ആ കഥ കമലിന് ഇഷ്ടപ്പെട്ടില്ല, ഈ കഥ തിരുത്തിയതുമില്ല; ലോകേഷ് താണ്ടിയ വഴികൾ
സിനിമയോടുള്ള പ്രണയവും കമൽഹാസനോടുള്ള പ്രിയവും കണ്ട് നാട്ടിലെ കസെറ്റ് കടക്കാരൻ 100 രൂപയ്ക്കു നൽകിയ മൂന്നു വിഡിയോ കസെറ്റുകൾ. സത്യ, ടിക് ടിക് ടിക്, വിക്രം... മൂന്നും കമൽഹാസൻ സിനിമകൾ. ഇതിൽ ‘വിക്രം’ ആകട്ടെ താൻ ജനിച്ച 1986ൽ റിലീസ് ചെയ്ത ചിത്രവും. ഏജന്റ് വിക്രം എന്ന കഥാപാത്രമായി കമൽഹാസൻ രംഗത്തുവന്ന സിനിമ.
സിനിമയോടുള്ള പ്രണയവും കമൽഹാസനോടുള്ള പ്രിയവും കണ്ട് നാട്ടിലെ കസെറ്റ് കടക്കാരൻ 100 രൂപയ്ക്കു നൽകിയ മൂന്നു വിഡിയോ കസെറ്റുകൾ. സത്യ, ടിക് ടിക് ടിക്, വിക്രം... മൂന്നും കമൽഹാസൻ സിനിമകൾ. ഇതിൽ ‘വിക്രം’ ആകട്ടെ താൻ ജനിച്ച 1986ൽ റിലീസ് ചെയ്ത ചിത്രവും. ഏജന്റ് വിക്രം എന്ന കഥാപാത്രമായി കമൽഹാസൻ രംഗത്തുവന്ന സിനിമ.
സിനിമയോടുള്ള പ്രണയവും കമൽഹാസനോടുള്ള പ്രിയവും കണ്ട് നാട്ടിലെ കസെറ്റ് കടക്കാരൻ 100 രൂപയ്ക്കു നൽകിയ മൂന്നു വിഡിയോ കസെറ്റുകൾ. സത്യ, ടിക് ടിക് ടിക്, വിക്രം... മൂന്നും കമൽഹാസൻ സിനിമകൾ. ഇതിൽ ‘വിക്രം’ ആകട്ടെ താൻ ജനിച്ച 1986ൽ റിലീസ് ചെയ്ത ചിത്രവും. ഏജന്റ് വിക്രം എന്ന കഥാപാത്രമായി കമൽഹാസൻ രംഗത്തുവന്ന സിനിമ.
സിനിമയോടുള്ള പ്രണയവും കമൽഹാസനോടുള്ള പ്രിയവും കണ്ട് നാട്ടിലെ കസെറ്റ് കടക്കാരൻ 100 രൂപയ്ക്കു നൽകിയ മൂന്നു വിഡിയോ കസെറ്റുകൾ. സത്യ, ടിക് ടിക് ടിക്, വിക്രം... മൂന്നും കമൽഹാസൻ സിനിമകൾ. ഇതിൽ ‘വിക്രം’ ആകട്ടെ താൻ ജനിച്ച 1986ൽ റിലീസ് ചെയ്ത ചിത്രവും. ഏജന്റ് വിക്രം എന്ന കഥാപാത്രമായി കമൽഹാസൻ രംഗത്തുവന്ന സിനിമ. ആവേശത്തോടെ പലകുറി കണ്ട ആ സിനിമയിലെ കഥാപാത്രത്തെയും അതേ നായകനെയും കേന്ദ്രമാക്കി അതേ പേരിൽ മൂന്നു പതിറ്റാണ്ടിനിപ്പുറം മറ്റൊരു സിനിമയൊരുക്കിയത് അന്നത്തെ ആ പയ്യനാണ് - ലോകേഷ് കനകരാജ്! ഉലകനായകന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ച റിയൽ ഫാൻ ബോയ്.
സ്ക്രിപ്റ്റ് വായിച്ച് കമൽ പറഞ്ഞു: ‘ഇതു നിങ്ങളുടെ വേൾഡ്..’
ബാല്യ, കൗമാര കാലങ്ങളിൽ കണ്ട എണ്ണമറ്റ കമൽഹാസൻ ചിത്രങ്ങളിലൂടെ കടുത്ത കമൽ ആരാധകനായി മാറിയ ലോകേഷിന് ആ സിനിമകളിൽ പലതും ഹൃദിസ്ഥമാണ്. കമൽ എന്ന നായകനെയും സംവിധായകനെയും ഒരുപോലെ പ്രിയം. ‘സത്യ’യാണ് തന്നെ ഏറ്റവും സ്വാധീനിച്ച കമൽ ചിത്രമെന്നു ലോകേഷ് എപ്പോഴും പറയാറുണ്ട്. മറ്റൊന്ന് ‘വിരുമാണ്ടി’. തമിഴ് സിനിമയിൽ ആക്ഷൻ രംഗങ്ങൾക്കു പുതിയൊരു ഭാവം സമ്മാനിച്ചത് കമൽഹാസനാണെന്ന കാര്യത്തിൽ ലോകേഷ് കനകരാജിനു സംശയമില്ല.
ആക്‌ഷൻ സിനിമകളെ പ്രണയിക്കുന്ന ലോകേഷ് സംവിധായകനായി അരങ്ങേറിയപ്പോഴും തന്റെ ആരാധനാപാത്രമായ കമൽഹാസനെ നായകനാക്കി ഒരു സിനിമ ആലോചനകളിലൊന്നും ഉണ്ടായിരുന്നില്ല. ഹാട്രിക് ഹിറ്റുകൾ ഒരുക്കിയപ്പോൾ പോലും (മാനഗരം, കൈതി, മാസ്റ്റർ) അടുത്ത സിനിമയിലെ നായകൻ അദ്ദേഹമാകുമെന്നും പ്രതീക്ഷിച്ചില്ല. ഒരുപിടി ത്രെഡുകൾ എപ്പോഴും മനസ്സിൽ കൊണ്ടുനടക്കുന്ന താൻ കമൽസാറിനു പറ്റിയ ഒരു കഥപോലും സൂക്ഷിച്ചില്ലല്ലോ എന്നോർത്ത് വിഷമിച്ചത് അപ്രതീക്ഷിതമായി അദ്ദേഹത്തെ സംവിധാനം ചെയ്യാനുള്ള അവസരം മുന്നിൽവന്നപ്പോഴാണ്.
