കാതലന് ആദ്യവാരം നെഗറ്റീവ് റിവ്യൂസ് ആയിരുന്നു കൂടുതലും. എന്നാൽ മുക്കാബല പോലുള്ള ഗാനങ്ങളിലൂടെ എ.ആർ.റഹ്മാൻ തീർത്ത സംഗീതോത്സവത്തിന്റെ ചിറകിലേറി, യുവപ്രേക്ഷകരുടെ പിന്തുണയിൽ ഒരൊറ്റ ആഴ്ചയ്ക്കു ശേഷം ചിത്രം നടത്തിയ ബോക്സോഫീസ് കുതിപ്പ് അവിശ്വസനീയമായിരുന്നു.
രജനി പോയാൽ കമൽ; പ്രശാന്തിനു പകരം പ്രഭുദേവ
കഥ ആലോചിക്കുമ്പോൾ മനസ്സിൽ കണ്ട താരങ്ങൾ, ഡേറ്റ് പ്രശ്നം മൂലമോ സ്ക്രിപ്റ്റിൽ തൃപ്തി വരാതെയോ പിൻമാറിയതും ആ കഥകൾ പിന്നീട് സൂപ്പർ ഹിറ്റായതുമായ അനുഭവങ്ങൾ ഷങ്കറിന്റെ കിയറിലുടനീളമുണ്ട്. പിൽക്കാലത്ത് തന്റെ മൂന്നു ചിത്രങ്ങളിൽ നായകനായ സൂപ്പർ സ്റ്റാർ രജനീകാന്ത് പോലും ഷങ്കറിന്റെ രണ്ടു സ്ക്രിപ്റ്റുകളോടു തുടക്കത്തിൽ നോ പറഞ്ഞിരുന്നു. ഇന്ത്യനും മുതൽവനുമായിരുന്നു അത്.
കാതലന്റെ തയാറെടുപ്പു സമയത്തു തന്നെ ഷങ്കർ ആലോചിച്ചിരുന്ന കഥയായിരുന്നു ഇന്ത്യന്റേത്. പെരിയ മനുഷ്യൻ എന്ന പേരിൽ രജനീകാന്തിനെ മനസ്സിൽ കണ്ടാണു കഥ ആലോചിച്ചത്. കാതലൻ ഷൂട്ടിങ് നടക്കുന്നതിനിടയിൽ തന്നെ ഷങ്കറും അസിസ്റ്റന്റ് ഗാന്ധി കൃഷ്ണയും രജനീകാന്തിനെ സമീപിച്ച് കഥ അവതരിപ്പിച്ചു. താൻ ചെയ്യുന്നില്ലെന്ന് രജനി അപ്പോൾ തന്നെ വ്യക്തമാക്കി. അതിനു ശേഷമാണു കമൽഹാസനോടു കഥ പറഞ്ഞത്. കമലിന്റെ മറുപടി വൈകിയപ്പോൾ തെലുങ്കിലെ രാജശേഖർ-വെങ്കിടേഷ്, വെങ്കിടേഷ് – നാഗാർജുന എന്നിങ്ങനെയുള്ള താരഫോർമുലകളും അച്ഛൻ–മകൻ കഥാപാത്രങ്ങൾക്കായി ആലോചിച്ചു. ഒടുവിൽ രണ്ടു കഥാപാത്രങ്ങളും താൻ തന്നെ ചെയ്യാമെന്ന നിർദേശത്തോടെ കമൽഹാസൻ ഒകെ പറയുകയായിരുന്നു. കമൽ വന്നതോടെ സ്ക്രിപ്റ്റിലും ചില മാറ്റങ്ങൾ വരുത്തിയാണ് ‘ഇന്ത്യൻ’ എന്ന പേരിൽ ചിത്രീകരിച്ചത്. സമാനമായ രീതിയിൽ മുതൽവനും രജനി ഒഴിവാക്കിയപ്പോൾ അവസരം ലഭിച്ചത് അർജുന്.
