ജോൺപോളും കെ.ജി. ജോർജും; ഓർമകളുമായി ജോളി ജോസഫ്
ചില ദിവസങ്ങളിൽ വൈകിട്ട് വിളി വന്നാൽ ഓഫിസിൽ നിന്ന് ഞാനിറങ്ങി കാറുമെടുത്തുകൊണ്ട് നേരെ ജോൺ പോൾ സാറിന്റെ മരടിലെ അപ്പാർട്മെന്റിൽ പോകും. അദ്ദേഹം കാറിൽ കയറി മുന്നിലിരിക്കും, പിന്നെ കെ.ജി. ജോർജ് സാറിന്റെ വെണ്ണലയിലെ വീട്ടിലേക്ക്, അദ്ദേഹം പിന്നിൽ കയറിയാൽ നേരെ പനമ്പള്ളി നഗറിനടുത്തുള്ള എം. മോഹൻ സാറിന്റെ
ചില ദിവസങ്ങളിൽ വൈകിട്ട് വിളി വന്നാൽ ഓഫിസിൽ നിന്ന് ഞാനിറങ്ങി കാറുമെടുത്തുകൊണ്ട് നേരെ ജോൺ പോൾ സാറിന്റെ മരടിലെ അപ്പാർട്മെന്റിൽ പോകും. അദ്ദേഹം കാറിൽ കയറി മുന്നിലിരിക്കും, പിന്നെ കെ.ജി. ജോർജ് സാറിന്റെ വെണ്ണലയിലെ വീട്ടിലേക്ക്, അദ്ദേഹം പിന്നിൽ കയറിയാൽ നേരെ പനമ്പള്ളി നഗറിനടുത്തുള്ള എം. മോഹൻ സാറിന്റെ
ചില ദിവസങ്ങളിൽ വൈകിട്ട് വിളി വന്നാൽ ഓഫിസിൽ നിന്ന് ഞാനിറങ്ങി കാറുമെടുത്തുകൊണ്ട് നേരെ ജോൺ പോൾ സാറിന്റെ മരടിലെ അപ്പാർട്മെന്റിൽ പോകും. അദ്ദേഹം കാറിൽ കയറി മുന്നിലിരിക്കും, പിന്നെ കെ.ജി. ജോർജ് സാറിന്റെ വെണ്ണലയിലെ വീട്ടിലേക്ക്, അദ്ദേഹം പിന്നിൽ കയറിയാൽ നേരെ പനമ്പള്ളി നഗറിനടുത്തുള്ള എം. മോഹൻ സാറിന്റെ
ചില ദിവസങ്ങളിൽ വൈകിട്ട് വിളി വന്നാൽ ഓഫിസിൽ നിന്ന് ഞാനിറങ്ങി കാറുമെടുത്തുകൊണ്ട് നേരെ ജോൺ പോൾ സാറിന്റെ മരടിലെ അപ്പാർട്മെന്റിൽ പോകും. അദ്ദേഹം കാറിൽ കയറി മുന്നിലിരിക്കും, പിന്നെ കെ.ജി. ജോർജ് സാറിന്റെ വെണ്ണലയിലെ വീട്ടിലേക്ക്, അദ്ദേഹം പിന്നിൽ കയറിയാൽ നേരെ പനമ്പള്ളി നഗറിനടുത്തുള്ള എം. മോഹൻ സാറിന്റെ വീട്ടിലേക്ക്. അദ്ദേഹം ജോർജ് സാറിന് കൂട്ടായി പിന്നിലിരിക്കും. മൂന്നു മഹാരഥന്മാരെയും വഹിച്ചുകൊണ്ട് എറണാകുളം മറൈൻ ഡ്രൈവിലെ എന്റെ അപ്പാർട്മെന്റിലേക്ക് പോകുന്ന വഴിയിൽ നല്ലൊരു മീൻ കടയിൽ നിർത്തും.
