എംടി ഭയന്നില്ല പിണറായി ഭരണത്തെയും ചോദ്യം ചെയ്യാൻ; അന്ന് പറഞ്ഞു മരണത്തെ മുഖാമുഖം കണ്ട കഥ; വിട പറയുമ്പോൾ സങ്കടം ഒറ്റക്കാര്യം ഓർത്തിട്ട്...
വാക്കുകൾക്കും വൈകാരിക ഭാഷണങ്ങൾക്കും നിത്യജീവിതത്തിൽ പിശുക്കു കാട്ടാറുള്ള എംടി ജ്ഞാനപീഠം പുരസ്കാരം പ്രഖ്യാപിച്ച ദിവസം ‘എക്സൈറ്റഡ്’ ആയിരുന്നു. മാധ്യമങ്ങളോട് പതിവുള്ള അകലം പാലിക്കൽ ശ്രമം അന്നുണ്ടായിരുന്നില്ല. 1995ലെ ആ വൈകുന്നേരത്ത്, രാജ്യം തന്റെ എഴുത്തിനെ അംഗീകരിച്ചുവെന്നതിലെ സന്തോഷം മറച്ചുവച്ചില്ല. ക്യാമറകൾക്കും ചോദ്യങ്ങൾക്കും മുന്നിൽ സന്തോഷം മൂലം പലപ്പോഴും വാക്കുകൾ കിട്ടാതെ വന്ന എംടിയെ ആണ് കണ്ടത്. അതിനും കുറച്ചുനാളുകൾക്ക് മുൻപ് എംടിയെ കാണാൻ ഇടവന്നു. ആ വർഷം വായിച്ച പുസ്തകങ്ങളെപ്പറ്റി ഒരു കുറിപ്പു ലഭിക്കുമോ എന്നറിയാനാണ് അന്നു കാണാൻ ചെന്നത്. പത്രം ഓഫിസിലെത്തി എംടിയെ കാണുന്നതിന് ഒരുപാട് കടമ്പകൾ ഉണ്ടാകുമെന്നാണ് കരുതിയത്. പത്രാധിപരുടെ മുറിയുടെ പുറത്ത്, അന്ന് സഹപത്രാധിപരായിരുന്ന ശത്രുഘ്നനെ കണ്ടു. എഡിറ്ററെ കണ്ടോളൂ എന്നു ശത്രുഘ്നൻ പറഞ്ഞു. അകത്തുകയറിയപ്പോൾ ബീഡി ചുണ്ടത്തുവച്ച് ഏറ്റവും പ്രശസ്തനായ സാഹിത്യകാരൻ മുന്നിൽ. കാര്യം പറഞ്ഞപ്പോൾ അനിഷ്ടം മറച്ചുവയ്ക്കാതെ എംടി പറഞ്ഞു – ‘‘ഞാൻ കഴിഞ്ഞവർഷം ഒന്നും വായിച്ചില്ല’’. അപക്വതയോടെ ചോദിച്ചു- ‘‘എന്നാൽ അങ്ങനെ കൊടുക്കാമോ?’’ പത്രപ്രവർത്തനം തുടങ്ങുന്നയാളിന്റെ ചോദ്യത്തിലെ അപകടം തിരിച്ചറിഞ്ഞപോലെ തിടുക്കപ്പെട്ട് എംടി പറഞ്ഞു-
വാക്കുകൾക്കും വൈകാരിക ഭാഷണങ്ങൾക്കും നിത്യജീവിതത്തിൽ പിശുക്കു കാട്ടാറുള്ള എംടി ജ്ഞാനപീഠം പുരസ്കാരം പ്രഖ്യാപിച്ച ദിവസം ‘എക്സൈറ്റഡ്’ ആയിരുന്നു. മാധ്യമങ്ങളോട് പതിവുള്ള അകലം പാലിക്കൽ ശ്രമം അന്നുണ്ടായിരുന്നില്ല. 1995ലെ ആ വൈകുന്നേരത്ത്, രാജ്യം തന്റെ എഴുത്തിനെ അംഗീകരിച്ചുവെന്നതിലെ സന്തോഷം മറച്ചുവച്ചില്ല. ക്യാമറകൾക്കും ചോദ്യങ്ങൾക്കും മുന്നിൽ സന്തോഷം മൂലം പലപ്പോഴും വാക്കുകൾ കിട്ടാതെ വന്ന എംടിയെ ആണ് കണ്ടത്. അതിനും കുറച്ചുനാളുകൾക്ക് മുൻപ് എംടിയെ കാണാൻ ഇടവന്നു. ആ വർഷം വായിച്ച പുസ്തകങ്ങളെപ്പറ്റി ഒരു കുറിപ്പു ലഭിക്കുമോ എന്നറിയാനാണ് അന്നു കാണാൻ ചെന്നത്. പത്രം ഓഫിസിലെത്തി എംടിയെ കാണുന്നതിന് ഒരുപാട് കടമ്പകൾ ഉണ്ടാകുമെന്നാണ് കരുതിയത്. പത്രാധിപരുടെ മുറിയുടെ പുറത്ത്, അന്ന് സഹപത്രാധിപരായിരുന്ന ശത്രുഘ്നനെ കണ്ടു. എഡിറ്ററെ കണ്ടോളൂ എന്നു ശത്രുഘ്നൻ പറഞ്ഞു. അകത്തുകയറിയപ്പോൾ ബീഡി ചുണ്ടത്തുവച്ച് ഏറ്റവും പ്രശസ്തനായ സാഹിത്യകാരൻ മുന്നിൽ. കാര്യം പറഞ്ഞപ്പോൾ അനിഷ്ടം മറച്ചുവയ്ക്കാതെ എംടി പറഞ്ഞു – ‘‘ഞാൻ കഴിഞ്ഞവർഷം ഒന്നും വായിച്ചില്ല’’. അപക്വതയോടെ ചോദിച്ചു- ‘‘എന്നാൽ അങ്ങനെ കൊടുക്കാമോ?’’ പത്രപ്രവർത്തനം തുടങ്ങുന്നയാളിന്റെ ചോദ്യത്തിലെ അപകടം തിരിച്ചറിഞ്ഞപോലെ തിടുക്കപ്പെട്ട് എംടി പറഞ്ഞു-
വാക്കുകൾക്കും വൈകാരിക ഭാഷണങ്ങൾക്കും നിത്യജീവിതത്തിൽ പിശുക്കു കാട്ടാറുള്ള എംടി ജ്ഞാനപീഠം പുരസ്കാരം പ്രഖ്യാപിച്ച ദിവസം ‘എക്സൈറ്റഡ്’ ആയിരുന്നു. മാധ്യമങ്ങളോട് പതിവുള്ള അകലം പാലിക്കൽ ശ്രമം അന്നുണ്ടായിരുന്നില്ല. 1995ലെ ആ വൈകുന്നേരത്ത്, രാജ്യം തന്റെ എഴുത്തിനെ അംഗീകരിച്ചുവെന്നതിലെ സന്തോഷം മറച്ചുവച്ചില്ല. ക്യാമറകൾക്കും ചോദ്യങ്ങൾക്കും മുന്നിൽ സന്തോഷം മൂലം പലപ്പോഴും വാക്കുകൾ കിട്ടാതെ വന്ന എംടിയെ ആണ് കണ്ടത്. അതിനും കുറച്ചുനാളുകൾക്ക് മുൻപ് എംടിയെ കാണാൻ ഇടവന്നു. ആ വർഷം വായിച്ച പുസ്തകങ്ങളെപ്പറ്റി ഒരു കുറിപ്പു ലഭിക്കുമോ എന്നറിയാനാണ് അന്നു കാണാൻ ചെന്നത്. പത്രം ഓഫിസിലെത്തി എംടിയെ കാണുന്നതിന് ഒരുപാട് കടമ്പകൾ ഉണ്ടാകുമെന്നാണ് കരുതിയത്. പത്രാധിപരുടെ മുറിയുടെ പുറത്ത്, അന്ന് സഹപത്രാധിപരായിരുന്ന ശത്രുഘ്നനെ കണ്ടു. എഡിറ്ററെ കണ്ടോളൂ എന്നു ശത്രുഘ്നൻ പറഞ്ഞു. അകത്തുകയറിയപ്പോൾ ബീഡി ചുണ്ടത്തുവച്ച് ഏറ്റവും പ്രശസ്തനായ സാഹിത്യകാരൻ മുന്നിൽ. കാര്യം പറഞ്ഞപ്പോൾ അനിഷ്ടം മറച്ചുവയ്ക്കാതെ എംടി പറഞ്ഞു – ‘‘ഞാൻ കഴിഞ്ഞവർഷം ഒന്നും വായിച്ചില്ല’’. അപക്വതയോടെ ചോദിച്ചു- ‘‘എന്നാൽ അങ്ങനെ കൊടുക്കാമോ?’’ പത്രപ്രവർത്തനം തുടങ്ങുന്നയാളിന്റെ ചോദ്യത്തിലെ അപകടം തിരിച്ചറിഞ്ഞപോലെ തിടുക്കപ്പെട്ട് എംടി പറഞ്ഞു-
വാക്കുകൾക്കും വൈകാരിക ഭാഷണങ്ങൾക്കും നിത്യജീവിതത്തിൽ പിശുക്കു കാട്ടാറുള്ള എംടി ജ്ഞാനപീഠം പുരസ്കാരം പ്രഖ്യാപിച്ച ദിവസം ‘എക്സൈറ്റഡ്’ ആയിരുന്നു. മാധ്യമങ്ങളോട് പതിവുള്ള അകലം പാലിക്കൽ ശ്രമം അന്നുണ്ടായിരുന്നില്ല. 1995ലെ ആ വൈകുന്നേരത്ത്, രാജ്യം തന്റെ എഴുത്തിനെ അംഗീകരിച്ചുവെന്നതിലെ സന്തോഷം മറച്ചുവച്ചില്ല. ക്യാമറകൾക്കും ചോദ്യങ്ങൾക്കും മുന്നിൽ സന്തോഷം മൂലം പലപ്പോഴും വാക്കുകൾ കിട്ടാതെ വന്ന എംടിയെ ആണ് കണ്ടത്.
