‘രാജാവിന്റെ മകൻ’ ക്ലൈമാക്സ് പൊളിച്ചെഴുതി നിഥിൻ രൺജി പണിക്കർ !
ക്ലൈമാക്സ് നന്നായാൽ സിനിമ പകുതി വിജയിച്ചു എന്നാണ് സംവിധായകരുടെ വിശ്വാസം. പ്രത്യേകിച്ച് സസ്പെൻസ്, ആക്‌ഷൻ, ത്രില്ലർ വിഭാഗങ്ങളിൽപ്പെട്ട സിനിമകളുടെ ക്ലൈമാക്സ്. അങ്ങനെ ഓർത്തുവയ്ക്കാൻ, അതിശക്തമായ ഒട്ടേറെ ക്ലൈമാക്സുകളുണ്ട് മലയാളത്തിൽ. ജീത്തു ജോസഫിന്റെ ‘ദൃശ്യ’ത്തിന്റെ ക്ലൈമാക്സ് എത്ര ഗംഭീരം!
ക്ലൈമാക്സ് നന്നായാൽ സിനിമ പകുതി വിജയിച്ചു എന്നാണ് സംവിധായകരുടെ വിശ്വാസം. പ്രത്യേകിച്ച് സസ്പെൻസ്, ആക്‌ഷൻ, ത്രില്ലർ വിഭാഗങ്ങളിൽപ്പെട്ട സിനിമകളുടെ ക്ലൈമാക്സ്. അങ്ങനെ ഓർത്തുവയ്ക്കാൻ, അതിശക്തമായ ഒട്ടേറെ ക്ലൈമാക്സുകളുണ്ട് മലയാളത്തിൽ. ജീത്തു ജോസഫിന്റെ ‘ദൃശ്യ’ത്തിന്റെ ക്ലൈമാക്സ് എത്ര ഗംഭീരം!
ക്ലൈമാക്സ് നന്നായാൽ സിനിമ പകുതി വിജയിച്ചു എന്നാണ് സംവിധായകരുടെ വിശ്വാസം. പ്രത്യേകിച്ച് സസ്പെൻസ്, ആക്‌ഷൻ, ത്രില്ലർ വിഭാഗങ്ങളിൽപ്പെട്ട സിനിമകളുടെ ക്ലൈമാക്സ്. അങ്ങനെ ഓർത്തുവയ്ക്കാൻ, അതിശക്തമായ ഒട്ടേറെ ക്ലൈമാക്സുകളുണ്ട് മലയാളത്തിൽ. ജീത്തു ജോസഫിന്റെ ‘ദൃശ്യ’ത്തിന്റെ ക്ലൈമാക്സ് എത്ര ഗംഭീരം!
ക്ലൈമാക്സ് നന്നായാൽ സിനിമ പകുതി വിജയിച്ചു എന്നാണ് സംവിധായകരുടെ വിശ്വാസം. പ്രത്യേകിച്ച് സസ്പെൻസ്, ആക്‌ഷൻ, ത്രില്ലർ വിഭാഗങ്ങളിൽപ്പെട്ട സിനിമകളുടെ ക്ലൈമാക്സ്. അങ്ങനെ ഓർത്തുവയ്ക്കാൻ, അതിശക്തമായ ഒട്ടേറെ ക്ലൈമാക്സുകളുണ്ട് മലയാളത്തിൽ. ജീത്തു ജോസഫിന്റെ ‘ദൃശ്യ’ത്തിന്റെ ക്ലൈമാക്സ് എത്ര ഗംഭീരം! ജോർജുകുട്ടിയുടെ എല്ലാ പ്രതിരോധങ്ങളും ഒറ്റയടിക്കു പൊളിഞ്ഞു വീഴുമ്പോൾ പ്രേക്ഷകർ ഒരുവേള നിരാശരായി സീറ്റിലേക്കു ചാരിയിരിക്കുകതന്നെ ചെയ്യും. എന്നാൽ, കുഴിയിൽനിന്ന് പുറത്തേക്ക് എടുത്തിടുന്ന ചാക്കുകെട്ടിൽ വരുണിന്റെ മൃതദേഹമല്ല, പശുക്കുട്ടിയുടെ ശരീരമാണെന്നു കാണുമ്പോൾ അതേ പ്രേക്ഷകൻ ചാടിയെഴുന്നേറ്റു പോവുകയാണ്. പണി നടക്കുന്ന പൊലീസ് സ്റ്റേഷനിൽനിന്ന് ജോർജുകുട്ടി ഇറങ്ങിവരുന്ന അവസാന ദൃശ്യമെത്തുമ്പോഴും പ്രേക്ഷകന്റെ കയ്യടി നിലയ്ക്കുന്നില്ല. പണിക്കുറ്റം തീർന്ന ക്ലൈമാക്സ് എന്നു തന്നെ പറയാം.
