ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിനെ സിനിമാക്കാര് ഭയക്കുന്നത് ഇതു കൊണ്ടാണ് !
സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ഏറെ മുന്നില്‍ നില്‍ക്കുന്ന പ്രബുദ്ധ കേരളത്തിലെ ഏതെങ്കിലും തൊഴില്‍ മേഖലയില്‍ അവസരം ലഭിക്കാനായി സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് വിധേയരാവേണ്ടതുണ്ടോ? അതൊരു അവകാശം പോലെ അല്ലെങ്കില്‍ യോഗ്യതാ മാനദണ്ഡം പോലെ കരുതി പെണ്‍കുട്ടികളെ നിര്‍ബന്ധപൂര്‍വം അതിലേക്ക് വലിച്ചിഴക്കുക,
സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ഏറെ മുന്നില്‍ നില്‍ക്കുന്ന പ്രബുദ്ധ കേരളത്തിലെ ഏതെങ്കിലും തൊഴില്‍ മേഖലയില്‍ അവസരം ലഭിക്കാനായി സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് വിധേയരാവേണ്ടതുണ്ടോ? അതൊരു അവകാശം പോലെ അല്ലെങ്കില്‍ യോഗ്യതാ മാനദണ്ഡം പോലെ കരുതി പെണ്‍കുട്ടികളെ നിര്‍ബന്ധപൂര്‍വം അതിലേക്ക് വലിച്ചിഴക്കുക,
സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ഏറെ മുന്നില്‍ നില്‍ക്കുന്ന പ്രബുദ്ധ കേരളത്തിലെ ഏതെങ്കിലും തൊഴില്‍ മേഖലയില്‍ അവസരം ലഭിക്കാനായി സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് വിധേയരാവേണ്ടതുണ്ടോ? അതൊരു അവകാശം പോലെ അല്ലെങ്കില്‍ യോഗ്യതാ മാനദണ്ഡം പോലെ കരുതി പെണ്‍കുട്ടികളെ നിര്‍ബന്ധപൂര്‍വം അതിലേക്ക് വലിച്ചിഴക്കുക,
സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ഏറെ മുന്നില്‍ നില്‍ക്കുന്ന പ്രബുദ്ധ കേരളത്തിലെ ഏതെങ്കിലും തൊഴില്‍ മേഖലയില്‍ അവസരം ലഭിക്കാനായി സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് വിധേയരാവേണ്ടതുണ്ടോ? അതൊരു അവകാശം പോലെ അല്ലെങ്കില്‍ യോഗ്യതാ മാനദണ്ഡം പോലെ കരുതി പെണ്‍കുട്ടികളെ നിര്‍ബന്ധപൂര്‍വം അതിലേക്ക് വലിച്ചിഴക്കുക, വിസമ്മതിക്കുന്നവരെ മാനസികമായി തകര്‍ക്കുക, അവര്‍ക്ക് വരുന്ന അവസരങ്ങള്‍ നിഷേധിച്ച് പൂര്‍ണമായി ഫീല്‍ഡ് ഔട്ടാക്കുക; ഇത്തരം കുത്സിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു വിഭാഗം ആളുകളാണ് മലയാള സിനിമയെ ഹേമാ കമ്മറ്റി പോലെ ഒരു അന്വേഷണ സംഘത്തിന് മുന്നിലേക്ക് വലിച്ചിഴച്ചത്.