അതിനും കുറച്ചുനാളുകൾക്ക് മുൻപ് എംടിയെ കാണാൻ ഇടവന്നു. ആ വർഷം വായിച്ച പുസ്തകങ്ങളെപ്പറ്റി ഒരു കുറിപ്പു ലഭിക്കുമോ എന്നറിയാനാണ് അന്നു കാണാൻ ചെന്നത്. പത്രം ഓഫിസിലെത്തി എംടിയെ കാണുന്നതിന് ഒരുപാട് കടമ്പകൾ ഉണ്ടാകുമെന്നാണ് കരുതിയത്. പത്രാധിപരുടെ മുറിയുടെ പുറത്ത്, അന്ന് സഹപത്രാധിപരായിരുന്ന ശത്രുഘ്നനെ കണ്ടു. എഡിറ്ററെ കണ്ടോളൂ എന്നു ശത്രുഘ്നൻ പറഞ്ഞു. അകത്തുകയറിയപ്പോൾ ബീഡി ചുണ്ടത്തുവച്ച് ഏറ്റവും പ്രശസ്തനായ സാഹിത്യകാരൻ മുന്നിൽ.
കാര്യം പറഞ്ഞപ്പോൾ അനിഷ്ടം മറച്ചുവയ്ക്കാതെ എംടി പറഞ്ഞു – ‘‘ഞാൻ കഴിഞ്ഞവർഷം ഒന്നും വായിച്ചില്ല’’. അപക്വതയോടെ ചോദിച്ചു- ‘‘എന്നാൽ അങ്ങനെ കൊടുക്കാമോ?’’ പത്രപ്രവർത്തനം തുടങ്ങുന്നയാളിന്റെ ചോദ്യത്തിലെ അപകടം തിരിച്ചറിഞ്ഞപോലെ തിടുക്കപ്പെട്ട് എംടി പറഞ്ഞു- ‘‘അങ്ങനെയും കൊടുക്കരുത്’’. ജ്ഞാനപീഠം കിട്ടിയ വൈകിട്ട് ചോദ്യങ്ങൾക്കൊന്നും നിയന്ത്രണങ്ങളുണ്ടായില്ല. കോഴിക്കോട്ടെ മാധ്യമങ്ങളും എഴുത്തുകാരും ആ ദിവസം ആഘോഷിച്ചു.
രാത്രിയായപ്പോൾ അസോഷ്യേറ്റ് എഡിറ്റർ തോമസ് ജേക്കബ് സാറിന്റെ ഫോൺ. അടുത്ത ദിവസം രാവിലെ 6 മണിയോടെ എംടി കൂടല്ലൂരിലേക്കു പോകുന്നു, അദ്ദേഹത്തിനൊപ്പം പോകണം. ഫൊട്ടോഗ്രാഫറെയും കൂട്ടണം. നല്ല പടങ്ങളും ഫീച്ചറും വേണം. തിരിച്ചെത്തിയാലുടൻ ഫയൽ ചെയ്യണം. ഈയാഴ്ച തന്നെ പ്രസിദ്ധീകരിക്കാൻ കഴിയണം.
∙ യാത്ര കൂടല്ലൂരിലേക്ക്
പിറ്റേന്ന് പുലർച്ചെ അഞ്ചരയോടെതന്നെ ഫൊട്ടോഗ്രാഫർ ടോണി ഡൊമിനിക്കിനൊപ്പം കൊട്ടാരം റോഡിലെ എംടിയുടെ വീട്ടിൽ ചെന്നു. നേരം വെളുത്തു വരുന്നതേയുള്ളൂ. എംടി പുറപ്പെടാനുള്ള തയാറെടുപ്പിലാണ്. കുടുംബാംഗങ്ങൾ യാത്രയയ്ക്കാൻ നിൽക്കുന്നു. അപ്രതീക്ഷിതമായി എത്തിയ ഞങ്ങളെ കണ്ടപ്പോൾ കാര്യം തിരക്കി. കാര്യം പറഞ്ഞപ്പോൾ അതിനുള്ള മൂഡിലല്ലെന്ന കനപ്പെട്ട മറുപടി. എംടി പോകുമ്പോൾ പിന്നാലെ കൂടല്ലൂരിലേക്കു പോകാമെന്ന് പദ്ധതിയിട്ടു. കാറിൽ കയറും മുൻപ് എംടി കണ്ണുകൊണ്ട് സൂചന നൽകി. ഒപ്പം കാറിൽ കയറിക്കോളൂ എന്ന്. അത് അപ്രതീക്ഷിതമായിരുന്നു. എംടിക്കൊപ്പം ഒരു യാത്ര.
കോഴിക്കോട് വിട്ട് ഫറോക്ക് എത്തുമ്പോഴേയ്ക്കും എംടി റിലാക്സ്ഡ് ആയിരുന്നു. കുട്ടിക്കാലം മുതലുള്ള കഥകൾ ഗൃഹാതുതരമായ മട്ടിൽ പറയാൻ തുടങ്ങി. ജ്ഞാനപീഠം കിട്ടി പുലർന്ന ദിവസം എഴുത്തിന്റെ ആദ്യദിനം മുതലുള്ള ഓർമകൾ പങ്കുവയ്ക്കാൻ അദ്ദേഹം ആഗ്രഹിച്ചുകാണണം. എന്തു ചോദ്യത്തിനും മറുപടി നൽകാനും തയാറായിരുന്നു. സംഭവങ്ങൾക്കൊപ്പം, കുറേ വർഷം മുൻപ് മരണത്തെ മുഖാമുഖം കണ്ടശേഷം മടങ്ങിവന്ന കഥയും പറഞ്ഞു. ഷർട്ട് ഉയർത്തി അന്ന് നടത്തിയ ഓപ്പറേഷന്റെ പാടുകൾ കാണിച്ചുതന്നു.