കമലിന്റെ കമ്പനി രാജ്കമൽ ഇന്റർനാഷനലിന്റെ നിർമാണത്തിൽ മറ്റൊരു നടനെ നായകനാക്കി ചിത്രം ചെയ്യാൻ ഓഫർ ലഭിച്ചിരുന്നു. അതിനിടയിലാണ് ആദ്യ കോവിഡ് തരംഗത്തിനു പിന്നാലെ കമൽഹാസൻ നേരിട്ടു ലോകേഷിനെ വിളിച്ചത്. നമുക്കൊരു സിനിമ ചെയ്യാം, നേരിൽ കാണണം എന്നു പറഞ്ഞു. തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ അലച്ചിലുകളിൽ നിന്ന് കമൽ അൽപമൊന്നു ഫ്രീയായ സമയമായിരുന്നു അത്.
മനസ്സിലുണ്ടായിരുന്ന പഴയൊരു കഥ കമലിനെ വച്ച് ചെയ്യാവുന്ന വിധം ആലോചിച്ചു. കമൽ സർ ഒകെ പറഞ്ഞാൽ ഡവലപ് ചെയ്യാം എന്നായിരുന്നു കരുതിയത്. 2020 ഓഗസ്റ്റിലാണ് ആദ്യമായി കമലിനോടു കഥ പറയുന്നത്. താൻ പറഞ്ഞ ഐഡിയ ഇഷ്ടമായെങ്കിലും അദ്ദേഹത്തിന്റെ മുഖത്ത് ഒരു തൃപ്തിക്കുറവുപോലെ ലോകേഷിനു തന്നെ തോന്നി. മറ്റൊരു വിഷയം സംസാരിക്കുന്നതിനിടെ ലോകേഷ് തന്നെയാണ് ഒരു ആരാധകന്റെ കൗതുകത്തോടെയും സ്വാതന്ത്ര്യത്തോടെയും തുറന്നു ചോദിച്ചത്: ‘സാർ ചെയ്യാത്ത, ചെയ്യണമെന്ന് ആഗ്രഹിച്ച എന്തെങ്കിലുമുണ്ടോ’ എന്ന്. നിറയെ ഉണ്ട് എന്നായിരുന്നു കമലിന്റെ മറുപടി.
തുടർന്ന് അദ്ദേഹം കുറെക്കാര്യങ്ങൾ പങ്കുവച്ചു. തന്റെ മനസ്സിലെ ഒരു കാരക്ടർ ആർക്കിനെക്കുറിച്ചു വിശദീകരിച്ചു. ചെയ്യണമെന്നുണ്ടായിരുന്നു, പക്ഷേ പലകാരണങ്ങളാൽ നടന്നില്ല എന്നു പറഞ്ഞു. ‘വിക്രം’ എന്ന 1986ൽ ഇറങ്ങിയ സിനിമയ്ക്കായി യഥാർഥത്തിൽ മറ്റൊരു നരേഷനാണ് ആലോചിച്ചിരുന്നത്, അന്നത് ആർക്കും മനസ്സിലായില്ല, അതോടെ ഉപേക്ഷിച്ചു. തന്റെ പ്രിയ കഥാപാത്രത്തെക്കുറിച്ച്, കമൽ തന്നെ പറയുന്നതുകേട്ട ആവേശത്തിൽ, ഈ കഥാപാത്രത്തെ വച്ച് താനൊരു കഥ ആലോചിക്കയ്ട്ടേ എന്നു ലോകേഷ് ചോദിച്ചു. ഷുവർ എന്നായിരുന്നു കമലിന്റെ മറുപടി. എത്രനാളെടുക്കും എന്നു മാത്രമാണ് അദ്ദേഹം തിരക്കിയത്.
മൂന്നു മാസം കൊണ്ട് കഥയായി. എന്നാൽ ഇന്റർവെൽ, ക്ലൈമാക്സ് - ഇതു രണ്ടും ആലോചിക്കുമ്പോൾ ഒരു റൈറ്റിങ് ബ്ലോക്ക് അനുഭവപ്പെട്ടു. തന്റെ സുഹൃത്തും സംവിധായകനും (മേയാത മാൻ, ആടൈ) മുൻ സിനിമകളിലെ സഹ സംഭാഷണരചയിതാവുമായ രത്നകുമാറിനെയും കൂട്ടി പോണ്ടിച്ചേരിയിലേക്കു പോയി. അവിടെ വച്ചാണ് ഇരുവരും ചർച്ച ചെയ്ത് പുതിയ ‘വിക്രം’ എഴുതി പൂർത്തിയാക്കിയത്.
ബൗണ്ട് സ്ക്രിപ്റ്റ് വേണമെന്നു കമൽ ആവശ്യപ്പെട്ടിരുന്നു. ആറു മാസം കൊണ്ട് നരേഷൻ ഉൾപ്പെടെ ഫുൾ സ്ക്രിപ്റ്റ് റെഡിയാക്കി. സ്ക്രിപ്റ്റ് കമൽഹാസനു കൈമാറുമ്പോൾ, സാറിനു തോന്നുന്ന തിരുത്തലുകൾ അതിൽ തന്നെ കുറിച്ചിടണമെന്നും പറഞ്ഞു. സ്ക്രിപ്റ്റ് ഒകെ ആകുമോ എന്നായിരുന്നു ആകാംക്ഷ. തിരക്കൊഴിഞ്ഞ് മൂന്നാം ദിവസം രാത്രിയാണ് അദ്ദേഹം വിളിച്ചത്. സ്ക്രിപ്റ്റ് വായിച്ചു, ഫോണിൽ സംസാരിക്കണോ നേരിൽ കാണണോ എന്നു ചോദിച്ചു. പിറ്റേന്നു രാവിലെ കാണാമെന്നു തീരുമാനിച്ചു.
കമൽ സാർ കാര്യമായ തിരുത്തലുകൾ പറയുമെന്നെല്ലാം നേരത്തേതന്നെ കേട്ടിരുന്നതിനാൽ തയാറെടുപ്പോടെയാണു ലോകേഷ് കൂടിക്കാഴ്ചയ്ക്കു ചെന്നത്. എത്രയോ വർഷത്തെ സിനിമാ അനുഭവമുള്ള ഒരാൾ, നടൻ എന്നതിനുപരി സംവിധായകൻ എന്ന നിലയിൽകൂടി തന്റെ ആരാധനാപാത്രമായ വ്യക്തി എന്തു മാറ്റം നിർദേശിച്ചാലും അത് സ്വീകരിക്കാൻ ലോകേഷ് റെഡിയുമായിരുന്നു. അത് സിനിമയുടെ നല്ലതിനായിരിക്കുമെന്ന വിശ്വാസം തന്നെ കാരണം.
എന്നാൽ, സ്ക്രിപ്റ്റ് കയ്യിൽ കൊടുത്ത് കമൽഹാസൻ പറഞ്ഞു: ‘ചില കഥകൾ എടുത്തു കാണിച്ചാലേ മനസ്സിലാകൂ. ഇതു നിങ്ങളുടെ വേൾഡ് ആണ്. എനിക്ക് ഇഷ്ടമായി. ഇതിൽ ഞാനൊരു ആക്ടർ മാത്രം’. ഒരു കറക്‌ഷൻ പോലും അദ്ദേഹം നിർദേശിച്ചില്ല!
