‘പ്രതികളെ ഇറക്കാൻ വക്കീലൻമാരുടെ ക്യൂ; ഭാവിയിൽ മലയാളത്തിൽ വൻകിട സൂപ്പർ താരങ്ങൾ ഉണ്ടാകില്ല’
ക്രൈം ത്രില്ലർ സിനിമകൾ ആവേശത്തോടെ കാണുന്നവരാണ് നമ്മൾ. എന്തു കൗശലവും ഉപയോഗിച്ചു ലക്ഷ്യം നേടാൻ ശ്രമിക്കുന്ന കുശാഗ്ര ബുദ്ധിയായ വില്ലനും അതിനെ തന്ത്രം കൊണ്ടും കരുത്തു കൊണ്ടും നേരിടുന്ന നായകനുമാണ് ഇത്തരം സിനിമകളുടെ പ്രമേയം. ഒടുവിൽ വില്ലനെ നായകൻ കീഴടക്കുന്നതോടെ പടം അവസാനിക്കുന്നു. എന്നാൽ ചില സിനിമകളിൽ
ക്രൈം ത്രില്ലർ സിനിമകൾ ആവേശത്തോടെ കാണുന്നവരാണ് നമ്മൾ. എന്തു കൗശലവും ഉപയോഗിച്ചു ലക്ഷ്യം നേടാൻ ശ്രമിക്കുന്ന കുശാഗ്ര ബുദ്ധിയായ വില്ലനും അതിനെ തന്ത്രം കൊണ്ടും കരുത്തു കൊണ്ടും നേരിടുന്ന നായകനുമാണ് ഇത്തരം സിനിമകളുടെ പ്രമേയം. ഒടുവിൽ വില്ലനെ നായകൻ കീഴടക്കുന്നതോടെ പടം അവസാനിക്കുന്നു. എന്നാൽ ചില സിനിമകളിൽ
ക്രൈം ത്രില്ലർ സിനിമകൾ ആവേശത്തോടെ കാണുന്നവരാണ് നമ്മൾ. എന്തു കൗശലവും ഉപയോഗിച്ചു ലക്ഷ്യം നേടാൻ ശ്രമിക്കുന്ന കുശാഗ്ര ബുദ്ധിയായ വില്ലനും അതിനെ തന്ത്രം കൊണ്ടും കരുത്തു കൊണ്ടും നേരിടുന്ന നായകനുമാണ് ഇത്തരം സിനിമകളുടെ പ്രമേയം. ഒടുവിൽ വില്ലനെ നായകൻ കീഴടക്കുന്നതോടെ പടം അവസാനിക്കുന്നു. എന്നാൽ ചില സിനിമകളിൽ
ക്രൈം ത്രില്ലർ സിനിമകൾ ആവേശത്തോടെ കാണുന്നവരാണ് നമ്മൾ. എന്തു കൗശലവും ഉപയോഗിച്ചു ലക്ഷ്യം നേടാൻ ശ്രമിക്കുന്ന കുശാഗ്ര ബുദ്ധിയായ വില്ലനും അതിനെ തന്ത്രം കൊണ്ടും കരുത്തു കൊണ്ടും നേരിടുന്ന നായകനുമാണ് ഇത്തരം സിനിമകളുടെ പ്രമേയം. ഒടുവിൽ വില്ലനെ നായകൻ കീഴടക്കുന്നതോടെ പടം അവസാനിക്കുന്നു. എന്നാൽ ചില സിനിമകളിൽ നായകൻ തന്നെയാണ് വില്ലൻ എന്നു തിരിച്ചറിയുന്നതിന്റെ ഞെട്ടലും പ്രേക്ഷകർക്ക് ഉണ്ടാകാം.