അതുപോലെ തന്നെ മികവുറ്റൊരു ക്ലൈമാക്സാണ് മണിച്ചിത്രത്താഴിന്റേത്. നകുലനെ കൊലപ്പെടുത്താതെ എങ്ങനെയാണ് ഗംഗയുടെ കലിയടങ്ങുക? എന്നാൽ, കൊലപാതകം നടന്നാൽ പ്രേക്ഷകൻ പൂർണ സംതൃപ്തനാവുകയുമില്ല. പിന്നെ എന്തു ചെയ്യും. ‘‘ആ പലകയങ്ങു മറിച്ചിട്ടാൽ പോരേ’’ എന്ന നിസ്സാരമായ ഉത്തരമാണ് ഇപ്പോഴത്തെ ക്ലൈമാക്സ് സൃഷ്ടിച്ചത്. ഫാസിലിന്റെ തന്നെ ‘അനിയത്തിപ്രാവി’ലെ ആ കുഞ്ഞു ക്ലൈമാക്സ് തൊണ്ണൂറുകളിലെ കൗമാരക്കാർ ഇപ്പോഴും മറന്നിട്ടുണ്ടാവില്ല. സന്തോഷം പെരുകി കണ്ണു നിറയുന്ന അപൂർവ കാഴ്ചയാണ് തിയറ്ററുകളിൽ ‘അനിയത്തിപ്രാവ്’ സൃഷ്ടിച്ചത്. ഹരികൃഷ്ണൻസിലൂടെ ഇരട്ട ക്ലൈമാക്സ് നൽകി പിന്നെയും ഫാസിൽ മലയാളികളെ അമ്പരപ്പിച്ചു.
കഥ പറയുമ്പോൾ, എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ക്ലൈമാക്സ് പ്രസംഗം ഓർമയില്ലേ. ഒരു നടൻ ഒറ്റയ്ക്ക് ഒരു സിനിമയെ ഒന്നാകെ ഉള്ളംകയ്യിലെടുത്ത് പ്രേക്ഷകന്റെ ഹൃദയത്തിൽ കൊളുത്തിയിടുന്ന അപൂർവ കാഴ്ചയായിരുന്നു അത്. പത്മരാജന്റെ ഇന്നലെയുടെ ക്ലൈമാക്സ് ഒരു കാൽപനിക കവിതയായിരുന്നെങ്കിൽ നമുക്കു പാർക്കാം മുന്തിരിത്തോപ്പുകളുടെ ക്ലൈമാക്സ് ഒരു വിപ്ലവ കവിതയായിരുന്നു. പ്രേക്ഷകനെ കണ്ണുനീരിൽ മുക്കിയെടുത്ത ക്ലൈമാക്സുകളായിരുന്നു സിബി മലയിലിന്റെ പല ചിത്രങ്ങളുടെയും പ്രത്യേകത. ഭരതവും കമലദളവും കഴിഞ്ഞ് ആകാശദൂതിൽ എത്തിയപ്പോൾ കാഴ്ചക്കാരനു കണ്ണുതുടയ്ക്കാൻ ടിക്കറ്റ് കൗണ്ടറിൽ തൂവാല കൂടി നൽകേണ്ടി വന്നത് ചരിത്രം.
