യാതൊരു ബ്ലോക്കുമില്ലാതെ പ്രേക്ഷക മനസിലേക്ക് അനായാസം കയറിപ്പോയ മലയാളത്തിന്റെ സ്വന്തം ബ്ലോക്ക് ബസ്റ്റർ മൂവി പ്രേമം റിലീസ് ചെയ്യും മുൻപു ട്രെയ്‌ലർ പോലും പുറത്തിറക്കിയിരുന്നില്ല. ആകെ വന്നത് ആലുവാപ്പുഴയുടെ തീരത്തു നിന്നുള്ള ഒരുഗ്രൻ പാട്ടു മാത്രം. അതു മാത്രം മതിയായിരുന്നു ആദ്യ ദിവസം തന്നെ തിയറ്ററുകൾ നിറഞ്ഞുകവിയാൻ. തമിഴ്നാട്ടിലെ തിയറ്ററുകൾ നിറഞ്ഞുകവിയാൻ. തമിഴ്നാട്ടിലെ തിയറ്ററിൽ 200 ദിവസം തുടർച്ചയായി ഓടി റെക്കോർഡിട്ടു മലയാളത്തിന്റെ പ്രേമം. മലയാളികൾ തമിഴ് മലരിനെ സ്നേഹിച്ചപ്പോൾ തമിഴ്നാട്ടുകാർക്കു കേരളത്തിന്റെ സെലിനോടായിരുന്നു പ്രിയം. ട്രെയ്‌ലർ ഇറങ്ങിയ സമയത്തു താരമായിരുന്ന വൺസൈഡ് മുടിക്കാരി മേരിയാകട്ടെ, സിനിമ പുറത്തിറങ്ങിയതോടെ ചാള മേരിയും ആയി. ഏകദേശം അതേ അവസ്ഥയിൽ തന്നെയാണിപ്പോൾ തെലുങ്കിലെ മലർ.
പ്രേമത്തിന്റെ തെലുങ്കു റീമേക്ക് അതേ പേരിൽത്തന്നെ പുറത്തിറക്കും മുൻപു കേരളത്തിൽ പരീക്ഷിച്ച പഴേ ആന്ധ്രയിലും പയറ്റി. ട്രെയ്‌ലറിനു പകരം ഒരു പാട്ടുമാത്രം പുറത്തിറക്കി. പക്ഷേ പാട്ടു കണ്ടു നായകൻ നാഗചൈതന്യയെയും നായിക ശ്രുതി ഹാസനെയും ആരാധകവൃന്ദമാകെ ആവേശം കൊണ്ടു കെട്ടിപ്പിടിക്കുമെന്നു കരുതിയ അണിയറപ്രവർത്തകരിപ്പോൾ വെട്ടിൽപ്പെട്ടു ഞെട്ടിയിരിക്കുകയാണ്. ഏതവനാടാ ഈ എവരേയ്ക്കുപിന്നിൽ? എന്നും ചോദിച്ചു നെറ്റ് ലോകത്താകെയിപ്പോൾ ട്രോൾ മയം. ഇക്കാര്യത്തിൽ മലയാളി-തമിഴ് വ്യത്യാസമില്ല. സകല ട്രോളന്മാരും തോളോടുതോൾ ചേർന്നാണു ട്രോളുന്നത്
നാ ഗുപ്പെഡു ഗുണ്ടെല്ലോ!!
തെളിമാനം മഴവില്ലിൻ നിറമണിയും നേരം, നിറമാർന്നൊരു കനവെന്നിൽ തെളിയുന്നപോലെ.. എന്ന മലർപ്പാട്ട് അതേ ട്യൂണിൽത്തന്നെയാണു തെലുങ്ക് പ്രേമത്തിലും ഉൾപ്പെടുത്തിയിരിക്കുന്നത്. പക്ഷേ വരികളിങ്ങനെ:
തെലവാരിതെ കനുരെപ്പല തൊലി മെലകുമാ നുവ്വേ
നാ ഗുപ്പെഡു ഗുണ്ടെല്ലോ ചിരു ചപ്പുഡു നുവ്വേ...