ചലച്ചിത്ര വ്യവസായത്തെ തകർക്കുന്ന വില്ലൻമാരാണ് വ്യാജ സിനിമയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നത്.ഇത്തരം സിനിമകൾ പ്രചരിപ്പിക്കുന്ന സൈറ്റുകളും ആപ്പുകളും കരുത്തു നേടുന്നു.ലോകത്ത് എവിടെയും ഇറങ്ങുന്ന സിനിമകൾ ചൂടാറും മുൻപേ ഇവർ അപ്‍ലോഡ് ചെയ്യും.ഒരു സിനിമ യുഎസിൽ നിന്നാണ് അപ്‍ലോഡ് ചെയ്യുന്നതെങ്കിൽ അടുത്തത് യുകെയിൽ നിന്നായിരിക്കും.ഇവരെ പിടികൂടാൻ നമ്മുടെ പൊലീസ് മാത്രം വിചാരിച്ചാൽ നടക്കില്ല.ഇനി ആരെയെങ്കിലും അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ ഇറക്കാനും കേസ് നടത്താനും ഇന്ത്യയിലെ പ്രഗല്‍ഭരായ അഭിഭാഷകർ വിമാനത്തിൽ പറന്നെത്തും. ലക്ഷങ്ങൾ മുടക്കിയാണ് വമ്പന്മാരായ അഭിഭാഷകരെ പ്രതികൾക്കായി രംഗത്ത് ഇറക്കുന്നത്. സർക്കാർ ഭാഗത്തു നിന്ന് ചെറിയ വിട്ടു വീഴ്ച കൂടി ചെയ്യുന്നതോടെ പ്രതികൾ ജാമ്യം നേടി മുങ്ങും. പിന്നീട് അവരെ മഷിയിട്ടു നോക്കിയാൽ പോലും കാണില്ല.
അനധികൃതമായി സിനിമ പകർത്തുന്നവരെ പിടികൂടിയാലും അവരെ ജീവനോടെ നിയമത്തിനു മുന്നിൽ എത്തിക്കാൻ സാധിക്കുമെന്ന് ഉറപ്പില്ല.പിടിയിലാകുന്നവർ മരിക്കാം.അത് ആത്‍മഹത്യയോ കൊലപാതകമോ എന്നു പോലും കണ്ടെത്താൻ ബുദ്ധിമുട്ട് ആയിരിക്കും.വ്യാജ സിനിമയിലൂടെ കോടികൾ ഉണ്ടാക്കുന്ന ആഗോള ഭീകരന്മാർക്കു മുന്നിൽ പകച്ചു നിൽക്കാനേ പലപ്പോഴും ചലച്ചിത്ര ലോകത്തിനു കഴിയൂ.എങ്കിലും വ്യാജന്മാർക്ക് മലയാള സിനിമയുടെ പകർപ്പ് ലഭിക്കുന്നതു തടയാനുള്ള തീവ്ര ശ്രമമാണ് ചലച്ചിത്ര നിർമാതാക്കൾ നടത്തുന്നത്.അതിനായി സിനിമാക്കഥകളെ വെല്ലുന്ന ത്രസിപ്പിക്കുന്ന അന്വേഷണം അവർ നടത്തുന്നു.ചിലതു വിജയിക്കാം.മറ്റു ചിലതു ദയനീയമായി പരാജയപ്പെടാം.
ഇരയിട്ടു മീൻ പിടിക്കുന്ന പോലെ അടുത്ത കാലത്ത് ‘പാപ്പൻ’,‘ഇലവീഴാ പൂഞ്ചിറ’ എന്നീ ചിത്രങ്ങൾ ഉപയോഗിച്ച് ഈ ലോബിയെ കുടുക്കാൻ നിർമാതാക്കൾ ശ്രമം നടത്തിയിരുന്നു.അത് ഭാഗികമായി വിജയിക്കുകയം ചെയ്തു.
വ്യാജന്റെ വിളയാട്ടത്തെക്കുറിച്ച് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റും പ്രമുഖ നിർമാതാവുമായ എം.രഞ്ജിത് സംസാരിക്കുന്നു.
വ്യാജൻമാരെ പിടി കൂടിയ കുറെ കഥകൾ രഞ്ജിത്തിനു പറയാൻ ഉണ്ടാകുമല്ലോ?
