താര സംഘടനയിൽ തുടരുമെന്ന് നടൻ സലിം കുമാർ. അമ്മ എന്ന സംഘടനയോട് എന്നും ബഹുമാനമാണ്. തിരഞ്ഞെടുപ്പ് കാലത്ത് തന്നെ വിഷമിപ്പിച്ച ഒരു കാര്യത്തിന് പ്രതികരണമെന്നോണമാണ് രാജി നൽകിയത്. അത് വൈകാരിക പ്രതികരണമാകാം. സംഘടനയിലെ താരങ്ങളുമായെല്ലാം നല്ല ബന്ധമാണ്. രാജി ലഭിച്ചില്ല എന്ന് ഇന്നസെന്റ് ചേട്ടൻ പറഞ്ഞത് എന്തുകൊണ്ടാണെന്നറിയില്ല. രാജി നൽകി എന്നുള്ളത് സത്യമാണ്. എന്റെ കയ്യിൽ അതിന് തെളിവുമുണ്ട്. ഒരു പക്ഷേ രാജി സംഘടന സ്വീകരിക്കാതിരുന്നതാവാം.
ഇന്നലെ നടന്ന സംഘടനയുടെ മീറ്റിംഗിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. അത് വ്യക്തിപരമായ കാരണം കൊണ്ടാണ്. കാരണം വ്യക്തിപരമായതിനാൽ തന്നെ പരസ്യമാക്കാൻ ഉദ്ദേശിക്കുന്നില്ല. നടൻ ജഗദീഷ് അമ്മയുടെ വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കാതിരുന്നത് എന്തു കൊണ്ടാണെന്നറിയില്ല. ഞങ്ങൾ രണ്ടുപേരും രണ്ടുവീട്ടിൽ താമസിക്കുന്നവരാണ്. അതുകൊണ്ട് ജഗദീഷിന്റെ കാര്യം എനിക്കറിയില്ല.
എല്ലാ കാര്യങ്ങളും കഴിഞ്ഞു. ഇനി അതിനെക്കുറിച്ചൊന്നും പറയാൻ ആഗ്രഹിക്കുന്നില്ല. സംഘടന പറഞ്ഞാൽ ഞാൻ അമ്മയിൽ തുടരും. അമ്മയുടെ ആനുകൂല്യങ്ങൾ പറ്റിയിട്ടുള്ള ആളാണ് ഞാൻ. ഒട്ടേറെ നല്ലകാര്യങ്ങൾ അമ്മ ചെയ്തിട്ടുണ്ട്, ചെയ്യുന്നുണ്ട്, അതൊന്നും മറക്കാനാവില്ല, സലിംകുമാർ മനോരമ ഒാൺലൈനോട് പറഞ്ഞു.
സലിംകുമാർ അമ്മയിൽ നിന്നും രാജി വച്ചിട്ടില്ലെന്ന് ഇന്നലെ വാർഷിക പൊതുയോഗത്തിനുശേഷം അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞിരുന്നു. അമ്മ പൊതുയോഗത്തിൽ നിന്നു സലിംകുമാറും ജഗദീഷും വിട്ടുനിന്നതു വ്യക്തിപരമായ കാരണങ്ങൾ മൂലമാണെന്നും തങ്ങൾ പങ്കെടുക്കില്ലെന്ന് ഇവർ നേരത്തേ അറിയിച്ചതായും ഇന്നസെന്റ് പറഞ്ഞിരുന്നു.. ഇവരെക്കൂടാതെ സുരേഷ് ഗോപി, കെപിഎസി ലളിത, പൃഥ്വിരാജ് തുടങ്ങി ഏതാനും അംഗങ്ങളും അമ്മ യോഗത്തിൽ നിന്നു അസൗകര്യം മൂലം മാറി നിന്നിരുന്നു.