കാതലനിലേക്ക് പ്രശാന്തിനെയാണ് ആദ്യം ആലോചിച്ചത്. പിന്നീട് പ്രഭുദേവയിലേക്കെത്തി. എന്നാൽ ഇതേ പ്രഭുദേവയെ നിശ്ചയിച്ച ‘ജീൻസി’ലേക്ക് പ്രശാന്ത് എത്തിയെന്ന കൗതുകവുമുണ്ട്. ഡാൻസ് രംഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന പ്രഭുദേവയ്ക്ക് ബ്രേക്ക് ആയത് സൂര്യനിലെ ‘ലലാക്കു ഡോൾ ഡപ്പിമാ’ എന്ന ഗാനമാണ്. ജന്റിൽമാനിൽ ‘ചിക്ബുക് ചിക്ബുക് റയിലേ’ എന്ന ഗാനരംഗത്തും പ്രഭുദേവ തിളങ്ങിയിരുന്നു. പവിത്രന്റെ സംവിധാനത്തിൽ ‘ഇന്ദു’ എന്ന ചിത്രത്തിൽ നായകനായതിനു തൊട്ടുപിന്നാലെയാണ് പ്രഭുദേവ കാതലനിൽ എത്തിയത്. ‘ഇന്ദു’വിലേക്ക് പ്രഭുദേവയെ നിർദേശിച്ചവരിലൊരാൾ ഷങ്കറാണ്.
കാതലനിൽ പ്രഭുദേവയെ അഭിനയിപ്പിക്കാൻ ഷങ്കറിനു പിന്തുണ നൽകിയതാകട്ടെ നിർമാതാവ് കെ.ടി. കുഞ്ഞുമോനും. 1994ൽ ‘ഇന്ദു’ ആദ്യമെത്തിയപ്പോൾ മാസങ്ങളുടെ ഇടവേളയിൽ ‘കാതലനു’മെത്തി. ഇന്ദു ബോക്സോഫീസ് വിജയം നേടാതെ പോയ ആശങ്കയിലായിരുന്നു പ്രഭുദേവ. അന്ന് ഡബ്ബിങ് കലാകാരൻ കൂടിയായിരുന്ന വിക്രമാണ് കാതലനിൽ പ്രഭുദേവയ്ക്കു ശബ്ദം നൽകിയത്. മാധുരി ദീക്ഷിതിനെയാണ് കാതലനിലെ നായികയായി നിശ്ചയിച്ചത്. അവരുടെ ഡേറ്റ് ലഭിക്കാതെ വന്നപ്പോഴാണു നഗ്‌മയെ അവതരിപ്പിച്ചത്. ഏതാണ്ട് ഇതുപോലെ ‘അന്യനി’ലെ നായികയായി ആദ്യം സിമ്രാനെയാണു തീരുമാനിച്ചത്. അവർ പിൻമാറിയതോടെ അസിനെ സമീപിച്ചെങ്കിലും ഒടുവിൽ സദയ്ക്കാണ് ആ വേഷം ലഭിച്ചത്.
‘മുതൽവൻ’ ഒഴിവാക്കിയ വിജയ്;എന്തുകൊണ്ട് ‘നൻപൻ’?