കണ്ണുനീരിനു മാത്രമല്ല ചിരിക്കും ക്ലൈമാക്സിൽ സ്ഥാനമുണ്ടെന്നു തെളിയിച്ച ഒട്ടേറെ സിനിമകളുണ്ട് മലയാളത്തിൽ. സിദ്ദിഖ്–ലാൽ ചിത്രങ്ങൾ അതിൽ മുന്നിൽ നിൽക്കും. പുതുക്കോട്ടയിലെ പുതുമണവാളൻ, തെങ്കാശിപ്പട്ടണം, അനിയൻ ബാവ ചേട്ടൻ ബാവ തുടങ്ങിയ സിനിമകളിലൂടെ റാഫി–മെക്കാർട്ടിൻ എന്ന തിരക്കഥാകൃത്തുക്കൾ നടത്തിയ പ്രകടനവും എടുത്തു പറയേണ്ടതു തന്നെയാണ്.
ആകാശദൂതിൽ പ്രേക്ഷകരെ കരയിച്ച ഡെന്നിസ് ജോസഫ് തന്നെയാണ് ‘ന്യൂഡെൽഹി’ൽ നായികയെക്കൊണ്ട് വെടിയുതിർത്ത് കഥയ്ക്കു പര്യവസാനം നൽകിയത്. ആദ്യം തീരുമാനിച്ച ക്ലൈമാക്സ് മറ്റൊന്നായിരുന്നുവെന്ന് ഡെന്നിസ് ജോസഫ് ഒരിക്കൽ പറഞ്ഞിരുന്നു. ജി.കൃഷ്ണമൂർത്തി എന്ന നായകന് സ്വയം പ്രതികാരം ചെയ്യാനാവില്ല. അയാൾ ശാരീരികമായി ദുർബലനാണ്. അതുകൊണ്ട് കുറച്ചു ജയിൽപ്പുള്ളികളെ അയാൾ വിലയ്ക്കെടുക്കുകയാണ്. എന്നാൽ, അവസാനത്തെ ലക്ഷ്യത്തിനു മുൻപ് അവരെല്ലാം കൊല്ലപ്പെടുന്നു. ഒടുവിൽ അയാൾക്ക് ഒറ്റയ്ക്കു കണക്കു തീർക്കേണ്ടി വരുന്നു. ഇതായിരുന്നു ക്ലൈമാക്സിനെപ്പറ്റിയുള്ള ആദ്യ ചിന്ത. എന്നാൽ, പ്രതിഫലം വാങ്ങാതെ അയാൾക്കു വേണ്ടി പടയ്ക്കിറങ്ങിയ ഒരാൾകൂടി ബാക്കിയുണ്ടെന്ന കാര്യം ഡെന്നിസ് ജോസഫ് പിന്നെയാണ് ഓർത്തത്. മരിയ ഫെർണാണ്ടസ്; സുമലതയുടെ ശക്തമായ കഥാപാത്രം. ‘‘നിന്നെക്കൊല്ലാൻ ഇനിയൊരു ജീവപര്യന്തം കൂടി കാത്തിരിക്കാനുള്ള മനക്കരുത്ത് എനിക്കുണ്ട്’’ എന്ന് പറഞ്ഞ് മമ്മൂട്ടിയുടെ ജി.കെ പരാജിതനായി നടന്നിറങ്ങുമ്പോൾ ശങ്കറിന്റെ നെഞ്ചിലേക്ക് മരിയ നിറയൊഴിക്കുകയാണ്.
