എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന്റെ പേരിൽ അവാർഡ് ഏറ്റുവാങ്ങിയ ശേഷം ആ ചിത്രത്തിലെ സഹപ്രവർത്തകർക്കെതിരെ സംഗീത സംവിധായകൻ രമേശ് നാരായണൻ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് നിഗുഢമായ ലക്ഷ്യങ്ങൾ വച്ചുകൊണ്ടാണെന്ന് സംവിധായകൻ ആർ.എസ്. വിമൽ പറഞ്ഞു.
‘‘പുരസ്കാരം കിട്ടിയതാണെങ്കിലും നേടിയെടുത്തതാണെങ്കിലും അതിനു ദൈവത്തോടു നന്ദിയുണ്ടാവുകയാണ് വേണ്ടത്. അതിനു പകരം അവാർഡിനു വഴിവച്ച സഹപ്രവർത്തകരുടെ നെഞ്ചിൽ ചവിട്ടിനിന്ന് അട്ടഹസിക്കുകയല്ല ചെയ്യേണ്ടത്. പൃഥ്വിരാജിനെതിരെ തന്നെ മറയാക്കി സത്യവിരുദ്ധമായ കാര്യങ്ങൾ പറയുന്നത് ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമായേ കാണാനാകൂ. സംഗീതം വരുന്ന നാവിൽ നിന്നു നട്ടാൽ മുളയ്ക്കാത്ത കള്ളം പറയുന്നത് മതിഭ്രമം കൊണ്ടാണെന്നേ പറയാനാവൂ’’ – വിമൽ പറഞ്ഞു.
ഒരു സിനിമയിൽ എത്ര പാട്ടുവേണമെന്നും അത് എങ്ങനെയുള്ള പാട്ടായിരിക്കണമെന്നും തീരുമാനിക്കുന്നത് സംവിധായകനാണ്. കഥയ്ക്ക് അനുസരിച്ചാണ് പാട്ടൊരുക്കുന്നത്. അല്ലാതെ തോന്നുംപടിയില്ല. മൊയ്തീൻ സിനിമയ്ക്കു വേണ്ടി എന്നോടോ നിർമാതാക്കളോടെ ചോദിക്കാതെ എട്ടോ പത്തോ പാട്ട് രമേശ് നാരായണൻ ഉണ്ടാക്കി. ഒരുദിവസം വിളിച്ച് നിർമാതാവിനോട് അക്കൗണ്ടിൽ കാശിടാൻ പറഞ്ഞപ്പോഴാണ് ഇത്രയും പാട്ട് ഉണ്ടാക്കിയെന്നു തന്നെ അറിയുന്നത്. പുതുമുഖ സംവിധായകനായതിനാൽ തനിക്കു പാട്ട് അയച്ചു തരാൻ പോലും അദ്ദേഹം തയാറായില്ല. പാട്ടു കേൾക്കണമെന്ന് ഞാൻ പറഞ്ഞപ്പോൾ ‘കമലിനെ കേൾപ്പിച്ചിട്ടില്ല, പിന്നെയല്ലേ വിമലിനേ...’ എന്നാണ് രമേശ് നാരായണൻ പരിഹസിച്ചു പറഞ്ഞത്.
സംവിധായകനോ നിർമാതാക്കളോ അറിയാതെയാണ് ദാസേട്ടനെ പോലുള്ള വലിയ ഗായകരെ കൊണ്ടു പാടിച്ചത്. താനുണ്ടാക്കിയ പാട്ടിന് അനുസരിച്ച് ഷൂട്ട് ചെയ്താൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ദാസേട്ടനെ പോലുള്ള ദേവഗായകരെ അപമാനിക്കുകയാണ് രമേശ് നാരായണൻ ചെയ്തത്. ദാസേട്ടനെ പോലൊരാളുടെ പാട്ട് ഒഴിവാക്കാനാവാതെ അത് ഉൾപ്പെടുത്താൻ അവസാന നിമിഷം വരെ താൻ ശ്രമിച്ചു. സിനിമയുടെ ഘടനയിൽ അതു ചേരാതെ വന്നതു കൊണ്ടാണ് ഒടുവിലത് മാറ്റേണ്ടി വന്നത്.