മുതൽവനിലേക്ക് ഒരു ഘട്ടത്തിൽ ഷങ്കർ ആലോചിച്ചത് വിജയ്‌യെ ആയിരുന്നു. വിജയ്‌യുടെ പിതാവും ഷങ്കറിന്റെ ഗുരുവുമായ എസ്.എ. ചന്ദ്രശേഖറിനോട് കഥ ചർച്ച ചെയ്തപ്പോൾ ആ സമയത്ത് ആ കഥ വിജയ്‌ക്ക് ചേരില്ലെന്നു ചന്ദ്രശേഖർ പറഞ്ഞതിനാൽ പിൻമാറുകയായിരുന്നു. വിജയ് പിന്നീട് ഷങ്കറിനൊപ്പം എത്തിയത് ‘നൻപൻ’ എന്ന ചിത്രത്തിലാണ്. മറ്റൊരു ഭാഷയിലെ സിനിമ ഷങ്കർ ആദ്യമായി റീമേക്ക് ചെയ്ത അനുഭവമായിരുന്നു നൻപൻ (ത്രി ഇഡിയറ്റ്സ്). എന്തുകൊണ്ട് ഒരു റീമേക്ക് ചിത്രം എന്ന ചോദ്യമാണ് ഈ ചിത്രത്തെക്കുറിച്ച് ഷങ്കർ ഏറ്റവുമധികം നേരിട്ടത്. അതിന്റെ പിന്നിലാകട്ടെ മറ്റൊരു കഥയാണ്. എന്തിരന്റെ ഷൂട്ടിങ് പുണെയിൽ നടക്കുമ്പോൾ ഹൈവേയിൽ ചിത്രീകരണത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് ഒരു ദിവസം അപ്രതീക്ഷിതമായി ഷൂട്ടിങ് മുടങ്ങി. രജനീകാന്ത് ഉൾപ്പെടെ മുന്നൂറിലധികം ആർട്ടിസ്റ്റുകൾ തയാറായി നിൽക്കുമ്പോഴായിരുന്നു അത്.
സംവിധാനത്തിൽ ഇത്രയേറെ അനുഭവമുള്ള ഷങ്കർ അന്ന് പതിവിലേറെ അസ്വസ്ഥനായി. മനസ്സു തണുപ്പിക്കാൻ ഏതെങ്കിലുമൊരു സിനിമ കാണാമെന്നു നിശ്ചയിച്ചു. അങ്ങനെ അവിചാരിതമായി അന്ന് അവിടെയൊരു തിയറ്ററിൽ കണ്ട ചിത്രമാണ് ത്രി ഇഡിയറ്റ്സ്. പ്രത്യേകിച്ച് ഒരു കണക്കുകൂട്ടലുമില്ലാതെ കണ്ട ചിത്രം ഷങ്കറിനെ പൊട്ടിച്ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. സിനിമ കണ്ടിറങ്ങിയപ്പോൾ ഷൂട്ടിങ് സംബന്ധമായി മനസ്സിലുണ്ടായിരുന്ന അസ്വസ്ഥതകളെല്ലാം മാറി മനസ്സ് ശാന്തമായെന്നാണു ഷങ്കർ പിന്നീട് പറഞ്ഞത്. ആ ആഹ്ലാദകരമായ അനുഭവം തമിഴ് പ്രേക്ഷകർക്കു കൂടി നൽകണമെന്ന തോന്നൽ അന്നുതൊട്ടേ മനസ്സിലുറച്ചു. അതിന്റെ ഫലമായിരുന്നു നൻപൻ. വിജയ്ക്കും ഇതിലെ കഥാപാത്രം ഒരു ചേഞ്ച് ആകുമെന്ന തോന്നലിലായിരുന്നു കാസ്റ്റിങ്.
എല്ലാ ഷോട്ടും മുൻകൂട്ടി തീരുമാനിക്കും;ലൊക്കേഷനിൽ സ്ക്രിപ്റ്റ് തിരുത്തലില്ല
കെ. ബാലചന്ദറിനു ശേഷം താൻ കണ്ടിട്ടുള്ള ഏറ്റവും പവർഫുൾ സംവിധായകൻ എന്നാണ് രജനീകാന്ത് ഷങ്കറിനെക്കുറിച്ചു പറഞ്ഞത്. സംവിധാനത്തിൽ ഷങ്കറിന്റെ കമാൻഡിങ് അത്രയേറെയാണ്. ഓരോ സിനിമയ്ക്കായും നടത്തുന്ന കഠിനമായ മുന്നൊരുക്കങ്ങളാണു മറ്റൊരു സവിശേഷത.