തലേന്ന് ജി.കെയുടെ രീതികളെ മുഴുവൻ തള്ളിപ്പറഞ്ഞ മരിയയാണ് അയാളുടെ ലക്ഷ്യം പൂർത്തീകരിക്കുന്നത്. അവളുടെ പ്രണയത്തിന്റെ കൂടി വിളിച്ചു പറയലാണ് ആ ഗൺഷോട്ട് എന്നാണ് ഡെന്നിസ് ജോസഫ് ദാർശനികമായി വിശദീകരിക്കുന്നത്. ആക്‌ഷൻ ചിത്രങ്ങളുടെ കണക്കെടുത്താൽ, ജോഷിയുടെ തന്നെ ട്വന്റി 20യും ഷാജി കൈലാസിന്റെ ചിന്താമണി കൊലക്കേസുമൊക്കെ അപ്രതീക്ഷിത ട്വിസ്റ്റ് നൽകി പ്രേക്ഷകരെ ഞെട്ടിച്ച ചിത്രങ്ങളാണ്. എന്നാൽ, ചില ക്ലൈമാക്സുകൾ സാങ്കേതിക കാരണങ്ങൾ കൊണ്ടോ ചിന്താപദ്ധതികളിലെ മാറ്റങ്ങൾ കൊണ്ടോ പുതിയ കാലത്ത് അംഗീകരിക്കപ്പെടണമെന്നില്ല. അത്തരം ക്ലൈമാക്സുകൾ കാലത്തിനൊത്ത് എങ്ങനെ മാറ്റിയെഴുതാം എന്ന ചർച്ചയ്ക്കു സിനിമാ പ്രേമികൾക്കായി സ്ക്രീനുകൾ തുറക്കുകയാണ് മലയാള മനോരമ ഞായറാഴ്ച.
മോഹൻലാലിനെ സൂപ്പർ താരപദവിയിൽ എത്തിച്ച രാജാവിന്റെ മകൻ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് കാലത്തിനൊത്ത് പുതുക്കിയെഴുതുകയാണ് പുതിയ തലമുറയിലെ ആക്‌ഷൻ ചിത്രങ്ങളുടെ സംവിധായകനായ നിഥിൻ രൺജി പണിക്കർ.
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആക്‌ഷൻ സിനിമകളിൽ ഒന്നാണ് രാജാവിന്റെ മകൻ. എന്നാൽ, ക്ലൈമാക്സിൽ മോഹൻലാൽ വെടിയേറ്റു മരിക്കുന്ന രംഗം ഇന്നും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. മോഹൻലാൽ എന്ന നടന്റെ ഫാൻ ബോയി ആയതു കൊണ്ടു മാത്രമല്ല വിൻസെന്റ് ഗോമസ് എന്ന കഥാപാത്രത്തോടുള്ള ഇഷ്ടം കൊണ്ടു കൂടിയാണത്. അത്തരമൊരു ക്ലൈമാക്സ് എഴുതാൻ ഡെന്നിസ് ജോസഫ് എന്ന എഴുത്തുകാരനു കിട്ടിയ ധൈര്യത്തെ ഞാൻ സമ്മതിക്കുന്നു. നായകന്മാർ മരിക്കുന്ന പല സിനിമകളും ഇവിടെ സൂപ്പർ ഹിറ്റായിട്ടുണ്ട്. എന്നാൽ ഇത് അതുപോലെയല്ല. ഒരു ആക്‌ഷൻ ത്രില്ലർ ചിത്രമാണ്. അതിൽ ഉറപ്പായും നായകൻ ജയിക്കണം. പക്ഷേ, തമ്പി കണ്ണന്താനവും ഡെന്നിസ് ജോസഫും അതു സമ്മതിച്ചില്ല. മാത്രമല്ല; അയാളുടെ ശത്രുവായ കൃഷ്ണദാസിനെ നിയമം പോലും വിലങ്ങു വയ്ക്കുന്നുമില്ല. ചുരുക്കത്തിൽ നായകൻ തോറ്റു; വില്ലൻ ജയിച്ചു. എന്നിട്ടും പടം സൂപ്പർ ഹിറ്റ്. എന്തൊരത്ഭുതം! ആ രണ്ടു മഹാപ്രതിഭകൾക്കൊപ്പം മോഹൻലാൽ എന്ന മഹാനടന്റെ അഭിനയമികവിനും ഒരു ബിഗ് സല്യൂട്ട്.