വരികളെന്തു വേണമെങ്കിലുമാകട്ടെ, മനസിലാകുന്നില്ലെന്നു പറഞ്ഞു തള്ളിക്കളയാം. പക്ഷേ പാട്ടിന്റെ വിഷ്വലുകൾ കണ്ടാണു സകലരുടെയും നെഞ്ചു തകർന്നത്. കാര്യമായൊരു മെയ്ക്കപ്പു പോലുമില്ലാതെ, മുഖക്കുരുവിനെപ്പോലും നല്ല അഴകാക്കി മാറ്റിയാണു മലർ ടീച്ചർ മലയാളി മനസുകളിലേക്കങ്ങു കയറിച്ചെന്നത്. പക്ഷേ ശ്രുതി ഹാസന്റെ മുഖത്തു കുരു പോയിട്ടൊരു കരുവാളിപ്പു പോലുമില്ല. ഫുൾ വൈറ്റ്. പോരാതെ പൊടിക്കു ലിപ്സ്റ്റിക്കും പുരികത്തിനു ത്രെഡിങ്ങും പൊട്ടും പുട്ടിയുമൊക്കെയായി ആകെ ജഗപൊഗ. അതിനു ന്യായീകരണവും കൊടുക്കുന്നുണ്ട് പാട്ടിൽ ‘not all beautiful woman are into movies,some are into teaching too...' all beautiful woman are into movies,
some are into teaching too...' എന്നാണു നാഗചൈതന്യയുടെ ജബജബാ.. ആംഗ്യങ്ങളിലൂടെ സംവിധായകൻ വ്യക്തമാക്കുന്നത്
ഓഫിസ് റൂമിനു മുകളിലെ മരത്തിന്റെ അഴികളിൽ മലർ എന്നെഴുതിയിരിക്കുന്നതു കാണിക്കാൻ ജോർജ് പ്രയോഗിക്കുന്ന ആംഗ്യത്തെയാണു ലോകത്തിലെ സകല സുന്ദരിമാരും സിനിമയിലേക്കു മാത്രമല്ല, ചിലരെങ്കിലും ടീച്ചറാകാനും വരുന്നുണ്ടെന്ന പോസ്റ്റർ കാണിക്കാൻ വേണ്ടി കയ്യും കലാശവും കാണിച്ചു നാഗചൈതന്യ മലർത്തിയടിക്കുന്നത്. മുഖക്കുരുപ്പൊട്ടുകൾ കാരണം സ്വതവേ ചുവന്നിരുന്ന മലരിന്റെ മുഖം നാണംകൊണ്ടു ചുവന്നുതുടുക്കുന്നതാണ് ഈ സീൽ പ്രേമത്തിൽ കാണാനാകുക. പക്ഷേ ശ്രുതി ഹാസന്റെ ഈ നിമിഷത്തിലെ അഭിനയത്തെ കണ്ട ട്രോളൻ ചൂടായത് നിന്റലു കണ്ണലു കുത്തിപ്പൊട്ടിക്കലു... എന്നായിരുന്നു
ഊമയായ ദിലീപിന്റെ കഥാപാത്രത്തോടു ജബ ജബാ എന്നും പറഞ്ഞ് ആംഗ്യഭാഷ കാണിക്കുന്ന ഹരിശ്രീ അശോകന്റെ പഞ്ചാബി ഹൗസിലെ രമണനുമായിട്ടായിരുന്നു മിക്ക ട്രോളുകാരും നാഗചൈതന്യയെ ഉപമിച്ചത്. മാത്രവുമല്ല മലരേ... പാട്ടിൽ കണ്ട മലരിനെയല്ല ശ്രുതിഹാസന്റെ എവരേയിൽ കാണാനാരുക. ഈ പെൺകൊച്ചിനെന്താ ഒരുഷാറില്ലാത്തെ എന്നുപോലും ചോദിപ്പിക്കുന്ന വിധത്തിൽ സിംപിളായിരുന്നു ആ പാട്ടിൽ സായ് പല്ലവി കുറച്ചെങ്കിലും ആർഭാടമുണ്ടായത് ഒരു ചന്ദനക്കുറിയും തൊട്ടു കസവുസാരിയുടുത്തു വന്നപ്പോഴായിരുന്നു. പക്ഷേ എവരേയിൽ സാരിക്കു ചേർന്ന ചുവന്ന പൊട്ടും ചുവന്ന കമ്മലും എന്തിനേറെ, മാലയിലൊരു ചുവന്ന ലോക്കറ്റ് വരെയുണ്ട് ശ്രുതിക്ക്. നീല കൂർത്തിക്കു നീലക്കമ്മൽ, വെള്ള കൂർത്തിക്കു വെള്ളക്കമ്മൽ ഇങ്ങനെ ആകെമൊത്തം മലർ മിസ് ഒരു ഫാഷൻ ഷോയിൽ നിന്നിറങ്ങി വന്ന അവസ്ഥ
ഒന്നരമിനിറ്റേയുള്ളൂ ഈ എവരേ ട്രെയ്‌ലറിന്റെ ദൈർഘ്യം. രണ്ടര മണിക്കൂറിലേറെയുണ്ട് മലയാളം പ്രേമം. തെലുങ്കിൽ അതിലും കൂടാനേ സാധ്യതയുള്ളൂ. ട്രെയ്‌ലർ വന്നപ്പോഴിങ്ങനെ, ഇനി ഫുൾ സിനിമ വന്നാലത്തെ ട്രോളവസ്ഥ എന്തായിരിക്കും?
നാഗചൈതന്യയുടെയും ശ്രുതിയുടെയും ‘എല്ലെങ്കിലുമുലു ബാക്കിലു കിട്ടിയാ മതിയായിരുന്നുലു...!!!