അല്ലെങ്കിലും നീ നന്നായി അഭിനയിക്കുമെന്ന് എനിക്കറിയാമായിരുന്നെടാ. പത്തു വർഷത്തോളം എന്റെ അസിസ്റ്റന്റായി നിന്ന് ഒരു പണിയും ചെയ്യാതെ നീ നല്ല അഭിനയമാണല്ലോ കാഴ്ച വച്ചത്..’- ആക്‌ഷൻ ഹീറോ ബിജു കണ്ട ശേഷം പ്രമുഖ സംവിധായകൻ ഷാഫി, സോഹൻ സീനുലാലിനോടു പറഞ്ഞ കമന്റാണിത്. ആക്‌ഷൻ ഹീറോ ബിജുവിൽ നിവിൻ പോളിക്കൊപ്പമുള്ള സിവിൽ പൊലീസ് ഓഫിസറായി ശ്രദ്ധേയമായ പ്രകടനമാണു സോഹൻ കാഴ്ചവച്ചത്. എ.കെ. സാജന്റെ ‘പുതിയ നിയമ’ത്തിൽ മമ്മൂട്ടിക്കൊപ്പമുള്ള ജൂനിയർ വക്കീലായും തിളങ്ങി.
23 വർഷം മുൻപു സിദ്ദിഖ് -ലാലിന്റെ കാബൂളിവാലയിലാണു സോഹൻ ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നത്. ‘‘അന്നു ഞാൻ പത്താം ക്ലാസ് വിദ്യാർഥി. തെരുവിലെ പാട്ട പെറുക്കുന്ന പയ്യന്റെ വേഷം. സിനിമയോട് ഇഷ്ടം തോന്നുന്നതും ഈ മേഖലയിൽ പ്രവർത്തിക്കണമെന്നു തീരുമാനിക്കുന്നതും അന്നാണ്’- സോഹൻ സംസാരിക്കുന്നു. സംവിധായകനെന്ന നിലയിൽ സ്വയം അപ്ഗ്രേഡ് ചെയ്യാൻ ബിജുവിലെ അഭിനയം കൊണ്ടു സാധിച്ചു. കോളജിൽ സുഹൃത്തുക്കളായിരുന്ന പൊലീസുകാരൊക്കെ വിളിച്ചു കൃത്യമായി ചെയ്തിട്ടുണ്ടല്ലോ എന്നു പറഞ്ഞു. അതൊരു അംഗീകാരമായി. പുതിയ നിയമത്തിലും ശ്രദ്ധേയമായ േവഷമാണ്.
സംവിധാനം ചെയ്ത പുതിയ ചിത്രം ‘വന്യം’ മാർച്ചിൽ റിലീസ് ചെയ്യുന്നു. അപർണ നായരാണു മുഖ്യവേഷത്തിൽ. അമർ അക്ബർ അന്തോണിയുടെ തിരക്കഥയെഴുതിയ വിഷ്ണു ഉണ്ണികൃഷ്ണനും ലീഡ് റോളിലുണ്ട്. ഇന്ദ്രജിത് കോട്ടയം അച്ചായനായി എത്തുന്ന അടുത്ത സിനിമയുടെ രചനാവേളയിലാണ്.