നാലുകെട്ട് വായിച്ചു തുടക്കം; ഇപ്പോൾ മടക്കത്തിന്റെ നൊമ്പരം
ഓർമകളുടെ മരം പെയ്യുകയാണു ലാൽജോസിന്റെ മനസ്സിൽ. എംടിയുടെ ‘നാലുകെട്ട്’ വായിക്കുന്ന കാലത്ത് ആറാം ക്ലാസ് വിദ്യാർഥി. അക്കാലത്ത്, ലാൽജോസിന്റെ പിതൃസഹോദര പത്നി (മേമ) സിസിലി, അവർ അധ്യാപികയായിരുന്ന ഒറ്റപ്പാലം എൽഎസ്എൻ കോൺവന്റ് സ്കൂളിലെ ലൈബ്രറിയുടെ ചുമതലക്കാരിയുമായിരുന്നു. വേനലവധിക്കാലങ്ങളിൽ പ്രശസ്ത
ഓർമകളുടെ മരം പെയ്യുകയാണു ലാൽജോസിന്റെ മനസ്സിൽ. എംടിയുടെ ‘നാലുകെട്ട്’ വായിക്കുന്ന കാലത്ത് ആറാം ക്ലാസ് വിദ്യാർഥി. അക്കാലത്ത്, ലാൽജോസിന്റെ പിതൃസഹോദര പത്നി (മേമ) സിസിലി, അവർ അധ്യാപികയായിരുന്ന ഒറ്റപ്പാലം എൽഎസ്എൻ കോൺവന്റ് സ്കൂളിലെ ലൈബ്രറിയുടെ ചുമതലക്കാരിയുമായിരുന്നു. വേനലവധിക്കാലങ്ങളിൽ പ്രശസ്ത
ഓർമകളുടെ മരം പെയ്യുകയാണു ലാൽജോസിന്റെ മനസ്സിൽ. എംടിയുടെ ‘നാലുകെട്ട്’ വായിക്കുന്ന കാലത്ത് ആറാം ക്ലാസ് വിദ്യാർഥി. അക്കാലത്ത്, ലാൽജോസിന്റെ പിതൃസഹോദര പത്നി (മേമ) സിസിലി, അവർ അധ്യാപികയായിരുന്ന ഒറ്റപ്പാലം എൽഎസ്എൻ കോൺവന്റ് സ്കൂളിലെ ലൈബ്രറിയുടെ ചുമതലക്കാരിയുമായിരുന്നു. വേനലവധിക്കാലങ്ങളിൽ പ്രശസ്ത
ഓർമകളുടെ മരം പെയ്യുകയാണു ലാൽജോസിന്റെ മനസ്സിൽ. എംടിയുടെ ‘നാലുകെട്ട്’ വായിക്കുന്ന കാലത്ത് ആറാം ക്ലാസ് വിദ്യാർഥി. അക്കാലത്ത്, ലാൽജോസിന്റെ പിതൃസഹോദര പത്നി (മേമ) സിസിലി, അവർ അധ്യാപികയായിരുന്ന ഒറ്റപ്പാലം എൽഎസ്എൻ കോൺവന്റ് സ്കൂളിലെ ലൈബ്രറിയുടെ ചുമതലക്കാരിയുമായിരുന്നു. വേനലവധിക്കാലങ്ങളിൽ പ്രശസ്ത ബാലസാഹിത്യകൃതികൾ വായിക്കാൻ കൊടുക്കും. മേമയ്ക്കു വായിക്കാനായി എംടിയുടെയും എം.മുകുന്ദന്റെയും മറ്റും പുസ്തകങ്ങളും കൂടെയുണ്ടാകും. അങ്ങനെയൊരിക്കൽ നാലുകെട്ട് കാണാതായി. മേമയുടെ അന്വേഷണത്തിൽ കുഞ്ഞു ‘ലാലു’ പിടിയിലായി. റഷ്യൻ കഥകളും ചൈനീസ് ഇതിഹാസ കഥകളും ഉൾപ്പെടെയുള്ള ബാലസാഹിത്യ കൃതികളിൽ നിന്നു മുതിർന്നവരുടെ വായനയിലേക്കുള്ള പാലമായി ലാൽ ജോസിനു നാലുകെട്ട്. എംടിയോടുള്ള ആരാധന, ലാൽജോസിന്റെ രക്തത്തിലലിഞ്ഞു തുടങ്ങി. ‘കുട്ട്യേടത്തി’ സിനിമയായി കണ്ട ശേഷമാണു കഥ വായിച്ചത്.