അതേ സമയം സിനിമയിലുളള എല്ലാ ആളുകളും ഇത്തരക്കാരാണ് എന്ന് അര്‍ത്ഥമില്ല. ന്യൂജനറേഷന്‍ എന്ന് വര്‍ഗീകരിക്കപ്പെട്ട നവ സിനിമയില്‍ സ്ത്രീ പുരുഷഭേദമെന്യേ മികച്ച സൗഹൃദ കൂട്ടായ്മ നിലനില്‍ക്കുന്നു. 'അതിജീവിത' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലയാള നടി ആക്രമണം നേരിട്ടപ്പോള്‍ തികഞ്ഞ സാഹോദര്യ മനോഭാവത്തോടെ അവര്‍ക്കൊപ്പം നിന്ന് പോരാടിയവരില്‍ ഡബ്ല്യൂസിസി മാത്രമല്ല, നീതിബോധമുളള ഒരു വലിയ സംഘം പുരുഷന്മാരായ കലാകാരന്‍മാരുണ്ടായിരുന്നു. അവര്‍ക്ക് സഹപ്രവര്‍ത്തകരായ നടികളെ സമാന നിലയിലുളള വ്യക്തികളായി കണ്ട് ബഹുമാനിക്കാന്‍ കഴിയുന്നു. എന്നാല്‍ ഒരു വിഭാഗം ആളുകള്‍ ഏതു കാലത്തും സ്ത്രീകള്‍ സിനിമയില്‍ നിലനില്‍ക്കണമെങ്കില്‍ തങ്ങളുടെ വഴിവിട്ട താത്പര്യങ്ങള്‍ക്ക് വശംവദരാകണമെന്ന നിര്‍ബന്ധിത നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു.
മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി മികച്ച സാമ്പത്തിക പശ്ചാത്തലമുളള കുടുംബങ്ങളില്‍ നിന്നും വരുന്ന വിദ്യാഭ്യാസമുളള കുട്ടികള്‍ അഭിനയത്തോടുളള പാഷന്‍ ഒന്നുകൊണ്ടു മാത്രമാണ് സിനിമയെ സമീപിക്കുന്നത്. ഇത്തരം കുട്ടികളെ സംബന്ധിച്ച് പിതാവിന്റെ പ്രായവും സ്ഥാനവുമുളള നടന്‍മാരുടെ ഭാഗത്തു നിന്നുളള നടുക്കുന്ന നീക്കങ്ങള്‍ അവരെ ശാരീരികമായി എന്നതിലേറെ മാനസികമായി തകര്‍ക്കുകയും കടുത്ത ട്രോമയിലേക്ക് നയിക്കുകയും ചെയ്യുന്നു.
ചില നടന്‍മാരും സംവിധായകരും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും ഇത്തരം പ്രലോഭനങ്ങളുടെ പേര് പറഞ്ഞാണ് പോലും നിര്‍മാതാക്കളെ വലയില്‍ വീഴ്ത്തുന്നത്. ഇങ്ങനെ വരുന്ന പുത്തന്‍പണക്കാരുടെ ലൈംഗിക മോഹങ്ങള്‍ക്ക് ഇരയാവുന്നതാവട്ടെ സിനിമയുടെ ചതിക്കുഴികളെക്കുറിച്ച് കാര്യമായ ധാരണയില്ലാതെ വരുന്ന പുതുമുഖങ്ങളും. എന്നാല്‍ അപൂര്‍വമായിട്ടെങ്കിലും എല്ലാം അറിഞ്ഞുകൊണ്ട് എന്തിനും തയാറായി വരുന്ന പെണ്‍കുട്ടികളുമുണ്ട്. അവര്‍ക്ക് എങ്ങനെയും സിനിമയില്‍ രക്ഷപ്പെട്ടാല്‍ മതി. ഇത്തരക്കാതെ അതിക്രൂരമായി ഉപയോഗപ്പെടുത്തുന്നവരുമുണ്ട്.
എന്ത് തന്നെ സംഭവിച്ചാലും ഇതൊന്നും ചോദിക്കാനും പറയാനും ആരുമില്ല എന്നതായിരുന്നു 2018 വരെ മലയാള സിനിമയിലെ സ്ഥിതി. ഇതൊക്കെ ഈ രംഗത്തുളളവര്‍ക്ക് അവകാശപ്പെട്ടതാണെന്ന പൊതുധാരണ നിലനിന്നിരുന്നു. പണത്തിനും പ്രശസ്തിക്കും ഉയര്‍ന്ന വേതനത്തിനും പുറമെ ലഭിക്കുന്ന ഒരു അഡീഷനല്‍ ബെനിഫിറ്റ്(?). ഇത്തരമൊരു ചിന്താഗതി പ്രബലമാകാന്‍ പ്രധാന കാരണം എത്ര കൊടിയ പീഡനം നേരിട്ടാലും മാനഭയം മൂലം പെണ്‍കുട്ടികള്‍ പരാതിപ്പെടാന്‍ പോകാറില്ല എന്നതായിരുന്നു.