തലേന്ന്, ഓഫിസിൽ എംടിയുടെ ഫയൽ നോക്കുമ്പോൾ അതിൽ കാലപ്പഴക്കം കൊണ്ട് മഞ്ഞിച്ച കടലാസിൽ മുൻപുണ്ടായിരുന്ന ആരോ എഴുതി തയാറാക്കി വച്ചിരുന്ന എംടിയുടെ ജീവചരിത്രക്കുറിപ്പ് കണ്ടിരുന്നു. ‘സുകൃത’ത്തിലെ നായകൻ മരണത്തിന്റെ വക്കിൽ നിന്ന് തിരിച്ചെത്തിയപ്പോൾ കണ്ടതുപോലെ.
കുറ്റിപ്പുറം പാലമെത്തുമ്പോൾ ഇടശേരിയെ ഓർത്ത് കവിത എംടി ചൊല്ലി.
പേരാറ്റു നീരായ ചെമ്പിച്ച പൈക്കളെ
ധാരാളമാട്ടിത്തെളിച്ചുകൊണ്ടങ്ങനെ
എത്തീകിഴക്കൻ മലകടന്നിന്നലെ
ഇത്തീരഭൂവിൽ കറുത്ത ചെട്ടിച്ചികൾ
ഈ ഭാഷയുടെ ചൂടും ചൂരും മഹത്വവും നമ്മുടെ മക്കൾക്ക് നഷ്ടമാകുന്നു എന്ന് എംടി വ്യസനത്തോടെ പറഞ്ഞു.
രാവിലെ തന്നെ കൂടല്ലൂർ ലളിതമായി ഒരുങ്ങിനിൽപ്പായിരുന്നു. ഉത്സവകാലമാണ്. അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട തിറയും പൂതവും ഉത്സവത്തിന്റെ ഭാഗമായിരുന്നു. എല്ലാം കണ്ട് എംടി നിന്നു. അധികം വൈകും മുൻപേ അവിടേക്കു മഹാകവി അക്കിത്തം വന്നു. അതു കാത്തുനിൽക്കുകയായിരുന്നു എംടി. അക്കിത്തത്തിന്റെ മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. ജ്ഞാനപീഠം പോലുള്ള ഏറ്റവും വലിയ അംഗീകാരം ഗുരുവിന് സമർപ്പിച്ചതുപോലെയായിരുന്നു ആ വന്ദനം. സഹപത്രാധിപരായി കോഴിക്കോട് നഗരത്തിലെത്തിയ എംടിക്ക് ആദ്യകാലങ്ങളിൽ ആശ്രയം കൂടിയായിരുന്നു അന്ന് ആകാശവാണിയിലെ ഉദ്യോഗസ്ഥനായിരുന്ന അക്കിത്തം.
∙ നിളയുടെ രക്ഷകൻ
അമരൻമാരായ മനുഷ്യരുടെ നാടെന്ന് എംടി പറഞ്ഞ അവിടെ എല്ലാവരും ‘വാസ്വേട്ടൻ’ വന്നുവെന്ന സന്തോഷമാണ് പ്രകടിപ്പിച്ചത്. എന്റെ നാട്ടിൽ ഞാൻ എംടിയല്ല, അവരുടെ വാസു മാത്രമാണെന്ന് എംടി ഓർമിപ്പിച്ചു. അവരുടെ സ്നേഹപ്രകടനങ്ങളും അങ്ങനെയായിരുന്നു. കൂടല്ലൂരെന്ന നിളാതീരത്തെ ചെറിയ ഗ്രാമത്തെ ലോകം മുഴുവൻ അറിയിച്ച നാട്ടുകാരൻ മാത്രം. വായനയിലൂടെ അറിഞ്ഞിട്ടുള്ള താന്നിക്കുന്നും കൊടിക്കുന്നത്തുകാവും എംടി കാണിച്ചുതന്നു. ദൈവമില്ലെന്നു പറഞ്ഞാൽ അംഗീകരിക്കും, പക്ഷേ കൊടിക്കുന്നുകാവിലമ്മ ഇല്ലെന്നു പറഞ്ഞാൽ അംഗീകരിക്കില്ല എന്നാണല്ലോ എംടി പറഞ്ഞിട്ടുള്ളത്.
അതിനും ഏതാനും വർഷങ്ങൾക്കു മുൻപാണ് ഭാരതപ്പുഴയിലെ മണൽവാരലിനെ പറ്റിയും അതിന്റെ അപകടത്തെ പറ്റിയും എംടി എഴുതിയത്. എഴുത്തുകാർ ദൂരക്കാഴ്ചയുള്ളവരാണ്. എംടിയുടെ അന്നത്തെ ആ രോദനം വലിയ ചർച്ചയായി. ഏതു പരിസ്ഥിതി ലേഖനത്തെയും പ്രക്ഷോഭത്തെയുംകാൾ മലയാളികളെ പിടിച്ചുകുലുക്കി. അറിയാത്ത അദ്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാൾ എനിക്കിഷ്ടം അടുത്തറിയുന്ന നിളയെയാണ് എന്നെഴുതിയ എംടി അതിനെ കൊല്ലാക്കൊല ചെയ്യുന്നതിനെതിരെ പ്രതികരിച്ചത് സ്വാഭാവികം മാത്രമായിരുന്നു.