സിനിമയുടെ നിർമാതാവു കൂടി ആയിട്ടും ചിത്രീകരണ സമയത്തും കമൽ ഒരു കൈകടത്തലും നടത്തിയില്ല. പല ത്രില്ലിങ് രംഗങ്ങളും ചിത്രീകരിച്ച ആവേശത്തിൽ ലോകേഷ് എഡിറ്റ് വേർഷൻ കാണാൻ ക്ഷണിച്ചപ്പോഴും കമൽ ഒഴിഞ്ഞു. ‘എന്റെ കണ്ണിൽ എന്തെങ്കിലും കുറവുകളായിരിക്കും ആദ്യം കാണുക. അതുകൊണ്ട് വേണ്ട’ – എന്നായിരുന്നു മറുപടി. ഒടുവിൽ ഏഴുമാസത്തിനപ്പുറം ഫസ്റ്റ് കോപ്പി ആയ ശേഷമാണ് അദ്ദേഹം ‘വിക്രം’ കണ്ടത്. സിനിമയിലെ മറ്റ് അഭിനേതാക്കളുടെ ഭാഗങ്ങളുൾപ്പെടെ അപ്പോഴാണു കണ്ടത്. പ്രിവ്യൂ കാണുമ്പോൾ തൃപ്തിക്കുറവുണ്ടെങ്കിൽ അധികമൊന്നും പറയാതെ മടങ്ങുന്നതാണു കമലിന്റെ രീതി. ആശങ്കയോടെ കാത്തുനിന്ന ലോകേഷിനെ നോക്കി തംസ് അപ് കാണിച്ചാണ് അന്ന് കമൽ ‘വിക്രം’ കണ്ടിറങ്ങിയത്. ‘റൊമ്പ ഹാപ്പി..’ എന്നു പറഞ്ഞു. ലോകേഷ് അദ്ദേഹത്തിന്റെ കാലിൽ തൊട്ടുതൊഴുതു. പതിവില്ലാതെ മുക്കാൽ മണിക്കൂറോളം കമൽ അവിടെ ചെലവഴിച്ചു. അന്നത്തെ ആ ആവേശം പിന്നീടങ്ങോട്ട് ചിത്രത്തിന്റെ പ്രമോഷൻ വേളയിലെല്ലാം അദ്ദേഹത്തിന്റെ ശരീരഭാഷയിൽ പ്രകടമായിരുന്നു.
പരീക്ഷണങ്ങളും ഹിറ്റുകളും പുതുമയല്ലെങ്കിലും വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമെത്തിയ തന്റെ മാസ് അവതാരത്തിനു ലഭിച്ച അഭൂതപൂർവമായ വരവേൽപ് കമൽഹാസനെ അക്ഷരാർഥത്തിൽ വികരാധീനനാക്കി. റിലീസ് സെന്ററുകൾ സന്ദർശിച്ചപ്പോൾ, ‘ആണ്ടവരേ..’ എന്ന് ആർത്തുവിളിച്ച ആരാധകർക്കു നേരെ അദ്ദേഹം ഹൃദയപൂർവം കൈവീശി. തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ റിലീസ് എന്നാണു സന്തോഷം മറച്ചുവയ്ക്കാതെ കമൽ പറഞ്ഞത്. തന്നെ വിസ്മയിപ്പിച്ച തന്റെ ഫാൻ ബോയ് സംവിധായകനെ അഭിനന്ദിക്കുന്നതിൽ ഒരു പിശുക്കും കാണിക്കാതിരുന്ന ഉലകനായകൻ, സ്വന്തം കൈപ്പടയിൽ പ്രശംസാപത്രം സമ്മാനിച്ചു. സംവിധായകനും സഹസംവിധായകരും ഉൾപ്പെടെ എല്ലാവർക്കും സമ്മാനങ്ങൾ നൽകി.
ബാങ്ക് ജോലിക്കിടയിലെ ഷോർട് ഫിലിം സാഹസങ്ങൾ
യാതൊരു സിനിമാ പശ്ചാത്തലവുമില്ലാതെയായിരുന്നു ലോകേഷിന്റെ സിനിമാപ്രവേശം. അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ സിനിമാ പൈത്യത്തിന്റെ പേരിൽ അച്ഛനിൽ നിന്ന് ശകാരവും അടിയും കിട്ടിയിരുന്ന പയ്യൻ. പിൽക്കാലത്ത് ജോലി കളഞ്ഞ് സിനിമയിലേക്കിറങ്ങിയപ്പോൾ, അവന് ബാങ്കിൽ എസിയിലിരിക്കുന്നത് ഇഷ്ടമല്ല, സിനിമ പിടിക്കാനെന്ന പേരിൽ ഊരുചുറ്റുകയല്ലേ എന്നാണ് മറ്റുള്ളവരോട് അച്ഛൻ പറഞ്ഞിരുന്നത്. പേരിനൊപ്പം കനകരാജ് എന്നു ചേർത്തതു തന്നെ തന്റെ മധുരപ്രതികാരമാണെന്നു പിന്നീട് ലോകേഷ് പറഞ്ഞു.
പൊള്ളാച്ചിക്കടുത്തു കിണത്തുകടവിൽ നിന്നു കോയമ്പത്തൂരിലെ ബിരുദ പഠനം കഴിഞ്ഞ് എംബിഎ ചെയ്യുന്നതിനാണു ചെന്നൈയിൽ എത്തിയത്. പഠനം കഴിഞ്ഞ് ബാങ്കിൽ ജോലി ലഭിച്ചു. ആദ്യസിനിമ വൻഹിറ്റായ ശേഷം രണ്ടു വർഷത്തോളം സിനിമ ചെയ്യാതിരുന്നപ്പോഴും മറ്റെന്തെങ്കിലും ജോലി നോക്കിക്കൂടേ എന്നായിരുന്നു അച്ഛൻ ചോദിച്ചത്. പിന്നീട് ‘മാസ്റ്റർ’ വലിയ വിജയമായ ശേഷം നാട്ടിലെത്തുമ്പോൾ വീടിനരികെ വലിയൊരു കട്ടൗട്ട് ഉയർന്നിരുന്നു. ഇപ്പോൾ ‘വിക്രം’ ഇറങ്ങിയ ശേഷവും നാട്ടിലുൾപ്പെടെ തമിഴ്നാടിന്റെ പലഭാഗങ്ങളിലും ഈ യുവസംവിധായകന്റെ കട്ടൗട്ടുകളുണ്ട്.