ഇത് നന്നായി മുതലെടുക്കുന്ന പലരും ഈ രംഗത്ത് തഴച്ചു വളര്‍ന്നു. സ്‌റ്റേജ് ഷോകളുടെ പേരും പറഞ്ഞ് പെണ്‍കുട്ടികളെ വിദേശത്ത് കൊണ്ടു പോയി വില്‍പനച്ചരക്കാക്കുന്ന പ്രവണതയ്ക്ക് സിനിമയിലെ ചില പ്രമുഖര്‍ നേതൃത്വം നല്‍കിയതായും ആരോപണം ഉയര്‍ന്നിരുന്നു. സ്വന്തം ബിസിനസ് സാമ്രാജ്യം വളര്‍ത്താന്‍ വലിയ പണച്ചാക്കുകളില്‍ നിന്നും ഫണ്ട് കണ്ടെത്തുകയായിരുന്നു ലക്ഷ്യം പോലും. മാത്രമല്ല ഈ പെണ്‍കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിയിലൂടെ ഇവരെ വീണ്ടും വീണ്ടും തങ്ങളുടെ കാര്യസാധ്യത്തിന് ഇക്കൂട്ടര്‍ ഉപയോഗിച്ചിരുന്നു പോലും. ഈ തരത്തില്‍ സിനിമയുടെ പിന്നാമ്പുറങ്ങളില്‍ നടക്കുന്ന പല പ്രവൃത്തികളും മനുഷ്യമനഃസാക്ഷിയെ നടുക്കുന്നതാണ്.
തെളിവുകളില്ല, പരാതികളില്ല എന്ന ഏക ആനുകൂല്യത്തിന്റെ മറവില്‍ കൊടും കുറ്റവാളികള്‍ ഇങ്ങനെ രക്ഷപ്പെട്ട് പോകുന്നു. വളരെ ചെറിയ ശതമാനം ആളുകള്‍ ചെയ്യുന്ന നെറികേടുകള്‍ മൂലം മഹത്തായ പാരമ്പര്യമുളള കലയും വ്യവസായവും കൂടി ചേര്‍ന്ന ഒരു മേഖലയാണ് കളങ്കപ്പെടുന്നതെന്ന സാമാന്യബോധം പോലും ഇക്കൂട്ടര്‍ക്കില്ല.
ഡബ്ല്യൂസിസി എന്ന വിപ്ലവം
എന്തായാലും ഇനി ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചു കൂടാ എന്ന വ്യക്തമായ തിരിച്ചറിവും പ്രതികരണശേഷിയുമുളളവരുടെ കൂട്ടായ്മയായിരുന്നു പാര്‍വതി തിരുവോത്ത്, പത്മപ്രിയ, ഗീതു മോഹന്‍ദാസ്, രേവതി, ഭാഗ്യലക്ഷ്മി, ദീദി ദാമോദരന്‍, ബീനാ പോള്‍, അഞ്ജലി മേനോന്‍, വിധു വിന്‍സന്റ ് എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ഡബ്ല്യൂസിസി എന്ന വനിതാ സംഘടന.
തങ്ങളുടെ സഹപ്രവര്‍ത്തക മനുഷ്യത്വ വിരുദ്ധമായ കൊടിയ ആക്രമണം നേരിട്ടപ്പോള്‍ സിനിമയിലെ മഹാഭൂരിപക്ഷം വരുന്ന ഒരു വിഭാഗം അവള്‍ക്കൊപ്പം നിന്നില്ല എന്ന് മാത്രമല്ല അവള്‍ നേരിട്ട ഒരു സംഭവത്തെ വളരെ ലാഘവത്തോടെ കാണുകയും അതില്‍ പ്രതികരിക്കാനോ അവള്‍ക്കായി വാദിക്കാനോ തയാറാവാതെ ഒഴിഞ്ഞു മാറുന്ന കാഴ്ചയാണ് സിനിമയിലെ മനഃസാക്ഷി മരവിച്ചിട്ടില്ലാത്ത സ്ത്രീകളെ നടുക്കിയത്. അതിജീവിതയെ ഒന്ന് ഫോണില്‍ വിളിച്ച് ആശ്വസിപ്പിക്കാന്‍ പോലും പലരും തയാറായില്ല. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പെണ്ണ് ഇതും ഇതിലപ്പുറവും അനുഭവിക്കാന്‍ വിധിക്കപ്പെട്ടവളാണെന്ന ചിന്തയായിരുന്നു പലരുടെയും സംസാരത്തിലും പെരുമാറ്റത്തിലും പ്രതിഫലിച്ചിരുന്നത്.