എംടിയുടെ കൃതികൾ കാലാതിവർത്തിയാകുമോ എന്നുള്ള സംശയം സ്വാഭാവികമായും ചോദിച്ചു. അതിനും മറുപടി പറയാൻ അദ്ദേഹം തയാറായി. ‘‘അറിയില്ല.. ഇപ്പോഴും വിറ്റുപോകുന്നു’’ എന്നായിരുന്നു മറുപടി. (പിൽക്കാലത്ത് എംടിയുടെ പ്രധാനപ്പെട്ട സിനിമകളെ ഡോക്യുമെന്റ് ചെയ്യാൻ പോയ ഒരു സുഹൃത്തിന്റെ അനുഭവം ഇങ്ങനെ– തന്റെ പ്രശസ്തമായ സിനിമകളൊന്നും പ്രസക്തമല്ലെന്നു പറഞ്ഞ എംടി മറ്റൊരു പട്ടികയാണ് കൊടുത്തത്. അവയാകട്ടെ അത്ര വിജയിക്കാതെപോയ സിനിമകൾ ആയിരുന്നു). നിളയുടെ തീരത്തുനിന്ന് ചിത്രമെടുക്കുമ്പോഴും എംടി ഉത്സാഹം മറച്ചുവച്ചില്ല. വലിയൊരു പേരാലിന്റെ ചുവട്ടിൽ തലയെടുപ്പോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തു.
തൊട്ടടുത്ത ഞായറാഴ്ച തന്നെ ജ്ഞാനപീഠം കിട്ടിയശേഷം എംടി യെ പറ്റിയുള്ള ആദ്യ ഫീച്ചർ മനോരമ ‘ഞായറാഴ്ച’യിൽ വന്നു. ബി. മുരളി നൽകിയ ‘കൂടല്ലൂരിന്റെ ഒന്നാമൂഴം’ എന്ന തലക്കെട്ടോടെ. ആ ദിവസം വേണാട് എക്സ്പ്രസിൽ യാത്ര ചെയ്യേണ്ട സന്ദർഭമുണ്ടായി. ഒന്ന് നടന്നു നോക്കിയപ്പോൾ എംടിയെ പറ്റിയുള്ള ലേഖനം മറിച്ചുനോക്കുന്നവരെ ധാരാളം കണ്ടു. എംടി എത്രത്തോളം പോപ്പുലർ ആണെന്ന് തെളിയിക്കുന്നതായിരുന്നു ആ അനുഭവം. (പലപ്പോഴും വാരികകൾ സർക്കുലേഷന്റെ കാര്യത്തിൽ ക്ഷീണിക്കുമ്പോൾ തിരിച്ചുവരവ് നടത്തിയിരുന്നത് എംടിയുടെ മുഖചിത്രം അച്ചടിച്ചുകൊണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്).
∙ ഭാഷയുടെ കാവലാളാകണം എഴുത്തുകാരൻ
എ സക്സസ്ഫുൾ റൈറ്റർ എന്ന് നോവലിസ്റ്റ് കെ സുരേന്ദ്രൻ എംടിയെ വിശേഷിപ്പിച്ചു കേട്ടിട്ടുണ്ട്. കൈവച്ച എല്ലാ മേഖലയിലും വിജയിച്ചു. ആ വിജയത്തിന് ചില സവിശേഷതകളുണ്ടായിരുന്നു. എഴുത്തുകാരൻ ആരുടെയും ആശ്രിതനോ രണ്ടാംനിരയിൽ നിൽക്കേണ്ടയാളോ അല്ലെന്ന് എംടി സ്ഥാപിച്ചു. എഴുത്തുകാരന്റെയും ഭാഷയുടെയും അഭിമാനമാണ് ഉയർത്തിപ്പിടിക്കുന്നതെന്ന നല്ല ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ബഷീറിനെ ബേപ്പൂർ ‘സുൽത്താൻ’ എന്നാണ് വിശേഷിപ്പിച്ചത്. മാധ്യമങ്ങളുടെ മുന്നിൽ കുട്ടിക്കാലം മുതലുള്ള കഥ ആവർത്തിക്കുകയെന്നത് എഴുത്തുകാരന്റെ ബാധ്യതയല്ല എന്ന തിരിച്ചറിവാണ് പലപ്പോഴും അഭിമുഖക്കാരെ അകറ്റിനിർത്തുന്നതിന്റെ പിന്നിലുള്ള ഒരു കാരണമെന്നു തോന്നിയിട്ടുണ്ട്.
ഇക്കാര്യത്തെപ്പറ്റി എം ടി പറഞ്ഞിട്ടുണ്ട്. ബോംബെയിൽ ചെന്നപ്പോൾ ഒരു മാധ്യമപ്രവർത്തകൻ അഭിമുഖത്തിനു വന്നു. സംസാരിച്ചു തുടങ്ങിയപ്പോൾ തന്റെ ചരിത്രം മുഴുവൻ മനസ്സിലാക്കിയ ശേഷമാണ് അദ്ദേഹം അഭിമുഖത്തിന് എത്തിയതെന്ന് മനസ്സിലായി. അങ്ങനെ വേണം എല്ലാവരും ചെയ്യേണ്ടത് എന്നാണ് മലയാളത്തിലെ ഏറ്റവും പ്രശസ്തനായ പത്രാധിപർ കൂടിയായ എംടി സൂചിപ്പിച്ചത്. കലാമണ്ഡലത്തിൽ രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിൽ നേരെ കയറി വന്നു കസേര വലിച്ചിട്ടിരുന്ന വള്ളത്തോളിനെപ്പറ്റി പ്രഫ. എം കൃഷ്ണൻ നായർ പലപ്പോഴും എഴുതിയിട്ടുണ്ട്. പ്രോട്ടോകോൾ അല്ല ഇവിടെ പ്രധാനി ഞാനാണ് എന്നാണ് മഹാകവി സൂചന നൽകിയത്.
