10.17 കോടി ഗ്രോസുമായി മെക്സിക്കൻ ജൈത്രയാത്ര

ബോക്സ്ഓഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് ഒരു മെക്സിക്കൻ അപാരത മുന്നേറുന്നു. മാർച്ച് 3ന് തിയറ്ററുകളിലെത്തിയ ചിത്രം നാല് ദിവസം പിന്നിടുമ്പോൾ വാരിക്കൂട്ടിയത് 10.17 കോടിയാണ്. ആദ്യ ദിവസം 3 കോടിയായിരുന്നു ചിത്രത്തിന്റെ ഗ്രോസ് കലക്ഷൻ. 139 സെന്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ആദ്യദിനം തന്നെ ലഭിച്ചത്. ആദ്യദിവസം തിയറ്ററുകളിലെത്തിയ പ്രേക്ഷകരുടെ സാനിധ്യം കണ്ട് അവധി ദിവസങ്ങളായ ശനിയും ഞായറും മറ്റുള്ളവർ കൂടി ചിത്രം കൂട്ടത്തോടെ ഏറ്റെടുത്തതോടെ കലക്ഷനും വർധിച്ചു.

മാർച്ച് 3ന് രാവിലെ ഏഴ് മണിക്ക് പെരുന്തൽമണ്ണ വിസ്മയ തിയറ്ററിൽ തുടങ്ങിയ ജൈത്രയാത്ര ഇപ്പോഴും തുടരുകയാണ്. മലയാളസിനിമയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് സൂപ്പർതാരങ്ങളുടെ പിൻബലമില്ലാതെ ഒരു സിനിമ ഇത്രയുമധികം കലക്ഷൻ നേടുന്നത്. അഭിനേതാക്കൾ മാത്രമല്ല ചിത്രത്തിലെ അണിയറപ്രവർത്തകരിലും വലിയ താരങ്ങളില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

സാധാരണക്കാരായ പ്രേക്ഷകരാണ് ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്. കൊളേജ് കാലഘട്ടത്തിലെ മനോഹര ഓർമകൾ സമ്മാനിക്കുന്ന ചിത്രം കുടുംബപ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞു. എൺപതുകളുടെ പശ്ചാത്തലത്തിൽ കാംപസ് രാഷ്ട്രീയത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ടൊവീനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരൻ തുടങ്ങി വൻതാരനിര തന്നെ അണിനിരക്കുന്നു. ഗായത്രി സുരേഷ് ആണ് നായിക. ടോം ഇമ്മട്ടിയാണ് സംവിധാനം.

കൊളേജില്‍ നിന്നും പ്രീഡിഗ്രി വിഭാഗം വേര്‍പിരിയുന്ന കാലത്തെ കാംപസ് രാഷ്ട്രീയം സത്യസന്ധമായി ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രത്തില്‍ പ്രണയവും നർമവുമൊക്കെ ചേരുന്നുണ്ട്. വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്റെ നേതാവായി പോളി എന്ന നായകകഥാപാത്രത്തെ ടൊവിനോ തോമസ്സ് അവതരിപ്പിക്കുമ്പോള്‍ എതിര്‍ഗ്രൂപ്പിലെ തലവനായി സ്വന്തം പേരില്‍ രൂപേഷ് പീതാംബരന്‍ പ്രത്യക്ഷപ്പെടുന്നു.

ജവാന്‍ ഓഫ് വെള്ളിമല, ഹോംലി മീല്‍സ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ അനൂപ് കണ്ണനാണ് ഒരു മെക്‌സിക്കന്‍ അപാരതയുടെ നിർമാണം. അനൂപ് കണ്ണന്‍ സ്റ്റോറീസിന്റെ ബാനറില്‍ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധന്‍.

പോയ വര്‍ഷം ചിത്രസംയോജനത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ഷമീര്‍ മുഹമ്മദ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. ഷമീറിന്റെ സംഭാവനയും ചിത്രത്തിന്റെ മുതൽക്കൂട്ടാണ്. റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ക്ക് മണികണ്ഠന്‍ അയ്യപ്പന്‍ സംഗീതം പകരുന്നു.