രമേശ് നാരായണന്റേത് മൂന്നാംകിട അഭിപ്രായം: വിമൽ

സംഗീത സംവിധായകൻ രമേശ് നാരായണന്റേത് മൂന്നാം കിട അഭിപ്രായമെന്ന് എന്നു നിന്റെ മൊയ്തീൻ സിനിമയുടെ സംവിധായകനായ ആർ എസ് വിമല്‍. വാർത്തയോട് പ്രതികരിക്കാൻ ഞാനില്ല. എന്നു നിന്റെ മൊയ്തീനിലെ പാട്ടുകളുമായി ബന്ധപ്പെട്ട പുതിയ വിവാദത്തെ കുറിച്ചുള്ള ചോദ്യത്തിന് ആർ എസ് വിമലിന്റെ ഉത്തരമിതായിരുന്നു.

പൃഥ്വിരാജും വിമലും ചേർന്ന് തന്റെ പാട്ടുകളെ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയെന്നും ഇവർ തന്നെ അപമാനിച്ചെന്നും സംഗീത സംവിധായകനായ രമേശ് നാരായണൻ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ രമേശ് നാരായണന്‍റേത് വെറും ജൽപനകളാണെന്നും പ്രതികരിക്കുന്നില്ലെന്നുമാണ് വിമലിന്റെ നിലപാട്.

വിവാദം ഇപ്പോൾ കത്തികയറി കഴിഞ്ഞു. രമേശ് നാരായണൻ ശക്തമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും സംവിധായകനായ വിമലിൽ നിന്ന് കൃത്യമായ മറുപടി ഉണ്ടായിട്ടില്ല. ചിത്രത്തിലെ നായകനായ പൃഥ്വിരാജും സംവിധായകൻ വിമലും ചേർന്ന് തന്റെ പാട്ടുകളെ ചിത്രത്തിൽ ഉൾപ്പെടുത്താതിരിക്കുവാൻ ശ്രമിച്ചുവെന്നാണ് സംഗീത സംവിധായകൻ രമേശ് നാരായണൻ പറഞ്ഞത്.

തന്റെ ഇത്രയും വർഷത്തെ സംഗീത ജീവിതത്തിനിടയില്‍ വിമലിനേയും പൃഥ്വിയേയും പോലെ ആരും തന്നെ അപമാനിച്ചിട്ടില്ല. സ്റ്റുഡിയോയിൽ പാട്ട് കേൾക്കാൻ പൃഥ്വി വന്നപ്പോൾ അർഹിക്കുന്ന ആദരം കൊടുക്കാത്തതുകൊണ്ട് എന്റെ പാട്ടുകൾ ഉൾപ്പെടുത്താനിവില്ലെന്ന് പൃഥ്വി പറഞ്ഞ​ുവെന്നാണ് വിമൽ തന്നോട് പറഞ്ഞതെന്ന് രമേശ് പറയുന്നു. പിന്നീട് പ്രൊഡ്യൂസറുടെ നിർബന്ധത്തിന് മൂന്ന് പാട്ടുകൾ ഉൾപ്പെടുത്തിയെങ്കിലും ഒരെണ്ണമേ സിനിമയില്‍ വന്നുള്ളൂവെന്നും രമേശ് നാരായണൻ മനോരമ ഓൺലൈനോട് പറഞ്ഞിരുന്നു.

പൃഥ്വിയും വിമലും എന്നെ അപമാനിച്ചു: രമേശ് നാരായണൻ

ഏതൊരു നവാഗത സംവിധായകനും ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും മികച്ച അനുഭവം തന്നെയാണ് ആർ എസ് വിമൽ എന്ന സംവിധായകന് ലഭിച്ചത്. മലബാറിൽ നടന്ന പ്രണയതീക്ഷ്ണമായ കഥ പറഞ്ഞ, എന്നു നിന്റെ മൊയ്തീൻ മികച്ച ചിത്രം തന്നെയായിരുന്നു. പക്ഷേ മറ്റൊരു ചിത്രത്തേയും പിന്തുടരാത്ത വിവാദം എന്നു നിന്റെ മൊയ്തീനെ പിന്തുടരുന്നു. നേരത്തെ കാഞ്ചനമാലയും വിമലും തമ്മിലും വിവാദങ്ങളും തർക്കങ്ങളും ഉടലെടുത്തിരുന്നു.

അതില്‍ ഏറ്റവുമൊടുവിലത്തേത് വന്നത് ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചതിനു പിന്നാലെയാണ്. ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ കൂടിയാണ് രമേശ് നാരായണൻ. ഈ ചിത്രത്തിലെയും കൂടി സംഗീത സംവിധാനത്തിന് രമേശ് നാരായണന് ചലച്ചിത്ര പുരസ്കാരം ലഭിക്കുകയും പാടിയതിന് പി ജയചന്ദ്രൻ മികച്ച ഗായകനാകുകയും ചെയ്തിരുന്നു. ചിത്രത്തിന് ആധാരമായ യഥാർഥ കഥയിലെ കാഞ്ചനമാലയും വിമലിനെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചുരുന്നു.