ബാങ്ക് ജോലിയുടെ ഇടവേളകളിലായിരുന്നു സുഹൃത്തുക്കളുമായി ചേർന്ന് ലോകേഷ് കനകരാജിന്റെ ഷോർട് ഫിലിം പരീക്ഷണങ്ങൾ. സിനിമയിൽ വരണമെന്നും കമൽഹാസന്റെയോ മണിരത്നത്തിന്റെയോ അസിസ്റ്റന്റ് ആകണമെന്നും കടുത്ത ആഗ്രഹമുണ്ടായിരുന്നെങ്കിലും ജോലി കളഞ്ഞ് ഇറങ്ങാൻ കഴിയാത്ത ചുറ്റുപാടായിരുന്നു. അതുകൊണ്ടു തന്നെ ശനി, ഞായർ ദിവസങ്ങളിലായിരുന്നു ഷോർട് ഫിലിം സംരംഭങ്ങളധികവും. ഇടയ്ക്ക് കോർപറേറ്റ് വിഡിയോകളും ചെയ്തു. ഒരിക്കൽ കോർപറേറ്റ് ഷോർട് ഫിലിം മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചു. അന്ന് സമ്മാനം നൽകാനെത്തിയത് യുവസംവിധായകൻ കാർത്തിക് സുബ്ബരാജ് ആയിരുന്നു. വിട്ടുകളയല്ലേ, സിനിമയിലേക്ക് വരൂ എന്ന് ആത്മവിശ്വാസം പകർന്നത് അദ്ദേഹമാണ്. ഷോർട് ഫിലിമുകളിൽ നിന്നു സിനിമയിലെത്തി വിജയിച്ചവർ, പ്രത്യേകിച്ച് വിജയ് സേതുപതിയെപ്പോലുള്ളവർ അക്കാലത്ത് വലിയ പ്രചോദനമായിരുന്നു.
സുഹൃത്തുക്കളെ ചേർത്ത് കളം എന്ന പേരിൽ എടുത്ത 45 മിനിറ്റ് ഷോർട് ഫിലിം ആണ് കാർത്തിക് സുബ്ബരാജ് പിന്നീട് തന്റെ പ്രൊഡക്ഷനിൽ റിലീസ് ചെയ്ത ‘അവിയൽ’ എന്ന ഷോർട്ഫിലിം ആന്തോളജിയിൽ ഉൾപ്പെടുത്തിയത്. അൽഫോൺസ് പുത്രന്റെ എലി എന്ന ഹ്രസ്വചിത്രവും അതിലുണ്ടായിരുന്നു. ലോകേഷിന്റെ ആക്ഷൻ പ്രിയവും അതു ചിത്രീകരിക്കുന്നതിലെ മികവും ആ ഹ്രസ്വചിത്രത്തിൽ തന്നെ വ്യക്തമായിരുന്നു. പിക്ക്പോക്കറ്റിങ്ങും രണ്ടു സംഘങ്ങളുടെ ഏറ്റുമുട്ടലും ഹരിവരാസനത്തിന്റെ പശ്ചാത്തലത്തിലുള്ള സംഘട്ടനവുമെല്ലാം പുതുമയോടെയാണു ചിത്രീകരിച്ചത്.
തമിഴ് സിനിമ കയ്യടിച്ചു വരവേറ്റ ‘മാനഗര’വും ‘കൈതി’യും
ഷോർട് ഫിലിമിൽ നിന്നു നേരേ ഫീച്ചർ ഫിലിമിലേക്കായിരുന്നു ലോകേഷ് കനകരാജിന്റെ ചുവടുമാറ്റം. കളം എന്ന ഷോർട് ഫിലിമിന്റെ പ്ലോട്ട് മറ്റൊരു തരത്തിൽ വികസിപ്പിച്ചാണ് ‘മാനഗരം’ എന്ന ആദ്യ ചിത്രത്തിന്റെ സ്ക്രിപ്റ്റ് തയാറാക്കിയത്. ആദ്യ ചിത്രം മുതൽ തന്നെ തന്റെ സിനിമാ സങ്കൽപങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തതയുണ്ടായിരുന്നു. ഹിറ്റുകളാണു ലക്ഷ്യമെന്ന് ഉറപ്പിച്ചപ്പോഴും പതിവുശൈലി വേണ്ടെന്ന് അന്നേ തീരുമാനിച്ചിരുന്നു. 2017ൽ ഇറങ്ങിയ ‘മാനഗരം’ തന്നെയാണ് ലോകേഷിന്റെ ചിത്രങ്ങളിൽ ഏറ്റവും മികച്ചതെന്ന് ഇപ്പോൾ ‘വിക്രം’ ഇറങ്ങിയ ശേഷവും കരുതുന്ന ആരാധകർ ഒട്ടേറെ.
ആദ്യ ചിത്രത്തിൽ തന്നെ പുതുമകളേറെയായിരുന്നു. മുഖ്യ കഥാപാത്രങ്ങൾക്കു പേരില്ല. നാൽപതു മിനിട്ടോളം നീളുന്ന ക്ലൈമാക്സ്. മൾട്ടിലീനിയർ നരേഷൻ ശൈലിയിലുള്ള ഹൈപ്പർലിങ്ക് സിനിമ ആയതിനാൽ ‘മാനഗര’ത്തിന്റെ കഥ മറ്റുള്ളവരെ, പ്രത്യേകിച്ച നിർമാതാക്കളെ ബോധ്യപ്പെടുത്താൻ പ്രയാസമായിരുന്നു. ‘അവിയൽ’ ആന്തോളജിയിലെ ലോകേഷിന്റെ ചിത്രം കണ്ട എസ്.ആർ. പ്രഭു എന്ന യുവനിർമാതാവാണ് ഒടുവിൽ രക്ഷകനായത്. സങ്കീർണമായ രംഗങ്ങൾ എങ്ങനെ എടുക്കുമെന്നു സംശയം പ്രകടിപ്പിച്ചപ്പോൾ ആ സീനുകൾ ആനിമേഷൻ ചെയ്തു കാണിച്ച് നിർമാതാവിനെ ബോധ്യപ്പെടുത്തി.
ഒടുവിൽ തന്റെ ഷോർട് ഫിലിം ടീമിനെ സിനിമയിലും ഉപയോഗിക്കാൻ അനുമതി ലഭിച്ചതോടെ 46 ദിവസം കൊണ്ട് പടം പൂർത്തിയാക്കി. ചെന്നൈ നഗരത്തിൽ രാത്രിയിലാണു കുറെയേറെ രംഗങ്ങൾ ചിത്രീകരിച്ചത്. അസിസ്റ്റന്റ് ഡയറക്ടറായി അനുഭവമില്ലാത്തതിന്റെ പ്രശ്നങ്ങൾ ആദ്യ സിനിമയിൽ നേരിട്ടിട്ടുണ്ടെന്ന് ലോകേഷ് പറയുന്നു. താരമൂല്യമുള്ള അഭിനേതാക്കളും ചിത്രത്തിലില്ലായിരുന്നു. പ്രിവ്യൂ കണ്ട് മിഷ്കിൻ, പാ. രഞ്ജിത് തുടങ്ങി മുൻനിര സംവിധായകരെല്ലാം ലോകേഷിനെ പ്രശംസകൊണ്ടു മൂടി. ‘എക്സ്ട്രാ ഓർഡിനറി..!’ എന്നാണു രജനികാന്ത് ‘മാനഗര’ത്തെക്കുറിച്ചു വിശേഷിപ്പിച്ചത്. പ്രമോഷൻ ഇല്ലാതെ എത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെ സൂപ്പർഹിറ്റിലേക്കു കുതിച്ചു.