തയാറെടുപ്പുകളുടെ കാര്യത്തിൽ യുവസംവിധായകരെപ്പോലും പിന്നിലാക്കും ഷങ്കർ. ഒരു ദിവസത്തെ ഷൂട്ടിങ് പൂർത്തിയായാൽ അടുത്ത ദിവസത്തേക്കുള്ള സ്ക്രിപ്റ്റ് വായിച്ചു നോക്കി ഫൈനലാക്കി, ഷോട്ട് ഡിവിഷൻ ഉൾപ്പെടെ നടത്തി, പകർത്തിയെഴുതിയ ശേഷം മാത്രമേ വിശ്രമിക്കുവാൻ പോലും പോവുകയുള്ളൂ. പലപ്പോഴും ഇതു പുലർച്ച വരെ നീളും. ആശയക്കുഴപ്പം തോന്നിയാൽ തലേന്നു തന്നെ ഷൂട്ടിങ് സ്പോട്ടിലെത്തി ഷോട്ടുകളെക്കുറിച്ചും ക്യാമറ ആംഗിളിനെക്കുറിച്ചുമെല്ലാം ധാരണ വരുത്തി നോട്ട് കുറിച്ചുവയ്ക്കും. ലോങ്, വൈഡ്, ക്ലോസപ് ഉൾപ്പെടെ എല്ലാ ഷോട്ടുകളും മുൻകൂട്ടി തീരുമാനിക്കും. എത്ര സജഷൻ ഷോട്ട് എന്നതു പോലും കുറിച്ചുവെച്ചിട്ടുണ്ടാകും. ഷൂട്ടിങ് ആരംഭിച്ചാൽ ഇതിൽ അണുകിട മാറ്റം വരുത്തില്ല.
അസിസ്റ്റന്റ് ഡയറക്ടർമാക്ക് കൃത്യമായ ചുമതലകൾ നൽകും. അവരോട് ക്ഷോഭിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്യുന്നത് അദ്ദേഹത്തിന്റെ രീതിയല്ല. നീരസമുണ്ടായാൽ മുഖത്തു നിന്നു തന്നെ അതു വ്യക്തമാകും. അഭിനേതാക്കളോടും ഇതേ രീതിയാണ്. അവരുടെ ഈഗോ ഭംഗപ്പെടുത്തുന്ന ഒന്നും ചെയ്യാതിരിക്കാൻ ശ്രദ്ധിക്കും. വൈകി എത്തിയാൽ പോലും മുഷിച്ചിൽ കാണിക്കാറില്ല. അഭിനയത്തിൽ പോരായ്മയുണ്ടെങ്കിൽ അടുത്തുചെന്ന് വിശദീകരിച്ചു കൊടുക്കും. നടീനടൻമാരെ മോട്ടിവേറ്റ് ചെയ്ത് പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിലും പ്രത്യേക വൈദഗ്ധ്യമുണ്ട്. ഷങ്കർ കഥ പറയുന്നതിനെക്കുറിച്ച് രജനിയും വിക്രമും ഉൾപ്പെടെ പലരും വിവരിച്ചിട്ടുണ്ട്. കഥ പറഞ്ഞു മുന്നേറുമ്പോൾ എഴുന്നേറ്റു നിന്നും നടന്നും അഭിനയിച്ചു കാണിച്ചും ഏകാംഗ പ്രകടനമായി അതു മാറും. സിനിമ കണ്ട പോലെ തോന്നുമെന്നാണു ‘ശിവാജി’യുടെ കഥ പറഞ്ഞതിനെക്കുറിച്ച് രജനീകാന്ത് വിശേഷിപ്പിച്ചത്.