ആരും അറിയാത്ത ഒരു സാധാരണ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടാല്‍ പോലും പ്രതികരിക്കുന്ന സാംസ്‌കാരിക നായകന്‍മാരും മനുഷ്യാവകാശ സംഘടനകളും ഇക്കാര്യത്തില്‍ കുറ്റകരമായ മൗനം പുലര്‍ത്തി. സിനിമയില്‍ ഇതൊക്കെ അനുവദനീയവും സര്‍വസാധാരണവുമാണെന്ന പൊതുബോധമാണോ അവരെ നയിച്ചതെന്ന് അറിയില്ല. എന്തായാലും തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നിരവധി സംസ്ഥാന പുരസ്‌കാരങ്ങള്‍ അടക്കം സ്വന്തമാക്കിയ ഒരു പെണ്‍കുട്ടിയെ ഇത്ര നിഷ്‌കരുണം തെരുവില്‍ പിച്ചിചീന്താമെങ്കില്‍ ആരുമല്ലാത്ത പാവം പെണ്‍കുട്ടികളുടെ അവസ്ഥ എന്താവും? ഈ ചിന്ത സൃഷ്ടിച്ച നടുക്കവും ആശങ്കയും ആഘാതവുമാണ് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മ എന്ന ആശയത്തിലേക്ക് നയിച്ചത്.
ഇത് പറയുമ്പോള്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പുരുഷന്‍മാരും ഈ ഗണത്തില്‍ പെട്ടവരാണെന്ന് അര്‍ത്ഥമില്ല. പുതിയ കാഴ്ചപ്പാടും വായനയും ചിന്തയും സാംസ്‌കാരികമായ ഔന്നത്യവും പുലര്‍ത്തുന്നവരാണ് ഇന്നത്തെ പുതുതലമുറ ചലച്ചിത്ര പ്രവര്‍ത്തകരില്‍ ഏറെയും.
സിനിമാ പ്രവര്‍ത്തനങ്ങളില്‍ ഒരു കുടുംബാന്തരീക്ഷം നിലനിര്‍ത്തുന്നവര്‍ പോലും ഇക്കൂട്ടത്തിലുണ്ട്.
ആഴമുളള നല്ല ബന്ധങ്ങള്‍ കൂടി നിലനില്‍ക്കുന്ന ഒന്നാണ് ഇന്നത്തെ സിനിമാ ലോകം. പലരും കരുതും പോലെ അവിശുദ്ധബന്ധങ്ങളുടെ കൂത്തരങ്ങൊന്നുമല്ല സിനിമ. ഏത് കാലത്തും വിപരീത ധ്രുവങ്ങളിലുളള ആളുകള്‍ ഉണ്ടായിട്ടുണ്ട്. അവര്‍ എന്നും പ്രശ്‌നകാരികളായി തന്നെ തുടരുന്നു. അതേസമയം മാന്യമായി തൊഴിലെടുത്ത് സ്ഥലം വിടുന്നവര്‍ അതിലേറെയുണ്ട്. കുഴപ്പക്കാരുടെ കഥകള്‍ പ്രചരിപ്പിക്കുന്നവര്‍ കാര്യങ്ങള്‍ ജനറലൈസ് ചെയ്യുമ്പോള്‍ അത് ഈ മേഖലയ്ക്ക് ആകമാനം ചീത്തപ്പേരുണ്ടാക്കുന്നു.