‘മാനഗരം’ കഴിഞ്ഞ് ‘ഇരുമ്പുകൈ മായാവി’ എന്നൊരു ഫാന്റസി ചിത്രമാണ് ആലോചിച്ചത്. വലിയ തയാറെടുപ്പുകൾ വേണ്ടിവരുന്ന ചിത്രമായതിനാൽ തൽക്കാലത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു. സൂര്യയുടെ ചിത്രവുമായി ഇറങ്ങിയ ഇരുമ്പുകൈ മായാവിയുടെ ഫാൻ മെയ്ഡ് പോസ്റ്ററുകൾ വൈറലായിരുന്നു.
ഒരു പത്രവാർത്തയിൽ നിന്നു കിട്ടിയ ആശയത്തിൽ നിന്നാണ് ‘കൈതി’ വികസിപ്പിച്ചത്. ഒരു ഫൺ ഫിലിം എന്ന നിലയിലാണ് ആദ്യം ആലോചിച്ചത്. മൻസൂർ അലി ഖാനെ നായകനായി സങ്കൽപിച്ച് എഴുതിത്തുടങ്ങിയ സിനിമയായിരുന്നു ‘കൈതി’യെന്നു ലോകേഷ് പറഞ്ഞിട്ടുണ്ട്. നിർമാതാവ് എസ്.ആർ. പ്രഭുവാണ് വലിയൊരു താരത്തെ വച്ചുതന്നെ ചെയ്യാമെന്നു നിർദേശിച്ചത്. പാട്ടും നായികയും ഒന്നുമില്ലാത്തതിനാൽ അക്കാര്യത്തിൽ സംശയമുണ്ടായിരുന്നെങ്കിലും കഥ കേട്ടയുടൻ അടുത്തമാസം തന്നെ ഷൂട്ടിങ് ആരംഭിക്കാമെന്നു കാർത്തി നിർദേശിക്കുകയായിരുന്നു. വേഗത്തിൽ ഷൂട്ടിങ് തുടങ്ങുന്നതിനായി ഒരു മാസത്തിനകം സ്ക്രിപ്റ്റ് പൂർത്തിയാക്കേണ്ടി വന്നു.
ഗാങ്സ്റ്റർ സിനിമകളോടിഷ്ടം,‘അങ്കമാലി ഡയറീസ്’ പ്രിയചിത്രം
മലയാള സിനിമകളെല്ലാം ശ്രദ്ധിക്കുന്ന ലോകേഷ്, ലിജോ ജോസ് സിനിമകളുടെ ആരാധകനാണ്. ആക്ഷൻ വ്യത്യസ്തമായി അവതരിപ്പിച്ച ‘അങ്കമാലി ഡയറീസ്’ ആണ് ഏറ്റവും പ്രിയം. ഗാങ്സ്റ്റർ സിനിമകളോടുള്ള പ്രിയം ലോകേഷിന്റെ പ്രമേയങ്ങളിലെല്ലാം കാണാം. ക്വന്റിൻ ടറന്റീനോ സിനിമകൾ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നതിൽ സ്വാധീനിച്ചിട്ടുണ്ട്. ആക്ഷനിൽ തന്നെ ഡ്രാമയും ഇമോഷനും ചേർക്കുകയാണ് ലോകേഷിന്റെ രീതി.
ആക്ഷൻ രംഗങ്ങൾ കൃത്യമായി എഴുതിയ ശേഷമേ ചിത്രീകരിക്കാറുള്ളൂ. പൂർണമായി സ്റ്റണ്ട് ഡയറക്ടർക്കു കൈമാറുകയില്ല. ‘വിക്ര’മിലേതു പോലെ വലിയ കാൻവാസിൽ ആക്ഷൻ രംഗം എടുക്കുമ്പോൾ ഒരേസമയം ആരൊക്കെ എവിടെയൊക്കെ ഏതുവിധത്തിൽ ഏറ്റുമുട്ടുന്നു, എന്തൊക്കെ ആയുധങ്ങൾ ഉപയോഗിക്കുന്നു എന്നെല്ലാമുള്ള ഡീറ്റെയിലിങ് സ്ക്രിപ്റ്റിൽ തന്നെയുണ്ടാകും. ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ള വിവധതരം ഗണ്ണുകൾക്കു വേണ്ടിപോലും ഏറെ തയാറെടുപ്പുകൾ നടത്തിയിരുന്നു.
താരങ്ങളെ അവരുടെ ഫോർമുലയിൽ നിന്നു മാറ്റി തന്റെ കണ്ടന്റിലേക്കു കൊണ്ടുവരാനാണു ലോകേഷിന്റെ ശ്രമം. മാനഗരം, കൈതി, വിക്രം എന്നീ മൂന്നു ചിത്രങ്ങളിലും പതിവു പാറ്റേൺ മാറ്റാൻ ബോധപൂർവം ശ്രമിച്ചിട്ടുണ്ടെങ്കിലും വിജയ് ചിത്രമായ ‘മാസ്റ്റർ’ 50-50 ചിത്രമായിരിക്കുമെന്ന് റിലീസിനു മുൻപു തന്നെ ലോകേഷ് വ്യക്തമാക്കിയിരുന്നു. ആദ്യചിത്രത്തിലെ മികവു കണ്ട്, രണ്ടാമത്തെ ചിത്രം ‘കൈതി’ ഇറങ്ങുന്നതിനു മുൻപേ തന്നെ വിജയ് നൽകിയ ഓഫർ ആയിരുന്നു അത്. ഇൻട്രോ ഉൾപ്പെടെ ചിത്രത്തിൽ കൊണ്ടുവരാൻ ശ്രമിച്ച എല്ലാ മാറ്റങ്ങൾക്കും വിജയ് പൂർണ പിന്തുണ നൽകിയിരുന്നു.
എന്നാൽ, വിജയ്‌യെപ്പോലെ വൻആരാധകരുള്ള ഒരു നടനെവച്ച് കരിയറിന്റെ തുടക്കത്തിൽ തന്നെ റിസ്കെടുക്കാൻ തനിക്കു ഭയമായിരുന്നുവെന്ന് ലോകേഷ് തന്നെ പറഞ്ഞിട്ടുണ്ട്. ഇതരഭാഷാ സിനിമകളുടെ വൻവിജയങ്ങൾക്കു മുന്നിൽ നിഷ്പ്രഭമായ തമിഴ് സിനിമയ്ക്കു വിക്രം നവോൻമേഷം പകർന്നതു പോലെ, കോവിഡിൽ തകർന്ന തമിഴ് സിനിമയ്ക്കു ജീവശ്വാസം പകർന്ന മെഗാഹിറ്റായിരുന്നു മാസ്റ്റർ. അടുത്ത വിജയ് ചിത്രം തന്റേതായ ശൈലിയിൽ കൂടുതൽ ആത്മവിശ്വാസത്തോടെ ഒരുക്കാൻ കഴിയുമെന്നാണു ലോകേഷിന്റെ പ്രതീക്ഷ.
