ശ്രീനിയുടെ സൈക്കിളിൽ നിന്ന് താഴെവീണ് ലെന; വിഡിയോ

ശ്രീനിവാസന്‍ തിരക്കഥ രചിച്ച് അദ്ദേഹം തന്നെ നായക കഥാപാത്രമാകുന്ന സിനിമയാണ് 'പവിയേട്ടന്റെ മധുരച്ചൂരല്‍' .രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരു ചിത്രമെത്തുന്നത്. ശ്രീനിവാസന്‍ പവിത്രനാകുമ്പോള്‍ ലെന ആനിയായി എത്തുന്നു. മിശ്രവിവാഹിതരായി ദമ്പതിയായാണ് ഇരുവരും ചിത്രത്തില്‍ എത്തുന്നത്.

സിനിമയിൽ നിന്നുള്ള ലൊക്കേഷൻ വിഡിയോ ലെന ഫെയ്സ്ബുക്കിലൂടെ പങ്കുവയ്ക്കുകയുണ്ടായി. സൈക്കിൾ ഓടിച്ച് വരുന്ന ശ്രീനിവാസനും പുറകിൽ ഇരിക്കുന്ന ലെനയുമാണ് വിഡിയോയിൽ ഉള്ളത്. സൈക്കിളിൽ നിന്നും ലെന താഴെ വീഴുന്നതും വിഡിയോയിൽ കാണാം. വീഴ്ചയിൽ എന്തെങ്കിലും പരുക്ക് സംഭവിച്ചോ എന്ന് ആരാധകര്‍ വിഡിയോയുടെ കമന്റ് ആയി പോസ്റ്റ് ചെയ്യുന്നുണ്ട്.

ഹരിശ്രീ അശോകന്‍, വിജയരാഘവന്‍, മജീദ്, ലിഷോയ്, ബാബു അനൂര്‍, വിജയന്‍ കാരന്തൂര്‍, നന്ദു പൊതുവാള്‍, നസീര്‍ സംക്രാന്തി, ഷെബിന്‍, വി.കെ. ബൈജു തുടങ്ങിയവരാണ് മറ്റുതാരങ്ങൾ.
പി. സുകുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രഘുനാഥ് സംഗീതം പകരുന്നു. കഥ-സുരേഷ് ബാബു.

തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലുമാണ് ഗ്രാമീണതയെ ഒപ്പിയെടുത്തുകൊണ്ടുള്ള സിനിമയുടെ ചിത്രീകരണം. കുറുമാത്തൂര്‍ ഇല്ലം, കൂവേരിയിലെ പച്ചക്കറിത്തോട്ടം, നരിക്കോട് വയല്‍, പറശ്ശിനി പാലവും പരിസരവും, പുലിക്കുരുന്പ, ചെമ്പേരി തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാന രംഗങ്ങള്‍ ചിത്രീകരിക്കുന്നത്.