സ്ക്രിപ്റ്റ് ചർച്ചകൾക്കിടെ നല്ല നിർദേശം നൽകിയാൽ സന്തോഷസൂചകമായി ഉടൻ 500 രൂപ സമ്മാനം നൽകുന്നതിനെക്കുറിച്ച് വസന്ത ബാലൻ ഉൾപ്പെടെയുള്ള അസിസ്റ്റന്റുമാർ പറഞ്ഞിട്ടുണ്ട്. സ്ക്രിപ്റ്റ് എഴുതുമ്പോൾ ഒരു സീനിലെ ഇമോഷൻ ശരിയായി വന്നില്ലെങ്കിൽ പോലും ഉറക്കം നഷ്ടപ്പെടും. ചിലപ്പോൾ ഡയലോഗ് വേണ്ടത്ര ശരിയായില്ലെന്നായിരിക്കും ആധി. കഥയിൽ ലോജിക്കൽ പ്രശ്നങ്ങൾ വരുമ്പോഴാണ് ഏറ്റവുമധികം അസ്വസ്ഥനാവുക. പിന്നെ അതിനെക്കുറിച്ചു മാത്രമാകും ചിന്ത. അതു പലപ്പോഴും ദിവസങ്ങളോളം നീളും.
വൈരമുത്തുവിന്റെയും മറ്റും വരികളിലെ കാൽപനിക രൂപകങ്ങൾ അക്ഷരാർഥത്തിൽ എങ്ങനെ ആവിഷ്കരിക്കാമെന്ന വന്യമായ ചിന്തകളും ഷങ്കർ ആസ്വദിക്കുന്നവയാണ്. ഭാവന കാടുകയറുന്ന ഇത്തരം സന്ദർഭങ്ങളിലാണ് കംപ്യൂട്ടർ ഗ്രാഫിക്സിലേക്ക് ആലോചനകൾ നീളുന്നത്. വിഷ്വൽ ഇഫക്ട്സിനു വേണ്ടി കഥകൾ ആലോചിക്കാറില്ല; അതേസമയം, ക്രിയേറ്റീവായി ആലോചിക്കുമ്പോൾ അതിന് അതിരുകളും നിശ്ചയിക്കാറില്ല.
തിരക്കഥ പ്രധാനം; ഡയലോഗ് എഴുതാൻ സാഹിത്യകാരൻമാർ
സ്പെഷൽ ഇഫക്ട്സും വിഎഫ്എക്സുമെല്ലാം സമൃദ്ധമായി ഉപയോഗിക്കുമ്പോഴും കഥയിലെ വൈകാരികത ചോർന്നുപോകാതിരിക്കാൻ ഷങ്കർ എപ്പോഴും ശ്രദ്ധിക്കും. അവസാന രണ്ടു ചിത്രങ്ങളിൽ വിമർശനങ്ങൾക്കിടയാക്കിയതും കഥയിൽ സംഭവിച്ച ഈ വീഴ്ചയാണ്. സാഹിത്യകാരൻമാരോടു വലിയ ആദരവു പുലർത്തുന്ന ഷങ്കർ സംഭാഷണമെഴുതാൻ ആദ്യചിത്രം മുതൽ തമിഴ് സാഹിത്യത്തിലെ മുൻനിരക്കാരെ തന്നെയാണു സമീപിച്ചിട്ടുള്ളത്. ജന്റിൽമാനിലും കാതലനിലും തമിഴിലെ മുൻനിര എഴുത്തുകാരൻ ബാലകുമാരനാണ് സംഭാഷണം രചിച്ചത്. തുടർന്ന് സുജാത എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എസ്. രംഗരാജനും പിന്നീട് ജയമോഹനും സംഭാഷണ രചനയിൽ പങ്കാളിയായി.
തിരക്കഥ പൂർണമായി പറഞ്ഞ് റെക്കോർഡ് ചെയ്ത് സുജാതയ്ക്കു കൈമാറുകയായിരുന്നു രീതി. അദ്ദേഹം അതുകേട്ടശേഷം തിരുത്തുകൾ നിർദേശിക്കുകയും സംഭാഷണങ്ങൾ ചേർക്കുകയും ചെയ്തു. നാടകകാലത്തും സ്ക്രിപ്റ്റിങ് സഹായിയായിരിക്കുമ്പോഴും കോമഡിയിൽ നേടിയ വഴക്കം ഷങ്കർ പിന്നീട് തന്റെ സിനിമകളിലും ഉപയോഗപ്പെടുത്തി. അന്യനിലും ശിവാജിയിലും വിവേക് അവതരിപ്പിച്ച കഥാപാത്രത്തിന്റെ രസകരമായ പല പ്രയോഗങ്ങളും ഷങ്കർ തന്നെ എഴുതിയവയാണ്. സംഭാഷണം എഴുതുമ്പോൾ അത്തരം ഭാഗങ്ങൾ ഷങ്കറിന് എഴുതാനായി മാറ്റിവയ്ക്കുകയായിരുന്നു സുജാതയും മറ്റും ചെയ്തിരുന്നത്.