എഴുത്തുകാരൻ ഭാഷയുടെ കാവലാളാണ്, ആ അധികാരം എംടിയുടെ പെരുമാറ്റത്തിന്റെ ഭാഗമാണ്. താടി വളർത്തി, സഞ്ചി തൂക്കി നടക്കുന്ന എഴുത്തുകാരന്റെ വിലകുറഞ്ഞ ചിത്രീകരണത്തോട് എംടി ഒരിക്കലും ചേർന്നുനിന്നിട്ടില്ല. നാട്ടിൻപുറത്തെ മലയാളിയെ പോലെ സാധാരണരീതിയിൽ മുണ്ടുടുത്ത്, അനാർഭാടമായി നടന്നുനീങ്ങി. സമ്പത്തിന്റെ ധാരാളിത്തത്തിൽ കഥയില്ലാത്ത ജീവിതം നയിക്കുന്നവർ എംടിയുടെ കഥാപാത്രങ്ങൾ ആയിട്ടുണ്ട് സാഹിത്യത്തിലും സിനിമയിലും. ജീവിതത്തിലെ ആ മനോഭാവം പലപ്പോഴും അദ്ദേഹം പ്രകടിപ്പിക്കുന്നതും കണ്ടിട്ടുണ്ട്. എഴുത്തുകാരനേക്കാൾ സമ്പന്നനായ ആളല്ല മറ്റാരും എന്ന് തന്റെ മനോഭാവത്തിലൂടെ പ്രകടിപ്പിച്ചിട്ടുണ്ട്.
∙ കണ്ടു എംടിയുടെ മറ്റൊരു മുഖം
അതിപ്രശസ്തരായ മമ്മൂട്ടിയും മോഹൻലാലും എംടിയുടെ മുന്നിൽ വിനീതരായി. അതേസമയം ഭാഷയോടും സാഹിത്യത്തോടും നിർമ്മലമായ ഇഷ്ടം കാത്തുസൂക്ഷിക്കുന്നവരെ, അവർ എത്ര അപ്രശസ്തനാണെങ്കിലും എംടി വൈകാരികതയോടെ ചേർത്തുപിടിക്കുന്നത് പലവട്ടം അടുത്തുനിന്ന് കാണാൻ കഴിഞ്ഞു.
എംടിയുമായി അടുപ്പം ഉണ്ടായിക്കഴിഞ്ഞപ്പോൾ നിരവധി സ്ഥലങ്ങളിൽ അദ്ദേഹത്തെ പ്രസംഗകനായി കൊണ്ടുപോകാനുള്ള അവസരം ഉണ്ടായി. കോഴിക്കോട് മെഡിക്കൽ കോളേജിൽ യൂണിയൻ ഉദ്ഘാടനത്തിന് എത്തിയ എംടി മെഡിക്കൽ സയൻസും ചികിത്സയുമായി ബന്ധപ്പെട്ട് ഒരു മണിക്കൂറോളം നീണ്ട ഉജ്വല പ്രഭാഷണം നടത്തി. മെഡിക്കൽ വിദ്യാർഥികൾ സാകൂതം കേട്ടിരിക്കുന്ന കാഴ്ച കണ്ടപ്പോൾ എംടിയുടെ മറ്റൊരു മുഖവും കാണാൻ കഴിഞ്ഞു.
മദ്രാസിലെ ഒരു പ്രഭാഷണത്തിന്റെ കഥ പറഞ്ഞത് ഒരു സുഹൃത്താണ്. ഭാരതിരാജയും ബാലചന്ദറും അടക്കമുള്ള സംവിധായകരും നിരവധി പ്രഫസർമാരും പത്രപ്രവർത്തകരും എംടിയുടെ പ്രഭാഷണം കേൾക്കാൻ എത്തിയിരുന്നു. മനോഹരമായ, ഉന്നത നിലവാരമുള്ള ഇംഗ്ലിഷിൽ ആണ് എംടി പ്രഭാഷണം നടത്തിയത്. പ്രഭാഷണത്തിനു ശേഷം എംടിയുടെ ഓട്ടോഗ്രാഫ് വാങ്ങാൻ അവിടെ ആളുകൾ ക്യൂ നിന്നത് അദ്ഭുതപ്പെടുത്തുന്ന കാഴ്ചയായിരുന്നു. സാധാരണ പ്രസംഗകരുടെ ആംഗ്യവിക്ഷേപങ്ങളോ സദസ്സിനെ കയ്യിലെടുക്കാനുള്ള നർമ്മഭാഷണങ്ങളോ എംടിയുടെ പ്രഭാഷണത്തിലുണ്ടാകില്ല. ശക്തമായും ഫലപ്രദമായും ഭാഷ ഉപയോഗിച്ച് കാര്യം പറയുന്ന ശൈലി അനാകർഷകമെന്ന് ഒറ്റനോട്ടത്തിൽ തോന്നിയേക്കും. അതേസമയം കേൾവിക്കാർ കാതുകൂർപ്പിച്ചിരിക്കുന്നതു കാണാം. ഇക്കാര്യത്തിൽ എംടിയെ താരതമ്യം ചെയ്യാവുന്നത് ഇഎംഎസിനോടാണ്. ഇഎംഎസ് പ്രസംഗത്തിൽ കുറച്ചേ പറയൂ, പറയുന്നതിൽ കാര്യമുണ്ടാകും, അതു വാർത്ത സൃഷ്ടിക്കുകയും ചെയ്യും.