തീർച്ചയായും...വ്യാജൻ എടുക്കുന്നതു തിയറ്ററിൽ നിന്നാണെന്ന് ഒരിക്കൽ ഞങ്ങൾക്കു വിവരം ലഭിച്ചു. നിരന്തരം നിരീക്ഷിച്ചപ്പോൾ ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലെ തിയറ്ററുകളിൽ നിന്നാണ് സിനിമ ചോരുന്നതെന്നു വ്യക്തമായി. ഒടുവിൽ ബെംഗളൂരുവിലെ തിയറ്ററിൽ നിന്നു സിനിമ പകർത്തുന്നതു കയ്യോടെ പിടിച്ചു. പ്രൊജക്ടർ ഓപ്പറേറ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് അയാളെ കേരളത്തിൽ കൊണ്ടു വന്നു ചോദ്യം ചെയ്തു. തെളിവെടുപ്പിനായി ഇയാളെ പിന്നീട് ബെംഗളൂരുവിലേക്ക് കൊണ്ടു പോകേണ്ടി വന്നു. അവിടെ വച്ചു ശുചിമുറിയിൽ പോകണം എന്നു പ്രതി ആവശ്യപ്പെട്ടു. പോയ ആളെ കുറെ കഴിഞ്ഞിട്ടും കാണാതെ വന്നപ്പോഴാണ് പൊലീസ് അന്വേഷിച്ചു ചെന്നത്. ശുചി മുറിക്കുള്ളിൽ അയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിനു പിന്നിൽ ഇപ്പോഴും ദുരൂഹത നിലനിൽക്കുകയാണ്.
‘തമിഴ് റോക്കേഴ്സി’നു കടിഞ്ഞാൺ ഇടാൻ സാധിച്ചോ?
ദക്ഷിണേന്ത്യയിൽ ഏറ്റവും അധികം വ്യാജ സിനിമ നൽകുന്ന വെബ്സൈറ്റ് ‘തമിഴ് റോക്കേഴ്സ്’ ആണ്. വിദേശത്തു നിന്നാണ് അവർ സിനിമ അപ്‍ലോഡ് ചെയ്യുന്നത്. ഏതെങ്കിലും ഒരെണ്ണം ബ്ലോക് ചെയ്താൽ അവർ മറ്റ് ഏതെങ്കിലും രാജ്യത്തു നിന്ന് അപ്‍ലോഡ് ചെയ്യും. വ്യാജ ചിത്രങ്ങൾ നൽകുന്ന വെബ്സൈറ്റുകൾക്കു പിന്നിൽ വലിയൊരു സംഘം തന്നെ ഉണ്ട്.സിനിമ ഡൗൺലോഡ് ചെയ്യുന്നതിന് അനുസരിച്ച് അവർക്ക് പണം ലഭിക്കും. ശല്യം മൂത്തതോടെ തമിഴ് റോക്കേഴ്സിനെ പിടികൂടാൻ ഞങ്ങൾ തീരുമാനിച്ചു. എന്നാൽ അതിനു നല്ല പണച്ചെലവ് വരും. പൊലീസിന് അത്രയും സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ സാധിക്കില്ല. അതിനാൽ അസോസിയേഷൻ രംഗത്തിറങ്ങി. പൊലീസുകാരെ വാഹനത്തിൽ ചെന്നൈയിൽ എത്തിച്ചു ദിവസങ്ങളോളം പാർപ്പിച്ചാണ് വേട്ട നടത്തിയത്. ദിവസങ്ങൾ നീണ്ട അന്വേഷണത്തിൽ പ്രതികളുടെ താവളം കണ്ടെത്തി. നഗരത്തിന്റെ പ്രാന്ത പ്രദേശത്ത് രാത്രി സമയത്ത് പൊലീസ് അവരെ വളഞ്ഞു. എന്നാൽ അവർ പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. പിന്നാലെ പൊലീസും ഓടി. അവസാനം മൂന്നു പേരെ അവർ പിടികൂടി.
ചോദ്യം ചെയ്തപ്പോൾ പാലക്കാട് അതിർത്തിയിലും കോയമ്പത്തൂരിലുമാണ് സിനിമ പകർത്തുന്നത് എന്ന് അവർ വെളിപ്പെടുത്തി. പിറ്റേന്നു വെളുപ്പിന് കോയമ്പത്തൂരിൽ പ്രതികളെ എത്തിച്ച് മറ്റൊരാളെ കൂടി അവിടെ നിന്നു പിടികൂടി. നാലു പേരെയും തിരുവനന്തപുരത്തു കൊണ്ടു വന്നു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തമിഴ് റോക്കേഴ്സിനെ പിടി കൂടിയത് അറിഞ്ഞ തെലുങ്ക്,തമിഴ് സിനിമാ രംഗം ഞെട്ടി. അവർക്കു പറ്റാത്തതു ചെയ്ത ഞങ്ങളെ അവർ അനുമോദിച്ചു.
കേസ് നടത്താൻ പബ്ലിക് പ്രോസിക്യൂട്ടർ ഉണ്ടെങ്കിലും നിർമാതാക്കളുടെ സംഘടനയും കക്ഷി ചേർന്ന് പ്രത്യേകം അഭിഭാഷകനെ വച്ചു.പ്രതികൾക്കു ജാമ്യം ലഭിക്കുന്നതു തടയുകയായിരുന്നു ലക്ഷ്യം. എന്നാൽ പ്രതികൾക്കായി വാദിക്കാൻ ചെന്നൈയിൽ നിന്നു സീനിയർ അഭിഭാഷകർ വിമാനത്തിൽ പറന്നെത്തി. അവർ ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോൾ വൻ നഗരങ്ങളിൽ നിന്നു വമ്പൻ വക്കീലൻമാരെ ഇറക്കി. അവസാനം ഒരു ദിവസം പ്രതികൾക്കു ജാമ്യം ലഭിച്ചു. ജയിലിൽ സ്ഥലം ഇല്ലെന്നു കാരണം പറഞ്ഞാണ് ജാമ്യം നൽകിയത്. അതു സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായ വീഴ്ച ആയിരുന്നു. അന്നു ജാമ്യം ലഭിച്ച അവരെ പിന്നീട് കണ്ടിട്ടില്ല. പ്രതികൾ മുങ്ങിയതോടെ കേസിനു നിലനിൽപ്പില്ലാതായി. പുറത്തിറങ്ങിയവർ വീണ്ടും ‘തമിഴ് റോക്കേഴ്സ്’ സജീവം ആക്കി.
സംഘടന വിചാരിച്ചാൽ ഇത് എത്രത്തോളം തടയാൻ സാധിക്കും?
ഏതൊക്കെ രീതിയിൽ വ്യാജനെ നേരിടാൻ നമ്മൾ ശ്രമിച്ചാലും അതെല്ലാം മറികടക്കാനുള്ള കരുത്ത് അവർക്ക് ഉണ്ട്.ടെലിഗ്രാം ആണ് ഇപ്പോൾ ഏറ്റവും കരുത്തർ.അതിനു പിന്നിൽ ആരെന്ന് കണ്ടെത്താൻ പോലും നമുക്ക് സാധിക്കില്ല.ലോകമെമ്പാടുമുള്ള സിനിമകൾ അവർ പുതുമയോടെ നൽകുന്നു.ചില ആപ്പുകൾ ഉപയോഗിച്ച് സിനിമകൾ ഡൗൺലോഡ് ചെയ്യുന്നതു തടയാൻ അസോസിയേഷനു സാധിച്ചിരുന്നു.ടെലിഗ്രാമും സിനിമ ഡൗൺലോഡ് ചെയ്യുന്ന മറ്റ് ആപ്പുകളും അമേരിക്കയിൽ നിരോധിച്ചിട്ടുണ്ട്.ഇന്ത്യയിലും അതിനുള്ള നടപടി സ്വീകരിക്കണം.
കേരളത്തിനു പുറത്തും വിദേശത്തും മലയാള സിനിമ റിലീസ് ചെയ്യുമ്പോൾ പലപ്പോഴും തിയറ്ററിൽ വലിയ തിരക്ക് ഉണ്ടാകില്ല.ഈ അനുകൂല സാഹചര്യം ഉപയോഗിച്ചു സിനിമ സ്ക്രീനിൽ നിന്നു പകർത്താറുണ്ട്. ആധുനിക സാങ്കേതിക വിദ്യ വന്നതോടെ ഇങ്ങനെ പകർത്തുന്ന ചിത്രങ്ങൾക്കും ശബ്ദത്തിനും നല്ല വ്യക്തത ഉണ്ടാകും.
മുൻ കരുതൽ എടുത്തിട്ടും ‘പാപ്പനും’ ‘ഇലവീഴാ പൂഞ്ചിറ’യും ചോർന്നല്ലോ?
കേരളത്തിൽ നിന്നാണോ പുറത്തു നിന്നാണോ പടം ചോരുന്നത് എന്നറിയാൻ അടുത്ത കാലത്ത് ഞങ്ങൾ ഒരു പരീക്ഷണം നടത്തിയതാണ്. ‘പാപ്പൻ’,‘ഇലവീഴാ പൂഞ്ചിറ’ എന്നീ ചിത്രങ്ങൾ ആദ്യ ഒരു ആഴ്ച കേരളത്തിൽ മാത്രമേ റിലീസ് ചെയ്തുള്ളൂ. എന്നിട്ടും സിനിമ ചോർന്നു ടെലിഗ്രാമിലും മറ്റും എത്തി. എല്ലാ തിയറ്ററിലും നൽകുന്ന ഡിജിറ്റൽ പ്രിന്റിൽ വാട്ടർ മാർക്ക് ഉണ്ട്. അത് നോക്കിയാൽ ഏതു തിയറ്ററിൽ നിന്നാണ് സിനിമ ചോർന്നത് എന്നറിയാം. അങ്ങനെ പരിശോധിച്ചപ്പോൾ പാലക്കാട്ടെ തിയറ്ററിൽ നിന്നാണ് പടം പോയതെന്നു കണ്ടെത്തി. തിയറ്ററുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സിനിമ കാണാൻ എത്തിയവർ ക്യാമറ ഉപയോഗിച്ചു പകർത്തുന്നതു കണ്ടെത്തി. ഇനി കുറ്റവാളികളെ കണ്ടെത്താനുള്ള തിരച്ചിലാണ്. ഇന്ത്യയിലെ ഏതു ഭാഷയിലുള്ള സിനിമയും അവർ പകർത്തും. ചെറുപ്പക്കാരാണ് ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത്. എന്നാൽ സമീപകാലത്തായി തിയറ്ററിൽ പോയി മികച്ച സാങ്കേതിക സംവിധാനങ്ങളോടെ സിനിമ കാണാനുള്ള താൽപര്യം ചെറുപ്പക്കാരിൽ ഉണ്ടായിട്ടുണ്ട്.അത് നല്ല ലക്ഷണം ആണ്.
വ്യാജൻ ഓടിടിയെയും ബാധിക്കില്ലേ?
വ്യാജ സിനിമകൾക്കെതിരെ നിർമാതാക്കൾ പോരാടുമ്പോൾ വൻകിട ഒടിടി പ്ലാറ്റ് ഫോമുകൾ അതിനെതിരെ അനങ്ങുന്നില്ല.അവർ വില കൊടുത്തു വാങ്ങിയ സിനിമകളുടെ വ്യാജൻ വന്നാലും ഇത്തരം വൻകിട കമ്പനികൾക്കു കുലുക്കമില്ല. ഇക്കാര്യം ഞാൻ അന്വേഷിച്ചപ്പോൾ വ്യാജൻ അവരുടെ വരുമാനത്തെ ബാധിക്കുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്.ആദ്യ 30 ദിവസത്തിനുള്ളിൽ കാണേണ്ടവരാണ് തിയറ്ററിൽ പോകാതെ വ്യാജനെ ആശ്രയിക്കുന്നത്.പടം ഇഷ്ടപ്പെട്ടാൽ അവർ വീണ്ടും ഒടിടിയിൽ കാണും.ഒടിടി കമ്പനികൾക്ക് ഇതു മൂലം നഷ്ടമില്ല. സിനിമ ചോരാതിരിക്കാൻ തിയറ്ററുകാർ ഉൾപ്പെടെ ഈ രംഗത്തെ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. പക്ഷെ ഞങ്ങളുടെ നിയന്ത്രണത്തിന് അപ്പുറമാണ് കാര്യങ്ങൾ. ഞങ്ങളുടെ സ്വന്തം പണം ഉപയോഗിച്ചാണ് വ്യാജനെതിരെ പോരാട്ടം നടത്തുന്നത്.