തന്റെ സ്റ്റൈൽ ഓഫ് സിനിമ കമൽഹാസന് ഇഷ്ടമായതാണ് ‘വിക്രം’ ഒരുക്കാൻ അനുകൂല ഘടകമായതെന്ന് ലോകേഷ് പറയുന്നു. എക്സ്പെരിമെന്റ് ഇഷ്ടപ്പെടുന്ന താരം കൂടി ആയതിനാൽ ആ സാധ്യത സ്ക്രിപ്റ്റിലും ഉപയോഗപ്പെടുത്തി. കമൽ എന്ന നടനിലെ ആക്ഷൻ ഹീറോയെ ഒരിക്കൽകൂടി ആഘോഷിക്കണമെന്ന ആഗ്രഹവും മൾട്ടിസ്റ്റാർ ചിത്രം എന്ന സ്വപ്നവും കൃത്യമായി ചേർത്തുവെക്കാനായി. ‘നായകൻ’ ഉൾപ്പെടെ കമലഹാസന്റെ മുൻ ഹിറ്റുകളിലെ റഫറൻസ് വിദഗ്ധമായി ഉപയോഗിച്ചതിനൊപ്പം, ‘കൈതി’യിലെ കഥാസന്ദർഭങ്ങളുടെയും കഥാപാത്രങ്ങളുടെയും ലിങ്കും വിദഗ്ധമായി ഉൾപ്പെടുത്തി സീക്വൽ സാധ്യതയും തുറന്നിട്ടു. വിക്രം ഷൂട്ടിങ് വാർത്തകളും പിന്നീട് ട്രെയിലറുമെല്ലാം വന്നപ്പോൾ തന്നെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിനെക്കുറിച്ചുള്ള ആകാംക്ഷ നിറഞ്ഞ ചർച്ചകളും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ആ പ്രതീക്ഷകളെ പൂർത്തീകരിക്കാനായി എന്നതാണു ചിത്രത്തിന്റെ വിജയത്തിൽ നിർണായകമായത്.
122 നാൾ; ക്യാമറയ്ക്കു മുന്നിൽ കമൽ, ഫഹദ്, സേതുപതി
ഓരോ ദിവസവും ഫ്രെയിമിൽ കമൽ സാർ - അതുകൊണ്ടു തന്നെ സ്വപ്നതുല്യമായിരുന്നു ലോകേഷിനു ‘വിക്രം’ ചിത്രീകരണം. കണ്ണെല്ലാം നിറഞ്ഞ് കമൽ ചാരിയിരിക്കുന്ന ഒരു ഷോട്ട്. അതു ഷൂട്ട് ചെയ്ത ശേഷം കണ്ണീർ ഒലിച്ചിറങ്ങുന്ന ഒരു ക്ലോസപ് കൂടി വേണമെന്ന് അദ്ദേഹത്തോടു പറഞ്ഞു. എത്ര നേരത്തിനുള്ളിലാണ് കണ്ണീർ വരേണ്ടത് എന്നു ചോദിച്ചു. മൂന്നു നാലു സെക്കന്റ് എന്നു ലോകേഷ് മറുപടി നൽകി. ക്യാമറ സ്റ്റാർട്ട് ചെയ്തു. നാലു സെക്കന്റ് ആയിക്കാണണം, അദ്ദേഹത്തിന്റെ കണ്ണിൽ നിന്നു കണ്ണീർ ഒലിച്ചിറങ്ങി, ഗ്ലിസറിൻ പോലുമില്ലാതെ! തൊട്ടുമുൻപ് മൈക്കിൾ മദൻ കാമരാജനിലെ കോമഡികളെക്കുറിച്ചു പറഞ്ഞു പൊട്ടിച്ചിരിക്കുകയായിരുന്ന ആളാണ്. പറഞ്ഞാൽ അതിശയോക്തിയായി തോന്നുന്ന ഇത്തരം ഒട്ടേറെ അനുഭവങ്ങൾ തനിക്കു ‘വിക്രം’ സമ്മാനിച്ചുവെന്ന് ലോകേഷ് പറയുന്നു.
ഈ പ്രായത്തിലും ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണത്തിൽ കമൽഹാസൻ വിസ്മയിപ്പിച്ചു. തുടർച്ചയായി 10 ബ്ലോക്കുകൾ വരെയുള്ള ഒരു ആക്ഷൻ സീക്വൻസ് ഒറ്റ ഷോട്ടായി എടുത്തത് അതിലൊന്നാണ്. അതുകണ്ട് യൂണിറ്റ് ഒന്നാകെ നിർത്താതെ കയ്യടിച്ചു. ചിത്രത്തിന്റെ 122 നാൾ ഷൂട്ടിങ്ങിൽ 60 ദിവസം കമൽഹാസൻ ഉണ്ടായിരുന്നു. രാത്രി ആയിരുന്നു കൂടുതലും ഷൂട്ടിങ്. 8 മണി മുതൽ 12 വരെ കമലിന്റെ രംഗങ്ങൾ ഷൂട്ട് ചെയ്യും. 12 മുതൽ 2-2.30 വരെ ഫഹദിന്റെ രംഗങ്ങൾ; അതു കഴിഞ്ഞ് 5.45 വരെ വിജയ് സേതുപതി - ഏകദേശം ഇങ്ങനെയായിരുന്നു രാത്രി ഷൂട്ടിങ്ങിന്റെ പാറ്റേൺ. ആ സമയമത്രയും ഇവരെല്ലാം റെഡിയായി അവിടെത്തന്നെ ഉണ്ടാകും. കമൽ വന്നാൽ ലോകേഷ് സീൻ വിശദീകരിക്കും. ഷോട്ട് എടുത്തു കഴിഞ്ഞാൽ എന്തെങ്കിലും മാറ്റം വേണോ എന്നു ചോദിക്കും. പറഞ്ഞാൽ അതു ചെയ്യാൻ തയാറാകും. അതു കഴിഞ്ഞ് അദ്ദേഹം കാരവാനിലേക്കു പോകും. അതായിരുന്നു രീതി.
കമലിന്റെ ലുക്ക് ലോകേഷ് തന്നെ പറഞ്ഞതനുസരിച്ച് കമൽ രണ്ടു മാസം കൊണ്ട് സെറ്റ് ചെയ്ത് എടുത്തതാണ്. അതിനിടയ്ക്ക് ബിഗ് ബോസിൽ പോകേണ്ടിവന്നതിനാൽ ലുക്ക് പുറത്തായി. കണ്ടിന്യൂയിറ്റി വളരെ പ്രധാനമായതിനാൽ ആറുമാസമെങ്കിലും ഇതിനു മാത്രം മാറ്റിവെക്കാവുന്നരായിരിക്കണം ചിത്രത്തിലെ അഭിനേതാക്കൾ എന്നതും പ്രധാനമായിരുന്നു. വിജയ് സേതുപതിയുടെ കാര്യത്തിലായിരുന്നു പ്രശ്നം. അദ്ദേഹത്തിന് ആ സമയത്ത് എട്ടു പടമുണ്ടായിരുന്നു. ഒടുവിൽ, മറ്റു പടങ്ങൾക്കിടയിൽ നിന്ന് എപ്പോൾ വേണമെങ്കിലും വന്ന് അഭിനയിക്കാവുന്ന ഒരു ലുക്ക് എന്ന നിലയിലാണ് ഇപ്പോഴത്തെ ലുക്ക് തീരുമാനിച്ചത്.
കോവിഡ് പ്രോട്ടോക്കോൾസിനായി സിനിമയുടെ ബജറ്റിൽ തന്നെ വലിയൊരു ഭാഗം നീക്കിവച്ചിരുന്നു. കോയമ്പത്തൂരിൽ വൻസെറ്റൊരുക്കി ക്ലൈമാക്സ് പ്ലാൻ ചെയ്ത സമയത്താണു കമൽഹാസൻ കോവിഡ് പോസിറ്റീവായത്. കമലിന്റെ ഡേറ്റ് മിസ്സാകാതിരിക്കാൻ പോണ്ടിച്ചേരിയിൽ രാത്രി രണ്ടു വരെ ഷൂട്ട് കഴിഞ്ഞു പുറപ്പെട്ട് ചെന്നൈയിൽ രാവിലെ 8 മണി മുതൽ വൈകിട്ടു വരെ ഷൂട്ട് ചെയ്യേണ്ട അവസരവുമുണ്ടായി.
പോണ്ടിച്ചേരിയിൽ തുടർച്ചയായി 16 ദിവസം നൈറ്റ് ഷൂട്ട് ഉണ്ടായിരുന്നു. ഓരോ ദിവസവും ആയിരത്തിനടുത്ത് ആർട്ടിസ്റ്റുകൾ. കമലും ഫഹദും വിജയ് സേതുപതിയും വരുന്ന വൈഡ് ഷോട്ടുകൾക്ക് ലൈറ്റപ്പ് തന്നെ വലിയ പ്രോസസ് ആയിരുന്നു. രണ്ടു ദിവസം മുൻപു തന്നെ പ്ലാൻ ചെയ്ത് സെറ്റ് ചെയ്യണം. ക്യാമറ തോളിൽ വച്ചാണ് ഗിരീഷ് ഗംഗാധരൻ പല രംഗങ്ങളും ഷൂട്ട് ചെയ്തത്. ‘ജെല്ലിക്കെട്ട്’ പോലുള്ള ചിത്രങ്ങളുടെ അനുഭവമുള്ളതിനാൽ ഗിരീഷിന് രാത്രി ഷൂട്ട് പുതുമയായിരുന്നില്ലെന്ന് ലോകേഷ് പറയുന്നു. ഫൈറ്റ് സീനുകളെടുക്കാൻ, പ്രോഗ്രാം ചെയ്ത മോക്കോബോട്ട് റോബോട്ടിക് ആം ഉപയോഗിച്ചു. ഇത്ര വലിയ താരങ്ങളെ വച്ച് ഇങ്ങനെയൊരു പരീക്ഷണം റിസ്ക് ആയിരുന്നു.
ലോകേഷിന്റെ ആദ്യ സിനിമ മുതൽ ഒപ്പമുള്ള അൻപ്–അറിവ് സഹോദരങ്ങളാണ് ഇതിലും ആക്ഷൻ കോറിയോഗ്രഫി ചെയ്തത്.
‘ഭവാനി’ വിട്ട് ‘സന്താന’മായി മാറാൻ പരിശീലനം നടത്തി വിജയ് സേതുപതി
കമൽഹാസനു പുറമേ സൂര്യ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിങ്ങനെ സ്വപ്നതുല്യമായ താരനിരയെ അണിനിരത്തിയ വിക്രം മൾട്ടിസ്റ്റാർ ചിത്രങ്ങളുടെ പുതിയ ട്രെൻഡിനു തന്നെ തുടക്കം കുറിക്കുമെന്നാണു സൂചന. എല്ലാവർക്കും പെർഫോൻസിന് ഇടമുള്ള സ്ക്രിപ്റ്റിനു കമൽ നൽകിയ അംഗീകാരം തന്നെയാണ് ഇതു സാധ്യമാക്കിയത്.
സൂര്യയെപ്പോലൊരു സൂപ്പർതാരം ഇതിലെ ചെറിയ രംഗത്തിനായി വരില്ലെന്ന് ഉറപ്പിച്ചു തന്നെയാണ് അദ്ദേഹത്തോടു കഥ പറയാൻ ചെന്നതെന്ന് ലോകേഷ് പറയുന്നു. കഥ കേട്ടപ്പോൾ ‘തനിക്കു കുറച്ചു സമയം വേണം, ആലോചിച്ചിട്ടു പറയാം’ എന്നാണു പറഞ്ഞത്. രാത്രി വൈകി തിരികെ വിളിച്ച് ഞാൻ ചെയ്യാം എന്നു പറഞ്ഞു. രണ്ടുനാൾ തുടർച്ചയായി സൂര്യയുടെ സീൻ ഷൂട്ട് ചെയ്യുമ്പോൾ യൂണിറ്റിലാകെ ഉണ്ടായിരുന്ന ആ എക്സൈറ്റ്മെന്റ് സിനിമയിലും കാണാം.
‘മാസ്റ്ററി’ൽ ഭവാനി എന്ന കൊടുംവില്ലനെ അവതരിപ്പിച്ചതിനാൽ വിജയ് സേതുപതി ഇത്തവണ വേണ്ട എന്നായിരുന്നു ‘വിക്രം’ ആലോചിക്കുന്ന സമയത്തു തീരുമാനിച്ചത്. തനിക്കു റോൾ ഇല്ലേ എന്ന് സേതുപതി തന്നെ ഇടയ്ക്കു ലോകേഷിനോടു തിരക്കിയിരുന്നു. നമുക്ക് മറ്റൊരു പടം ചെയ്യാം എന്നാണ് അന്നു പറഞ്ഞത്. സന്താനം എന്ന വില്ലനായി ലോറൻസിനെയായിരുന്നു അപ്പോൾ ആലോചിച്ചിരുന്നത്. അദ്ദേഹം പക്ഷേ മറ്റു സിനിമകളുടെ തിരക്കിലായിരുന്നു. കഥ പിന്നീടു വികസിപ്പിച്ചപ്പോൾ, കമൽഹാസനു വില്ലനായി വരുന്നത് നിസ്സാരക്കാരനാകരുത് എന്ന ആലോചനയിലാണ് വിജയ് സേതുപതിയിലേക്കു തന്നെ വീണ്ടുമെത്തിയത്. കാര്യം പറഞ്ഞപ്പോൾ കഥ കേൾക്കാതെ തന്നെ പടം ചെയ്യാമെന്നു വിജയ് സേതുപതി സമ്മതിച്ചു. പിറ്റേന്നു തന്നെ ലോകേഷ് അദ്ദേഹത്തെയും കൂട്ടി കമൽഹാസനെ കണ്ടു.
