മൂന്നു വർഷത്തോളം ഞാൻ മലയാള സിനിമയിൽനിന്നു മാറിനിന്നിരുന്നു. എന്നാൽ ഈ സമയത്തു സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ ട്രോളുകളിൽ എനിക്കു പലപ്പോഴും നായകവേഷം കിട്ടി. എന്റെ അസാന്നിധ്യം ജനങ്ങൾ മറന്നതു മലയാളിയുടെ നർമത്തിൽനിന്നു വിരിഞ്ഞ ഈ ട്രോളുകൾകൊണ്ടുകൂടിയാണ്. ‘ഇതൊക്കെ എന്ത്’ എന്നു പറഞ്ഞു പുച്ഛിക്കാൻ ഞാനാളല്ല. തമാശകൾക്ക് ഏറ്റവും നന്നായി കൗണ്ടർ പറയുന്നവരാണു മലയാളികൾ. സന്തോഷമായാലും ദുഃഖമായാലും ട്രോൾകൊണ്ടു നിറയ്ക്കാൻ അവർക്കറിയാം. ഇതൊന്നും പത്തുപൈസ പ്രതീക്ഷിച്ചല്ല.
എന്നാൽ, ഈ ആഹ്ലാദം മലയാളിയുടെ ജീവിതത്തിലുണ്ട് എന്നു പ്രതീക്ഷിക്കരുത്. നമ്മൾ നാളേയ്ക്കു സ്വരുക്കൂട്ടാനാണ് ഇന്നു ജീവിക്കുന്നത്. ഇന്നിന്റെ സമയം നാളേയ്ക്കുവേണ്ടി ചെലവഴിച്ചാൽ പിന്നെ എങ്ങനെ ജീവിതത്തിൽ ആഹ്ലാദമുണ്ടാകും? പകരം ആശങ്ക മാത്രമേയുണ്ടാകൂ. കടന്നുപോകുന്ന ഓരോനിമിഷവും തിരിച്ചുവരില്ല എന്ന തിരിച്ചറിവു നമുക്കില്ല. നമ്മൾ രാവിലെ പല്ലു തേയ്ക്കുന്നതു ചായകുടിക്കാനാണ്. ചായ കുടിക്കുന്നതു ജോലിക്കുപോകാനാണ്!
വീട്ടിൽ ചെന്നിട്ടു വെറുതെയിരിക്കാനാണെങ്കിലും നമ്മൾ ട്രാഫിക് സിഗ്നലിൽ അസ്വസ്ഥരാകും. ആഹ്ലാദം കിട്ടാൻ ആശകളില്ലാതാക്കുകയെന്നാണു ബുദ്ധൻ പറഞ്ഞത്. അത്രയൊന്നും സൈദ്ധാന്തികമായി ചിന്തിക്കാതെതന്നെ നമുക്കു ജീവിതത്തിൽ ആഹ്ലാദത്തെ തിരികെക്കൊണ്ടുവരാം.
ജീവിതത്തിൽ ഒരുപാടു സങ്കടപ്പെട്ടിട്ടുണ്ടു ഞാൻ. അതെല്ലാം എപ്പോഴും ഒരു ചിരികൊണ്ടു മറയ്ക്കാനായിരുന്നു എന്റെ ശ്രമം. എന്തിനാണു കരഞ്ഞും വിഷമിച്ചും ചിന്താവിഷ്ടനായും മറ്റുള്ളവരെക്കൂടി സങ്കടപ്പെടുത്തുന്നത്? അങ്ങനെയാണു വീടു പണിതപ്പോൾ അതിനു ‘ലാഫിങ് വില്ല’ എന്നുതന്നെ പേരിട്ടത്. പേരു കേൾക്കുമ്പോൾത്തന്നെ ചിരി വരും എന്നു പലരും അന്നെന്നോടു പറഞ്ഞിട്ടുണ്ട്. അതായിരുന്നു എന്റെ ഉദ്ദേശ്യവും. വീടു പണിയുമ്പോൾ ഞാൻ കൂട്ടുകാരോടു പറഞ്ഞു. വീട്ടിൽ കയറിയാൽ പുറത്തിറങ്ങാൻ തോന്നരുത്. അത്തരമൊരിഷ്ടം തരുന്നതാകണം നമ്മുടെ വീട്.
മൊത്തം ദേശീയ ഉൽപാദനത്തിനു പകരം മൊത്തം ദേശീയ ആനന്ദം (ജിഎൻഎച്ച്) കണക്കാക്കുന്ന ഭൂട്ടാന്റെ രീതി വളരെ രസകരമായിത്തോന്നി. സത്യത്തിൽ നമ്മുടെയത്രയും ചിരിയുള്ള ഒരു നാടു വേറെയുണ്ടാകുമോ? പണ്ടുകാലത്ത്, നമ്മുടെ നാട്ടിൻപുറങ്ങളിലൊക്കെ എത്ര സജീവമായ കൂട്ടായ്മകളുണ്ടായിരുന്നു. വായനശാലകൾ, ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ അങ്ങനെ ആഹ്ലാദത്തിന്റെ പല തുരുത്തുകൾ. ഇന്നു നമ്മൾ സംഘടിക്കുന്നതു ജാതീയമായിട്ടു മാത്രമായി. മതവും ജാതിയും കെട്ടിയ വേലിക്കെട്ടുകളിലിരുന്നു നമ്മൾ അകന്നുപോയി. അതെല്ലാം പൊളിച്ചടുക്കണം.
