Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാള സിനിമയുടെ 'ട്രാഫിക്ക്' മാറ്റിയ സംവിധായകൻ

rajesh-pillai

മലയാള സിനിമയിൽ 'ട്രാഫിക്കി'ന്റെ നെഞ്ചിടിപ്പ് കൂട്ടി, മിലിയിലൂടെ പതഞ്ഞൊഴുകി പ്രേക്ഷകരെ 'വേട്ട' കൊണ്ട് ത്രില്ലടിപ്പിച്ചാണ് സംവിധായകൻ രാജേഷ് പിള്ള ഓർമകളിലേക്ക് പോകുന്നത്. ട്രാഫിക് മുതൽ വേട്ട വരെ നീളുന്ന ചലച്ചിത്രങ്ങൾ രാജേഷ് പിള്ളയെന്ന സംവിധായകന്റെ മികവിനുള്ള തെളിവാണ്. ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന ചിത്രത്തിൽ നിന്നും പഠിച്ച പാഠങ്ങൾ വരും സിനിമകളെ മികച്ചതാക്കാൻ ഉപയോഗിക്കുകയായിരുന്നു അദ്ദേഹം.

മലയാള സിനിമ സഞ്ചരിച്ചിരുന്ന ഗതിവേഗത്തിൽ നിന്നും വഴിമാറ്റി വിട്ടത് രാജേഷ് പിള്ളയുടെ 'ട്രാഫിക്ക്' എന്ന ചിത്രമായിരുന്നു. ട്രാഫിക്കിലൂടെ മലയാളി കണ്ടത് നവസിനിമയുടെ മുഖം തന്നെയായിരുന്നു. ചലച്ചിത്രത്തിന്റെ അവതരണത്തിൽ ഇന്നേവരെ ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ന്യൂജനറേഷനെന്ന് പേരിട്ട് വിളിക്കുന്ന ചലച്ചിത്രങ്ങളിലേക്ക് ആദ്യം കാമറ തുറന്നതും ഈ യുവ സംവിധായകനാണ്. മലയാള സിനിമയ്ക്ക് ചെറുപ്പത്തിന്റെ പ്രസരിപ്പും ഊർജജവും പകർന്ന രാജേഷ് പിള്ള.

ഒരുപാട് ആഴമുള്ള പ്രമേയങ്ങളേയും തീർത്തും സ്വാഭാവികമായ അഭിനയത്തെയുമായിരുന്നു രാജേഷ് പിള്ള തന്റെ ചിത്രങ്ങളിലേക്ക് ആവശ്യപ്പെട്ടത്. സിനിമയുടെ വഴിയിൽ നിന്ന് ഒരിക്കലും പ്രേക്ഷകന് വ്യതിചലിക്കാനാകാത്ത വിധം പൂട്ടിയിടുന്ന സംവിധാന മികവ്. ട്രാഫിക്കിലും മിലിയിലും ഇപ്പോൾ വേട്ടയിലും കണ്ടുകഴിഞ്ഞത് ഇതുതന്നെയാണ്. ചലച്ചിത്രത്തിന്റെ തിരക്കഥയിൽ സംവിധായകന്റെ അധികാരം പ്രയോഗം നടത്താതെ കാമ്പുള്ള നിർദ്ദേശങ്ങള്‍ നൽകാന്‍ രാജേഷ് പിള്ളയ്ക്ക് സാധിക്കുമായിരുന്നു. വെറും നാൽപത്തിയൊന്നാം വയസിൽ അദ്ദേഹം കടന്നുപോകുമ്പോൾ മലയാള സിനിമയ്ക്ക് നഷ്ടമാകുന്നത് നാളെകളിലേക്ക് മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിച്ച പ്രതിഭയയെയാണ്.

Your Rating: