2016 ൽ തന്നെ രസിപ്പിച്ച കാര്യങ്ങളുടെ കണക്കെടുക്കുകയാണ് സലിംകുമാർ. ഞാൻ പല തവണ മരിച്ച വർഷമായിരുന്നു 2016! ചില ‘അതീവ തൽപരകക്ഷികൾ’ സമൂഹ മാധ്യമങ്ങളിലൂടെയും വാമൊഴിയായും എന്റെ മരണം പലകുറി ആഘോഷമാക്കി. ജീവിച്ചിരിക്കെ ഇങ്ങനെ സ്വന്തം മരണവാർത്ത കേൾക്കാനാവുന്ന എത്ര പേരുണ്ടാവും?
കഴിഞ്ഞ വർഷം വ്യക്തി ജീവിതത്തിൽ എന്നെ ഏറ്റവും രസിപ്പിച്ചത് എന്റെ മരണ വാർത്തകളായിരുന്നു. വാട്സാപിലൂടെ പ്രചരിച്ച ആ മരണ വാർത്തകളും അനുശോചനങ്ങളും ഞാനും കണ്ടു; ആസ്വദിച്ചു. വാർത്തയറിഞ്ഞു സ്ഥിരീകരണത്തിനായി കുശലാന്വേഷണത്തിനെന്ന പോലെ ഫോണിൽ വിളിച്ചവരുമുണ്ട്. അന്വേഷിച്ചു വന്നവരുണ്ട്. നാട്ടിലടക്കം ആ വാർത്തയ്ക്കു പ്രചാരം നൽകിയവരുമുണ്ട്. സാഡിസം കൊണ്ടു രസിക്കുകയായിരുന്നു അവരും. പക്ഷേ, ഇങ്ങനെ എന്റെ മരണ വാർത്തയ്ക്കു പ്രചാരം നൽകിയവരിൽ അഞ്ചാറു പേരുടെ മരണാനന്തര ചടങ്ങിനെങ്കിലും ഈ വർഷം ഞാൻ പങ്കെടുത്തു. ‘ഇത്രയേ ഉള്ളൂ ജീവിതം’ എന്ന് വീണ്ടും ഓർമിപ്പിക്കുന്നു.
പക്ഷേ, നല്ലതു പലതും തന്നൊരു വർഷത്തിന് നന്ദി വാക്കോടെ ഒരു യാത്ര അയപ്പില്ല. എത്ര നോട്ട് ക്ഷാമമാണെന്നു പറഞ്ഞാലും ക്രിസ്മസിന് ബവ്റിജസ് കോർപറേഷനിൽ കുപ്പികൾ ചൂടപ്പം പോലെ വിറ്റു; റെക്കോർഡുമിട്ടു. ഇന്നും അങ്ങനെ തന്നെയാവും. 2017നെ അങ്ങനെ കുടിച്ചു വരവേൽക്കുമ്പോൾ 2016 വെള്ളം കിട്ടാതെ മരിക്കും! 2016ലേക്കു തിരിഞ്ഞു നോക്കുമ്പോൾ രസിപ്പിച്ച പല സംഭവങ്ങളുമുണ്ട്. പക്ഷേ, ആ രസികത്വം പങ്കുവയ്ക്കാൻ പേടിക്കണം. കാരണം രസികത്വം കുറയുകയും അസഹിഷ്ണുത ഏറുകയും ചെയ്യുന്നതും ഈ വർഷം നമ്മൾ പല കുറി കണ്ടതാണല്ലോ? അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിർക്കുക തന്നെ വേണം.