എന്നെങ്കിലുമൊരിക്കൽ രാജാവിന്റെ മകൻ റീമേക്ക് ചെയ്യാൻ ഭാഗ്യമുണ്ടായാൽ, ക്ലൈമാക്സിൽ വില്ലനെ ജയിക്കുന്ന ഒരു വിൻസെന്റ് ഗോമസിനെ സൃഷ്ടിക്കണം എന്ന് ആഗ്രഹിച്ചിട്ടുണ്ട്. വളരെ ചെലവു ചുരുക്കിയാണ് 1986ൽ രാജാവിന്റെ മകൻ ചിത്രീകരിച്ചതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതിനെ കുറച്ചുകൂടി വിശാലമായ ക്യാൻവാസിലേക്ക് മാറ്റി വേണം ഇപ്പോൾ ചിന്തിക്കാൻ. സ്പിരിറ്റ് കള്ളക്കടത്തുകാരൻ മാത്രമായ വിൻസെന്റ് ഗോമസ് എന്ന അധോലോക നായകനെ പുതിയ തലമുറയ്ക്ക് ഉൾക്കൊള്ളാൻ പറ്റുമോ? അയാൾക്ക് രാജ്യാന്തര ബിസിനസ് സാമ്രാജ്യം ഉണ്ടായിരിക്കണം. കേന്ദ്ര–സംസ്ഥാന സർക്കാരുകളിലും പൊലീസ് തലപ്പത്തുമെല്ലാം അയാൾക്ക് വലിയ ബന്ധങ്ങൾ ഉണ്ടായിരിക്കും. അന്ന് ഹോണ്ട അക്കോഡ് കാർ ആണെന്നു തോന്നുന്നു സിനിമയിൽ ഉപയോഗിച്ചിരുന്നത്. കേരളത്തിൽ അന്ന് അത് വലിയ പുതുമയായിരുന്നു. ഇതു പോലുള്ള പുതുമകൾ ഇന്നും ഉപയോഗിക്കേണ്ടി വരും.
കൃഷ്ണദാസിന്റെയും ആൻസിയുടെയുമൊക്കെ കഥാപാത്രങ്ങളും ഇതുപോലെ തന്നെ കാഴ്ചയിലും ജീവിതരീതിയിലും ചിന്തയിലുമെല്ലാം കാലത്തിനൊത്ത് മാറിയിരിക്കും. വലിയ ബിസിനസ് മാഗ്നറ്റുകളുമായി ബന്ധമുള്ള രാഷ്ട്രീയക്കാരനായിരിക്കണം കൃഷ്ണദാസ്. പക്ഷേ ആ സോഫ്റ്റ്നസ് അതേപോലെ നിലനിൽക്കുകയും വേണം.
സിനിമയുടെ അവസാന ഭാഗത്ത്, കൃഷ്ണദാസ് തന്റെ ഭരണസ്വാധീനം ഉപയോഗിച്ച് വിൻസെന്റ് ഗോമസിന്റെ ഓഫിസ് റെയ്ഡു ചെയ്യുകയും അക്കൗണ്ട് ഫ്രീസ് ചെയ്യുകയും ചെയ്യുന്നുണ്ട്. അവിടെനിന്നാണ് ചിത്രം അതിന്റെ ക്ലൈമാക്സിലേക്ക് കയറുന്നത്. ഇനിയുള്ള സീനുകൾ ഈ കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ എങ്ങനെ മാറ്റാമെന്നാണ് പ്രധാനമായും ആലോചിക്കേണ്ടത്.
ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ഓഫിസിൽനിന്ന് ഒരു പെട്ടി നിറയെ പണവുമായാണ് വിൻസെന്റ് കൂട്ടാളികൾക്കൊപ്പം രക്ഷപ്പെടുന്നത്. ഈ പണം ഉപയോഗിച്ചാണ് അയാൾ മൂന്ന് എംഎൽഎമാരെ വിലയ്ക്കു വാങ്ങുന്നത്. ഇന്ന് നമുക്കറിയാം, ഒരു പെട്ടി പണം കൊണ്ട് ഒരു പഞ്ചായത്ത് മെംബറെ വിലയ്ക്കു വാങ്ങാൻ തന്നെ ബുദ്ധിമുട്ടാണ്. അപ്പോൾ, കണക്കിൽപ്പെടാത്ത വേറെയും സാമ്പത്തിക സ്രോതസുകൾ അയാൾക്കുണ്ടാവണം. സർക്കാരിനെ മറിച്ചിടാനായി അയാൾ കോടികൾ വാരിയെറിയണം. അല്ലെങ്കിൽ അയാൾക്കു വേണ്ടി മറ്റാരെങ്കിലും അതിനു പണം മുടക്കണം. എന്നിട്ടും ആ ശ്രമം പരാജയപ്പെടുന്നു. പിന്നീട് തൃശൂരേക്കുള്ള യാത്രയ്ക്കിടയിൽ കൃഷ്ണദാസിനെ പീറ്ററും (മോഹൻജോസ്) കുമാറും (സുരേഷ്ഗോപി) ചേർന്ന് വഴിയിൽ അക്രമിക്കുകയാണ്. ഇവിടെയും മാറ്റം വരണം. കേരളത്തിലെ ഏതെങ്കിലുമൊരു ഹൈവേയിൽ വച്ച് ഒരു മന്ത്രിയെ അതുപോലെ അക്രമിക്കുന്നത് ഇന്ന് വിശ്വസിപ്പിക്കാനാവില്ല. അതുകൊണ്ട് ഡൽഹിയിലോ മറ്റേതെങ്കിലുമോ സംസ്ഥാനത്തു വച്ച് നടക്കുന്ന രീതിയിൽ ഈ അക്രമണം പ്ലാൻ ചെയ്യേണ്ടി വരും. ആ വധശ്രമത്തിനിടയിലാവും പീറ്ററും കുമാറും കൊല്ലപ്പെടുന്നത്. ഇവിടെനിന്ന് സീനുകൾ പൂർണമായും തന്നെ മാറണം.
അവസാനം, സ്വയം മെഷീൻ ഗൺ ലോഡ് ചെയ്ത് പ്രതികാരത്തിനിറങ്ങുന്ന വിൻസെന്റ് ഗോമസിനെ പുതിയ പ്രേക്ഷകർക്ക് ദഹിക്കണമെന്നില്ല. വലിയൊരു പൊലീസ് വലയത്തിനു മുൻപിലേക്ക് ഒറ്റയ്ക്കു ചെന്നിറങ്ങുന്നത് ബുദ്ധിശൂന്യതയായിട്ടാവും ഇന്നത്തെ പ്രേക്ഷകർ കാണുക. അതുപോലെ, കൃഷ്ണദാസിനെ രക്ഷിക്കാനായി, വിൻസെന്റിന്റെ തോക്കിൻമുനയിലേക്ക് എടുത്തുചാടി ‘‘എന്റെ രാജുമോന്റെ അച്ഛനെ കൊല്ലരുത്’’ എന്നു പറയുന്ന ആൻസിയെ പുതിയ കാലത്തെ പെൺകുട്ടികൾ അംഗീകരിക്കുമോ? ഒരിക്കൽ കൃഷ്ണദാസിനാൽ വഞ്ചിക്കപ്പെട്ടവളാണവൾ. അയാൾ തന്നോടും സമൂഹത്തോടും ചെയ്തു കൂട്ടിയ തെറ്റുകളെയെല്ലാം ഒരു നിമിഷം കൊണ്ട് മറന്നു കളയാൻ ‘‘രാജുമോന്റെ അച്ഛൻ’’ എന്ന പൊസിഷൻ മാത്രം മതിയാകില്ല. ഒരു ഫിലോസഫിക്കൽ ചേഞ്ച് ഇവിടെ അത്യാവശ്യമാണെന്നു തോന്നുന്നു.
