മലയാള സിനിമാ ലോകം കാത്തിരിക്കുന്ന വിവാഹമാണ് തെന്നിന്ത്യൻ സുന്ദരി പ്രിയാമണിയുടേത്. പ്രിയാമണിയുടെയും മുസ്തഫ രാജിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞ ജൂലൈയിൽ കഴിഞ്ഞിരുന്നു. ഈ വര്‍ഷം വിവാഹം ഉണ്ടാകുമെന്ന് പ്രിയാമണിയും മുസ്തഫയും വ്യക്തമാക്കി. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരുവരും വിവാഹക്കാര്യം വ്യക്തമാക്കിയത്.
മുസ്തഫയെ ആദ്യമായി പരിചയപ്പെടുന്നതും പ്രണയം മൊട്ടിട്ടനിമിഷങ്ങളെപ്പറ്റിയും പ്രിയാമണി പറയുകയുണ്ടായി. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ വച്ചാണ് ഇവന്റ് മാനേജരായ മുസ്തഫ രാജിനെ പ്രിയാമണി കാണുന്നത്. ബാംഗ്ലൂരില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. പിന്നീട് ഓരോ മാച്ചിലും ഇരുവരും കണ്ടു മുട്ടി. ആദ്യം വെറും പരിചയമായിരുന്നെങ്കിലും പല തവണ കണ്ടപ്പോള്‍ അത് സൗഹൃദമായി. രണ്ടുപേരും ഫോൺനമ്പറും കൈമാറി.
ഹൈദരാബാദിൽ ഒരു ടിവി പരിപാടിക്ക് വേണ്ടി ഇവന്റ് പ്രോഗ്രാം നടത്തുന്ന സമയത്താണ് പ്രിയാമണിയെ ആദ്യമായി മുസ്തഫ കാണുന്നത്. ‘പ്രിയാമണിയും അമ്മയും ഒരുമിച്ച് പോകുകയായിരുന്നു. അന്ന് സുന്ദരിയായ ഈ പെൺകുട്ടി ആരാണെന്ന് സുഹൃത്തിനോട് ചോദിച്ചു. അപ്പോഴാണ് ഒരു സിനിമാനടിയാണെന്നും വലിയ താരമാണെന്നും അറിയുന്നത്.’– മുസ്തഫ പറഞ്ഞു.
മുസ്തഫയോട് ആദ്യം പ്രണയം തുറന്ന് പറഞ്ഞത് താനാണെന്ന് പ്രിയാമണി പറയുന്നു. പക്ഷെ മുസ്തഫ അത് സീരിയസായി എടുത്തില്ല. ഒരു വലിയ നടി എന്തിന് തന്നെ ഇഷ്ടപ്പെടണം അത് വെറും തമാശയായിരിക്കും എന്നാണ് മുസ്തഫ കരുതിയത്.
ഒരു മുസ്‌ലിം പയ്യനുമായി പ്രണയത്തിലാണെന്നും അയാളെ തന്നെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും അച്ഛനോടാണ് പ്രിയാമണി ആദ്യം തുറന്നുപറഞ്ഞത്. എന്നാൽ അപ്പോഴും മുസ്തഫ സീരിയസായിരുന്നില്ല.
മുംബൈയില്‍ ഒരു ഇവന്റിന് വേണ്ടി പ്രിയ പോയിരുന്നു. അപ്പോള്‍ ഇരുവരും ഒന്നിച്ച് ഡിന്നറിന് പോയി. അന്നാണ് മനസ്സ് തുറന്ന് മുസ്തഫയോട് സംസാരിച്ചെന്ന് പ്രിയ പറയുന്നു. വിവാഹമാണ് തന്റെ മനസ്സിലെന്നും അച്ഛനോടും അമ്മയോടും ഇക്കാര്യം പറഞ്ഞെന്നും വികാരഭരിതയായി പ്രിയാമണി പറഞ്ഞു. മുസ്തഫയെ ഒരുപാട് ഇഷ്ടമാണെന്നും, താങ്കള്‍ക്ക് എന്തും തീരുമാനിക്കാമെന്നും പറഞ്ഞ് പ്രിയാമണി കരയാന്‍ തുടങ്ങി. അതോടെ ഇത് തമാശയല്ലെന്ന് മുസ്തഫയ്ക്ക് ബോധ്യമായി അങ്ങനെ പ്രണയം തുടങ്ങി എന്ന് പ്രിയാമണി പറയുന്നു.
ആ റസ്റ്ററന്റിലെ ആളുകള്‍ക്കൊക്കെ തന്നെ അറിയാമായിരുന്നെന്ന് മുസ്തഫ പറയുന്നു. പെട്ടന്ന് തന്നെ യെസ് പറയുകയായിരുന്നുവെന്ന് മുസ്തഫ തമാശയോടെ പറഞ്ഞു. വിവാഹ ശേഷം പ്രിയാമണി അഭിനയിക്കുന്നതില്‍ എതിർപ്പില്ലെന്ന് മുസ്തഫ പറയുന്നു. വിവാഹശേഷം അഞ്ചുവർഷത്തേക്ക് എന്തായാലും അഭിനയിക്കുമെന്നും അഭിനയം എന്നത് ജോലിയാണെന്നും ഇരുവരും പറഞ്ഞു.
സിനിമാ വിശേഷങ്ങൾ വായിക്കാൻ കേരള ടാക്കീസ് മൊബൈല്‍ ആപ്
ഡൗൺലോഡ്– ആൻഡ്രോയ്ഡ് ഐഫോൺ വിൻഡോസ്