പുതുതലമുറ മികച്ചതെന്നോ പഴയ തലമുറ മോശമെന്നോ ഈ പറഞ്ഞതിന് അര്‍ത്ഥമില്ല. ഏത് തലമുറയിലും നല്ലതും ചീത്തയുമുണ്ട്. മുന്‍തലമുറ പൂര്‍ണമായി മോശമെന്നോ ഈ തലമുറ പൂര്‍ണമായി വിശുദ്ധമെന്നോ ഉളള പൊതുബോധം അടിസ്ഥാനരഹിതമാണ്. പക്ഷേ, പൊതുവെ മുന്‍കാലങ്ങളെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് നേരെയുളള ചൂഷണത്തിന്റെ തോത് കുറഞ്ഞിട്ടുണ്ടെന്ന് പറയാതെ വയ്യ. നിമയങ്ങള്‍ കര്‍ശനമാവുകയും പണ്ടത്തേതില്‍ നിന്ന് വിഭിന്നമായി ശക്തമായി പ്രതികരിക്കുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുകയും മീ ടൂ ക്യാംപെയിന്‍ പോലുളള നീക്കങ്ങള്‍ പ്രബലമാവുകയും ചെയ്തതാണ് ഈ മാറ്റത്തിന് ഒരു കാരണം. സിനിമയും സീരിയലും മറ്റ് ഏതൊരു തൊഴില്‍ മേഖലയുമെന്ന പോലെ സ്ത്രീകള്‍ക്ക് സമാധാനത്തോടെയും പൂര്‍ണസുരക്ഷിത ബോധത്തോടെയും വന്ന് ജോലി ചെയ്തു പോകാവുന്ന ഇടമായി ഏറെക്കുറെ മാറിത്തുടങ്ങിയിരിക്കുന്നു. എന്നാല്‍ ഈ ബോധ്യം കൃത്യമായി പരിപാലിക്കുന്നത് എത്ര പേര്‍ എന്നതും അവരുടെ ശതമാന കണക്കും പരിശോധിക്കുമ്പോള്‍ വേദനിപ്പിക്കുന്ന പല സത്യങ്ങളും കണ്ടെത്താന്‍ സാധിക്കും.
അതിജീവിത ആക്രമണം നേരിട്ട സന്ദര്‍ഭത്തില്‍ മലയാള സിനിമയില്‍ നടക്കുന്ന ചില ക്രിമിനല്‍ ഗൂഢാലോചനകളെക്കുറിച്ച് നടി മഞ്ജു വാരിയര്‍ ഒരു പൊതുവേദിയില്‍ സൂചിപ്പിക്കുകയുണ്ടായി. ദീര്‍ഘകാലം ഈ രംഗത്ത് പ്രവര്‍ത്തിച്ച, ഇപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മഞ്ജുവിന്റെ വാക്കുകള്‍ നിസാരമായി തളളിക്കളയാന്‍ സാധിക്കില്ല. മാത്രമല്ല നന്നായി ആലോചിക്കാതെ പെട്ടെന്നുളള ആവേശത്തിന് വെറും വാക്കുകള്‍ പറയുന്ന ആളല്ല മഞ്ജു വാരിയര്‍. അവര്‍ മികച്ച അഭിനേത്രി എന്നതിനപ്പുറം ഉറച്ച വ്യക്തിത്വവും നിലപാടുകളും കൊണ്ട് കൂടി ശ്രദ്ധിക്കപ്പെട്ട കലാകാരിയാണ്.
തല്ലിയും തലോടിയും സര്‍ക്കാര്‍
ഡബ്ല്യൂസിസിയുടെ രൂപീകരണവും തൊഴിലിടത്തില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിഷനെ നിയോഗിക്കണമെന്ന ആവശ്യവും ഒരു പറ്റം കലാകാരികള്‍ ഉന്നയിച്ച ഘട്ടത്തില്‍ ഏറെ അനുതാപത്തോടെ അതിനെ പരിഗണിക്കുന്നു എന്ന പ്രതീതി ഉണര്‍ത്തിക്കൊണ്ടാണ് മുഖ്യമന്ത്രി അടക്കമുളള ഉന്നതര്‍ പരാതികള്‍ സ്വീകരിച്ചതും ഹേമ കമ്മറ്റി രൂപീകരിച്ചതും.
