Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഋത്വിക് റോഷൻ എടുത്തുപൊക്കിയ മല്ലു പെണ്ണ്

merin-hrithik കൊച്ചി ലുലുമാളിൽ മെറിനൊപ്പം നൃത്തം ചെയ്യുന്ന നടൻ ഋതിക് റോഷൻ. ചിത്രം ജോസ്കുട്ടി പനയ്ക്കൽ

സിനിമാ താരങ്ങളെ കാണുന്നത് ഒരു ചെറിയ ഹോബിയാണ് മെറിന് എന്നു വേണമെങ്കിൽ പറയാം. കക്ഷി പാർക്കുന്നത് കൊച്ചിയിലായതുകൊണ്ട് ഇടയ്ക്കിടെ അതു തരപ്പെടാറുമുണ്ട്. വേറെ പരിപാടിയൊന്നുമില്ലെങ്കിൽ താരങ്ങൾ വരുന്ന പരിപാടികൾക്കൊക്കെ പോകാൻ പരമാവധി ശ്രമിക്കാറുമുണ്ട്. അങ്ങനെയിരിക്കുമ്പോഴാണ് ലുലു മാളിൽ ഋത്വിക് റോഷൻ വരുന്നൂവെന്ന ന്യൂസ് കിട്ടിയത്.

പിന്നെ താമസിച്ചില്ല, കസിനേം ചേട്ടനേം കൂട്ടി ഋത്വിക് റോഷനെ കാണാൻ ചാടിപ്പുറപ്പെട്ടു. ഒന്നുകണ്ട് പുള്ളി എന്തു പറയുന്നുവെന്നൊക്കെ അറിഞ്ഞ്, ടിവിയിൽ കാണുന്ന പോലെ തന്നെ സത്യമാണോ ലുക്ക് എന്നൊക്കെ നോക്കി പറ്റുകയാണെങ്കിൽ ഒരു സെൽഫിയും എടുക്കണം എന്നേ മെറിന്റെ മനസിലുണ്ടായിരുന്നുള്ളൂ. സത്യം....പക്ഷേ ഋത്വിക് റോഷൻ പണ്ട് കജോളിനേയും ഐശ്വര്യയേയും പൊക്കിയെടുത്തപോലെ മെറിനേയും സിനിമാ സ്റ്റൈലിൽ എടുത്തങ്ങ് കറക്കി. ഋത്വിക് റോഷന്റെ ഡൈ ഹാർഡ് ഫാൻസിനു പോലും കിട്ടാത്ത കാര്യമാണ് വെറും ആരാധികയായ മെറിനു ലഭിച്ചത്.

അതിനെക്കുറിച്ച് ചോദിച്ചാൽ ആകെയൊരു വെടിയും പൊടിയും പുകയുമാണ് മെറിന്റെ മനസിൽ. എന്തായാലും മെറിനും താരമായിരിക്കുകയാണ്. ഒരു കൊച്ച് താരം.

റാഡോയുടെ പുതിയ വാച്ചുകൾ പരിചയപ്പെടുത്താനെത്തിയതായിരുന്നു താരം. ബാരിക്കേഡിനപ്പുറമുള്ള വലിയ ജനക്കൂട്ടത്തിനു മുൻപിലായി തന്നെ മെറിനും ഇടംപിടിച്ചു. സ്ഥിരം താരങ്ങൾ പറയാറുള്ള ഡയലോഗ് ഒക്കെ കാച്ചിനിന്ന ഋത്വികിന്റെ അടുത്ത ചോദ്യം തനിക്കൊപ്പം നൃത്തം ചെയ്യാൻ ആരെങ്കിലും വരുമോ എന്നായിരുന്നു.

hrithik-kochi-2 കൊച്ചി ലുലുമാളിൽ മെറിനൊപ്പം നൃത്തം ചെയ്യുന്ന നടൻ ഋതിക് റോഷൻ. ചിത്രം ജോസ്കുട്ടി പനയ്ക്കൽ

എവിടുന്നായിരുന്നു ആ ഊർജ്ജം അപ്പോൾ വന്നത് എന്നൊന്നും അറിയില്ല. ഞാൻ റെഡി എന്നു പറഞ്ഞ് മെറിൻ ആ ഗോദയിലേക്കിറങ്ങി. ഋത്വികിനൊപ്പം ഡാൻസ് ചെയ്യാൻ. മെറിന്റെ ആത്മവിശ്വാത്തെ കയ്യടിച്ചു നിന്ന ജനക്കൂട്ടത്തെ ആവേശത്തിലാഴ്ത്തി ഈ കൊച്ചുസുന്ദരിയെ എടുത്തുപൊക്കി റൊമാന്റിക് സ്റ്റൈലിൽ കറക്കിയാണ് താരം ഡാൻസ് നിർത്തിയത്. ഡാൻഡ് തീർന്നപ്പോൾ ഋത്വികിനേക്കാൾ ജനക്കൂട്ടം നോക്കിയത് ഇവളിലേക്കായിരുന്നു. പിറ്റേന്ന് പത്രത്തിൽ വാർത്ത അച്ചടിച്ചു വരികയും കൂടി ചെയ്തപ്പോൾ ഋത്വിക് റോഷൻ എടുത്തുപൊക്കിയ മല്ലു പെണ്ണ് എന്ന ടൈറ്റിലോടു കൂടി ഈ കൊച്ചിക്കാരി നാട്ടിൽ മൊത്തം പാട്ടായി.