∙ തുഞ്ചൻ പറമ്പിൽ ദൗത്യം പൂർത്തിയാക്കി എംടി
മലയാളഭാഷയുടെ പിതാവിന് മലയാളത്തിലെ ഏറ്റവും പ്രശസ്തനായ സാഹിത്യകാരൻ നൽകിയ ആദരവെന്ന് തുഞ്ചൻ സ്മാരകത്തെപ്പറ്റി പറയാം. തുഞ്ചൻ പറമ്പ് ഉണ്ടായിരുന്നെങ്കിലും ഭാഷാപിതാവിന് ഉചിതമായ സ്മാരകം ഉണ്ടായിരുന്നില്ല എന്നത് അദ്ഭുതകരമായ വസ്തുതയാണ്. എംടി ഏറ്റെടുത്ത്, തുഞ്ചൻപറമ്പ് നവീകരിക്കുകയും അവിടം പ്രമുഖ കേന്ദ്രമാക്കി മാറ്റുകയും ചെയ്തപ്പോൾ എതിർപ്പുമായി മുന്നിൽ നിന്നത് പ്രമുഖ എഴുത്തുകാർ ആയിരുന്നു. മാധ്യമങ്ങളിലെ കോലാഹലം എംടിയെ സ്പർശിച്ചതേയില്ല. കേരളീയ രീതിയിലുള്ള നിർമിതികളോടെ അത് പൂർത്തിയാക്കുകയും ഇന്ത്യയിൽ എമ്പാടുമുള്ള സാഹിത്യകാരന്മാരുടെ തീർഥാടന കേന്ദ്രമാക്കി മാറ്റുകയും ചെയ്തത് എംടിയുടെ മാത്രം കഴിവാണ്. എതിർപ്പുമായി വന്ന മതമൗലികവാദികൾ അകന്നുതന്നെ നിന്നു. രാഷ്ട്രീയ പാർട്ടികളും ഒതുങ്ങിനിന്നു. പലപ്പോഴും കലാകാരന്മാരും സാഹിത്യകാരന്മാരും മാനേജ്മെന്റ് കഴിവുകൾ ഇല്ലാത്തവരാണെന്ന് വിമർശനം ഉണ്ടാകാറുണ്ട്. അക്കാര്യത്തിൽ വ്യത്യസ്തനായിരുന്നു എംടി. അതിന്റെ ഏറ്റവും നല്ല ഉദാഹരണമായി തുഞ്ചൻപറമ്പ് മാറി. അതേസമയം തുഞ്ചൻ സർവകലാശാലയ്ക്ക് ആ ഭാഗ്യം ഉണ്ടായില്ല.
മലയാളത്തിലെ ദൃശ്യമാധ്യമപ്രവർത്തനത്തെ മറ്റൊരു തലത്തിലേക്ക് വഴിതിരിച്ചുവിടാനും എംടിക്ക് കഴിഞ്ഞുവെന്നതും കൗതുകമുണർത്തുന്ന കാര്യമാണ്. എംടി ചുമതല വഹിച്ച ഇന്ത്യാ വിഷൻ ചാനൽ ദൃശ്യമാധ്യമരംഗത്ത് മാറ്റങ്ങൾ കൊണ്ടുവന്നു. ചാനലിനെ ആ രൂപത്തിൽ പരിവർത്തനം ചെയ്യിപ്പിച്ചത് എംടി ആയിരുന്നു. കൊട്ടാരം റോഡിലെ ‘സിത്താര’ വീട്ടിൽ എപ്പോഴൊക്കെ ചെന്നിട്ടുണ്ടോ അപ്പോഴെല്ലാം മുകളിലത്തെ നിലയിൽനിന്ന് വായിച്ചുപകുതിയാക്കിയ പുസ്തകവുമായി എംടി ഇറങ്ങിവരുന്ന ദൃശ്യമാണ് കണ്ടിട്ടുള്ളത്. ഒട്ടേറെ പുതിയ എഴുത്തുകാരെ പ്രശസ്തിയുടെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നത് എംടിയാണ്. മനു എസ്. പിള്ളയുടെ ആദ്യ കൃതി ശ്രദ്ധേയമായതിൽ എംടി യുടെ വാക്കുകൾക്കും പങ്കുണ്ട്. വിപുലമായ വായനയുടെ ഉദാഹരണങ്ങളിൽ സിനിമാ സംബന്ധമായ എഴുത്തുകൾ ശ്രദ്ധിക്കപ്പെടേണ്ടതാണ്. പഠനവും കാര്യങ്ങൾ മനസ്സിലാക്കുന്നതിലെ ആത്മാർത്ഥതയും എംടിയുടെ ലേഖനങ്ങളിൽ ഉള്ളടങ്ങിയിരിക്കും.
