ആ അന്ധവിശ്വാസം അകന്നു; ഇനി താര പുത്രൻമാരുടെ കാലം?

വിശ്വാസവും അന്ധവിശ്വാസവുമെല്ലാം എല്ലാവർക്കുമുണ്ട്. എന്നാൽ അത് അൽപ്പം കൂടുതലുള്ള കൂട്ടത്തിലാണ് സിനിമാക്കാരെന്നാണ് പറച്ചിൽ. ഇത്തരത്തിൽ അന്ധവിശ്വാസങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു, താരങ്ങളുടെ മക്കൾ മലയാളസിനിമയിൽ അധികനാൾ വാഴില്ല എന്നുള്ളത്.

ആദ്യകാല സൂപ്പർതാരങ്ങൾക്കു ശേഷം യാതൊരുവിധ സിനിമാപാരമ്പര്യവുമില്ലാതെ വിജയം നേടിയവരാണ് മമ്മൂട്ടിയും മോഹൻലാലും ശ്രീനിവാസനും സുരേഷ്ഗോപിയും ജയറാമും ദിലീപുമൊക്കെ. എന്നാൽ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇതായിരുന്നില്ല അവസ്ഥ. രാഷ്ട്രീയത്തിലെന്നപ്പോലെ സിനിമയിലും മക്കൾ ആധിപത്യം അന്യഭാഷകളിൽ കാണാമായിരുന്നു. കപൂർ കുടുംബവും ഭട്ട് കുടുംബവും ബച്ചൻ കുടുംബവും ചോപ്രാ കുടുംബവും അന്നും ഇന്നും ഹിന്ദിയിലെ പ്രമുഖരാണ്.

പ്രേംനസീറിന്റെ മകൻ ഷാനവാസും, സോമന്റെ മകൻ സജിസോമശേഖരനും ഷീലയുടെ മകൻ വിഷ്ണുവുമെല്ലാം മലയാളസിനിമയിൽ വിജയം കൊയ്യാൻ സാധിക്കാതെ പോയവരായിരുന്നു. ഫഹദ്ഫാസിലിന്റെ ആദ്യസിനിമയുടെ പരാജയവും ഈ വിശ്വാസത്തിന് ആക്കം കൂട്ടി.

എന്നാൽ ഈ വിശ്വാത്തിനൊരു മാറ്റം വന്നു തുടങ്ങിയത് പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും വിജയത്തോടെയായിരുന്നു. മലയാളവും തമിഴും കടന്ന് ഹിന്ദിയിലേക്കും പൃഥ്വി പോയതോടെ മക്കൾക്കും മലയാളസിനിമയിൽ രാശിയുണ്ടെന്ന് സിനിമാലോകം വിശ്വസിച്ചു തുടങ്ങി. പിന്നീടു വന്നത് വിനീത് ശ്രീനിവാസനായിരുന്നു. അച്ഛൻ ശ്രീനിവാസൻ കൈവച്ച അഭിനയം, കഥ, തിരക്കഥ, സംവിധാനവും അച്ഛൻ കൈവെക്കാത്ത സംഗീതാലപനവും നിർമാണവും വരെ വിനീത് ശ്രീനവാസൻ കൈവച്ച് വിജയിച്ചുകാണിച്ചു. വിനീതിനു പിന്നാലെ ധ്യാൻ ശ്രീനിവാസനും മലയാളസിനിമയിലേക്ക് എത്തി. ആദ്യത്തെ വലിയ പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ട് വിജയങ്ങളുടെ കൂട്ടുകാരനായി ഫഹദ് ഫാസിലും മലയാളസിനിമയിൽ ആധിപത്യം ഉറപ്പിച്ചു.

അതിനുശേഷം മലയാളി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു സൂപ്പർതാരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മക്കളുടെ സിനിമയിലേക്കുള്ള രംഗപ്രവേശം. സെക്കൻഡ്ഷോയിലൂടെ മലയാളത്തിലെ അരങ്ങേറ്റം ദുൽഖർ സൽമാൻ ഗംഭീരമാക്കി. ഓക്കെ കൺമണിയിലൂടെ തമിഴിലെ പ്രിയപ്പെട്ട താരമായും ദുൽഖർ മാറി. ബാലതാരമായി വന്ന് ദേശീയ അവാർഡ് സ്വന്തമാക്കിയ ജയറാമിന്റെ മകൻ കാളിദാസനും തമിഴിലൂടെ സിനിമാലോകത്തേക്കുള്ള രണ്ടാംവരവ് നടത്തിക്കഴിഞ്ഞു. എബ്രിഡ് ഷൈൻ ചിത്രത്തിലൂടെ മലയാളസിനിമയിലെ നായകനിരയിലേക്ക് കാളിദാസനും എത്തുകയാണ്.

ഇതിനിടിയിൽ മുത്തുഗൗവ് എന്ന ചിത്രത്തിലൂടെ സുരേഷ്ഗോപിയുടെ മകൻ ഗോകുൽ സുരേഷും അഭിനയരംഗത്തേക്ക് എത്തി വിജയം നേടി. ഇവരുടെയൊക്കെ വിജയം കാണുമ്പോൾ മലയാളി പരസ്പരം ചോദിച്ച ഒരു ചോദ്യമുണ്ട്, മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ എന്ന് സിനിമയിലേക്ക് വരും? ജീത്തുജോസഫിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച് സിനിമയോട് താൽപ്പര്യമുണ്ടെന്ന് പ്രണവ് പറയാതെ പറഞ്ഞിരുന്നെങ്കിലും അഭിനയത്തോട് താൽപ്പര്യമുണ്ടെന്ന് വ്യക്തമാക്കിയിരുന്നില്ല. അവസാനം കാത്തിരിപ്പുകൾക്കെല്ലാം വിരാമമിട്ടു കൊണ്ട് പ്രണവും അഭിനയത്തിലേക്ക് വരുകയാണ് ജീത്തുജോസഫിന്റെ തന്നെ ചിത്രത്തിലൂടെ. ഇനിയുള്ള കാലം മലയാളസിനിമ സാക്ഷ്യം വഹിക്കാൻ പോകുന്നത് താരപുത്രന്മാർ തമ്മിലുള്ള മത്സരത്തിനായിരിക്കും. ആരൊക്കെ വാഴുമെന്നും വീഴുമെന്നും കാലം തെളിയിക്കട്ടെ.