മുന്നൊരുക്കം നടത്താനുള്ള സമയം നല്‍കി നടപ്പാക്കേണ്ട പദ്ധതിയല്ല നോട്ടു നിരോധനമെന്ന് സുരേഷ് ഗോപി എംപി. നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടിയിൽ കൃത്യമായ മുന്നൊരുക്കമില്ലായിരുന്നുവെന്ന വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ആരെയും നേരത്തെ അറിയിക്കാതെ ചെയ്യേണ്ട പ്രവർത്തിയാണ്. അങ്ങനെയാണെങ്കിൽ മാത്രമേ ഇത് നടപ്പിലാക്കാൻ സാധിക്കൂ. ആദ്യ അഞ്ചു ദിവസം കൊണ്ടുതന്നെ നോട്ടുകൾ മുഴുവൻ മാറണമെന്ന് ആരും പറഞ്ഞിട്ടില്ല. കൃത്യമായ സമയം കൊടുത്തിട്ടുണ്ട്. ബാങ്കുകളിലും എടിഎം സെന്ററുകളിൽ ഓടിചെന്ന് ഭ്രാന്തമായ അവസ്ഥ സൃഷ്ടിക്കേണ്ട കാര്യമില്ല.
ഈ വിഷയത്തിൽ സാമ്പത്തിക വിഭാഗത്തിലെ തലവനായ അരുൺ ജയ്റ്റ്ലി ഓരോ ദിവസവും കൃത്യമായ അവലോകനം നടത്തുന്നുണ്ട്. ഈ മാസം മുപ്പതുകൊണ്ടും സാമ്പത്തിക ഇടപാട് തീരുന്നില്ലെങ്കിൽ സത്യസന്ധമായ പണസംഭരണം നടത്തിയിട്ടുള്ളവർക്ക് തിരിച്ചതു പിടിക്കാനുള്ള മാര്‍ഗത്തിന് കൂടുതൽ ദിവസം നൽകിയെന്ന് വരാം. ഇപ്പോൾ തന്നെ പിൻവലിക്കാന്‍ സാധിക്കുന്ന തുക വർധിപ്പിച്ചിട്ടുണ്ട്. ഇതൊരു വിഭാഗത്തിനെ അറിയിക്കാതെ ദ്രുതഗതിയിൽ നടത്തേണ്ട പദ്ധതിയാണ്. അപ്പോഴാണ് അത് വിജയിക്കൂ. അത് കൃത്യമായി സര്‍ക്കാർ ചെയ്തു.’‘
‘പ്രായമായവർക്കും സ്ത്രീകൾക്കും അവരുടെ വീട്ടിലേക്ക് ചെന്ന് മൊബൈല്‍ യൂണിറ്റ് വഴി സാമ്പത്തിക ഇടപാടുകൾ നടത്താനുള്ള സൗകര്യം ചെയ്യാമായിരുന്നു. ഇവരെപ്പോലുള്ളവർ വലിയ ക്യൂവിൽ നിന്ന് തളർന്ന് വീഴുന്ന അവസ്ഥ ഉണ്ട്. അത് ഒഴിവാക്കപ്പെടണം. സുരേഷ് ഗോപി പറഞ്ഞു.