പുലിമുരുകൻ 100 കോടി കടന്നത് ടിക്കറ്റ് വർധനമൂലം: ഗണേഷ് കുമാർ

സമരം നടത്തുന്ന സിനിമാ സംഘടനകള്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി നടനും മുന്‍ മുന്‍മന്ത്രിയുമായ കെ.ബി.ഗണേഷ് കുമാര്‍. അന്യായമായ ടിക്കറ്റ് നിരക്ക് നിയന്ത്രിക്കണം. ഇതിന് സര്‍ക്കാര്‍ നിയമം വഴി ഇടപെടണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. തിയറ്റർ വിഹിതം പങ്കിടുന്നതിനെ ചൊല്ലിയുള്ള സിനിമപ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നടനായ മുൻമന്ത്രിയുടെ വിമർശനം.

സിനിമ പ്രതിസന്ധിക്ക് കാരണക്കാർ സിനിമക്കാർ തന്നെയാണ്. എന്നെങ്കിലും സിനിമ പച്ചപിടിച്ചൽ അന്നു സമരമെന്നാണ് കൂറേക്കാലമായുള്ള രീതി. വട്ടീൽ ഇട്ട ഞണ്ടിന്റെ സ്വഭാവമാണ് സിനിമാ സംഘടനകൾക്ക്. സ്വന്തം ശക്തി തെളിയിക്കാൻ ഏകപക്ഷീയമായ തീരുമാനങ്ങൾ സംഘടനകൾ എടുക്കുകയാണെന്ന് ഗണേഷ് കുറ്റപ്പെടുത്തി.

വിഹിതം എത്രയായാലും ടിക്കറ്റ് ചാർജ് കൂട്ടിയതിന്റെ ഗുണം നിർമാതാക്കൾക്കും തിയറ്റർ ഉടമകൾക്കും കിട്ടി. ചാർജ് കൂട്ടിയതു കൊണ്ടാണ് പുലിമുരുകൻ 100 കോടിയും പ്രേമം അൻപതു കോടിയും കടന്നത്. ടിക്കറ്റിന് 350 മുതൽ 500 രൂപ വരെ തിയറ്റുകൾ വാങ്ങുന്നത് അന്യായമാണ്. സിനിമ സംഘടനകളുടെ തർക്കത്തിൽ സിനിമാ മന്ത്രിക്ക് ഇടപെടാൻ ആവകാശമില്ലെന്ന അവസ്ഥ മാറണമെന്നും തമിഴ്നാട് മാതൃകയിലുള്ള നിയമനിർമാണമാണ് വേണ്ടതെന്നും കെ.ബി.ഗണേഷ്കുമാർ പറഞ്ഞു.