ആരായിരുന്നു ആ കോംപ്ളാ‍ൻ ബോയ് ?

പഴയകാലത്തെ പരസ്യ ചിത്രങ്ങൾ

നൊസ്റ്റാൾജിയ തലക്ക് പിടിക്കുമ്പോൾ ഓർമ വരുന്ന കാര്യങ്ങൾ നിരവധിയാണ്. പണ്ട് ടിവിയിൽ വന്നുകൊണ്ടിരുന്ന ജൂനിയർ ജി, ജംഗിൾ ബുക്ക്, ശക്തിമാൻ, ജയ് ഹനുമാൻ തുടങ്ങിയ പരിപാടികളും ഈ നൊസ്റ്റാൾജിയ ഓർമകളുടെ ഭാഗമാണ്. ഇതിനിടയ്ക്ക് വരുന്ന പരസ്യങ്ങളും നമുക്ക് പ്രിയപ്പെട്ടതായിരുന്നു.

അങ്ങനെ പരസ്യങ്ങളിൽ മാത്രം നമ്മൾ കണ്ടു വളർന്ന അവരുടെ ഇപ്പോഴത്തെ രൂപം എങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ? അവരെ ചിലരെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ

പാർലെ ജി ഗേൾ

പാർലെ ജി ബിസ്ക്കറ്റ് പായ്ക്കറ്റിലെ ഈ സുന്ദരിക്കുട്ടിയെ എങ്ങനെ മറക്കാനാകും. എന്നാൽ കവറിൽ കാണുന്ന കൊച്ചുകുട്ടി നീരു ദേശ് പാണ്ഡെയെന്നായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം.

സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ചിത്രം

എന്നാൽ ഇങ്ങനെയൊരാളില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. പരസ്യത്തിന് വേണ്ടി മാത്രം മഗൻലാൽ ദൈയ 1960 ൽ വരച്ച ചിത്രം മാത്രമാണിത്. അങ്ങനെയൊരു കുട്ടിയുമില്ല.

നീരു ദേശ് പാണ്ഡേ എന്ന പേരിൽ പ്രചരിച്ച ചിത്രം സുധ മൂർത്തി എന്നൊരു സാമൂഹ്യപ്രവർത്തകയുടെ ചിത്രമാണ്. ഈ ചിത്രത്തിൽ കാണുന്നത് താനാണെന്ന് പറഞ്ഞ് വേറെ പലരും രംഗത്തെത്തിയിരുന്നു.

ഒനീഡ ചാത്തൻ

ഡേവിഡ് വിറ്റ്ബ്രെൽ

ഒനീഡ ടിവിയുടെ ഒരുകാലത്തെ ഏറ്റവും വലിയ ആകർഷണമായിരുന്നു മൊട്ടത്തലയുള്ള ചാത്തൻ. ഡേവിഡ് വിറ്റ്ബ്രെഡ് ആയിരുന്നു ആ മോഡൽ. 14വർഷം തുടർച്ചയായി ഈ പരസ്യത്തിനായി ചാത്തനായി അദ്ദേഹം വേഷമിട്ടു.

രസ്ന ഗേൾ

പഴയകാല ഓർമകളിൽ നിറഞ്ഞു നിൽക്കുന്ന രസ്നയുടെ പരസ്യത്തിൽ അഭിനയിച്ച കുട്ടി താരമാണ് നടി അങ്കിത. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ നായികയായി എത്തിയിട്ടുണ്ട്.1980കളിൽ ഹിറ്റ് പരസ്യമായ രസ്നയുടെ ടിവി പരസ്യത്തിലൂടെയാണ് അങ്കിത അഭിനയരംഗത്തെത്തുന്നത്. രസ്ന ഗേൾ എന്നായിരുന്നു അന്ന് അറിയപ്പെട്ടിരുന്നത്.

അങ്കിത

പിന്നീട് ജൂനിയർ എൻടിആർ നായകനായ സിംഹാദ്രിയിലൂടെ നായികയായി എത്തി. ലണ്ടൻ, തകധിമിതാ എന്നിവയാണ് തമിഴ് ചിത്രങ്ങൾ.

കോംപ്ളാ‍ൻ ബോയിയും കോംപ്ളാൻ ഗേളും

ഷാഹിദ്, അയിഷ

ഐ ആം എ കോംപ്ളാൻ ബോയ്, ഐ ആം എ കോംപ്ളാൻ ഗേൾ... ഇതും അന്നത്തെ സൂപ്പർഹിറ്റ് ഡയലോഗ് ആയിരുന്നു. ഈ പരസ്യത്തിലെ കോംപ്ളാ‍ൻ ബോയിയും കോംപ്ളാൻ ഗേളും ആരെന്നറിഞ്ഞാൽ ഞെട്ടും ഷാഹിദ് കപൂറും നടി അയ്ഷ ടാക്കിയയുമായിരുന്നു ഈ കുട്ടികൾ.