ഡോ.റോയ് ആകേണ്ടിയിരുന്നത് മമ്മൂട്ടി; നിർണയം കണ്ട് അദ്ദേഹം പറഞ്ഞത്
നിർണയം സിനിമയിൽ ഡോ. റോയ് ആയി ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നുവെന്ന് സംവിധായകന്‍ സംഗീത് ശിവൻ. ഡേറ്റ് പ്രശ്നങ്ങൾ മൂലമാണ് മമ്മൂട്ടി നിർണയത്തിൽ നിന്നും പിന്മാറുന്നത്. സീരിയസ് ആയ കഥാപാത്രമായിരുന്നു റോയ് എന്നും മോഹൻലാലിന് വേണ്ടി പിന്നീട് തിരക്കഥയിൽ മാറ്റം വരുത്തേണ്ടി വന്നുവെന്നും സംഗീത്
നിർണയം സിനിമയിൽ ഡോ. റോയ് ആയി ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നുവെന്ന് സംവിധായകന്‍ സംഗീത് ശിവൻ. ഡേറ്റ് പ്രശ്നങ്ങൾ മൂലമാണ് മമ്മൂട്ടി നിർണയത്തിൽ നിന്നും പിന്മാറുന്നത്. സീരിയസ് ആയ കഥാപാത്രമായിരുന്നു റോയ് എന്നും മോഹൻലാലിന് വേണ്ടി പിന്നീട് തിരക്കഥയിൽ മാറ്റം വരുത്തേണ്ടി വന്നുവെന്നും സംഗീത്
നിർണയം സിനിമയിൽ ഡോ. റോയ് ആയി ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നുവെന്ന് സംവിധായകന്‍ സംഗീത് ശിവൻ. ഡേറ്റ് പ്രശ്നങ്ങൾ മൂലമാണ് മമ്മൂട്ടി നിർണയത്തിൽ നിന്നും പിന്മാറുന്നത്. സീരിയസ് ആയ കഥാപാത്രമായിരുന്നു റോയ് എന്നും മോഹൻലാലിന് വേണ്ടി പിന്നീട് തിരക്കഥയിൽ മാറ്റം വരുത്തേണ്ടി വന്നുവെന്നും സംഗീത്
നിർണയം സിനിമയിൽ ഡോ. റോയ് ആയി ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നുവെന്ന് സംവിധായകന്‍ സംഗീത് ശിവൻ. ഡേറ്റ് പ്രശ്നങ്ങൾ മൂലമാണ് മമ്മൂട്ടി നിർണയത്തിൽ നിന്നും പിന്മാറുന്നത്. സീരിയസ് ആയ കഥാപാത്രമായിരുന്നു റോയ് എന്നും മോഹൻലാലിന് വേണ്ടി പിന്നീട് തിരക്കഥയിൽ മാറ്റം വരുത്തേണ്ടി വന്നുവെന്നും സംഗീത് ശിവൻ വെളിപ്പെടുത്തി. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നിർണയം സിനിമയിൽ ഗംഭീരപ്രകടനമാണ് മോഹൻലാൽ കാഴ്ചവച്ചതെന്ന് ഞാൻ പറയും. കാരണം ഡോക്ടർ റോയ് എങ്ങനെയാകണോ അതായിരുന്നു മോഹൻലാൽ. പക്ഷേ അതിന് പിന്നിൽ ഒരു കാര്യമുണ്ട്. ആദ്യം ഡോക്ടറിന്റെ വേഷത്തിൽ ഞങ്ങൾ തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നു. അദ്ദേഹത്തിന് അന്ന് തിരക്കുള്ള സമയവും. കുറച്ചു നാൾ അദ്ദേഹത്തിനായി കാത്തിരുന്നു. പക്ഷേ ഡേറ്റ് തരപ്പെടാതെ വന്നപ്പോഴാണ് മോഹൻലാലിനെ നിശ്ചയിച്ചത്. മമ്മൂട്ടി ആയിരുന്നു ഡോക്ടർ റോയി എങ്കിൽ സിനിമയിൽ വളരെ മാറ്റങ്ങൾ ഉണ്ടാകുമായിരുന്നു. വളരെ സീരിയസായിരുന്നു മമ്മൂട്ടിക്കായി ഞാനും ചെറിയാൻ കൽപകവാടിയും ചേർന്ന് എഴുതിയ കഥാപാത്രം.’