ജോൺ സർ കടക്കാരനോട് മീനുകളുടെ പേരും എത്ര വേണമെന്നും എങ്ങനെ കഴുകണമെന്നും എങ്ങിനെയൊക്കെ വെട്ടണമെന്നും തിരക്കഥാരൂപേണ പറഞ്ഞു മനസിലാക്കുമ്പോൾ പിന്നിലിരിക്കുന്നവരുടെ അശ്ളീല കമന്റുകൾ കേട്ട് കുലുങ്ങിചിരിച്ചുകൊണ്ട് കുറിക്കുകൊള്ളുന്ന മറുപടിയും പറയും. അവരുടെ ഡ്രൈവറായി ഞാനെന്റെ ഫ്ലാറ്റിലെത്തിയാൽ ക്‌ളീനറായി കുശിനിക്കാരനായി ബാർമാനായി. വന്നയുടനെ എല്ലാവരും യാത്രാക്ഷീണം അകറ്റാൻ ആദ്യറൗണ്ട് അകത്താക്കും. ഡൈനിങ് ടേബിളിൽ ഇരുന്നുകൊണ്ട് ജോൺ സർ വാചകങ്ങളിലൂടെ പാചകവിധികൾ വിവരിക്കും. ആദ്യത്തേത് ' ഉപ്പും നാരങ്ങാനീരും ഇട്ട് കഴുകിയോ ..' ഉവ്വ എന്നെന്റെ ഉത്തരം കേട്ടാൽ പിന്നെ തുടങ്ങുകയായി. വെളിച്ചെണ്ണ, മുളക്, കുരുമുളക്, മസാലപൊടി, പുളി ഇഞ്ചി, കറിവേപ്പില, വെളുത്തുള്ളി എന്നിങ്ങനെയുള്ളതിന്റെ കണക്ക് കിറുകൃത്യതയോടെ പറഞ്ഞുതരും . ജോർജ് സർ അടുക്കളയിൽ മേല്‍നോട്ടക്കാരനെന്ന് സ്വയം ഭാവിച്ച് വരുമെങ്കിലും മറ്റു രണ്ടുപേർ അറിയാതെ രണ്ടാം റൗണ്ട് അകത്താകും, കുറച്ചുകഴിഞ്ഞ് മോഹൻ സാറും.
മീൻ വിളമ്പുന്നതിനുമുമ്പ് തന്നെ മൂന്നുപേരും നല്ല മൂഡിലായിരിക്കുകയും, പഴയകാല മദ്രാസ് ഓർമകളുടെ വിശേഷങ്ങളുടെ കെട്ടഴിക്കുകയും ചെയ്യുന്നതിനുമുൻപ് അക്കാലത്തിറങ്ങുന്ന സിനിമകളുടെ രചന, ആഖ്യാനം, അഭിനയം, നിർവചനം, നിർവഹണം, സംവിധാനം എന്നിവയൊക്കെ അവലോകനം ചെയ്യും. ഏതൊരു മൂഡിലും ഞൊടിയിടയിൽ ജോൺ സാർ ഒരു കഥയുണ്ടാക്കും, ചൂടൻ രംഗങ്ങൾ എങ്ങിനെ വേണമെന്ന് ജോർജ് സർ വാശിപിടിക്കുമ്പോൾ കുടുംബ പശ്ചാത്തലം മോഹൻ സർ മനോഹരമായി വർണിക്കും. അതിനിടെ കൃത്യം ഒൻപത് മണിക്ക് എന്റെ ബ്രിവറേജ് കട അടക്കുന്നത് കാണുന്ന ജോർജ് സർ ചതുരവടിവൊത്ത ഇംഗ്ലിഷിൽ എന്നെ തെറിവിളിക്കും ! കൂടെയുള്ളവർ ജോർജ് സാറിന്റെ ഇംഗ്ലിഷ് തെറികളുടെ ദ്വയാർഥമുളള മലയാള വിശദീകരണങ്ങൾ നൽകി അങ്ങേരെ 'പ്ലിങ്ങനാക്കാൻ' ശ്രമിക്കും. അതുകേൾക്കുന്ന ജോർജ് സർ ചിരിച്ചുകൊണ്ട് പറയുമായിരുന്നു , ‘‘ജോണേ, തന്റെ പോലെ ഭാഷ എനിക്കുണ്ടായിരുന്നെങ്കിൽ ഞാനാരാ ...’’. അതുകേട്ട് സുഖിക്കുന്ന ജോൺസാറിന്റെ ശുപാർശയിൽ ഞാൻ ബ്രിവെറേജ് കട ഒന്നുകൂടി തുറക്കും . കുറച്ചുകഴിഞ്ഞവർ മനസിലൂടെ മദ്രാസിലേക്ക് വണ്ടികയറും അവരുടെ കൂടെ ടിക്കറ്റില്ലാതെ ഞാനും.