‘മാസ്റ്ററി’ലെ ഭവാനിയുടെ ഛായ ഇതിൽ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സംസാരിക്കുന്നതു മുതൽ കണ്ണു ചിമ്മുന്നതു വരെ വ്യത്യാസം കൊണ്ടുവരാൻ വിജയ് സേതുപതി ശ്രമിച്ചു. ഇതിനായി അദ്ദേഹത്തിന് ഒരു പഴ്സനൽ ട്രെയിനർ ഉണ്ടായിരുന്നു. ചിത്രീകരിക്കുന്ന ഭാഗം തലേന്നു വൈകിട്ടു തന്നെ റിഹേഴ്സൽ ചെയ്തു വരുന്നതാണു വിജയ് സേതുപതിയുടെ രീതി. പതിവു താരസങ്കൽപത്തിൽ വിശ്വാസമില്ലാത്ത നടനായതിനാൽ, ഇൻട്രോ സീനിൽ ഷർട്ടില്ലാതെ വരുന്നതിനൊന്നും അദ്ദേഹത്തിന് ഒരു പ്രയാസവുമില്ലായിരുന്നു.
ആ കഥാപാത്രത്തിനു പകരക്കാരില്ല, ഫഹദ് ഫാസിൽ മാത്രം
ഫഹദ് ഫാസിലിനെ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് ‘പെൻ വച്ചതേ അവർക്കു താൻ..’ എന്നാണു ലോകേഷ് പറയുക. അമർ എന്ന ആ കഥാപാത്രം എഴുതുമ്പോൾ തന്നെ ഫഹദായിരുന്നു മനസ്സിൽ. കമൽഹാസന്റെ കഥാപാത്രം പോലെത്തന്നെ ആദ്യമേ മനസ്സിലുറപ്പിച്ചതാണ് ഫഹദിന്റെ പേരും. ഫഹദ് ഇല്ലെങ്കിൽ എന്തു ചെയ്യുമായിരുന്നു എന്ന് ആലോചിച്ചിട്ടേ ഇല്ല. കമൽ സാറിനൊപ്പം സ്ക്രീൻ ഷെയർ ചെയ്യുമ്പോൾ അതൊരു പെർഫോമർ തന്നെയാകണം എന്ന ചിന്തയുണ്ടായിരുന്നു.
കൊച്ചിയിൽ കഥപറയാൻ ചെന്നപ്പോൾ വലിയ സ്വീകരണമായിരുന്നുവെന്ന് ലോകേഷ് ഓർക്കുന്നു. ലോകേഷിന്റെ സിനിമകൾ കണ്ടിട്ടുണ്ടെന്നും ഇഷ്ടമാണെന്നും ഫഹദ് പറഞ്ഞു. ഒപ്പം സൗമ്യമായി മറ്റൊരു കാര്യവും പറഞ്ഞു: ‘കഥ ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാൻ അഭിനയിക്കില്ല..!’ എടുത്തടിച്ചപോലെ പറയുന്നല്ലോ എന്നു തോന്നിയെങ്കിലും അദ്ദേഹം എത്രത്തോളം സ്ട്രെയ്റ്റ് ഫോർവേഡും ജനുവിനും ആണെന്നു വൈകാതെ മനസ്സിലായി. സാറിന്റെ അഭിപ്രായം എന്തായാലും കുഴപ്പമില്ല. കഥ ഒന്നു കേൾക്കൂ എന്നായിരുന്നു ലോകേഷിന്റെ മറുപടി. ആ സമയത്ത് സിനിമയുടെ ഫസ്റ്റ്ഹാഫ് സ്ക്രിപ്റ്റേ പൂർത്തിയാക്കിയിരുന്നുള്ളൂ. അതു മുഴുവൻ പറഞ്ഞു. അത്രയും കേട്ടപ്പോൾ തന്നെ ഫഹദ് പറഞ്ഞു – ഞാൻ ചെയ്യാം.
പിന്നെ ഏഴു മാസത്തോളം വേറൊരു പടവും ചെയ്യാതെ വളരെ സപ്പോർട്ടീവായി ഫഹദ് കൂടെ നിന്നു. സെറ്റിൽ വളരെ സജീവമായി. സാർ വിളി ഒഴിവാക്കണമെന്നു ലോകേഷിനോടു പറഞ്ഞു. താങ്കളുടെ വലിയ സിനിമകളൊക്കെ ഞാൻ കണ്ടിട്ടുണ്ട്. അങ്ങനെയല്ലാതെ വിളിക്കാൻ പറ്റില്ല എന്നായിരുന്നു ലോകേഷിന്റെ മറുപടി.
ഫഹദിന് ഓരോ ദിവസത്തെയും ഡയലോഗ്സ് രാവിലെ കൊടുക്കും. യൂണിറ്റിലെ മലയാളികളായ വിഷ്ണു, സന്തോഷ് എന്നിവരാണ് അതു മലയാളത്തിലേക്കു മാറ്റിക്കൊടുത്തിരുന്നത്. തയാറെടുപ്പിനു വലിയ സമയമൊന്നും വേണ്ട. എന്തെങ്കിലും ഇമോഷനൽ കോംപ്ലിക്കേഷൻ ഉള്ള സീനാണെങ്കിൽ മാത്രം എന്താണ് ഉദ്ദേശിക്കുന്നതെന്നു കൃത്യമായി ചോദിക്കും. ഇതാണോ വേണ്ടത് എന്ന് അഭിനയിച്ചു കാണിക്കും. ഷോട്ടിനു മുൻപ് 10 മിനിറ്റ് ആരോടും സംസാരിക്കാതെ കാലാട്ടി ഇരിക്കുന്നതു കാണാം. ഷോട്ട് റെഡി എന്നു പറയുന്നതും ക്യാമറയ്ക്കു മുന്നിലെത്തി ഇംപ്രൊവൈസ് ചെയ്ത ഒരു പെർഫോമൻസ് കാഴ്ചവയ്ക്കും. അവിശ്വസനീയമാണ് ആ കാരക്ടർ ഷിഫ്റ്റ് എന്നു ലോകേഷ് സാക്ഷ്യപ്പെടുത്തുന്നു.