hrithik-kochi കൊച്ചി ലുലുമാളിൽ മെറിനൊപ്പം നൃത്തം ചെയ്യുന്ന നടൻ ഋതിക് റോഷൻ. ചിത്രം ജോസ്കുട്ടി പനയ്ക്കൽ

സത്യം പറഞ്ഞാൽ മെറിൻ അന്തംവിട്ട് കുന്തം വിഴുങ്ങി നിൽക്കുന്ന അവസ്ഥയിലാണിപ്പോൾ. എന്തോ അപ്പോഴങ്ങനെ തോന്നി. അങ്ങനെ ചെയ്തു. ഏത് പാട്ടാണെന്നോ എന്താണ് കളിച്ചതെന്നോ എനിക്കിപ്പോൾ ഓർമയില്ല. കോളജിൽ പഠിച്ചപ്പോൾ കൂട്ടുകാർക്കൊപ്പം അൽപം ഡാൻസ് കളിച്ചിട്ടുള്ളതല്ലാതെ ഞാൻ ഡാൻസൊന്നും പഠിച്ചിട്ടില്ല. ആ ബലത്തിലാണ് കളിച്ചത്. ഫോണിലും വാട്സ്ആപ്പിലും ഫെയ്സ്ബുക്കിലും കുറേ പേർ അന്വേഷിച്ചു വിളിച്ചു. എന്താ പറയേണ്ടതൊന്നും എനിക്കിപ്പോൾ അറിയില്ല. അദ്ദേഹം അങ്ങനെ എടുത്തുപൊക്കുമെന്നൊന്നും ഞാൻ വിചാരിച്ചേയില്ല. റിമി ചേച്ചിയെ ഒരു പരിപാടിയിൽ ഷാരുഖ് ഖാൻ എടുത്തുപൊക്കിയതാണ് എനിക്ക് ഓർമവന്നത്. അദ്ദേഹത്തോട് ഒന്നും സംസാരിക്കാനൊന്നുമായില്ല. എന്നാലും സാരമില്ല. കണ്ടല്ലോ. മെറിൻ പറയുന്നു.

hrithik-kochi-1

കോട്ടയം രാമപുരത്താണ് സ്വന്തം സ്ഥലം. അമൽജ്യോതിയിൽ നിന്ന് സിവിൽ എഞ്ചിനീയറിങ് പഠിച്ച മെറിൻ ജോലി രാജിവച്ച് ന്യൂസിലൻഡിൽ ഉപരിപഠനത്തിന് പോകാനൊരുങ്ങുകയാണ്. ചേട്ടൻ അജിത് അവിടെയാണ് ജോലി. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരായ അഗസ്റ്റിന്റേയും ടെസിയുടേയും മകളാണ് മെറിൻ. അച്ഛനും അമ്മയും ഇക്കാര്യമൊന്നും ആദ്യം വിശ്വസിച്ചേയില്ല. പിന്നെ ഫോട്ടോയൊക്കെ കാണിച്ചു കൊടുത്താണ് മെറിൻ അവരെ പറഞ്ഞു മനസിലാക്കിയത്. ചെറുതാണെങ്കിലും ഇപ്പോൾ കിട്ടിയ സ്റ്റാർ ലുക്ക് ആഘോഷിക്കുകയാണ് മെറിൻ. സിനിമയേയും സിനിമാ താരങ്ങളേയും ഒത്തിരി ഇഷ്ടപ്പെടുന്ന കാണാൻ ആഗ്രഹിക്കുകയും ഓട്ടോഗ്രാഫിനും സെല്‍ഫിയ്ക്കുമൊക്കെ കൊതിക്കുന്നൊരു സാധാരണ പെൺകുട്ടിയാണ് മെറിനും. ഒരുപാടു പേർ പ്രിയ താരങ്ങൾ. സിനിമാ അഭിനയമൊന്നും മനസിലേയില്ല. ഇനി ഇതൊക്കെ കണ്ടിട്ട് ആരെങ്കിലും സിനിമയിലേക്കു വിളിച്ചാൽ ഒരു കൈ നോക്കാം എന്നാണ് ഇപ്പോഴത്തെ നിലപാട്.

സത്യത്തിൽ താരങ്ങളൊക്കെ വന്നുപോകുന്ന കാര്യം വൈകിയേ അറിയാറുള്ളൂ. ഇതു സമയത്തിന് അറിഞ്ഞതു കൊണ്ടാ പോയതും ഇങ്ങനെയൊക്കെ നടന്നതും. പരിഭവത്തോടെ മെറിൻ പറയുന്നു. അടുത്ത ലക്ഷ്യം സൂര്യയാണ്. സൂര്യയുടെ കട്ടഫാനാണ്. അടുത്തിടെയെങ്ങാനും വരുന്നുണ്ടോ എന്നു നോക്കണം...വലിയ മോഹമൊന്നുമില്ല, ഒന്നുകാണണം,,,ഒരു സെൽഫിയെടുക്കണം...അത്രേയുള്ളൂ...