‘പിന്നീട് മോഹൻലാലിന് വേണ്ടി തിരക്കഥ ഏറെക്കുറേ മാറ്റി എഴുതി. ഹ്യൂമറും റൊമാൻസും കൂടുതൽ ഉൾപ്പെടുത്തി. സിനിമ പുറത്തിറങ്ങിയതിന് ശേഷം ആദ്യം വിളിച്ചത് മമ്മൂട്ടിയാണ്. 'നല്ല സിനിമയാണ്. ഇതിൽ അവൻ തന്നെയാണ് നല്ലത്' എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ തിരക്കഥ മാറ്റിയ വിവരമൊന്നും അദ്ദേഹത്തിന് അറിയില്ലല്ലോ. എന്തായാലും ആ അഭിനന്ദനം എനിക്ക് വലിയ സന്തോഷമായി. ഒരു ടെൻഷൻ ഒഴിവായല്ലോ.’
‘സിനിമയിലെ ഓപ്പറേഷൻ രംഗങ്ങളിലൊക്കെ മുഖത്തിനെക്കാൾ കൂടുതൽ കൈകളായിരുന്നു കാണിച്ചത്. മോഹൻലാലിന്റെ കൈകളുടെ ചലനം എന്നെ ശരിക്കും അദ്ഭുതപ്പെടുത്തി. ഒരു പ്രഫഷനൽ ഡോകടറുടേത് പോലെ. അഭിനയമാണോ ജീവിതമാണോ എന്ന് വേർതിരിക്കാനായില്ല. ഒരിക്കലും നമ്മളെ സമ്മർദത്തിലാക്കാത്ത നടനാണ് അദ്ദേഹം. അത് ആദ്യ ചിത്രമായ യോദ്ധയിൽ തന്നെ എനിക്ക് അനുഭവിക്കാനായതാണ്.’
‘സിനിമയിൽ ഒരു കാർ വന്നിടിക്കുന്ന രംഗമുണ്ട്. അതിന് വ്യത്യസ്തമായ ഒരു കാർ വേണം. അതിനായി പലയിടത്തും അലഞ്ഞു. അങ്ങനെയിരിക്കെ ഒരു ദിവസം സിനമയുടെ നിർമാതാവും മോഹൻലാലിന്റെ ഭാര്യാസഹോദരനുമായ സുരേഷ് ബാലാജിയുടെ വീട്ടിലേക്ക് ഞങ്ങൾ പോയി . അവിടെ ചെന്നപ്പോൾ ഒരു പൊടി പിടിച്ച കാർ കണ്ടു. നോക്കുമ്പോൾ ഞാൻ തിരയുന്ന അതേ കാർ. ഉടനെതന്നെ മോഹൻലാൽ അത് എടുക്കാമെന്ന് പറഞ്ഞു. അവസാനം ആ കാർ സിനിമയിലെ ഒരു കഥാപാത്രം തന്നെയായി.’
‘ബോക്സ് ഓഫീസ് ഹിറ്റ് എന്നതിലുപരി ടെക്നിക്കലി ഹിറ്റ് സിനിമയായിരുന്നു നിർണയം. കാരണം അന്നു വരെ പരീക്ഷിക്കാത്ത കാമറ ആംഗിളുകളാണ് ആ സിനിമയിൽ ഉപയോഗിച്ചത്. സഹോദരൻ സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ. ഞങ്ങൾ പല പരീക്ഷണങ്ങളും നടത്തി. ആദ്യമായാണ് വൈഡ് ലെൻസ് ഉപയോഗിച്ച് മോഹൻലാലിനെപ്പോലെ ഒരു താരപദവി ഉള്ളയാളെ ഷൂട്ട് ചെയ്യുന്നത്. അത് വിജയം കണ്ടു. കലാസംവിധാനവും പശ്ചാത്തല സംഗിതവും വേറിട്ടതും മികച്ചതുമായിരുന്നു എന്ന അഭിപ്രായവും ഉണ്ടായി.’
