വിവാഹജീവിതത്തിൽ പാകപ്പിഴകൾ പതിവാണ്. വേർപിരിയലുകളും. ഇത് സംഭവിക്കുന്നത് സിനിമാതാരങ്ങളുടെ ജീവിതത്തിലാണെങ്കിൽ അത് വലിയൊരു വാർത്തയായി മാറും. അടുത്തിടെ നടി അമല പോളും എ എൽ വിജയ്‌യും വിവാഹമോചിതരാകുന്ന വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ടു.
വിവാഹ ജീവിതം വേർപിരിയുന്ന താരങ്ങൾക്കിടയിലേക്കു ദിവ്യ ഉണ്ണിയുടെ പേരുമെത്തുകയാണോ? വനിതയ്ക്ക് നൽകിയ അഭിമുഖമാണ് വാർത്തക്ക് ആധാരം. മക്കൾക്ക് വേണ്ടിയാണ് ഇനി എന്റെ ജീവിതം, വേർപിരിയലിനെ അതിജീവിക്കാനായതും അവരുള്ളതുകൊണ്ടാണെന്നും ദിവ്യ ഉണ്ണി തുറന്നു പറയുന്നു.
‘‘കൂട്ടുകാരോടു വേര്‍പിരിയുമ്പോള്‍ പോലും കരച്ചില്‍ വരുമായിരുന്നു. അങ്ങനെയുള്ള എനിക്കാണ് ജീവിതത്തിലെ ഏറ്റവും വലിയ േവര്‍പിരിയല്‍ േനരിടേണ്ടി വന്നത്. ജീവിതാവസാനം വരെ ഒപ്പമുണ്ടാകേണ്ട ആളോടുള്ള േവര്‍പിരിയല്‍. ആരും തളര്‍ന്നുപോകും. പക്ഷേ, എനിക്കു തിരിച്ചുവരണമായിരുന്നു. കാലിടറിപ്പോയി എന്നു തോന്നിയ നിമിഷത്തില്‍ നിന്ന് കൂടുതല്‍ കരുത്തോടെ തിരിച്ചുവരാനായി. ജീവിതത്തില്‍ സുഖങ്ങള്‍ മാത്രം ഉണ്ടാകണം എന്നല്ലേ നമ്മുടെയൊക്കെ പ്രാർഥന. ദുഃഖം കൂടി വരുമ്പോഴേ ജീവിതം പൂര്‍ണമാകൂ... ആര്‍ക്കാണു നല്ല േനരവും ചീത്ത േനരവും ഇല്ലാത്തത്.’’ എന്നിങ്ങനെയാണു ദിവ്യാ ഉണ്ണി വനിതയോടു പറഞ്ഞത്. അഭിമുഖത്തിന്റെ പൂർണരൂപം ഈ ലക്കം വനിതയിൽ വായിക്കാം.
2002 ജൂൺ അഞ്ചിനായിരുന്നു അമേരിക്കയിൽ ഡോക്ടറായ സുധീർ ശേഖരനെ ദിവ്യ വിവാഹം കഴിച്ചത്. അർജുനും മീനാക്ഷിയുമാണു മക്കൾ. വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച ദിവ്യ അമേരിക്കയിലെ ഹൂസ്റ്റണിൽ ശ്രീപദം എന്നു പേരിട്ട ഡാൻസ് സ്കൂൾ നടത്തിവരികയായിരുന്നു. ഒപ്പം ഒട്ടേറെ വേദികളിൽ നർത്തകിയായും തിളങ്ങി. കലോത്സവ വേദികളിൽ നിന്നാണു ദിവ്യ സിനിമയിലെത്തിയത്. ദിവ്യ നൃത്താധ്യാപനം കൊച്ചിയിൽ തുടരുന്നുണ്ട്. സിനിമാ രംഗത്തേക്കു മടങ്ങിയെത്തുവാൻ താൽപര്യമുണ്ടെന്ന് ദിവ്യ നേരത്തേ വ്യക്തമാക്കിയിരുന്നു. അനിയത്തി വിദ്യയും സിനിമാ താരമാണ്.