സിനിമ വിശ്വാസങ്ങളുടെ ഒരു കേന്ദ്രമാണ്. എന്റെ കറുത്ത ജൂതൻ എന്ന ചിത്രത്തിന് പൂജയുണ്ടായിരുന്നില്ല. മാത്രവുമല്ല, മാസങ്ങളിൽ ഏറ്റവും ദുഷ്പേരുള്ള കർക്കടകത്തിലാണു ഷൂട്ടിങ് ആരംഭിച്ചത്. മുഹൂർത്തമൊന്നും നോക്കാതെ ഞാൻ പഠിച്ച പറവൂർ ലക്ഷ്മി കോളജിലെ ഒരു ക്ലാസ് റൂമിൽ ആദ്യ ഷോട്ടെടുത്തു. ഒരു കുഴപ്പവുമില്ലാതെ ചിത്രം പൂർത്തിയാകുകയും ചെയ്തു. നാട്ടിലെ
എല്ലാ മടിയൻമാരെയും പോലെ ഞാനും പുതുവർഷ പ്രതിജ്ഞകൾ സ്വയം എടുക്കാറുണ്ട്. പുകവലിക്കില്ല, വ്യായാമം സ്ഥിരമായി ചെയ്യും അങ്ങനെ അങ്ങനെ പല പല പ്രതിജ്ഞകൾ. ഇത്തരത്തിലുള്ള പുതുവർഷ പ്രതിജ്ഞകളുടെ ഭാഗമായി ആദ്യം ട്രെഡ്മിൽ വീട്ടിലെത്തി. ആരംഭ ശൂരത്വം കഴിഞ്ഞതോടെ അടിവസ്ത്രം വരെ അതിനു മുകളിലായി കിടപ്പ്. വീണ്ടും വ്യായാമം പുനരാരംഭിക്കാൻ പ്രതിജ്ഞ എടുത്തപ്പോൾ കുറച്ചുകൂടി ഈസിയായ വൈബ്രേറ്ററും വീട്ടിലെത്തി. അതും വൈകാതെ നോക്കുകുത്തിയായി. എന്നെ കാണുമ്പോൾ ഇതു രണ്ടു പുച്ഛിച്ചു ചിരിക്കും പോലെ തോന്നാറുണ്ട്.
ഈ പുതുവർഷത്തിൽ പുതിയൊരു കക്ഷി കൂടി ദുബായിൽ നിന്നു വന്നിട്ടുണ്ട്. മസാജർ. ഇതു ഞാൻ തകർക്കും എന്ന മട്ടിൽ തന്നെയാണ് 25000 രൂപ വിലയുള്ള സാധനം കടലുകടത്തി കൊണ്ടു വന്നിരിക്കുന്നത്. അഭിമാനത്തോടെ ലാഫിങ് വില്ലയുടെ പടികയറി വന്ന മസാജറിന് ട്രെഡ്മില്ലിനോടും വൈബ്രേറ്ററിനോടും പുച്ഛമാവും. അവയ്ക്കാകട്ടെ തങ്ങളുടെ ഗതി തന്നെയാണല്ലോ ഈ പുതിയ കക്ഷിക്കും വരാൻ പോകുന്നതെന്നോർത്ത് ഉള്ളാലെ ചിരിക്കുകയാവും. പരമ മടി തന്നെയാണു പ്രശ്നം. മിക്കവരുടെയും പുതുവർഷ പ്രതിജ്ഞ ഇതുപോലെയാണ്. ആരംഭ ശൂരത്വം മാത്രം. ഒരു നല്ല തീരുമാനം നടപ്പാക്കാനും ഒരു ദുശീലം ഉപേക്ഷിക്കാനും പ്രത്യേകം തീയതിയും മുഹൂർത്തവും നോക്കേണ്ടതുണ്ടോ.. ആത്മ വഞ്ചനയാണത്. സ്വയം വഞ്ചിക്കാത്ത ഒരു പുതുവർഷമെങ്കിലുമാകട്ടേ 2017!
സിനിമാ വിശേഷങ്ങൾ വായിക്കാൻ കേരള ടാക്കീസ് മൊബൈല്‍ ആപ്
ഡൗൺലോഡ്– ആൻഡ്രോയ്ഡ് ഐഫോൺ വിൻഡോസ്