ഒരിക്കലെങ്കിലും നിങ്ങൾ അമ്മയോടു പിണങ്ങി വീടുവിട്ടു പോയിട്ടുണ്ടോ? എങ്കിൽ ആലപ്പുഴ സ്വദേശി പി. ജി. ഗ്രാഷിന്റെ ഹ്രസ്വചിത്രം 'ദക്ഷിണ' നിങ്ങൾക്കുള്ളതാണ്. വീൽചെയറിൽ ജീവിതം നയിക്കുന്ന അമ്മയോട് കലഹിച്ചു വീട്ടുവിട്ടിറങ്ങി ബീച്ചിലെത്തുന്ന യുവാവ് കാണുന്ന കാഴ്ചയോടൊണ് ചിത്രം തുടങ്ങുന്നത്. വീൽചെയറിൽ ഇരിക്കുന്ന ഒരു സ്ത്രീയെ കടൽ കാണിക്കുന്ന മറ്റൊരാൾ. തന്റെ അമ്മയെ ഒാർത്തിട്ടാവാം അയാളോട് യുവാവ് കുശലാന്വേഷണം നടത്തുന്നു. സംഭാഷണത്തിനിടെ, ആ സ്ത്രീ തന്റെ അമ്മയല്ലെന്ന അയാളുടെ മറുപടി യുവാവിന്റെ മനസിനെ വല്ലാതെ സ്പർശിക്കുന്നു. സ്വന്തം അമ്മയല്ലാത്ത ഒരാളെ ഇത്രയും നന്നായി പരിപാലിക്കുന്ന അയാളുടെ ചിത്രം തിരികെ വീട്ടിലേക്കു ചെല്ലാൻ യുവാവിനെ പ്രേരിപ്പിക്കുന്നു.
അമ്മമാരോടു കരുതൽ കാട്ടാനും അവരെ സ്നേഹിക്കാനുമുള്ള സന്ദേശം കൈമാറുന്നതിനായാണ് ഹ്രസ്വചിത്രത്തിന്റെ റിലീസിനു മാതൃദിനം തന്നെ തിരഞ്ഞെടുത്തതെന്ന് സംവിധായകൻ ഗ്രാഷ് പറയുന്നു. ഹരിയെന്ന മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടിനി ടോമാണ്. കെ. ജെ. ജോസഫ്, ഐഷ പണിക്കർ, ഉഷ, കാർത്തിക തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
രഞ്ജിത് ഗണേഷ് തിരക്കഥയും ശ്രീ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. വിമൽ ജിത്തും ധനുഷും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഉണ്ണി ഭവാനിയാണ് ചിത്രത്തിന്റെ എഡിറ്റർ. ദ് അൾട്ടിമേറ്റ് പ്രൊഡക്ഷൻസിന്റെ ബാനറൽ അരുൺ ചന്ദ്രൻ നിർമിച്ച ചിത്രം മാതൃദിനത്തിൽ യുട്യൂബിലൂടെ പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്.