അതിനാൽ, കൃഷ്ണദാസും വിൻസെന്റും തമ്മിലുള്ള യുദ്ധത്തിന്റെ ഗുരുതരാവസ്ഥ ഏറ്റവും നന്നായി അറിയാവുന്ന ആൻസി അവർക്കിടയിൽ ഒരു ഒത്തുതീർപ്പിന് ശ്രമിക്കാതിരിക്കില്ല. തീർച്ചയായും, അവിടെയായിരിക്കും പുതിയ സിനിമയുടെ ടേണിങ് പോയിന്റ്. വിദേശത്ത് എവിടെയെങ്കിലും വച്ചാവും ആ സമാധാന ചർച്ച.
ആൻസിയുടെ രാജുമോന്റെ അച്ഛനാണ് കൃഷ്ണദാസ് എന്ന സത്യം ആ സീനിലാവും വിൻസെന്റ് അറിയുക. ഒരുനിമിഷം വിൻസെന്റ് ഒന്നു പതറിപ്പോയേക്കാം. എങ്കിലും ‘‘ആൻസി പറയൂ...ഞാൻ എന്താണ് ചെയ്യേണ്ടത്......’’ നിസ്സഹായനായി അയാൾ ഒരു ചോദ്യം ചോദിക്കും.
ക്രൗര്യം കലർന്നൊരു പുഞ്ചിരിയോടെ അവൾ പറയും....‘‘കിൽ ഹിം....’’
അതെ. രാജുമോന്റെ അച്ഛനെത്തന്നെ. കൊന്നുകളയണം. അങ്ങനെയാവും പുതിയ പെണ്ണ് ചിന്തിച്ചേക്കുക. ലോഡ് ചെയ്ത ഒരു റിവോൾവറിന്റെ രൂപത്തിൽ ആൻസി വിൻസെന്റിനു നേരെ ആ അനുവാദം വച്ചു നീട്ടും.ആൻസിയുടെ അപ്രതീക്ഷിതമായ നിലപാടുമാറ്റത്തിൽ കൃഷ്ണദാസ് പതറിപ്പോവുക തന്നെ ചെയ്യും.
‘‘ഇതു ചതിയാണ്....’’ ആ പതിവു ക്ലീഷേ ഡയലോഗ് അയാൾ അവിടെ പറയണമെന്നില്ല. പറയാതെ തന്നെ അത് പ്രേക്ഷകർ കണ്ടു കാണും. അയാൾ ചെയ്ത ചതിയുടെ കഥകൾ.
തന്റെ അവസാനമാണെന്ന തിരിച്ചറിവ് കൃഷ്ണദാസിനുണ്ടാകുന്ന നിമിഷമാവും പിന്നീട്. ഒരു മാസ് ചിത്രത്തിനാവശ്യമായ വിധത്തിൽ അത് ചിത്രീകരിക്കണം. ഒടുവിൽ വിൻസെന്റ് ഗോമസ് കൃഷ്ണദാസിന്റെ നെഞ്ചിലേക്കു നിറയൊഴിക്കും. പിറ്റേന്നത്തെ ഫ്ലൈറ്റിൽ ആൻസിയും വിൻസെന്റും കേരളത്തിൽ പറന്നിറങ്ങുമ്പോൾ, അങ്ങകലെ ഒരു ഫിലിപ്പൈൻ ബിസിനസുകാരൻ കൃഷ്ണദാസിനെ കൊന്ന കേസിൽ അറസ്റ്റിലാകും. ആരാണ് അയാൾ എന്ന് ആൻസി ചോദിക്കും. ഒരു ചെറുപുഞ്ചിരിയോടെ വിൻസെന്റ് ഒന്നു കണ്ണിറുക്കുകമാത്രം ചെയ്യും.