സൂപ്പർ താരങ്ങൾ ഉണ്ടെങ്കിലും തിയറ്ററിൽ ആളു കയറാത്ത അവസ്ഥ വരുമോ?
ഇപ്പോഴത്തെ സാഹചര്യത്തിൽ കാര്യങ്ങൾ മുന്നോട്ടു പോയാൽ ഭാവിയിൽ മലയാളത്തിൽ വൻകിട സൂപ്പർ താരങ്ങൾ ഉണ്ടാകില്ല.തിയറ്ററിൽ ജനം ഇടിച്ചു കയറുകയും കയ്യടിക്കുകയും ചെയ്യുമ്പോഴാണ് താരങ്ങൾ സൂപ്പർ സ്റ്റാറുകളായി മാറുന്നത്.അത് ഇല്ലെങ്കിൽ പിന്നെ മികച്ച നടൻ എന്ന പേരു മാത്രമേ ഉണ്ടാകൂ.തിയറ്ററിൽ 15 പേരെ വച്ച് ഓടുന്ന പടത്തിലെ നായകനെ ആർക്കും സൂപ്പർ സ്റ്റാർ എന്നു വിളിക്കാൻ സാധിക്കില്ല.
ഓണക്കാലത്ത് നല്ല സിനിമകളാണ് ഇറങ്ങിയത്. എങ്കിലും തിയറ്ററുകളിൽ പഴയ പോലെ വലിയ ജനത്തിരക്കും ഓളവും സൃഷ്ടിക്കാൻ ഈ സിനിമകൾക്കു സാധിച്ചില്ല.മലയാളികൾ ഇപ്പോൾ ഓണം ആഘോഷിക്കുന്നത് തിയറ്ററുകളിൽ അല്ല.ഓണക്കാലത്ത് അവർ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുകയാണ്.ഇതെല്ലാം മറികടന്ന് ജനത്തെ തിയറ്ററിൽ എത്തിക്കണമെങ്കിൽ അവർക്കു പ്രത്യേക ദൃശ്യ ശ്രാവ്യ അനുഭവം നൽകാൻ സാധിക്കണം.അതിനു സാധിക്കുന്ന വൻകിട സിനിമകൾക്ക് മാത്രമേ ഇനി തിയറ്ററുകളിൽ പിടിച്ചു നിൽക്കാൻ സാധിക്കൂ.
വ്യാജൻ ഇറങ്ങിയാലും നിർമാതാക്കൾക്കു പഴയ നഷ്ടം ഇല്ലല്ലോ?
വ്യാജന്റെ ചരിത്രം വിലയിരുത്തുമ്പോൾ ഒരു കാര്യത്തിൽ ആശ്വസിക്കാം.പണ്ട് എ,ബി,സി എന്നിങ്ങനെ പല തരത്തിലുള്ള തിയറ്ററുകൾ ഉണ്ടായിരുന്നു.എ ക്ലാസ് തിയറ്ററിൽ സിനിമ ഓടുമ്പോൾ വ്യാജൻ ഇറങ്ങും.ബിയിലും സിയിലും ഉള്ള വരുമാനത്തെ അതു ബാധിക്കുമായിരുന്നു.തിയറ്ററുകളിൽ നിന്നു ലഭിക്കേണ്ട വരുമാനത്തിന്റെ പകുതിയും ഇങ്ങനെ നഷ്ടപ്പെട്ടിരുന്നു.എന്നാൽ ഇന്ന് ബി,സി ക്ലാസുകളില്ല.എല്ലാ തിയറ്ററുകളിലും ഒന്നിച്ചു റിലീസ് ചെയ്യുകയാണ്. ആദ്യ ദിവസങ്ങളിൽ പരമാവധി വരുമാനം ലഭിക്കും.ഇതിനിടെ വ്യാജൻ ഇറങ്ങിയാലും വരുമാനത്തിൽ 30% നഷ്ടമേ ഉണ്ടാകൂ.
