കെഎസ്ആര്‍ടിസി ഡ്രൈവറെയും ട്രാഫിക് കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടറെയും നടി മിത്ര കുര്യൻ മര്‍ദിച്ചതായി വാർത്ത വന്നിരുന്നു. ഞായറാഴ്ച വൈകിട്ട് 4.30ന് പെരുമ്പാവൂര്‍ സ്റ്റാന്‍ഡിലാണ് സംഭവം. ബസ് സ്റ്റാന്‍ഡില്‍ അതിക്രമിച്ച് കയറി മര്‍ദിച്ചതായാണ് പരാതി.
എന്നാൽ ജീവനക്കാരെ താന്‍ മര്‍ദ്ദിച്ചുവെന്ന പരാതി അടിസ്ഥാന രഹിതമെന്ന് മിത്രാ കുര്യന് പ്രതികരിച്ചു. തന്‍റെ കാറുമായി ഉരസിയ കെഎസ്ആർടിസി ബസ്, അപകടം നടന്നിട്ടും നിര്‍ത്താതെ അമിത വേഗത്തില്‍ പാഞ്ഞുപോയതിനെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും ഇതേക്കുറിച്ച് പരാതി പറയാൻ ഡിപ്പോയിൽ എത്തിയതെന്നും മിത്രാ കുര്യന്‍ പറയുന്നു. കാറില്‍ ബസ് തട്ടിയത് ചോദിക്കാന്‍ ചെന്ന തന്നോട് ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയെന്നാണ് മിത്രയുടെ വിശദീകരണം.
ബസ് സ്റ്റാൻഡിൽ പരാതി നൽകാൻ വേണ്ടിയാണ് ചെന്നത്. എന്നാൽ അവിടെ ചെന്നപ്പോൾ കുറെ ആളുകൾ പ്രശ്നമുണ്ടാക്കാൻ േവണ്ടി തന്നെ വരുകയായിരുന്നു. ഇവർ വണ്ടിയുടെ താക്കോലും ഊരിയെടുക്കുക ഉണ്ടായി. നമ്മുടെ പരാതി അവർ കേൾക്കാൻ പോലും തയാറാകുന്നില്ലായിരുന്നു. എനിക്കെതിരെ ഇവർ ഉന്നയിച്ചിരിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണ്. മിത്ര കുര്യൻ പറയുന്നു.
എന്നാൽ മിത്ര സ്റ്റാന്‍ഡില്‍ കയറി ഡ്രൈവര്‍ എ രാമദാസിനെയും തടയാന്‍ ചെന്ന കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ എ.എ വിജയനെയും മര്‍ദിച്ചെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. നടിയുടെ മര്‍ദനത്തില്‍ പരുക്കേറ്റ ഡ്രൈവര്‍ എ രാമദാസും കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ എ.എ വിജയനും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സ്റ്റാന്‍ഡിനകത്ത് മറ്റുവാഹനങ്ങള്‍ക്ക് പ്രവേശനമില്ലെന്നിരിക്കെ അതിക്രമിച്ച് കയറുകയും പെട്രോള്‍ പമ്പിന് സമീപം കാര്‍ നിര്‍ത്തി മിത്ര അസഭ്യം പറഞ്ഞെന്നും പരാതിയിലുണ്ട്.