എഴുത്തുകാരെ ഏറെ ബഹുമാനിക്കുന്ന ഷങ്കർ അസിസ്റ്റന്റുമാരായി വരുന്നവരിൽ ഏറ്റവുമധികം പരിശോധിക്കുന്നതും ക്രിയേറ്റീവ് എഴുത്തിലുള്ള കഴിവാണ്. ഓരോ സിനിമ ഒരുക്കുമ്പോഴും സാമൂഹിക വിഷയങ്ങളിലെ തന്റെ കാഴ്ചപ്പാടുകളും അനുഭവങ്ങളും കഥയിൽ ചേർക്കാൻ ഷങ്കർ ശ്രമിക്കാറുണ്ട്. അഴിമതിയോടുള്ള എതിർപ്പ് ആദ്യകാല സിനിമകളുടെ മുഖ്യപ്രമേയമായിരുന്നു. പോളി ടെക്നിക് പഠനം കഴിഞ്ഞ് എൻജിനീയറിങ് ഡിഗ്രി ചെയ്യുന്നതിനു ശ്രമിച്ചിട്ടും നടക്കാതെ പോയ കാലത്തെ സ്വന്തം അനുഭവങ്ങളിൽ ചിലതും ആദ്യ ചിത്രമായ ജന്റിൽമാനിൽ ചേർത്തിട്ടുണ്ട്.
സിനിമാ തിരക്കുകൾക്കിടെ വിവാഹം; റഹ്മാനു പകരം ഹാരിസ് ജയരാജ്
അസിസ്റ്റന്റായിരിക്കെ ചെറിയ അപാർട്മെന്റിൽ താമസിച്ചിരുന്ന ഷങ്കറിന് ജന്റിൽമാന്റെ വിജയത്തിനു പിന്നാലെ നിർമാതാവ് കെ.ടി. കുഞ്ഞുമോനാണു പുതിയ ഫ്ലാറ്റ് സമ്മാനിച്ചത്. ആദ്യ സിനിമ ചിത്രീകരിക്കുമ്പോൾ സെറ്റിലെ അംബാസഡർ കാറിൽ അസിസ്റ്റന്റുമാർക്കൊപ്പം ഞെരുങ്ങിയായിരുന്നു അദ്ദേഹത്തിന്റെ യാത്രകളെല്ലാം. കാതലൻ റിലീസ് ചെയ്ത ഉടനെയായിരുന്നു ഷങ്കറിന്റെ വിവാഹം. കല്യാണം കഴിഞ്ഞ് ദിവസങ്ങൾക്കകം ഇന്ത്യന്റെ പ്രീ പ്രൊഡക്ഷൻ തിരക്കുകളിലേക്കു നീങ്ങി. ആദ്യത്തെ കുഞ്ഞ് ജനിക്കുമ്പോൾ ഡൽഹിയിൽ ഇന്ത്യന്റെ ലൊക്കേഷനിലായിരുന്നു ഷങ്കർ. ആദ്യ രണ്ടു പടവും കെ.ടി. കുഞ്ഞുമോനാണു നിർമിച്ചതെങ്കിൽ മൂന്നാമത്തെ ചിത്രം ‘ഇന്ത്യൻ’ എ.എം. രത്നത്തിനൊപ്പമാണു ചെയ്തത്.
