പൃഥ്വിരാജ് ചിത്രമായ എസ്രയിലൂടെ ഒരു തെന്നിന്ത്യന്‍ നായിക കൂടെ മലയാളത്തിലെത്തുകയാണ്. ബോളിവുഡിലും കോളിവുഡിലും ഒരുപോലെ തിളങ്ങുന്ന പ്രിയ ആനന്ദ് ആണ് എസ്രയിലെ നായിക.
ജെ കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന എസ്ര ഒരു ഹൊറർ ത്രില്ലറാണ്. ഈ വർഷം പ്രിയ കരാർ ഒപ്പിട്ട ആദ്യ ചിത്രം കൂടിയാണ് എസ്ര. ഒട്ടേറെ പുതുമകളുള്ള കഥയാണ് എസ്രയുടേതെന്ന് പ്രിയ പറയുന്നു. ജയകൃഷ്ണൻ സിനിമയ്ക്കായി പ്രിയയെ ചെന്നൈലെത്തി കണ്ടിരുന്നു.
‘ചോദിക്കുന്ന സംശയങ്ങള്‍ക്കെല്ലാം അദ്ദേഹത്തിന് വ്യക്തമായ മറുപടി ഉണ്ടായിരുന്നു. തമിഴില്‍ കാണുന്ന ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണെന്ന് എസ്രയെന്ന് തോന്നി. അദ്ദേഹമൊരു പരസ്യ സംവിധായകൻ കൂടിയാണ്. വിഷ്വലി ഒരു ചിത്രം എങ്ങനെ നന്നാക്കാമെന്നും അദ്ദേഹത്തിന് ധാരണയുണ്ട്.–പ്രിയ പറഞ്ഞു.
തമിഴിൽ ഹൊറർ സംബന്ധമായ ഒരുപാട് കഥകൾ വന്നു. എന്നാൽ എസ്ര എന്നെ ഞെട്ടിച്ചു. ഇത് എല്ലാവരെയും പേടിപ്പിക്കും. എനിക്ക് ഒരാഴ്ചത്തെ ഷൂട്ടിങ് മാത്രമേ ഉണ്ടായിരുന്നൊള്ളൂ. എന്നിട്ടും ഞാൻ പേടിച്ചുപോയി. എല്ലാ ദിവസവും സെറ്റില്‍ വിചിത്രമായ അനുഭവങ്ങളാണ് ഉണ്ടായിക്കൊണ്ടിരുന്നത്. കഥാപാത്രത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ സാധിക്കില്ല–പ്രിയ വ്യക്തമാക്കി.
പൃഥ്വി സൂപ്പര്‍ ടാലന്റ് ആക്ടര്‍ ആണെന്ന് പ്രിയ പറഞ്ഞു. ‘തമിഴ് സിനിമകളിലൂടെ പൃഥ്വിയെ നേരത്തെ അറിയാം. അപാര കഴിവുള്ള നടനാണ് പൃഥ്വിരാജ്. മലയാളി താരങ്ങളെല്ലാം മികച്ച കലാകാരന്മാരാണ്.
‘മറ്റു ഭാഷാ ചിത്രങ്ങളില്‍ നിന്ന് മലയാളം തീര്‍ത്തും വ്യത്യസ്തമാണ്. വളരെ വിശാലമായ പഠനത്തിന് ശേഷമാണ് സിനിമ എടുക്കുന്നതും അതില്‍ അഭിനേതാക്കള്‍ അഭിനയിക്കുന്നതും. അതുകൊണ്ടാകാം ലോകസിനിമയിൽ തന്നെ മികച്ച അഭിനേതാക്കളും മലയാളത്തിൽ നിന്നും ഉണ്ടാകാൻ കാരണം.– പ്രിയ പറയുന്നു.