മുടിവെട്ടി ടോം ബോയ് ലുക്കിൽ അമല പോൾ; വിഡിയോ

ടോം ബോയ് വേഷപ്പകർച്ചയിൽ നടി അമലാപോൾ. അച്ചായൻസ് എന്ന ചിത്രത്തില്‍ ജയറാം ഉൾപ്പടെ അഞ്ച് നായകന്മാർക്കൊപ്പമാണ് അമലാപോൾ എത്തുന്നത്.

കോമ‍ഡിയും സസ്പെൻസും നിറഞ്ഞ ചിത്രത്തിലൂടെയാണ് ചെറിയ ഒരു ഇടവേളയ്ക്ക്ശേഷം അമല പോൾ മലയാളത്തിൽ സജീവമാകുന്നത്. ഇതുവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രത്തിനായി ശ്രമകരമായാണ് രൂപവും ഭാവവും മാറ്റിയതെന്ന് അമല പറയുന്നു. ബൈക്കോടിക്കാന്‍ അറിയാത്ത അമല സിനിമയ്ക്കുേവണ്ടി അതും പഠിച്ചു.

സാധാരണ കണ്ടുവരുന്ന നായികാസങ്കൽപ്പങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ കഥാപാത്രമാണ് റീത്തയെന്ന് തിരക്കഥാകൃത്ത് സേതു പറയുന്നു. ടോംബോയ് കഥാപാത്രം, പരുക്കൻ ലുക്കിൽ ആണ് അമല എത്തുന്നത്.

ട്രോളിയുടെ സഹായമില്ലാതെ സ്വന്തമായാണ് ചിത്രത്തിൽ ഉടനീളം അമല ൈബക്ക് ഓടിക്കുന്ന രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. പോസ്റ്ററിന് വേണ്ടിയാണെങ്കിലും യാതൊരു സഹായവുമില്ലാതെ അമല ആഡംബര ബൈക്കായ ഹാർഡ്‍ലി ഡേവിഡ്സൺ ഓടിക്കുകയായിരുന്നു. തെന്നിന്ത്യയിൽ തന്നെ സിനിമയിൽ ഹാർഡ്‍ലി ഓടിച്ച് ചിത്രീകരിച്ച ആദ്യ നടി അമല പോളാണെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.

ചിത്രത്തിൽ അമല പോൾ ആരുടെയും നായിക അല്ല എന്നതും മറ്റൊരു പ്രത്യേകതയാണ്. ഏറെ ദുരൂഹുതകൾ നിറഞ്ഞ കഥാപാത്രമാണ് അമലയുേടതെന്നും ഈ കഥാപാത്രം അച്ചായൻസിലെ അഞ്ച് നായകകഥാപാത്രങ്ങളിൽ എത്തുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളുമായാണ് സിനിമ മുന്നോട്ട് പോകുന്നതെന്നും സേതു പറയുന്നു.

ജയറാം, പ്രകാശ് രാജ് , ഉണ്ണി മുകുന്ദൻ , ആദിൽ , സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തിലെ നായകന്മാർ.അമല പോളിനൊപ്പം അനു സിത്താര , ശിവദ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പി.സി.ജോര്‍ജും അഭിനയിക്കുന്നുണ്ട്. രതീഷ് വേഗയാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും ഹൈദരാബാദിലുമായാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുന്നത്.