എരിവും പുളിയുമുള്ള മദ്രാസിലെ വിശേഷങ്ങൾ പറഞ്ഞവർ കുലുങ്ങിച്ചിരിക്കും ആസ്വദിക്കും അടികൂടും പിന്നെ കൊച്ചുകുട്ടികളെപോലെ ശാഠ്യം പിടിക്കും മിണ്ടാതിരിക്കും. ഇതെല്ലാം സന്തോഷത്തോടെ സമാധാനത്തോടെ സഹിക്കുന്ന കുശിനിക്കാരനായ ഞാൻ റഫറിയാകും വിസിലടിക്കും. എല്ലാരേയും കാറിലേക്കിരുത്തുമ്പോൾ ആരുടെ വീട്ടിലേക്കാണ് ആദ്യം പോകേണ്ടതെന്ന തീരുമാനത്തിന് ജോർജ് സർ സംവിധായകനാകും. അതുകേൾക്കുന്ന മോഹൻ സർ 'കശപിശ' തുടങ്ങും. അവരവരുടെ വീടുകളിലേക്കെത്തിച്ച് ചുണ്ടിൽ ചിരിയുമായി ‘കള്ള സാറന്മാരെ’ എന്നുരുവിട്ട് വണ്ടിയെടുക്കുമ്പോഴേക്കും മൂന്ന് ലോകോത്തര സർവകലാശാലയിൽ ഒരേസമയം ആനന്ദത്തോടെ പഠിക്കുന്ന വെറുമൊരു വിദ്യാർത്ഥി മാത്രമാകും ഞാൻ.
എന്റെ കമ്പനി ട്രൈസ്റ്റാർ ഗ്രൂപ്പ് കൊച്ചി നടത്തിയ ഓൾ കേരള ഇന്റർ കോളജിയേറ്റ് ഷോർട് ഫിലിം ഫെസ്റ്റിവലിന്റെ ജൂറിമാർ ജോർജ് സാറും ജോൺ സാറും മോഹൻ സാറുമായിരുന്നു. അതിൽ ഒന്നാം സമ്മാനം കിട്ടിയ അനൂജ് രാമചന്ദ്രൻ ഞാൻ നിർമിച്ച ചാരുഹാസൻ സർ കേന്ദ്ര കഥാപാത്രമായ ‘കഴിഞ്ഞ കാലം’ എന്ന സിനിമ സംവിധാനം ചെയ്തിരുന്നു. അതുപോലെതന്നെ 2019 ൽ ജോൺ സാറും ഞാനും നടൻ കൈലാഷും ചേർന്ന് നടത്തിയ മലയാളത്തിലെ നവ സംവിധായ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങിൽ മുഖ്യാതിഥികളായി എത്തിയവരിൽ പ്രമുഖരായിരുന്നു ജോർജ് സാറും ജോഷി സാറും.
എനിക്ക് വിവരിക്കാനാകുന്നതും അല്ലാത്തതുമായ സംഭവബഹുലമായ കേട്ടാൽ മതിവരാത്ത അവരുടെ ജീവിതാനുഭവങ്ങൾ കേൾക്കാനും അവരുടെ കൂടെ കൂറേ കാലങ്ങളോളം അർമാദിക്കാനും നിഴലായി നിൽക്കാനും കഴിഞ്ഞത് ഭാഗ്യം പുണ്യം സുകൃതം. കാക്കനാട്ടെ ചെങ്ങായ് അലക്സിന്റെ ' സിഗ്നേച്ചർ ' എന്ന സ്ഥാപനത്തിൽ ജോർജ് സർ കഴിയുമ്പോഴും ഞാനിടക്കിടക്ക് കാണാൻ പോകുമായിരുന്നു. മോഹൻ സാർ സുഖമില്ലാതെ ഇപ്പോഴും കിടപ്പിലാണ്. പതിനേഴ് മാസത്തിനുള്ളിൽ വ്യക്തിപരമായി എനിക്ക് നഷ്ടപ്പെട്ടത് ഗുരുതുല്യനായ രണ്ടുപേരായിരുന്നു. മലയാള കലാലോകത്തിന് നഷ്ടപ്പെട്ടത് ജോൺ പോൾ സർ, കെ.ജി. ജോർജ് എന്നീ രണ്ടു മഹാന്മാരായ ഇതിഹാസങ്ങളെയായാണ്.
സ്വർഗ്ഗത്തിലുള്ള ജോൺ സർ രചിക്കുന്ന കഥ സംവിധാനം ചെയ്യാൻ അവിടേക്ക് പോയ പ്രിയപ്പെട്ട ജോർജ് സർ അങ്ങേക്ക് നിത്യശാന്തി നേരുന്നു, അങ്ങയുടെ ദീപ്തമായ ഓർമകൾക്ക് മുന്നിൽ, നിങ്ങളുടെ നല്ലകാലത്തെ കൂട്ടായ്മകളുടെ ‘കൊള്ളരുതായ്മകളുടെ’ സാരഥിയുടെ കുശിനിക്കാരന്റെ പ്രണാമം. ജോളി ജോസഫ് .