ഷെർലക്കിലെ അക്ഷരത്തെറ്റ്
ലോഹിതദാസിന്റെ തിരക്കഥയിൽ ഹരികുമാർ സംവിധാനം ചെയ്ത ഉദ്യാനപാലകൻ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന കാലത്താണ് എംടിയെ നേരിൽ കാണുന്നത്. അതു ഷൊർണൂർ വാടാനാംകുറുശ്ശിയിലെ ലൊക്കേഷനിൽ വച്ചായിരുന്നു. പിൽക്കാലത്തു കോഴിക്കോട്ടേക്കുള്ള യാത്രകളിലൊക്കെയും പ്രിയകഥാകാരനെ കാണൽ ശീലമായി. മകൾ കാതറിനെ എഴുത്തിനിരുത്തിയതു തുഞ്ചൻ മഠത്തിൽ എംടിയാണ്.
തിരക്കഥാകൃത്ത് ജോൺപോളും സംവിധായകൻ ബിജു വിശ്വനാഥും എംടിയുടെ നിർമാല്യം സിനിമയെക്കുറിച്ച് ഡോക്യുമെന്ററി ചിത്രം തയാറാക്കുന്ന കാലം. ചെറുതുരുത്തി ഗെസ്റ്റ് ഹൗസിലായിരുന്നു ഷൂട്ടിങ്. അവിടെ സന്ദർശകനായി എത്തിയതാണു ലാൽജോസ്. അദ്ദേഹത്തിന്റെ കയ്യിൽ എംടിയുടെ ‘ഷെർലക്’ പുസ്തകവും ഉണ്ടായിരുന്നു. അതുകണ്ട് എംടി ആ പുസ്തകം പിടിച്ചുവാങ്ങി. തിടുക്കപ്പെട്ടു പേജുകൾ മറിച്ചു. അതിലൊന്നിൽ ഒരക്ഷരം തിരഞ്ഞുപിടിച്ചു, വെട്ടിത്തിരുത്തി. അതിനു താഴെ സ്വന്തം കയ്യൊപ്പിട്ടു. ഷെർലക്കിന്റെ ആദ്യ പതിപ്പിൽ സംഭവിച്ച ഒരക്ഷരപ്പിശകാണു കഥാകാരൻ തിരുത്തിക്കൊടുത്തത്. അന്നദ്ദേഹം പറഞ്ഞു: ‘പിശകു തിരിച്ചറിയുന്നതിനു മുൻപേ അച്ചടി പൂർത്തിയായിരുന്നു. അക്ഷരത്തെറ്റുകൾ കണ്ടാൽ എനിക്കു ടെൻഷനാണ്. വായനക്കാർ തെറ്റായി വായിക്കുമല്ലോയെന്ന വിഷമം വിട്ടുപോകില്ല’. താനെഴുതിയതു തന്നെ വായിക്കപ്പെടണമെന്ന നിർബന്ധവും ചെയ്യുന്ന കാര്യങ്ങളോടുള്ള സമർപ്പണ മനോഭാവവും നിർബന്ധവും എംടിയിൽനിന്നു തനിക്കു ലഭിച്ച വലിയ പാഠമാണെന്നു ലാൽജോസ് പറയുന്നു.
‘കാണാത്ത’ നീലത്താമര
‘നീലത്താമര’യുടെ തിരക്കഥ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലായിരുന്നുവെന്നു ലാൽജോസ് തുറന്നുപറയുന്നു. ആ സിനിമയുടെ പുനരാവിഷ്കാരം എംടിയുടെ മോഹമായിരുന്നു. ആ നിയോഗം തേടിവന്നതു ലാൽജോസിനാണ്.