∙ എംടിയുടെ രാഷ്ട്രീയം
മുഖ്യമന്ത്രി പിണറായി വിജയനെ സ്റ്റേജിൽ ഇരുത്തിക്കൊണ്ട് കേരളത്തിലെ രാഷ്ട്രീയത്തെപ്പറ്റിയുള്ള വിമർശനം സമീപകാലത്ത് എംടി നടത്തിയത് സൃഷ്ടിച്ചത് ചില്ലറ കോലാഹലം ആയിരുന്നില്ല. സൂക്ഷ്മമായ രാഷ്ട്രീയ നിരീക്ഷണം കൈമുതലായുള്ള വ്യക്തിയായിരുന്നു അദ്ദേഹം. മുത്തങ്ങ വെടിവയ്പ്പിന് പിന്നാലെ ഉണ്ടായ ഒരു സംഭവം അടുത്ത കാലത്ത് ഒരു പത്രപ്രവർത്തകൻ മനോഹരമായി എഴുതിയിട്ടുണ്ട്. ആദിവാസികൾക്ക് നേരെ നടന്ന പീഡനത്തെ ശക്തമായി അപലപിച്ചു കൊണ്ട് എംടി ഒരു കുറിപ്പ് എഴുതുകയും അത് ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഓഫിസിൽ എത്തിക്കുകയും ചെയ്തു. അതൊരു മാധ്യമ വാർത്തയാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആരും ചോദിക്കാനും പറയാനും ഇല്ലാത്തവരാണ് ആദിവാസികൾ എന്ന അവസ്ഥ ഉരുത്തിരിയുന്നതാണ് എംടിയെ അതിനു പ്രേരിപ്പിച്ചത്. ആ കുറിപ്പിനു പിന്നാലെ കേരളം ആദിവാസികൾക്ക് നേരെ നടക്കുന്ന അനീതിയെ പറ്റി ചർച്ച ചെയ്തു. ജാഥകൾ നടന്നു. ഇതിനു സമാനമായ കാര്യമാണ് ഏറ്റവും ഒടുവിൽ കോഴിക്കോട് കടപ്പുറത്ത് നടത്തിയ പ്രസംഗം കൊണ്ടും എംടി നടത്തിയത്.
കേരളത്തിൽ പാർട്ടിയും മുഖ്യമന്ത്രിയും ആരാലും ചോദ്യം ചെയ്യപ്പെടാതെ പോകുന്നു എന്ന സാഹചര്യം നിലനിൽക്കുമ്പോഴാണ് എംടി ആ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇത്തരം ധീരത എംടിയുടെ കൈമുതൽ ആയിരുന്നു. കേരളത്തിലെ ഏതു സാംസ്കാരിക കലാപ്രവർത്തകരേക്കാളും തലപ്പൊക്കം തനിക്കുണ്ടെന്ന് എംടിക്ക് അറിയാമായിരുന്നു. അത് അനിവാര്യമായ സ്ഥലങ്ങളിൽ വേണ്ടപോലെ പ്രയോഗിക്കണം എന്ന രാഷ്ട്രീയവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ജനപക്ഷ രാഷ്ട്രീയവും മാധ്യമപ്രവർത്തനവും നടത്തുന്നവരെ ‘പഞ്ചാഗ്നി’ പോലുള്ള സിനിമകളിലൂടെ എംടി അംഗീകരിച്ചു. സാഹിത്യത്തിലാണെങ്കിലും കഴമ്പില്ലാത്തതിനെ അദ്ദേഹം അംഗീകരിച്ചില്ല. ഒരിക്കൽ ഒരു കഥാമത്സരം വിലയിരുത്താൻ ഏൽപിച്ചപ്പോൾ ‘ശ്രദ്ധാപൂർവം വായിച്ചു, അവാർഡിന് അർഹമായതൊന്നും കണ്ടില്ല’ എന്നൊരു ചെറുകുറിപ്പാണ് മറുപടിയായി കിട്ടിയത്.
വിടപറയുമ്പോൾ, ഒരുപക്ഷേ, എംടി ഖിന്നനായിരുന്നത് മലയാള ഭാഷയുടെ മുന്നോട്ടുള്ള പോക്കിനെ പറ്റി ഓർത്തിട്ടാവാം. ലോകത്തുള്ള പല ഭാഷകളും നശിച്ചുപോകുന്നതിനെപ്പറ്റി എംടി പലവട്ടം എഴുതിയിട്ടുണ്ട്, ഇഷ്ട പ്രഭാഷണവിഷയമാണെന്ന് തോന്നിയിട്ടുണ്ട്. മലയാളത്തോട് മലയാളിയുടെ മനോഭാവം ഉദാസീനതയുടേതാണ്. അനുപമമായ സാഹിത്യ സമ്പത്തുള്ള ഭാഷയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ മലയാളികൾ ഒരിക്കലും നടത്തിയിട്ടില്ല. ഇക്കാര്യം എംടി എക്കാലവും പറഞ്ഞിട്ടുണ്ട്. മലയാള ഭാഷയ്ക്ക് അഭിമാനിക്കാൻ വകയുള്ള പൈതൃകം ബാക്കിവച്ചാണ് കടന്നുപോകുന്നതെന്ന് എംടിക്ക് അഭിമാനിക്കാം.