നടി മിത്ര കുര്യന്‍ കെഎസ്ആര്‍ടിസി ഡ്രൈവറെയും ട്രാഫിക് കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടറെയും മര്‍ദിച്ചതായി പരാതി.ഞായറാഴ്ച വൈകിട്ട് 4.30ന് പെരുമ്പാവൂര്‍ സ്റ്റാന്‍ഡിലാണ് സംഭവം. ബസ് സ്റ്റാന്‍ഡില്‍ അതിക്രമിച്ച് കയറി മര്‍ദിച്ചതായാണ് പരാതി.
തിരുവമ്പാടി ഡിപ്പോയില്‍ നിന്നും ഈരാറ്റുപേട്ടയിലേക്ക് പോകുന്ന ബസ് നടി സഞ്ചരിച്ചിരുന്ന കാറില്‍ ഉരസിയെന്ന കാരണം പറഞ്ഞാണ് ജീവനക്കാരെ മര്‍ദിച്ചത്. ബസിനെ പിന്തുടര്‍ന്നെത്തിയായിരുന്നു ആക്രമണം. ബസ് തിരിച്ച് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ പിന്നാലെ കാറിലെത്തിയ മിത്ര സ്റ്റാന്‍ഡില്‍ കയറി ഡ്രൈവര്‍ എ രാമദാസിനെയും തടയാന്‍ ചെന്ന കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ എ.എ വിജയനെയും മര്‍ദിച്ചെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
നടിയുടെ മര്‍ദനത്തില്‍ പരുക്കേറ്റ ഡ്രൈവര്‍ എ രാമദാസും കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ എ.എ വിജയനും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സ്റ്റാന്‍ഡിനകത്ത് മറ്റുവാഹനങ്ങള്‍ക്ക് പ്രവേശനമില്ലെന്നിരിക്കെ അതിക്രമിച്ച് കയറുകയും പെട്രോള്‍ പമ്പിന് സമീപം കാര്‍ നിര്‍ത്തി മിത്ര അസഭ്യം പറഞ്ഞെന്നും പരാതിയിലുണ്ട്.
റോഡിൽവച്ച് നടിയുടെ കാറുമായി ഉരസിയെ കെഎസ്ആർടിസി ബസ് അപകടം നടന്നിട്ടും നിര്‍ത്താതെ അമിത വേഗത്തില്‍ പാഞ്ഞുപോകുകയായിരുന്നു എന്നാണ് മിത്ര പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നത്. തന്റെ വാഹനത്തിന്റെ പെയിന്റ് പോവുകയും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും നടിയുടെ പരാതിയില്‍ പറയുന്നു. ഇരുകൂട്ടരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.