പഴയ നീലത്താമര കണ്ടിട്ടില്ലെന്നു പറഞ്ഞപ്പോൾ ‘അതു നന്നായി. അതിനി കാണേണ്ട, അതു നിങ്ങളുടെ സിനിമയാകണം’ എന്നായിരുന്നു മറുപടി. സിനിമയുടെ ഭാഗമായി ഒരുമിച്ചു ചെലവഴിച്ച 10 ദിവസങ്ങൾ എംടിയെക്കുറിച്ചുള്ള മിത്തുകൾ പൊളിച്ചടുക്കുകയായിരുന്നു. പൊട്ടിച്ചിരിക്കുന്ന, കുസൃതികൾ പറയുന്ന എംടിയായിരുന്നു അത്.
അതിനിടെ അദ്ദേഹത്തിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തിരക്കഥാകൃത്ത് കൂടിയായ ഡോ.ഇക്ബാൽ കുറ്റിപ്പുറത്തിന്റെ ഹോമിയോ മരുന്നുകൊണ്ടു പ്രശ്നം പരിഹരിക്കാമെന്നു ലാൽജോസ് നിർദേശിച്ചു. ഹോമിയോ മരുന്നുകൊണ്ടൊന്നും മാറില്ലെന്ന് അഭിപ്രായപ്പെട്ടെങ്കിലും അനുസരിച്ചു. പിന്നീട് കാണുമ്പോൾ രോഗം ഭേദമായിരുന്നു. അതു ഹോമിയോ മരുന്നിന്റെ ഗുണമൊന്നുമല്ലെന്ന മട്ടിൽ എംടി കുസൃതി പറഞ്ഞു: ‘ഇന്നലെ യോഗയും തുടങ്ങിയിട്ടുണ്ട്’. ‘അതു പള്ളീൽ പറഞ്ഞാൽ മതി’യെന്ന ലാൽജോസിന്റെ മറുപടി കൂട്ടച്ചിരിയുണർത്തി.
സിനിമയിലെ 2 രംഗങ്ങളുടെ തിരക്കഥ ചിട്ടപ്പെടുത്തിയതു ലാൽജോസ് തന്നെയാണ്. സിനിമയുടെ ഡിവിഡി കാണാനിരിക്കുമ്പോൾ എംടി ചുണ്ടിൽ വച്ചിരുന്ന ബീഡി ഇടവേള വരെ കത്തിക്കാതെ ഇരുന്നു. ഇടവേളയ്ക്കു ശേഷവും അതേ ഇരിപ്പിരുന്നു. അതു തനിക്ക് എസ്എസ്എൽസി പരീക്ഷയ്ക്കു ശേഷം അനുഭവിച്ച ഏറ്റവും വലിയ മാനസിക സംഘർഷമായിരുന്നെന്നു ലാൽജോസ്.
സിനിമ കഴിഞ്ഞു ബീഡിക്കു തീപകർന്ന ശേഷം എംടി പറഞ്ഞു: ‘കുഞ്ഞിമാളുവിന്റെ ദുഃഖത്തെയാണു ഞാൻ ഫോക്കസ് ചെയ്തത്. അവളുടെ രോഷത്തെ ഞാൻ അഡ്രസ് ചെയ്തിരുന്നില്ല. നീയതു ചെയ്തു. തിരക്കഥയ്ക്കു മീതെ ഉയരുന്ന സിനിമകളാണു ക്ലാസിക്കുകൾ. ഒന്നും കുറവുമില്ല, അധികവുമില്ല. ഒരു ഷോട്ട് പോലും.’ ലാൽ ജോസ് ഓർക്കുന്നു: ‘ആ നിമിഷം എന്റെ കണ്ണുകൾ നനഞ്ഞു. എംടി എന്നെ തോളോടു ചേർത്തുപിടിച്ചു’.