പത്മകുമാർ–ജോജു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ജോസഫ് സിനിമയും നിർണയവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും സംഗീത് ശിവൻ സംസാരിച്ചു. നിർണയത്തേക്കാൾ കുറച്ചുകൂടി റിയലിസ്റ്റിക് ആയി പ്രമേയം കൈകാര്യം ചെയ്ത ചിത്രമാണ് ജോസഫ് എന്ന് അദ്ദേഹം പറഞ്ഞു.
‘'ജോസഫ്' എന്ന സിനിമ കണ്ടു. വളരെ നല്ല ചിത്രം. ആദ്യം കണ്ടപ്പോൾ തന്നെ തോന്നി ഇത് നമ്മുടെ കഥ തന്നെയാണല്ലോ എന്ന്. ഈ സിനിമ കുറച്ചുകൂടി റിയലിസ്റ്റിക്ക് ആണ്. യാഥാർത്ഥ്യത്തെ അതേപോലെ കാണിക്കുന്നു. പക്ഷേ നിർണയത്തിൽ ഹീറോയിസത്തിനായിരുന്നു പ്രാധാന്യം. അത് നമ്മുടെ കുഴപ്പമല്ല. അന്നത്തെ കാലത്തെ സിനിമകൾ അത്തരത്തിലായിരുന്നു. ഒരേ കാര്യം തന്നെയാണ് രണ്ട് സിനിമകളും ചർച്ച ചെയ്യുന്നത്. നിർണയത്തിൽ ആളെ കൊല്ലുന്നില്ല, പകരം കോമ സ്റ്റേജിലാക്കുന്നു എന്നതാണ് വ്യത്യാസം. അന്നത്തെക്കാൾ സമൂഹം അധപതിച്ചുപോയി എന്നാണ് ജോസഫ് കാണിച്ചു തരുന്നത്. ജോസഫിനൊപ്പം വിവാദങ്ങളിൽ നിർണയം എന്ന സിനിമയുടെ പേരും കൂട്ടിച്ചേർത്തിട്ടുണ്ടെങ്കിൽ അത് ഇന്നും ആ സിനിമയെ ജനങ്ങൾ ഓർക്കുന്നു എന്നതിന് തെളിവാണ്. പല കാര്യങ്ങളും സമൂഹത്തിൽ മാറ്റമില്ലാതെ തുടരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.’–സംഗീത് ശിവൻ പറഞ്ഞു.
ഇനിയൊരു മോഹൻലാല്‍ സിനിമ സാധ്യമാണോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ–‘ഇനി അങ്ങനെയൊരു സിനിമ സാധ്യമാകുമോ എന്നത് ചോദ്യം മാത്രമാണ്. കാരണം മോഹൻലാൽ താരത്തിൽ നിന്നും ഉയർന്ന് മറ്റൊരു തലത്തിൽ എത്തിയിരിക്കുകയാണ്. കണക്കുകളുടെ പിറകേയാണ് സിനിമയും. കോടി ക്ലബുകളിൽ കയറുക എന്നതാണ് വിജയം നിശ്ചയിക്കുന്നത്. സന്മനസ്സുള്ളവർക്ക് സമാധാനം എന്ന സിനിമ എല്ലാവർക്കം ഇഷ്ടമാണ്. പക്ഷേ മോഹൻലാലിനെ വച്ച് അത്തരത്തിലൊരു സിനിമ ഉണ്ടാക്കാൻ ഇന്ന് പലരും മടിക്കും. കാരണം അദ്ദേഹത്തിന്റെ താരമൂല്യം ഇന്ന് മറ്റൊരു തലത്തിലാണ്. കാലം മാറിയില്ലേ. അദ്ദേഹത്തിന്റെ താരമൂല്യത്തിന് അനുസരിച്ചുള്ള വിഷയം ഒത്തു വരികയാണെങ്കിൽ അത്തരമൊരു സിനിമയെക്കുറിച്ച് ചിന്തിക്കാം.’–സംഗീത് ശിവൻ വ്യക്തമാക്കി.