മലയാളത്തിൽ കുറഞ്ഞ ചെലവിൽ ഒരു സിനിമ എടുക്കണമെങ്കിൽ 3 കോടി രൂപ എങ്കിലും വേണം.100 കോടി രൂപ വരെ ചെലവഴിച്ച് സിനിമ നിർമിക്കുന്ന രീതിയാണ് ഇപ്പോൾ ഇവിടെ ഉള്ളത്.‘ആടു ജീവിതം’ പോലുള്ള സിനിമകൾ ഈ വിഭാഗത്തിൽ വരുന്നു. 30–40 കോടി രൂപ ചെലവഴിച്ച് എടുക്കുന്ന സിനിമകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇത്തരം സിനിമകൾക്ക് തിയറ്ററിൽ നിന്ന് 10 മുതൽ 20 കോടി വരെ എങ്കിലും ലഭിക്കണം. എന്നാൽ വ്യാജൻ മൂലം ഇതിൽ മൂന്നു മുതൽ ആറു കോടി വരെ നഷ്ടമാകുന്നു. കോടികളുടെ ഈ നഷ്ടം നികത്താനാണ് ഞങ്ങൾ അധികൃതരുടെ സഹായം തേടുന്നത്.
വ്യാജനെതിരായ പോരാട്ടം വിജയിക്കുമെന്നു പ്രതീക്ഷ ഉണ്ടോ?
ആദ്യ കാലത്ത് സിനിമ റിലീസ് ചെയ്താൽ വ്യാജ വിഡിയോയും സിഡിയും ഒക്കെയാണ് ഇറങ്ങിയിരുന്നത്.പിൽക്കാലത്ത് ചിത്രങ്ങൾ പെൻഡ്രൈവിൽ ലഭ്യമായി തുടങ്ങി. ഇപ്പോൾ വെബ്സൈറ്റുകളിൽ നിന്നും ആപ്പുകളിൽ നിന്നും പുതിയ സിനിമകൾ ഡൗൺലോഡ് ചെയ്ത് എടുക്കാം. ഇതിനെ നേരിടാനുള്ള പൊലീസിന്റെ വിഡിയോ പൈറസി സെൽ തിരുവനന്തപുരത്തു മാത്രമേയുള്ളൂ.വ്യാജനെ നേരിടാൻ പൊലീസിന് പരിമിതി ഉണ്ട്.
പണ്ട് വഴിയോരങ്ങളിൽ പോലും വ്യാജ സിഡി വിൽക്കുന്ന അവസ്ഥ ഉണ്ടായിരുന്നു. ചില പ്രത്യേക കമ്പോളങ്ങളിൽ വ്യാജ സിഡി പരസ്യമായി വിറ്റപ്പോഴും പൊലീസിനു തടയാൻ സാധിക്കാത്ത സാഹചര്യമായിരുന്നു. പൊലീസിൽ പരാതിപ്പെട്ടിട്ടും പ്രയോജനം ഇല്ലാതെ വന്നപ്പോഴാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പൈറസി സെൽ ഉണ്ടാക്കി വ്യാജനെ നേരിടാൻ ഇറങ്ങിയത്. വ്യാജൻ വിൽക്കുന്ന സ്ഥലങ്ങൾ ഞങ്ങളുടെ ആളുകൾ കണ്ടെത്തി തെളിവു സഹിതം പൊലീസിനെ അറിയിച്ചു കേസ് എടുപ്പിക്കുന്നതായിരുന്നു പ്രവർത്തന ശൈലി. അതോടെ തെരുവുകളിലെ സിഡി കച്ചവടം കുറഞ്ഞു.അതേ പോലെ ഇപ്പോഴും ഞങ്ങൾ ശ്രമിക്കുകയാണ്. അതിനു കുറച്ചൊക്കെ ഫലം ഉണ്ടാകും എന്നാണ് പ്രതീക്ഷ.