ലോകത്തു വേറെ ഏതെങ്കിലും രാജ്യത്ത് ഇത്രയധികം മിമിക്രി സംഘങ്ങളുണ്ടാകുമോ? ഇത്രയും കോമഡിപ്പടങ്ങൾ ഇറങ്ങുന്ന, സീരിയസ് പടങ്ങളിൽത്തന്നെ ഇത്രയും കോമഡി സീനുകളുള്ള സിനിമാമേഖല വേറേതു രാജ്യത്തുണ്ടാവും? ചിരിയോടു ചിരിയല്ലേ നമ്മുടെ സിനിമ.
ഇതെല്ലാം നോക്കുമ്പോൾ മലയാളികളോളം ചിരിക്കുന്നവരും ചിരിക്കാൻ ഇഷ്ടപ്പെടുന്നവരും വേറെയില്ലെന്നു തോന്നും. പക്ഷേ, പൊതു ഇടങ്ങളിൽ വരുമ്പോൾ നമുക്ക് എങ്ങനെയാണ് ഈ ചിരി നഷ്ടപ്പെട്ടുപോകുന്നത്? ഒരിക്കൽ ഞങ്ങൾ യൂറോപ്പിൽ പോയപ്പോൾ റോഡിലൂടെ ചുമ്മാ നടക്കാനിറങ്ങി. എതിരേവരുന്നവരെല്ലാം നമ്മുടെ മുഖത്തു നോക്കി ചിരിക്കുന്നു, ചിലർ ഹലോ പറയുന്നു. ഞാൻ അമ്പരന്നു. എന്റെ കോലം കണ്ട് ആക്കി ചിരിക്കുന്നതാണോ? അല്ലല്ല, അവർ എല്ലാവരെയും അങ്ങനെ വിഷ് ചെയ്യുന്നുണ്ട്. കേരളത്തിൽ നമുക്കു സങ്കൽപിക്കാൻ പറ്റുമോ?
അല്ല, ശരിക്കും നമുക്കെന്തുകൊണ്ടാണു ചിരിക്കാൻ ഇത്ര മടി? ഒന്നു ചിരിച്ചാൽ നമുക്കെന്തെങ്കിലും നഷ്ടമുണ്ടാകുമോ? ഇല്ലെന്നു മാത്രമല്ല, തിരിച്ചൊരു ചിരി കിട്ടുമ്പോൾ നമുക്കെങ്ങനെ ഉള്ളിലൊരു സന്തോഷം തോന്നുമോ അതുപോലെതന്നെ നമ്മുടെ ചിരി കാണുന്നവർക്കും സന്തോഷം തോന്നും. എന്നാപ്പിന്നെ അങ്ങടു ചിരിച്ചൂടെ? ചിരിക്കാംന്നേ. ഇന്നു മുതൽ ആ ചിരി ഒരു ശീലമാക്കും എന്നു നമുക്കു തീരുമാനിക്കാം. പ്രത്യേകിച്ച്, ഇതു വായിക്കുന്ന സ്കൂൾ കുട്ടികളുണ്ടെങ്കിൽ, നിങ്ങൾ ഉറപ്പായിട്ടും ചിരിച്ചു തുടങ്ങണം. ഞങ്ങളെപ്പോലെ വയസ്സായവരെ കാണുമ്പോൾ ചിരിച്ചുകൊണ്ട് ഒരു ഹലോയോ സുപ്രഭാതമോ പറയാൻ മടിക്കുകയേ വേണ്ട!
അതുപോലെതന്നെയാണു നല്ല മര്യാദകളും. റോഡിലൂടെ നടക്കുമ്പോൾ അറിയാതൊന്നു ദേഹത്തു മുട്ടിയാൽ സോറി പറയാൻ നമ്മളിലെത്രപേർ തയാറാകും. അതിനു മടിയാണ്. ഒരു സഹായം കിട്ടിയാൽ താങ്ക്സ് പറയാൻ മടി. റോഡിലൂടെ വാഹനമോടിക്കുമ്പോഴുള്ള നമ്മുടെ രീതികൾ നോക്കിയാൽ മാത്രം ഇതു മനസ്സിലാകും. കേരളവും മാറേണ്ടേ? സ്ട്രെസ്സും ടെൻഷനും കുറഞ്ഞ ഒരു സമൂഹമായി മാറാൻ നമുക്ക് മനസ്സു തുറന്നു ചിരിച്ചുകൂടേ?
വ്യക്തികളിൽ തുടങ്ങി സമൂഹം മുഴുവൻ പടരുന്ന ഒരു ചിരിക്കു നമുക്കു തുടക്കമിടാം? ആളോഹരി ആനന്ദം നമ്മുടെയും അളവുകോലാകട്ടെ.