മുതൽവനാകട്ടെ സ്വന്തം പ്രൊഡക്ഷനായിരുന്നു. ഷങ്കർ സിനിമകളുടെ വിജയത്തിൽ നിർണായക ഘടകമാണ് എ.ആർ. റഹ്മാന്റെ സംഗീതം. എന്നാൽ 2005ൽ റിലീസ് ചെയ്ത അന്യനിൽ ഹാരിസ് ജയരാജ് വന്നത് ആരാധകരെ ഞെട്ടിച്ചിരുന്നു. റഹ്മാൻ വിദേശ സംഗീത പ്രോജക്ടുകളുമായി തിരക്കിലായപ്പോഴായിരുന്നു അത്. എങ്കിലും പതിവുപോലെ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റായി. ആൻഡ്രിയ, നകുൽ എന്നിവർ ആദ്യമായി പാടിയത് അന്യനിലാണ്. ചിക് ബുക് റയിലേ പാട്ടിലെ കുട്ടിസ്വരമായിരുന്ന ജി.വി. പ്രകാശ് കുമാർ മുതിർന്നശേഷം ആദ്യമായി പാടിയതും അന്യനിലാണ്. അന്യനു ശേഷം നൻപനിലും ഷങ്കറിനൊപ്പം ഹാരിസ് എത്തി.
മഹാബലിപുരത്ത് ഒരുക്കിയ തിരുവയ്യാർ സംഗീതോൽസവം
ഷങ്കർ സിനിമയിൽ വിസ്മയങ്ങളാണു പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ജന്റിൽമാനിലെ ചിക് ബുക് ഗാനരംഗത്തിലൂടെയായിരുന്നു ഷങ്കറിന്റെ ഗ്രാഫിക്സ് പരീക്ഷണങ്ങളുടെ തുടക്കവും. തമിഴിൽ അക്കാലത്ത് പ്രശസ്തനായിരുന്ന വെങ്കിയായിരുന്നു ജന്റിൽമാനിലും കാതലനിലുമെല്ലാം സ്പെഷൽ ഇഫക്ട്സ് ഒരുക്കിയത്. പിൽക്കാലത്ത് എന്തിരൻ, ഐ പോലുള്ള സിനിമകൾക്കായി രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധരെത്തന്നെ ഷങ്കർ അണിനിരത്തി.
സീനുകളിലെ റിച്നസിനു വേണ്ടി ഏതറ്റം വരെയും പോകുന്ന സംവിധായകനാണു ഷങ്കർ. അന്യൻ എന്ന സിനിമയ്ക്കു വേണ്ടി തിരുവയ്യാറിലെ സംഗീതോൽസവം അവിടെ ചിത്രീകരിക്കാൻ അനുമതി ലഭിക്കാതെ വന്നതോടെ മഹാബലിപുരത്ത് സാബു സിറിലിന്റെ നേതൃത്വത്തിൽ സെറ്റിട്ടു ചിത്രീകരിച്ചത് അവിശ്വസനീയമായിരുന്നു. അന്യനിലെ ഗാനരംഗത്തിനു വേണ്ടി തെങ്കാശിക്കു സമീപം സുന്ദരപാണ്ഡ്യപുരത്ത് പാറയിൽ രജനി, കമൽ, എംജിആർ പെയിന്റിങ്ങുകൾ ചെയ്തതും തെരുവു മുഴുവൻ ചായം പൂശിയതുമെല്ലാം ഷങ്കറിന്റെ സിനിമകളിൽ മാത്രം പ്രതീക്ഷിക്കാവുന്ന കാര്യങ്ങളാണ്. സാബു സിറിലിനൊപ്പം എന്തിരനിലും ഇതേ മാജിക് ആവർത്തിച്ചു. പിന്നീട് ഐ ഉൾപ്പെടെ പല പടങ്ങളിലും ചെയ്ത പ്രോസ്തെറ്റിക് മേക്കപ്പിലെ പരീക്ഷണങ്ങളുടെ തുടക്കമാകട്ടെ ഇന്ത്യനിലായിരുന്നു.