എസ്രയിലെ പ്രേതം സുദേവിനെയും പിടികൂടി

പൃഥ്വിരാജ് നായകനായി എത്തുന്ന ഹൊറർ ചിത്രം എസ്ര ഇതിനോടകം വാര്‍ത്തകളിൽ ഇടംനേടി കഴിഞ്ഞു. ചിത്രത്തിന്റെ സെറ്റിൽ വിചിത്രമായ സംഭവങ്ങൾ അരങ്ങേറിയതിനെ തുടർന്ന് പള്ളീലച്ചനെ കൊണ്ടുവന്ന് സെറ്റ് വെഞ്ചരിച്ചിരുന്നു. നായികയായി എത്തുന്ന പ്രിയ ആനന്ദ് അടക്കമുള്ളവർ ഈ സംഭവത്തിൽ പേടിച്ചിരിക്കുകയായിരുന്നു.

സിനിമയിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന സുദേവ് നായർക്ക് ഈ സിനിമയുടെ സെറ്റിൽ വരുന്നതുവരെ ഇവിടെ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് യാതൊരു വിശ്വാസവുമില്ലായിരുന്നു. എസ്ര സിനിമയുമായി ബന്ധപ്പെട്ടുള്ള പ്രേതകഥയില്‍ യാതൊരു ഭയവുമില്ലെന്നു പ്രേതത്തില്‍ വിശ്വാസമില്ലെന്നും സുദേവ് നായര്‍ പറഞ്ഞിരുന്നു.

എന്നാൽ സുദേവിനെ കാത്തിരുന്നത് ഞെട്ടിക്കുന്ന അനുഭവങ്ങളാണ്. സെറ്റിലെത്തിയ ആദ്യദിനം മുതൽ കാര്യങ്ങൾ എളുപ്പമായിരുന്നില്ലെന്ന് സുദേവ് പറയുന്നു. ഒരുകാര്യവും ശരിയായി നടക്കുന്നില്ല. നേരത്തെ പുഷ്പം പോലെ ചെയ്തിരുന്ന പല സീക്വൻസുകളും ചെയ്യാൻ സാധിക്കുന്നില്ല. പ്രത്യേകിച്ച് ആക്‌ഷൻ രംഗങ്ങൾ. ഷൂട്ടിനിടെ ചെറിയൊരു പരുക്കും സുദേവിന് സംഭവിച്ചു.

ഇപ്പോൾ തൽക്കാലം സെറ്റിൽ നിന്ന് അവധി എടുത്തിരിക്കുകയാണ് സുദേവ്. വേറിട്ട ലുക്കിലാകും സുദേവ് എത്തുക. സസ്പൻസ് നിറഞ്ഞ കഥാപാത്രമായാതിനാൽ കൂടുതലൊന്നും വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറയുന്നു. ചിത്രത്തിന് വേണ്ടി ശരീര ഭാരവും കുറക്കുന്നുണ്ട്.

നവാഗതനായ ജയ്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഇസ്ര ഒരു ഹൊറര്‍ ത്രില്ലറാണ്. ടൊവിനോ തോമസ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. പ്രിയ ആനന്ദാണ് നായിക.