രമേശ് നാരായണൻ ചെയ്ത പാട്ടുകളൊന്നും മോശമാണെന്നല്ല. പക്ഷേ, എന്റെ സിനിമയ്ക്ക് യോജിക്കുന്നതല്ലെന്നു മാത്രം. ഈ പാട്ടുകൾ തന്നെ ഉപയോഗിച്ച് സിനിമ ചെയ്യണമെന്ന് അദ്ദേഹം വാശിപിടിച്ചതോടെയാണ് താൻ മറ്റുവഴികൾ തേടിയത്.
ഇപ്പോൾ രമേശ് നാരായണനു അവാർഡ് നേടിക്കൊടുത്ത ‘ശാരദാംബരം ചാരുചന്ദ്രിക’ എന്ന പാട്ട് ഹിന്ദുസ്ഥാനിയിൽ ശോകഗാനം പോലെയാണ് അദ്ദേഹം ആദ്യം ചെയ്തുവച്ചിരുന്നത്. അതു മാറ്റണമെന്നും കുതിരയുടെ കുളമ്പടി ശബ്ദം പോലെ ‘ടക് ടക് ടക്...’ എന്ന താളം വരുന്ന പാട്ടു വേണമെന്നും താൻ ആവശ്യപ്പെട്ടപ്പോൾ എന്ന പരിഹസിക്കാൻ വേണ്ടി ‘എന്നാപ്പിന്നെ ഇങ്ങനെയാക്കാം’ എന്ന മട്ടിൽ ദേഷ്യത്തോടെ പാടി കേൾപ്പിച്ച ഈണമാണിത്. അങ്ങനെതന്നെ മതിയെന്ന് ഞാൻ പറഞ്ഞപ്പോൾ അതിൽ പാട്ടൊരുക്കുകയായിരുന്നു. ആ പാട്ടിനാണ് ഇപ്പോൾ അദ്ദേഹത്തിന് അവാർഡ് കിട്ടിയിരിക്കുന്നത്. അതു പോലും ഓർക്കാതെയാണ് ഇപ്പോൾ സിനിമയ്ക്കെതിരെ ആരോപണങ്ങളുമായി എത്തിയിരിക്കുന്നത്.
പി. ജയചന്ദ്രനെ കൊണ്ടു പാടിക്കാതിരിക്കാൻ പൃഥ്വിരാജ് ശ്രമിച്ചു എന്ന് അദ്ദേഹം പറയുന്നത് കല്ലുവച്ച നുണയാണ്. ആ പാട്ട് പൃഥ്വിയെകൊണ്ട് തന്നെ പാടിക്കണമെന്നായിരുന്നു തന്റെ ആഗ്രഹം. അതു പല കാരണങ്ങളാലും നടക്കാതെ വന്നപ്പോൾ പൃഥ്വിരാജ് തന്നെയാണ് എന്നോട് ജയേട്ടനെ കൊണ്ട് പാടിക്കാമെന്ന് നിർദേശിക്കുന്നത്. അതിനു നേരെ പരസ്പര വിരുദ്ധമായി ഇപ്പോൾ രമേശ് നാരായണൻ പറയുന്നത് കേൾക്കുമ്പോൾ അദ്ഭുതം തോന്നുന്നു.
തന്റെ എട്ടു വർഷത്തെ അധ്വാനമാണ് ‘എന്നു നിന്റെ മൊയ്തീൻ’ എന്നും ഇതിന്റെ ഓരോ ഷോട്ടും ഓരോ ഡയലോഗും താൻ അളന്നുകുറിച്ചുണ്ടാക്കിയതാണെന്നും ആർ.എസ്. വിമൽ പറഞ്ഞു.