ഏറെ വിശ്വാസ്യതയോടും സത്യസന്ധതയോടും പ്രതിബദ്ധതയോടും കൂടിയാണ് ജസ്റ്റിസ് ഹേമ, നടി ശാരദ, കെ.ബി.വത്സലകുമാരി എന്നിവര്‍ അംഗങ്ങളായ കമ്മിഷന്‍ പ്രവര്‍ത്തിച്ചത്. ദിവസങ്ങളും മണിക്കൂറുകളുമാണ് അവര്‍ ഓരോരുത്തരില്‍ നിന്നും മൊഴിയെടുക്കാന്‍ ചിലവഴിച്ചത്. ആയിരക്കണക്കിന് പേജുകള്‍ വരുന്ന വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയതായും പറയപ്പെടുന്നു. എന്നാല്‍ അതില്‍ നിന്നും ചില ഭാഗങ്ങള്‍ ഒഴിവാക്കിയേ പുറത്തു വിടാന്‍ സാധിക്കൂ എന്നും അല്ലാത്തപക്ഷം അത് വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുമെന്നുമായിരുന്നു ആദ്യത്തെ ഔദ്യോഗിക ഭാഷ്യം.
കുറ്റം ചെയ്തതായും പ്രതിസ്ഥാനത്ത് നില്‍ക്കുന്നുവെന്നും അനുഭവസ്ഥര്‍ ആരോപിക്കുന്നവരുടെ സ്വകാര്യത അത്ര പ്രസക്തമാണോ? സിനിമയില്‍ അവസരങ്ങള്‍ക്കായി സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നു എന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ അതിന്റെ അളവും തീവ്രതയും പുറത്ത് കേള്‍ക്കുന്നതിലും ഭയാനകമാണെന്ന വസ്തുതയാണ് ഇത്തരമൊരു കമ്മറ്റി വേണം എന്ന ആവശ്യത്തിലേക്ക് സ്ത്രീസഹപ്രവര്‍ത്തകരെ നയിച്ചത്.
യഥാര്‍ത്ഥത്തില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ ചെറിയൊരു ശതമാനം മാത്രമാണ് പ്രതികരിച്ചവരുടെ അംഗസംഖ്യ. അതേ സമയം ഒന്നും മിണ്ടാതെ എല്ലാം സഹിച്ചും ക്ഷമിച്ചും കഴിയുന്നവരുടെ എണ്ണം വളരെക്കൂടുതലാണ്.
ഈ ദുസ്ഥിതിക്ക് കാതലായ മാറ്റം സംഭവിക്കണമെങ്കില്‍ നിശ്ചയമായും ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന വ്യക്തികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. അതുകൊണ്ട് ഗുണം രണ്ടാണ്. സ്ത്രീകള്‍ക്ക് നീതിയും തൊഴില്‍പരമായ സുരക്ഷിതത്വവും ഉറപ്പാക്കാന്‍ കഴിയുമെന്നത് ഒന്ന്. മറ്റൊന്ന് മാനംമര്യാദയായി സ്വന്തം തൊഴില്‍ ചെയ്ത് വീട്ടില്‍ പോകുന്ന ചലച്ചിത്രപ്രവര്‍ത്തകരായ പുരുഷന്‍മാരെ കൂടി സംശയത്തിന്റെ നിഴലില്‍ നിര്‍ത്താതെ അവരുടെ ആത്മാഭിമാനം സംരക്ഷിക്കപ്പെടുകയും ചെയ്യും.
ഇരുട്ടില്‍ ചിരിക്കുന്ന കുറ്റവാളികള്‍
വിവരാവകാശ അപേക്ഷയുമായി ഒരു പൗരന്‍ കോടതിയെ സമീപിച്ചില്ലായിരുന്നെങ്കില്‍ ഈ റിപ്പോര്‍ട്ട് എന്നെന്നേക്കുമായി അകാലചരമം അടയുമായിരുന്നു എന്ന വിമര്‍ശനവും ഉയരുന്നു. അങ്ങനെ ഒന്ന് ചോദ്യം ചെയ്യപ്പെടുകയോ വാര്‍ത്തകളില്‍ പരാമര്‍ശിക്കപ്പെടുക പോലും ചെയ്യാതെ കൊടുംകുറ്റവാളികള്‍ നിയമത്തെ നോക്കി പുച്ഛിച്ച് ചിരിച്ചുകൊണ്ട് നടക്കുമായിരുന്നു. മറ്റ് തൊഴില്‍ മേഖലയ്ക്ക് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് സിനിമയ്ക്കുളളത്? സിനിമയില്‍ കടന്നു കൂടാനും വളരാനും പുരുഷന് വിധേയയാകണം എന്നത് ഒരു അലിഖിത നിയമം പോലെ കൊണ്ടു നടക്കുന്ന ചില പുരുഷന്‍മാരെങ്കിലും ഇപ്പോഴുമുണ്ട്. അക്കൂട്ടത്തില്‍ അഭിനേതാക്കള്‍ മാത്രമല്ല സംവിധായകര്‍ അടക്കമുളള സാങ്കേതിക പ്രവര്‍ത്തകരുമുണ്ട്. അതേസമയം തങ്ങളുടെ തൊഴില്‍ മേഖലയെ കളങ്കപ്പെടുത്തുന്ന ഒരു പ്രവൃത്തികള്‍ക്കും നിന്നുകൊടുക്കാതെ അങ്ങേയറ്റം മാന്യമായി ജോലി ചെയ്ത് മടങ്ങുന്നവരുമുണ്ട്.
എല്ലാവരും മോശക്കാരാണെന്ന പൊതുബോധത്തില്‍ കഴമ്പില്ല. കഥാപാത്രങ്ങളിലൂടെ പകര്‍ന്നു കിട്ടിയ വലിയ പ്രതിച്ഛായയുടെ മറവില്‍ വിലസുന്ന ചില ക്രിമിനലുകളാണ് ഒരു തെറ്റും ചെയ്യാത്തവരെ പോലും പ്രതിസ്ഥാനത്ത് കാണാന്‍ പൊതുസമൂഹത്തെ പ്രേരിപ്പിക്കുന്നത്. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് ഒരു കോടിയിലധികം രുപ ചിലവഴിച്ചും നൂറുകണക്കിന് ആളുകളുടെ ധാരാളം സമയം മിനക്കെടുത്തിയും രൂപപ്പെടുത്തിയ ഒരു റിപ്പോര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്ന ഫലം ലഭിക്കുക തന്നെ വേണം. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഏറെ സദുദ്ദേശത്തോടെയാണ് പ്രാരംഭഘട്ടത്തില്‍ നീങ്ങിയിരുന്നതെന്നും പിന്നീട് ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന വരുടെ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങി ഉടൻ പുറത്തു വിടേണ്ടതില്ല എന്ന നിലപാടിലേക്ക് എത്തിയതാകാമെന്നും വിലയിരുത്തപ്പെടുന്നു.
കുറ്റവാളികളുടെ സ്വകാര്യത പ്രസക്തമോ?
സിനിമാ മേഖലയില്‍ സ്ത്രീ വിരുദ്ധമായ ചില പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന വസ്തുത ആബാലവൃദ്ധം ജനങ്ങള്‍ക്കും അറിയാവുന്നതാണ്. അത് ഇങ്ങനെ ഉപരിപ്ലവമായി ആവര്‍ത്തിക്കാനായിരുന്നെങ്കില്‍ ജനങ്ങളുടെ നികുതിപ്പണം ചിലവഴിച്ച് ഇങ്ങനെയൊരു കമ്മീഷന്‍ രൂപീകരിക്കേണ്ട ആവശ്യമെന്തായിരുന്നു. ആര് ആരോട് എന്തൊക്കെ ദ്രോഹങ്ങള്‍ ചെയ്തുവെന്ന് മൊഴികളുടെ അടിസ്ഥാനത്തിലുള്ള കമ്മറ്റിയുടെ കണ്ടെത്തലുകൾ പൊതുസമൂഹം അറിയുക തന്നെ വേണം. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കുറ്റവാളികളെ പൊതുജനസമക്ഷം കൊണ്ടു വരികയും അവര്‍ക്കെതിരെ ക്രിമിനല്‍ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കുകയുമാണ് വേണ്ടത്. നിയമം എല്ലാവര്‍ക്കും ബാധകമാണ്. തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടേണ്ടതും ജനങ്ങള്‍ അതേക്കുറിച്ച് അറിയേണ്ടതുമാണ്.
പുരുഷന്‍മാരും പീഡനങ്ങള്‍ നേരിടുന്നു
പൊതുസമൂഹം കരുതുന്നതു പോലെ സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും ഈ മേഖലയില്‍ കടുത്ത പീഡനങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും അത് കേവലം ലൈംഗിക വിഷയങ്ങള്‍ക്കപ്പുറത്ത് കടുത്ത മാനസിക പ്രശ്‌നങ്ങള്‍ക്കിരയാക്കുന്ന തരം പെരുമാറ്റ രീതികളാണെന്നും പ്രശസ്ത ചലച്ചിത്രസംവിധായകനായ ജോസ് തോമസ് പറയുന്നു. അതിജീവിതയ്ക്ക് സംഭവിച്ച ദാരുണമായ അനുഭവത്തെ മുന്‍നിര്‍ത്തി ഒരു സംഘം സ്ത്രീകളാണ് ഇങ്ങനെയൊരു അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചത്. അതുകൊണ്ട് മാത്രമാണ് ഇതൊരു സ്ത്രീകേന്ദ്രീകൃത വിഷയമായത്. അതിനപ്പുറം സിനിമാ രംഗത്ത് നിലനില്‍ക്കുന്ന എല്ലാത്തരം പ്രശ്‌നങ്ങളും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. ശാരീരിക പീഡനത്തേക്കാള്‍ പ്രധാനമാണ് മാനസിക പീഡനങ്ങള്‍.
ബലിയാടാകുന്ന പുരുഷന്‍മാര്‍
വ്യക്തികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുക എന്നത് സിനിമയിലെ പതിവ് കാഴ്ചയാണ്. അതിന് സ്ത്രീപുരുഷ ഭേദമില്ല. സിനിമ എന്നും വിജയിച്ചു നില്‍ക്കുന്നവന്റെ മാത്രം കലയാണ്. അതില്‍ മര്യാദയ്ക്ക് പെരുമാറുകയും ആരെയും വേദനിപ്പിക്കാതെ ജോലി ചെയ്ത് കടന്നു പോവുകയും ചെയ്യുന്നവരുണ്ടാവാം. എന്നാല്‍ മറ്റുളളവരെ വേദനിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയും പല വിധത്തില്‍ ആളുകളെ മാനസികമായി മുറിവേല്‍പ്പിക്കുകയും ചെയ്യുന്നവരുടെ എണ്ണം കുറവല്ല. ഇത്തരക്കാര്‍ സൃഷ്ടിക്കുന്ന മാനസികപ്രശ്‌നങ്ങള്‍ മൂലം രോഗബാധിതരായവര്‍ മുതല്‍ ജീവിതം തന്നെ അവസാനിപ്പിച്ചവരുണ്ട്.
ഇതിനെല്ലാം അറുതി വരണമെങ്കില്‍ സ്ത്രീപുരുഷഭേദമെന്യേ ചലച്ചിത്രപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായി പഠിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഇനിയും ഉണ്ടാവണം. ഈ മേഖലയില്‍ കുറച്ചെങ്കിലും അച്ചടക്കം സൃഷ്ടിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. എല്ലാ പ്രശ്‌നങ്ങളിലും പ്രതിനായക സ്ഥാനത്ത് നില്‍ക്കുന്നത് പുരുഷന്‍മാരാണെന്ന ധാരണയും അസ്ഥാനത്താണ്. വിപുലമായ അന്വേഷണം ആവശ്യമായ നിരവധി കാര്യങ്ങള്‍ സിനിമയില്‍ സംഭവിക്കുന്നുണ്ട്. ഒരു ശുദ്ധീകരണപ്രക്രിയ അനിവാര്യമാണ്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് അതിന് തുടക്കമാവട്ടെ എന്ന് മാത്രമേ ഈ സന്ദര്‍ഭത്തില്‍ പറയാന്‍ കഴിയൂ.